കണ്ണിലുദിച്ച കിനാവുകൾ 16

 

ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുമ്പോൾ തനിക്കാരെയും കാണണ്ട എന്ന മട്ടിലാണ് അമ്പിളി നിന്നത്.. പക്ഷേ അവളുടെ കണ്ണുകൾ പഞ്ചായത്ത് റോഡിന് നേരെ ആയിരുന്നു..അവളുടെ കണ്ണുകൾക്ക് മുമ്പിൽ വർണപ്പൂമ്പാറ്റകൾ പറത്തിക്കൊണ്ട് ഒരു ബൈക്ക് പഞ്ചായത്ത് റോഡിലൂടെ വന്ന് മെയിൻ റോട്ടിലേക്ക് കയറി.. അവൻ കറുത്ത ഗ്ലാസുള്ള ഹെൽമെറ്റ് വെച്ചത് കണ്ട് അമ്പിളിയുടെ മുഖം മങ്ങി..ബസ് സ്റ്റോപ്പിനടുത്ത് ബൈക്ക് നിർത്തി സുധീർ ഹെൽമെറ്റൂരി ഹാന്റിലിൽ കൊളുത്തി..അവൻ നോക്കിയത് തന്നെ അമ്പിളിയുടെ കണ്ണിലേക്കാണ്..

 

വർണച്ചിറകുള്ള പൂമ്പാറ്റകൾ തനിക്ക് ചുറ്റും പാറിക്കളിക്കുന്നുണ്ടെന്ന് അമ്പിളിക്ക് തോന്നിയെങ്കിലും,ഏതോ ഒരാൾ അവിടെ നിൽക്കുന്നു എന്ന ഭാവത്തിൽ അവൾ അടുത്തുള്ള സ്ത്രീയോട് സംസാരിച്ച് നിന്നു.. എങ്കിലും ഇടക്ക് അവളുടെ കണ്ണുകൾ കുറച്ചപ്പുറെ ബൈക്കിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനിലേക്ക് പായുന്നുണ്ടായിരുന്നു..ആ സ്ത്രീയോട് സംസാരിക്കുകയാണെങ്കിലും തന്റെ ഹൃദയം പ്രണയാർദ്രമാകുന്നത് പേടിയോടെ അമ്പിളി അറിഞ്ഞു..

 

✍️… ജോലി തുടങ്ങിയാൽ പിന്നെ മൊബൈൽ നോക്കാത്ത അമ്പിളി ഇന്നെത്ര തവണയാണ് നോക്കിയതെന്ന് അവൾക്കറിയില്ല..തന്റെ ജോലിയിൽ തെറ്റ് പറ്റുമോന്ന് പോലും അമ്പിളി ഭയന്നു.. വേണ്ടാന്ന് വെച്ചിട്ടും സുധീറിന്റെ മുഖം ഓർമയിൽ വരികയാണ്.. സൽസ്വഭാവിയും സുമുഖനുമായ ആ ചെറുപ്പക്കാരനെ വേണ്ടെന്ന് വെക്കാൻ ഒരു പെണ്ണിനുമാവില്ല..പക്ഷേ,തനിക്കവനെ സ്വീകരിക്കാൻ നിർവാഹമില്ല.. അവനെയെന്നല്ല, ഒരാണിനേയും സ്വീകരിക്കാൻ തനിക്കാവില്ല… അതിനൊന്നും തന്റെ മനസും ശരീരവും പാകപ്പെട്ടിട്ടില്ല.. അതിന് എത്ര സമയം എടുക്കുമെന്നും അറിയില്ല..

 

വിജയനെന്ന ഒറ്റ മനുഷ്യന്റെ ക്രൂരതയാൽ പുരുഷന്മാരെയാകെ വെറുത്ത് പോയ അമ്പിളിക്ക് സുധീറിന്റെ ഓഫർ സ്വീകരിക്കാനായില്ല.. സുധീർ നല്ലവനാണ് എന്ന് മനസിലായെങ്കിലും അവനെ വിവാഹം കഴിച്ച് ജീവിക്കാനൊന്നും അവൾക്കാവില്ലായിരുന്നു..എങ്കിലും സുധീറിനെ മറക്കാനും അവൾക്കായില്ല..പക്ഷേ, അവന് പ്രതീക്ഷ കൊടുക്കുന്നതും ശരിയല്ല..

ഇനി അവൻ വിളിക്കുകയാണെങ്കിൽ തീർത്ത് പറയണം..അവൻ വേറെ കല്യാണം കഴിച്ച് ജീവിച്ചോട്ടെ..

 

അന്ന് രാത്രി കിടക്കുന്നത് വരെ സുധീർ വിളിക്കുകയോ, മെസേജയക്കുകയോ ചെയ്തില്ല.. അവൻ വിളിക്കുകയാണെങ്കിൽ പറയാനുള്ളത് മനസ്സിൽ കരുതിയാണ് അമ്പിളി ഇരിക്കുന്നത്.. ഉറക്കം വന്ന് കൺപോളകൾ അടയുന്നത് വരെ അമ്പിളി അവന്റെ വിളിക്കായി കാത്ത് കിടന്നു..അവൻ വിളിച്ചില്ല.. മൊബൈൽ കയ്യിൽ തന്നെ പിടിച്ച് അമ്പിളി ഉറക്കത്തിലേക്ക് വീണു.. പക്ഷേ, അൽപ നേരത്തിനകം അവൾ ഞെട്ടിയുണർന്നു.. പിന്നെ അമ്പിളിക്ക് ഉറങ്ങാനായില്ല.. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഉറക്കം വരാതെ ഇടക്ക് മൊബൈലെടുത്ത് നോക്കി.

 

അവൻ വിളിച്ചില്ലെങ്കിലും,അവനെ അങ്ങോട്ട് വിളിക്കാതിരിക്കാനും, അവന്റെ ശബ്ദമൊന്ന് കേൾക്കാതിരിക്കാനും തനിക്കിനി ആവില്ലെന്ന് അമ്പിളി മനസിലാക്കിയപ്പോഴേക്കും നേരം ഒരു മണിയോടടുത്തിരുന്നു..

 

ഈ നേരത്ത് അവൻ ഉറങ്ങുകയായിരിക്കും എന്നറിയാം..എന്നാലും വിളിക്കാതിരിക്കാൻ ഇനി വയ്യ..അമ്പിളിയുടെ പ്രതീക്ഷക്ക് വിപരീതമായി ഒറ്റ ബെല്ലിന് സുധീർ ഫോണെടുത്തത് അവളെ ഞെട്ടിച്ചു.. ഈ നേരമായിട്ടും അവനുറങ്ങിയില്ലേ..

 

“ഹലോ… എന്താ അമ്പിളീ… ? “..

 

സൗമ്യതയോടെയുള്ള ആ ചോദ്യത്തിൽ തന്നെ അമ്പിളിയൊന്നുലഞ്ഞു.. പറയാൻ വന്നത് മറന്നു..

 

“ഹലോ… എന്താ ഈ നേരത്ത് വിളിച്ചത്… ?”..

 

വീണ്ടും സുധീർ ചോദിച്ചു..

 

“ അത്….എനിക്കൊരു… കാര്യം പറയാനുണ്ടായിരുന്നു…”..

 

“ പറ…”..

 

സുധീറിന്റെ ആ തണുപ്പൻ പ്രതികരണം അമ്പിളിക്ക് നിരാശയുണ്ടാക്കി.. താനങ്ങോട്ട് വിളിച്ചാൽ അവൻ ആവേശത്തോടെ സംസാരിക്കുമെന്നാണ് അവൾ കരുതിയത്..

 

“ അത്… ഇനി എന്നെ വിളിക്കരുത്… കാണാനും വരരുത്… “..

Leave a Reply

Your email address will not be published. Required fields are marked *