പുറത്തിറങ്ങിയതും പെട്ടെന്ന് സരസ്വതിയമ്മയുടെ നോട്ടം ദീപയുടെ നേർക്കായി. ആ സങ്കടമെല്ലാം മാറി പഴയ ആക്രോശമായി.
”മതിയായോടീ?!” അവർ ദീപയുടെ നേർക്ക് പല്ലിറുമ്മിക്കൊണ്ട് ചീറി. ” നീ ഞങ്ങടെ കുടുംബത്ത് കാലെടുത്തുവെച്ച അന്ന് തുടങ്ങിയതാ കഷ്ടകാലം! എന്റെ കുഞ്ഞ് നശിച്ചുകാണാൻ നീ ഏത് അമ്പലത്തിൽ ആടി ചൂലേ നീ വഴിപാട് കഴിച്ചത്?!?”
” ദേ അമ്മേ…. എല്ലാം അറിഞ്ഞിട്ടും എന്നോട് തട്ടിക്കയറാൻ വരല്ലേ, അയാള് കുടിച്ച് വെളിവില്ലാതെ വണ്ടി എവിടേലും കൊണ്ടിടിച്ചതിന് എന്തിനാ എന്റെ മെക്കിട്ട് കയറുന്നത്?” അവൾ ആദ്യമായി അമ്മായിയമ്മയോട് യാതൊരു കൂസലുമില്ലാതെ മറുപടി പറഞ്ഞു.
” ഛീ! വായടക്കെടി!” സരസ്വതിയമ്മ ദേഷ്യത്തോടെ ആക്രോശിച്ചു. ” വീട്ടിൽ സമാധാനം ഉണ്ടായിരുന്നെങ്കിൽ അവൻ ഇങ്ങനെ കുടിച്ച് റോഡിൽ ഇറങ്ങി നടക്കില്ലായിരുന്നു! അനീഷേ… മോനേ… എന്നെ ഒന്ന് അകത്തേക്ക് വിടാൻ പറ. എനിക്ക് അവന്റെ കൂടെ ഇരിക്കണം.”
അപ്പോഴാണ് ഗൗരവഭാവത്തിൽ ഒരു ഡോക്ടർ അങ്ങോട്ട് വന്നത്. “മഹേഷ് കൃഷ്ണന്റെ കൂടെ വന്നവർ ആരാണ്?” എന്ന് അദ്ദേഹം തിരക്കി.
”ഞാൻ അവന്റെ അമ്മയാണ് ഡോക്ടർ… എങ്ങനെയുണ്ട് എന്റെ മോന്?” സരസ്വതിയമ്മ ആകെ വെപ്രാളപ്പെട്ട് മുന്നോട്ട് ചെന്നു.
ഡോക്ടർ തന്റെ കയ്യിലുള്ള ഫയലിലേക്ക് ഒന്ന് നോക്കിയിട്ട് നെടുവീർപ്പിട്ടു. “നിലവിൽ ജീവന് കുഴപ്പമില്ല, പക്ഷേ ആൾ കുറച്ച് ക്രിറ്റിക്കലാണ്. തലയ്ക്ക് നല്ല ആഘാതമുണ്ട്, വാരിയെല്ലുകൾ ഒടിഞ്ഞു, കാലിലെ എല്ലിനും പൊട്ടലുണ്ട്. പക്ഷേ ഏറ്റവും വലിയ പ്രശ്നം നട്ടെല്ലിനാണ്. താഴത്തെ ഭാഗത്ത് നല്ല ക്ഷതമുണ്ട്. ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ല, എന്നാലും നാഡികൾക്ക് സാരമായ തകരാർ സംഭവിച്ചിരിക്കാൻ ചാൻസുണ്ട്. ഇനി പഴയതുപോലെ നടക്കാൻ പറ്റുമോന്ന കാര്യം സംശയമാണ്. എന്തായാലും എല്ലാം ദൈവത്തിന്റെ കയ്യിലാണ്.”
അതു കേട്ടതും “എന്റെ ഭഗവതി…” എന്ന് നിലവിളിച്ചുകൊണ്ട് സരസ്വതിയമ്മ അടുത്തുള്ള പ്ലാസ്റ്റിക് കസേരയിലേക്ക് തളർന്നിരുന്നു. അനീഷ് അവരെ താങ്ങിപ്പിടിച്ചു.
വേദനയ്ക്കിടയിലും മഹേഷ് വല്ലാതെ കഷ്ടപ്പെട്ട് എന്തോ പറയാൻ നോക്കുന്നുണ്ടായിരുന്നു. “ഡോക്ടർ…” അയാൾ വിക്കി വിക്കി പറഞ്ഞു. “എനിക്ക്… എനിക്ക് ദേ ഇവനോട് ഒരു കാര്യം പറയാനുണ്ട്…”
ഡോക്ടർക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. ” മഹേഷ്. നിങ്ങളിപ്പൊ അനങ്ങാതെ വിശ്രമിക്കണം.”
”അല്ല!” അത് പറഞ്ഞപ്പോഴേക്കും വേദന കൊണ്ട് അയാൾക്ക് ചുമ വന്നു. “അനീഷ്… എനിക്ക് അനീഷിനോട് സംസാരിക്കണം. തനിച്ച്.”
ഡോക്ടർ ഒന്ന് മടിച്ചെങ്കിലും പിന്നെ സമ്മതിച്ചു. “ശരി, അഞ്ചു മിനിറ്റ്. ആള് വല്ലാതെ തളർന്നിരിക്കുകയാണ്, കൂടുതൽ സംസാരിപ്പിക്കരുത്.”
അമ്മയെ ആശ്വസിപ്പിക്കാൻ നഴ്സ് അവരെ അപ്പുറത്തേക്ക് കൂട്ടി കൊണ്ടുപോയി. പോകുന്ന വഴിക്കൊക്കെ സരസ്വതിയമ്മ മൂക്ക് പിഴിഞ്ഞ് ദീപയെ പ്രാകുകയും പിറുപിറുക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
”ദീപ…” അവൻ്റെ തളർന്ന വിളികേട്ട്, പോകാനൊരുങ്ങിയ ദീപ വാതിൽക്കൽ തന്നെ നിന്നു, പക്ഷേ തിരിഞ്ഞു നോക്കിയില്ല.
”നീ… നീ പുറത്ത് തന്നെ നിൽക്കണം.” അയാൾ കിതച്ചുകൊണ്ട് പറഞ്ഞു.
അവളൊന്ന് തലയാട്ടി ഐ.സി.യു വാതിലും തള്ളി ഇടനാഴിയിലേക്ക് ഇറങ്ങി. പക്ഷേ മറ്റൊരു വാതിലിലൂടെ പതുക്കെ അകത്തുകയറി, അപ്പുറത്തെ ബെഡിൽ ഉറങ്ങിക്കിടന്നിരുന്ന രോഗിയെ മറച്ചിരുന്ന കർട്ടന്റെ പിന്നിൽ പോയി മറഞ്ഞുനിന്നു. അവളെ അവിടുന്ന് മാറ്റാനുള്ള മഹേഷിന്റെ തത്രപ്പാട് കണ്ടപ്പോൾ തന്നെ എന്തോ പന്തികേടുണ്ടെന്ന് തോന്നിയിരുന്നു. ആ ഒരു ആകാംക്ഷ കാരണം അവിടെ എന്ത് നടക്കുന്നുണ്ടെന്ന് അറിയാതെ മാറാൻ അവൾക്കായില്ല.
അപ്പുറത്ത് അനീഷ് മഹേഷിന്റെ കട്ടിലിനടുത്തേക്ക് കുനിഞ്ഞുനിന്നു. ” മഹി…എന്താ ഉണ്ടായതെന്ന് ഒന്ന് തെളിച്ചു പറ. കുടിച്ചിട്ട് തന്നെയായിരുന്നോ?”
മഹേഷ് ശ്വാസം കിട്ടാതെ ഓരോ വാക്കും വല്ലാതെ ബുദ്ധിമുട്ടിയാണ് പറയുന്നത്.

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍