കണ്ണിലുദിച്ച കിനാവുകൾ 16

 

ഇന്നലെ അറുത്ത് മുറിച്ച് പറഞ്ഞിട്ടും ഇന്നവൻ തനിക്ക് മെസേജ് അയച്ചിരിക്കുന്നു.. ഇവൻ തനിക്കൊരു ശല്യമായി മാറുമെന്ന് അമ്പിളിക്ക് തോന്നി.. മൊബൈൽ ബെഡിൽ വെച്ച് കുറച്ച് സമയം അവളതിലേക്ക് തന്നെ നോക്കിയിരുന്നു.. നാല് വോയ്സാണ് അവൻ അയച്ചത്..അത് കേൾക്കണോ വേണ്ടേന്നാണ് അമ്പിളി ആലോചിച്ചത്..

വേണേൽ അതെല്ലാം ഡിലീറ്റാക്കി അവന്റെ നമ്പറും ബ്ലോക്ക് ചെയ്യാം..എന്നാലും അവനെന്താണ് പറയുന്നതെന്ന് കേൾക്കാൻ ഒരു കൗതുകം.. അവളാ വോയ്സ് പ്ലേ ചെയ്തു..

 

“ഹായ് അമ്പിളീ… ദയവ് ചെയ്ത് ബാക്കി വോയ്സും കൂടി കേൾക്കണം…”..

 

അതായിരുന്നു ആദ്യത്തെ മെസേജ്.. പിന്നെയും അമ്പിളി ആലോചിച്ചു.. ബാക്കി കേൾക്കണോ…?.

കേട്ടേക്കാം..അവനെന്താണ് പറയുന്നതെന്നറിയാലോ..

 

“ ഞാനിന്നലെ പറഞ്ഞത് സത്യം തന്നെയാ… എനിക്കമ്പിളിയെ ഇഷ്ടമാണ്… വിവാഹം കഴിക്കാൻ താൽപര്യവുമുണ്ട്… അമ്പിളി നമ്പർ തരാത്തോണ്ടാണ് വീട്ടിൽ വന്ന് അമ്മയോട് കള്ളം പറഞ്ഞ് നമ്പർ വാങ്ങിയത്… ചെയ്തത് തെറ്റാണെങ്കിൽ ക്ഷമിക്കണം… “..

 

ഹും.. അവൻ ക്ഷമയൊക്കെ ചോദിക്കുന്നു..ഒരു പൂവാലന് ഇത്രയൊക്കെ മാന്യതയോ… ?..

തന്നെക്കുറിച്ച് ഒന്നുമറിയാതെയാണ് ഇവനീ പറയുന്നതെന്ന് അമ്പിളിക്ക് മനസിലായി.. പക്ഷേ,അവന്റെ അടുത്ത വോയ്സോടെ അമ്പിളിയുടെ ആ സംശയമങ്ങ് തീർന്ന് കിട്ടി..

 

 

“എനിക്കറിയാം, അമ്പിളി ഇപ്പോഴും വിജയന്റെ ഭാര്യയാണ്… ഒരു കുട്ടിയും അമ്പിളിക്കുണ്ട്… ഏതായാലും ഡിവോഴ്സ് കേസ് നടക്കുകയാണല്ലോ… ഞാൻ കാത്തിരിക്കാം… “..

 

അമ്പിളി ശരിക്കും ഞെട്ടിയത് ഇപ്പോഴാണ്..തന്റെ എല്ലാ ചരിത്രവും അവൻ മനസിലാക്കിയിരിക്കുന്നു..

 

“ ഞാനാരാണെന്നായിരിക്കും അമ്പിളി ചിന്തിക്കുന്നത്… പറയാം… അതിന് മുമ്പ് ചെറിയൊരു സൂചനയെങ്കിലും അമ്പിളിയെനിക്ക് തരണം… വെറുതെ കാത്തിരിക്കണ്ടല്ലോ… അമ്പിളിയൊരു മറുപടി തരാതെ ഞാനിനി അമ്പിളിയുടെ വഴിയിൽ വരില്ല…”..

 

നാല് വോയ്സും തീർന്നു..അമ്പിളി വല്ലാത്തൊരമ്പരപ്പിലായിരുന്നു.. വിജയനുമായി പിരിഞ്ഞ് ജീവിക്കാൻ തുടങ്ങിയിട്ട് രണ്ടര വർഷമായി.. അതിനിടക്ക് കുറച്ചാളുകളൊക്കെ അടുത്ത് കൂടാൻ വന്നിട്ടുണ്ട്..പക്ഷേ ഇയാൾ പറഞ്ഞത് പോലെ വിവാഹം കഴിക്കാമെന്നൊന്നും ആരും പറഞ്ഞിട്ടില്ല.. അവരുടെയൊക്കെ ഉദ്ദേശ്യം വേറെയായിരുന്നു..

ഇവൻ വളരെ മാന്യതയോടെ തന്നെ വിവാഹം കഴിച്ചോട്ടേന്നാണ് ചോദിച്ചത്..

 

പക്ഷേ തനിക്കതിന് നിവൃത്തിയില്ല.. ഇനിയൊരു വിവാഹം താനാലോചിച്ചിട്ടേ ഇല്ല.. അമ്മയും മോളും മാത്രമാണ് തന്റെ ലോകം.. അത് മതി..അതിനപ്പുറം വേറൊന്നും വേണ്ട..അമ്പിളിക്കവനോട് ദേഷ്യമൊന്നും തോന്നിയില്ല..അവൾ ഫോണെടുത്ത് ഒരു മെസേജയച്ചു..

 

“താങ്കൾ ആരാണെന്നോ,പേരെന്താണെന്നോ, നാടേതാണെന്നോ എനിക്കറിയില്ല…

എന്നാലും സോറി… ഇനിയൊരു വിവാഹത്തെപ്പറ്റി എനിക്കിനി ചിന്തിക്കാനാവില്ല… ദയവ് ചെയ്ത് ഇനി എനിക്ക് വിളിക്കുകയോ,എന്നെ കാണാൻ കാത്ത് നിൽക്കുകയോ ചെയ്യരുത്… “..

 

അത്രയും പറഞ്ഞ് ആ വോയ്സയച്ച് അമ്പിളി ജോലിക്ക് പോകാനായി ഒരുങ്ങി.. അന്ന് ജോലിസ്ഥലത്ത് വെച്ചും തിരിച്ച് വീട്ടിലെത്തുന്നത് വരെയും അവൾ അവനെക്കുറിച്ചോർത്തതേ ഇല്ല.. പക്ഷേ, കുളികഴിഞ്ഞ് മൊബൈലെടുത്ത് നോക്കുമ്പോ അതിൽ മെസേജ് വന്ന് കിടക്കുന്നത് കണ്ട് അവൾ അസ്വസ്ഥത തോന്നി.. അവനയച്ച മെസേജുകളാണ്..

 

ഇത് പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ലെന്ന് അമ്പിളിക്ക് തോന്നി..തനിക്കെന്തായാലും അതിനാവില്ല..പിന്നെ അവന് പ്രതീക്ഷ കൊടുക്കുന്നത് ശരിയല്ല..കണ്ടാൽ തന്റെ പ്രായം തന്നെയാണ് അവനും..എന്തായാലും കൂടുതലുണ്ടാവില്ല.. അവനയച്ച നാലഞ്ച് വോയ്സുകളിൽ ഒരെണ്ണം പോലും കേൾക്കാതെ അവൾ മൊബൈൽ റൂമിൽ തന്നെ വെച്ച് താഴേക്കിറങ്ങിപ്പോയി..

 

“എന്താ മോളേ മുഖത്തൊക്കെ ഇന്നൊരു തെളിച്ചം…?”..

 

ചായ കൊടുത്ത് കൊടുത്ത് കൊണ്ട് അമ്മയത് ചോദിച്ചപ്പോ അമ്പിളി ഞെട്ടിപ്പോയി..തന്റെ മുഖത്തിന്ന് ഒരു പ്രത്യേക തെളിച്ചമുണ്ടോ..?..

Leave a Reply

Your email address will not be published. Required fields are marked *