എന്തേലും കാര്യമുണ്ടോ…?”..
“ഉം… ഒരു ചെറിയ കാര്യമുണ്ട്…”..
“എന്താടീ… ?”..
“ അത്… എനിക്കൊരാളെപ്പറ്റി അറിയാനാ…നിന്റെ നാട്ടുകാരനാ… എന്റെ അമ്മാവന്റെ മോൾക്ക് ഒരാലോചന വന്നതാ… നീ അറിയുമെങ്കിൽ ഒന്നന്യോഷിക്ക്… എല്ലാ വഴിക്കും നമ്മളന്വോഷിക്കണമല്ലോ… അല്ലേൽ എനിക്ക് പറ്റിയ അബദ്ധം ഇനിയും പറ്റും..”..
“ആരാടീ ആള്…?”..
“ സുധീർ എന്നാ പേര്… ഈ വീടിന്റെയൊക്കെ കോൺട്രാക്റ്റ് പണി എടുക്കുന്ന…”..
“മതി മതി… എനിക്ക് ആളെ മനസിലായി… സുധീർ എന്ന പേരിൽ ഒരാളേ ഈ നാട്ടിലുള്ളൂ… അവനെന്റെ കൂടെ പഠിച്ചതാടീ… ഇപ്പോ ഇരുപത്തൊൻപത് വയസ്… സുമുഖൻ… ആരോഗ്യവാൻ… അത്യാവശ്യം വർക്കുള്ള ഒരു ചെറിയ കോൺട്രാക്ടർ… നിന്നോട് തുറന്ന് പറയാലോ അമ്പിളീ… ഇത്ര നല്ലൊരു ചെറുക്കനെ നിന്റമ്മാവന്റെ മകൾക്ക് വേറെ കിട്ടാനില്ല… ധൈര്യമായിട്ട് കല്യാണം നടത്തിക്കോ… ഞാൻ ഗ്യാരണ്ടി… വേറാരോടും ഇനി നിങ്ങൾ ചോദിക്കണ്ട…”..
സുധീറിന്റെ ഗുണഗണങ്ങൾ പ്രിയ വാ തോരാതെ പറഞ്ഞു…
“ശരിയെടീ… ഞാൻ അമ്മാവനോട് പറഞ്ഞോളാം…”..
അത്രയും പറഞ്ഞ് അമ്പിളി ഫോൺ വെച്ചു..പിന്നെ ബെഡിലേക്ക് മലർന്ന് കിടന്നു.. താനെന്തിനാണ് സുധീറിനെ കുറിച്ച് പ്രിയയോട് അന്വോഷിച്ചതെന്ന് അവൾക്കറിയില്ലായിരുന്നു.. സുധീറിന്റെ സ്വഭാവം മനസിലാക്കിയിട്ട് തനിക്കെന്താണ് കാര്യമെന്നും അറിയില്ല… എങ്കിലും അവൾക്കെന്തോ ഒരു സമാധാനം തോന്നി.. സുധീർ മാന്യനാണെന്നറിഞ്ഞതിൽ ഒരു സന്തോഷം..
എന്നാലും ഇന്നവൻ കാണാൻ വരികയോ,തന്നെയൊന്ന് വിളിക്കുകയോ പോലും ചെയ്യാത്തതിൽ ഒരു നിരാശയും അമ്പിളിക്ക് തോന്നി..
ആ നിരാശയെ തകിടം മറിച്ച് കൊണ്ട് ഫോൺ ബെല്ലടി കേട്ട് അമ്പിളി ചാടിയെടുത്തു.. അവൻ വിളിക്കുന്നു.. സുധീർ.. ദേഹമാസകലം അവൾക്കൊരു കോരിത്തരിപ്പ് തോന്നി..
അടുത്ത നിമിഷം തന്നെ അവൾ നോർമലായി..എന്ത് കണ്ടിട്ടാ തന്റെയീ ചാട്ടം.. വേണ്ട..ഒന്നും പ്രതീക്ഷിക്കണ്ട..അവന് പ്രതീക്ഷ കൊടുക്കുകയും വേണ്ട..
“എന്നെ വിളിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ… പിന്നെയും എന്തിനാ എന്നെ വിളിച്ച് ശല്യം ചെയ്യുന്നത്… ?”..
കലിപ്പോടെയാണ് അമ്പിളി സംസാരിച്ചത്..
“ ഞാൻ അമ്പിളിയുടെ വിശേഷം തിരക്കാൻ വിളിച്ചതല്ല… ഒരു കാര്യം ചോദിക്കാനാ… ഞാനമ്പിളിയുടെ ഏതമ്മാവന്റെ മോളെയാ കല്യാണമാലോചിച്ചത്… ?”.
അമ്പിളി ഞെട്ടിപ്പോയി.. പ്രിയക്ക് വിളിച്ച് ഫോൺ വെച്ചിട്ട് അധികനേരമായില്ല.. ഇത്ര പെട്ടെന്ന് അവനിതെങ്ങിനെ അറിഞ്ഞു..?.
“പ്രിയ എനിക്ക് വിളിച്ചിരുന്നു… അവളാ എന്നോട് പറഞ്ഞത്, അമ്പിളി വിളിച്ച കാര്യം… പറ… എനിക്ക് വേറെ കല്യാണമാലോചിക്കാൻ ഞാനമ്പിളിയെ ഏൽപിച്ചിരുന്നോ… ?”..
അമ്പിളി വിളറിപ്പോയി.. അവൾക്കൊന്നും പറയാനായില്ല.. അവൻ ഗൗരവത്തിലാണ് സംസാരിക്കുന്നത്..
“എന്റെ സ്വഭാവമൊക്കെ അമ്പിളി തിരക്കീന്ന് പ്രിയ പറഞ്ഞു… ഞാനെപ്പഴാ അമ്പിളിയുടെ അമ്മാവന്റെ മോളെ കല്യാണമാലോചിച്ചത്… ?”..
അമ്പിളി പെട്ടു പോയി.. ഇതവൾ പ്രതീക്ഷിച്ചില്ല.. താൻ വിളിച്ച് ചോദിച്ച ഉടനെ ആ പ്രിയ ഇവന് വിളിച്ച് വിവരം പറഞ്ഞിരിക്കുന്നു.. ശെ.. എന്ത് പറയും..?..
ആകെ നാണം കെട്ടു..
“ അത്… ഞാൻ… സുധീറിന്റെ… കാര്യങ്ങളൊക്കെ അറിയാൻ…”..
അമ്പിളി വിക്കി…
“എന്തിന്… ?.
എന്റെ കാര്യങ്ങൾ എന്നോടല്ലേ ചോദിക്കേണ്ടത്… ഞാൻ അമ്പിളിയോട് പറഞ്ഞതല്ലേ എന്നെക്കുറിച്ച് എന്തേലും അറിയണേൽ എന്നോട് ചോദിക്കാൻ…”..
അമ്പിളിക്ക് മറുപടിയില്ല..
“ഉം… പോട്ടെ… സാരമില്ല… അമ്പിളിയുടെ എതമ്മാവന്റെ മോൾക്കാ എന്നെ ആലോചിച്ചത്… ?”..
അമ്പിളി പരുങ്ങി..അവൾക്കൊരമ്മാവനോ,
അമ്മാവന് മകളോ ഇല്ല.. പെട്ടല്ലോ ഈശ്വരാ…
“ അത്… ഞാൻ… വെറുതെ തമാശക്ക്…”..
“ഓ… അമ്പിളിക്ക് തമാശയൊക്കെ അറിയോ… ?.. കണ്ടാ തോന്നൂല… “..
സുധീറിന്റെ സ്വരം അൽപം അയഞ്ഞതും അമ്പിളിക്ക് ആശ്വാസമായി..
