കണ്ണിലുദിച്ച കിനാവുകൾ 16

 

“ശരി… എന്തിനാ അമ്പിളി എന്നെക്കുറിച്ച് തിരക്കിയത്…?”..

 

വീണ്ടും പെട്ടു..

 

“ രാവിലെ ബസ് സ്റ്റോപ്പിനടുത്തും,വൈകിട്ട് അമ്പിളി ജോലി ചെയ്യുന്ന സ്ഥലത്തും ഞാനുണ്ടായിരുന്നു… അപ്പോ എന്നോട് നേരിട്ട് ചോദിച്ചൂടായിരുന്നോ… ?”..

 

അത് കേട്ട് അമ്പിളി അൽഭുതപ്പെട്ടു.. താനറിയാതെ തന്റെ കണ്ണുകൾ ഒരുപാട് തിരഞ്ഞിട്ടും അവനെ കണ്ടില്ലല്ലോ..

 

“ അമ്പിളി വിഷമിക്കണ്ട… എന്റെ സ്വഭാവം ഞാൻ തന്നെ പറഞ്ഞ് തരാം…

മദ്യപാനം പുകവലി അങ്ങനത്തെ യാതൊരു ദുശീലവും എനിക്കില്ല… അത്യാവശ്യം വർക്കൊക്കെ എനിക്കുണ്ട്… സ്വന്തമായി ഒരു കാറും ബൈക്കുമുണ്ട്… വീട്ടലിപ്പോ ഞാനും അഛനും അമ്മയും ഉണ്ട്… എനിക്ക് കല്യാണം കഴിക്കാനായി വീട് ഇപ്പോ ഒന്ന് പുതുക്കിപ്പണിതിട്ടുണ്ട്… ഇനിയെന്താ അമ്പിളിക്ക് അറിയേണ്ടത്… ?”..

 

അവൻ ചോദിച്ചിട്ടും അമ്പിളി ഒന്നും മിണ്ടിയില്ല..

 

“ അമ്പിളിക്കൊന്നും ചോദിക്കാനില്ലേ…?”..

 

“ഇല്ല… എനിക്കൊന്നും ചോദിക്കാനില്ല…

നിങ്ങളിനി എനിക്ക് വിളിക്കരുത്… ഞാൻ പറഞ്ഞതല്ലേ നിങ്ങളോട്, എനിക്കിനി ഒരു വിവാഹത്തിന് താൽപര്യമില്ലെന്ന്… പിന്നെന്തിനാ എന്നെ ശല്യപ്പെടുത്തുന്നത്…?”..

 

അമ്പിളി താക്കീതിന്റെ സ്വരത്തിൽ പറഞ്ഞ് ഫോൺ കട്ടാക്കി.. പിന്നെ സമാധാനത്തോടെ കിടന്നുറങ്ങി..

 

✍️… നേരം വെളുത്ത് അമ്പിളി ആദ്യം നോക്കിയത് മൊബൈലിലേക്കാണ്.. വാട്സാപ്പിൽ ഒരു മെസേജ് അവൾ പ്രതീക്ഷിച്ചിരുന്നു.. പക്ഷേ, അവൾ പ്രതീക്ഷിച്ച നമ്പറിൽ നിന്നും ഒരു മെസേജും വന്നിട്ടില്ല.. കലി കയറിയ അമ്പിളി മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് ചാടിത്തുള്ളി ബാത്ത്റൂമിലേക്ക് പോയി..

 

കുളിയും ചായ കുടിയും കഴിഞ്ഞ് ഡ്രസ് മാറ്റുമ്പോ പതിവില്ലാത്ത ഒരു ശങ്ക അമ്പിളിക്കുണ്ടായി.. കയ്യിൽ കിട്ടിയത് വാരിച്ചുറ്റുന്ന അമ്പിളിക്കിന്ന് സാരിയുടുക്കണോ,അതോ ചുരിദാറിടണോ എന്ന സംശയം മാറിയില്ല.. സാരിയാണെങ്കിൽ ഏത് കളറുടുക്കും..?. ചുരിദാറാണെങ്കിൽ ഏതിടും..?.

 

തന്നെ കാണാനോ, താനേത് ഡ്രസ് ധരിച്ചെന്ന് നോക്കാനോ ആരുമില്ലെന്നറിഞ്ഞിട്ടും അമ്പിളിക്കൊരു പരവേശം..ഏതായാലും അവളൊരു ചുരിദാറെടുത്തിട്ടു.. മുഖമൊന്ന് മിനുക്കണമെന്ന് തോന്നിയെങ്കിലും അമ്മയെന്ത് കരുതും എന്നോർത്ത് അത് വേണ്ടെന്ന് വെച്ചു..

 

പഞ്ചായത്ത് റോഡിലേക്കിറങ്ങുമ്പോൾ അമ്പിളിയുടെ കണ്ണുകൾ ആരെയും തേടിയില്ല..അവൾക്കാരെയും കാണണ്ടായിരുന്നു..പക്ഷേ, റോഡിലേക്കിറങ്ങിയതും, അവളൊന്ന് നിന്നു.. ദേഹമാസകലം പുളകപ്പൂക്കൾ വിരിയുന്നത് പോലെ അമ്പിളിക്ക് തോന്നി..കുറച്ചപ്പുറെ മാറി ഒരു ബൈക്ക് നിർത്തിയിട്ടിരിക്കുന്നു..ആ ബൈക്കിലിരുന്ന് ഫോൺ ചെയ്യുന്ന അവൻ.. സുധീർ..

 

അമ്പിളി പതിയെ മുന്നോട്ട് നടന്നു.. സുധീർ ഫോൺ ചെവിയിൽ വെച്ച് സംസാരിക്കുകയാണ്..

അവളടുത്തെത്തിയിട്ടും അവൻ സംസാരം നിർത്തിയില്ല..പക്ഷേ അവന്റെ നോട്ടം മുഴുവൻ അമ്പിളിയുടെ നേർക്കാണ്.. താനടുത്തെത്തിയപ്പോഴെങ്കിലും അവൻ സംസാരം നിർത്തിയെങ്കിൽ എന്ന് അമ്പിളി ആഗ്രഹിച്ച് പോയി..

അമ്പിളിയുടെ കണ്ണിലേക്ക് നോക്കിയതല്ലാതെ സുധീർ സംസാരം നിർത്തിയില്ല.. അവൻ പണിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറ്റയുന്നത്..

 

എന്നോടെന്തെങ്കിലും പറയാനുണ്ടേൽ പറ..അല്ലേൽ ഞാനിപ്പം പോകും..എന്ന മട്ടിൽ താളം ചവിട്ടി അമ്പിളി പോകണോ നിൽക്കണോ എന്ന മട്ടിൽ നിന്നു..

 

“ അത് സാരമില്ല ചേട്ടാ… സൺ ഷേഡ് നാളെത്തന്നെ വാർക്കാം… ബാക്കി പണിയൊക്കെ നമുക്ക് പെട്ടെന്ന് തീർക്കാം ചേട്ടാ… ഞാനല്ലേ പറയുന്നത്…”..

 

അമ്പിളിയുടെ കണ്ണിലേക്ക് തന്നെ നോക്കി ഫോണിലൂടെ സുധീർ പറഞ്ഞു..

ഞാനാരാ വഴിയിൽ കാണുന്നവരുടെയൊക്കെ സംസാരം ശ്രദ്ധിക്കാൻ എന്ന ഭാവത്തിൽ അമ്പിളി പതിയെ മുന്നോട്ട് നടന്നു.. പിന്നിൽ നിന്നൊരു വിളി പ്രതീക്ഷിച്ച് വളരെ പതിയെയാണവൾ നടന്നത്..പക്ഷേ ഒരു വളവ് തിരിയുവോളം വിളിയുണ്ടായില്ല.. ഇനി പറ്റില്ലെന്ന് തോന്നിയ അമ്പിളി തിരിഞ്ഞ് നോക്കി.. മൊബൈലിലുള്ള സംസാരം നിർത്തി തന്നെത്തന്നെ നോക്കുന്ന സുധീറിനെയാണവൾ കണ്ടത്..ഹും.. എന്ന ഭാവത്തിൽ അമ്പിളി തല വെട്ടിച്ച് മുന്നോട്ട് തന്നെ നടന്നു..

Leave a Reply

Your email address will not be published. Required fields are marked *