“എത്ര നേരം എടുക്കും ഇത് ശരിയാക്കാൻ?” നീരസത്തോടെ അവൾ തിരക്കി.
“സ്റ്റെപ്പിനി മാറ്റിയാൽ മതി മാഡം. ഒരു പത്ത് മിനിറ്റ്, ഞാൻ വേഗം തീർക്കാം.”
ഗോകുൽ ഡിക്കി തുറന്ന് ജാക്കിയും ടയറും പുറത്തെടുത്തു. ഈ കത്തുന്ന വെയിലിൽ അവൻ വിയർപ്പൊഴുക്കി പണിയെടുക്കുന്നത് അനുപമ ദൂരെ മാറിനിന്ന് നോക്കി നിന്നു. റോഡരികിലെ മരത്തിന്റെ തണലിൽ നിൽക്കുമ്പോഴും അവളുടെ മനസ്സ് അശാന്തമായിരുന്നു. അല്പം മുൻപ് ദേഷ്യത്തിൽ ‘നീ വെറുമൊരു ഡ്രൈവറാണ്’ എന്ന് ആക്രോശിച്ചത് ഇപ്പോൾ ഒരു നീറ്റലായി അവളുടെ ഉള്ളിലുണ്ട്. ആ വാക്കുകൾ അല്പം കൂടിപ്പോയെന്നക അവൾക്ക് തോന്നി. എത്രയൊക്കെ വഴക്ക് പറഞ്ഞാലും തന്നെ ഇത്രയും കാര്യമായി കൊണ്ടുനടക്കുന്നത് അവനാണല്ലോ എന്ന ചിന്ത അവളിൽ ചെറിയൊരു അസ്വസ്ഥതയുണ്ടാക്കി.
സത്യത്തിൽ, ഗോകുൽ വെറുമൊരു ഡ്രൈവർ മാത്രമല്ല. അരവിന്ദ് ഏറ്റവും വിശ്വസിക്കുന്ന ആളാണ്. ബിസിനസ്സിലെ ശത്രുക്കളെ പേടിച്ച് സ്വന്തം നിഴലിനെ പോലും സംശയിക്കുന്ന അരവിന്ദിന് ഗോകുലിനെ കണ്ണടച്ച് വിശ്വാസമാണ്. അതുകൊണ്ടാണ് അനുപമയുടെ ഡ്രൈവറായി ഗോകുലിനെ വെച്ചതും എങ്ങോട്ട് പോകുമ്പോഴും കൂടെ കൊണ്ടുപോകണമെന്ന് അവളെ ചട്ടംകെട്ടിയിരിക്കുന്നതും.
ഒരു ഡ്രൈവർ എന്നതിലുപരി അവനൊരു ബോഡിഗാർഡ് കൂടിയാണെന്ന് ഇന്നലെ രാത്രി അവൾ നേരിട്ട് കണ്ടതാണ്. സ്പാനർ തിരിക്കുമ്പോൾ ഉരുണ്ടുമറിയുന്ന അവന്റെ മസിലുകളിലേക്ക് നോക്കി നിന്നപ്പോൾ, ഇന്നലെ രാത്രി മദ്യലഹരിയിൽ താൻ ആ കരുത്തിൽ തൊട്ടുനോക്കിയത് ഓർത്ത് അവൾക്ക് ചെറിയൊരു നാണം തോന്നി.
അതിനിടയിലാണ് ഒരു പരിചയക്കാരൻ സ്കൂട്ടറിൽ അവിടെ എത്തിയത്. നാട്ടുകാരനായ സജീവനായിരുന്നു അത്. അനുപമയെ നോക്കി ഭവ്യതയോടെ ചിരിച്ചിട്ട് അയാൾ അവനോട് ചോദിച്ചു.
“ എന്താടാ ഗോകുലേ, വണ്ടി പണി തന്നോ?”
“ ആ സജീവേട്ടാ… ടയറൊന്ന് പണി തന്നു. മാറ്റുകയാണ്.” കൈയിലെ ഗ്രീസ്സ് തുടച്ച് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ ഈ വെയിലത്ത് നീ ഒറ്റയ്ക്ക് മെനക്കെടണ്ട, ഞാനും കൂടാം.” സജീവൻ വണ്ടി നിർത്തിയിട്ട് അങ്ങോട്ട് വന്നു.
രണ്ടുപേരും കൂടി സംസാരിച്ചുകൊണ്ട് ടയർ മാറ്റുന്നതിനിടയിൽ ഒരു പയ്യൻ പേന വിൽക്കാൻ വന്നു. ഗോകുൽ മൂന്നാല് പേന വാങ്ങുന്നതും അഞ്ഞൂറിന്റെ നോട്ട് അവനെ നിർബന്ധിച്ച് ഏൽപ്പിക്കുന്നതും അനുപമ കണ്ടു. അവൻ പോയിക്കഴിഞ്ഞയുടൻ സജീവൻ ചോദിക്കുന്നത് അനുപമ കേൾക്കുന്നുണ്ടായിരുന്നു: “അല്ല ഗോകുലേ, അനിയത്തിയുടെ ഫീസിന്റെ കാര്യം എന്തായി? നാളെയല്ലേ ലാസ്റ്റ് ഡേറ്റ്?”
“ബിജോയ് കുറച്ച് തരാമെന്ന് ഏറ്റിട്ടുണ്ട്. ബാക്കി കൂടി എങ്ങനെയെങ്കിലും ഒപ്പിക്കണം സജീവേട്ടാ. നടക്കും.” അവനൊരു ആശ്വാസത്തിനെന്നോണം പറഞ്ഞു.
അനുപമയ്ക്ക് അത് കേട്ടപ്പോൾ ഉള്ളിൽ ഒരു ചെറിയ ദേഷ്യം തോന്നി. ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടും ഇന്നലെ താൻ നീട്ടിയ പണം അവൻ വേണ്ടെന്ന് വെച്ചല്ലോ എന്നോർത്തായിരുന്നു അത്.
ജോലി കഴിഞ്ഞ്, കൈയിലെ ഗ്രീസ്സ് തുടച്ച് ഗോകുൽ അവളുടെ അടുത്തേക്ക് വന്നു. “കഴിഞ്ഞു മാഡം, നമുക്ക് ഇറങ്ങാം.”
വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ കാറിനുള്ളിലെ ആ പഴയ കടുത്ത വീർപ്പുമുട്ടിലിന് ഒരല്പം അയവ് വന്നിരുന്നു. അനുപമ തന്റെ ബാഗിൽ നിന്നും ഒരു വാട്ടർ ബോട്ടിൽ എടുത്ത് അവന് നേരെ നീട്ടി.
“ദാ, വെള്ളം കുടിക്ക്. പൊരിവെയിലത്തല്ലായിരുന്നോ നിൽപ്പ്.”
അപ്രതീക്ഷിതമായ ആ കരുതലിൽ ഗോകുൽ ഒന്ന് അമ്പരന്നു. അവൻ മടിച്ചുമടിച്ച് അത് വാങ്ങി. “താങ്ക്സ് മാഡം.”
കുറച്ചു ദൂരം കൂടി പോയപ്പോൾ അനുപമ പതിയെ ചോദിച്ചു: “നിന്റെ അനിയത്തിയുടെ ഫീസിന്റെ കാര്യം… ആ സജീവൻ ചോദിക്കുന്നത് കേട്ടു. എത്രയാ ഇനി വേണ്ടത്?”
“പതിനായിരം കൂടി വേണം, മാഡം. നാളെ അടയ്ക്കണം.” റോഡിൽ നിന്നും കണ്ണെടുക്കാതെ തന്നെ അവൻ മറുപടി നൽകി.
അനുപമയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. “ഓ… അത്രേ ഉള്ളോ? വലിയ ജാഡയായിരുന്നില്ലേ നിനക്ക്! ഇന്നലെ രാത്രി ആ അയ്യായിരം രൂപ കൈയ്യിൽ വെച്ചുതന്നപ്പോൾ വേണ്ടെന്ന് പറഞ്ഞ് തിരിച്ചങ്ങ് തന്നില്ലേ? അത് വാങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ ടെൻഷൻ പകുതി കുറഞ്ഞേനെ.”
