ദിവസങ്ങൾ ചെല്ലുന്തോറും അവൻ തന്നെ കാണാനായി മാത്രം കാത്തിരിക്കുകയാണെന്ന് അമ്പിളിക്ക് മനസിലായി..പക്ഷേ അതിലൊന്നും ഒരാകർഷണവും അവൾക്ക് തോന്നിയില്ല..ഒരു പുരുഷനോടുളള സ്നേഹം,ഇഷ്ടം, പ്രണയം എന്നീ വികാരങ്ങളൊക്കെ അമ്പിളിയിൽ എന്നേ നഷ്ടപ്പെട്ടിരുന്നു..
✍️..ഇന്നൽപം വൈകിയാണ് അമ്പിളി വീട്ടിൽ നിന്നിറങ്ങിയത്.. വീടിന് മുമ്പിലുള്ള പഞ്ചായത്ത് റോട്ടിലൂടെ പത്ത് മിനിറ്റ് നടക്കണം ബസ് വരുന്ന മെയ്ൻ റോഡിലെത്താൻ.. അമ്പിളി ധൃതി പിടിച്ച് മുറ്റത്ത് നിന്ന് പഞ്ചായത്ത് റോട്ടിലേക്കിറങ്ങി.. പെട്ടെന്നവൾ ഒന്ന് നിന്നു..ആ റോഡരികിൽ ഒരു ബൈക്ക് നിർത്തിയിട്ടിരിക്കുന്നു..അതിൽ ചാരി ആ ചെറുപ്പക്കാരൻ.. അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി..
അമ്പിളിയൊന്ന് ഞെട്ടിയിരുന്നു..അവനാരാണെങ്കിലും തന്റെ വീട്ടിൽ വരെ അവനെത്തിയെന്നത് അവളെ പേടിപ്പിച്ചു..
എങ്കിലും അവൾ മുന്നോട്ട് നടന്നു..
“ ഹലോ…”..
അടുത്തെത്തിയതും അവൻ വിളിച്ചു.. അറിയാതെ അമ്പിളി നിന്നു..
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു… “..
വളരെ പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു.. അമ്പിളി അവനെ തുറിച്ചൊന്ന് നോക്കി.. പിന്നെ മുന്നോട്ട് നടന്നു..
“ അതേയ്… ആ നമ്പറൊന്ന് തരോ… ?”..
പിന്നിൽ നിന്നും അവൻ വിളിച്ച് ചോദിച്ചു..അവനോട് രണ്ട് വർത്താനം പറയണോന്ന് ചിന്തിച്ച് അമ്പിളിയൊന്ന് നിന്നു.. പിന്നെ വേണ്ടെന്ന് വെച്ച് മുന്നോട്ട് തന്നെ നടന്നു..
“പ്ലീസ് … എനിക്കൊരു കാര്യം പറയാനാ…”..
അവന്റെ അപേക്ഷ കേൾക്കാത്ത പോലെ അമ്പിളി വേഗത്തിൽ നടന്നു..
ഇതൊരു ശല്യമായി മാറുമോന്ന് അമ്പിളിക്ക് തോന്നി..അവൾ ബസ് സ്റ്റോപ്പിലെത്തി അൽപം കഴിഞ്ഞപ്പോ അവന്റെ ബൈക്ക് പഞ്ചായത്ത് റോട്ടിലൂടെ വരുന്നത് അമ്പിളി കണ്ടു.. കുറച്ചപ്പുറെയായി അവൻ ബൈക്ക് നിർത്തി അവിടെത്തന്നെ ഇരുന്നു..അമ്പിളി ബസിൽ കയറിപ്പോകുന്നത് വരെ അവനവിടെ ഇരുന്നു..
ബസിലിരുന്ന് അമ്പിളി അവനെ കുറിച്ച് ചിന്തിച്ചെങ്കിലും, ജോലി സ്ഥലത്തെത്തിയതോടെ അവളെല്ലാം മറന്നു..പിന്നെ ചെയ്യുന്ന ജോലിയിൽ മാത്രമായി ശ്രദ്ധ..അല്ലെങ്കിലും അശ്രദ്ധമായി ചെയ്യേണ്ട ജോലിയല്ല അക്കൗണ്ടിംഗ്.. ലക്ഷങ്ങൾ വിറ്റ് വരവുള്ള സ്ഥാപനത്തിന്റെ മുഴുവൻ കണക്കും നോക്കുന്നത് അമ്പിളിയാണ്..ആസ്വദിച്ച് തന്നെയാണവൾ ആ ജോലി ചെയ്യുന്നത്..
അന്ന് ജോലി ചെയ്യുമ്പോഴും, തിരിച്ച് വീട്ടിൽ വരുമ്പോഴും അവൾ വേറൊന്നും ഓർത്തതേയില്ല.. വേറൊരു ചിന്തയും അവൾക്കില്ലായിരുന്നു.. വേറെന്ത് ചിന്തിക്കാനും അവൾക്ക് താൽപര്യവും ഇല്ലായിരുന്നു..കുളികഴിഞ്ഞ് ഡ്രസ് മാറ്റി ചായ കുടിച്ചോണ്ടിരുന്നപ്പോഴാണ് അമ്മ ഒരു കാര്യം പറഞ്ഞത്..
” മോളേ… നമ്മുടെ വോട്ട് ലിസ്റ്റൊക്കെ ശരിയാക്കാനായി ഒരാളിവിടെ വന്നിരുന്നു.. വിവരങ്ങളെല്ലാം ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട്… എന്തേലും ആവശ്യത്തിന് വിളിക്കണമെന്ന് പറഞ്ഞപ്പോ നിന്റെ നമ്പറും കൊടുത്തിട്ടുണ്ട്… നിനക്ക് വിളിക്കുകയാണെങ്കിൽ ശരിക്ക് പറഞ്ഞ് കൊടുത്തേക്ക്… ഞാനെന്തൊക്കെ മണ്ടത്തരാണാവോ പറഞ്ഞ് കൊടുത്തത്…”..
അമ്മയത് പറഞ്ഞപ്പോ അമ്പിളിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..അല്ലെങ്കിലും തെരെഞ്ഞെടുപ്പ് വരികയാണല്ലോ..അപ്പോ വോട്ട് ചേർക്കാനൊക്കെ പലരും വരും..
അവൾ മോളെ കളിപ്പിച്ചും, അമ്മയോട് സംസാരിച്ചും, കുറച്ച് നേരം ടിവി കണ്ടും ഇരുന്നു.. രാത്രി ഭക്ഷണം കഴിച്ച് കുഞ്ഞിനൊരുമ്മയും കൊടുത്ത് അമ്പിളി അവളുടെ മുറിയിലേക്ക് പോയി..
അമ്പിളിയുടെ അഛൻ രണ്ട് നില വീട് തന്നെ ഉണ്ടാക്കിയിട്ടുണ്ട്.. മുകൾ നിലയിലാണ് അമ്പിളിയുടെ മുറി.. മുറിയിൽ കയറി വാതിലടച്ച് അവൾ ബാത്ത്റൂമിൽ പോയി വന്ന് പ്രാർത്ഥിച്ച് കിടന്നു.. ഒരു കാലത്ത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു അമ്പിളിക്ക്.. ക്രൂര പീഢനമേൽക്കേണ്ടിവന്ന് പുലരുവോളം അവൾ ഉറങ്ങാതെ കരഞ്ഞിട്ടുണ്ട്.. ഇപ്പോൾ യാതൊരു പ്രശ്നവുമില്ല.. കിടന്നാ ഉറങ്ങും.. പിന്നെ നേരം വെളുത്തിട്ടേ ഉണരൂ..
