ഒന്നും മനസ്സിലാകാതെ അവൾ നെറ്റി ചുളിച്ചു നോക്കി.
” എന്തിന്റെ നിമിത്തം? എനിക്കൊന്നും മനസ്സിലാവുന്നില്ല സാർ… ”
അരവിന്ദ് ഒന്ന് ചിരിച്ചു.
“നോക്ക് അഞ്ജു, ഇതിന്റെ പണികളെല്ലാം ഏകദേശം തീർന്നതാണ്. ലൊക്കേഷൻ, ഷൂട്ടിംഗ് ടീം, സ്ക്രിപ്റ്റ്… എല്ലാം റെഡി. ഒരുപാട് പണം ഞാൻ ഇതിൽ ഇറക്കിയിട്ടുണ്ട്. എനിക്കിപ്പോൾ ഒരേയൊരു കുറവേയുള്ളൂ… ഒരു നായിക! മെയിൻ റോൾ ചെയ്യാൻ പറ്റിയ ഒരാൾ. കഥയിലെ നായിക നിന്നെപ്പോലെ ഒരു കോളേജ് കുട്ടിയാണ്. നല്ല ബുദ്ധിയുള്ള, എന്നാൽ പാവമായ ഒരു പെൺകുട്ടി. പതിനെട്ട്-പത്തൊമ്പത് വയസ്സാണ് പ്രായം.”
അവന്റെ ഓരോ വാക്കും അവൾ ശ്വാസമടക്കിപ്പിടിച്ച് കേട്ടുനിന്നു. ആ കണ്ണുകളിൽ അവിശ്വസനീയമായ ഒരു പ്രതീക്ഷ മിന്നിമറയുന്നത് അവൻ കണ്ടു.
”സാർ… പക്ഷേ എനിക്ക് അഭിനയിക്കാൻ അറിയില്ലല്ലോ. ഞാൻ വെറുമൊരു സ്റ്റുഡന്റല്ലേ. ഒരു സിനിമാ ഷൂട്ടിംഗ് പോലും ഞാൻ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല.”
”ഇന്ന് എന്നെ കാണാൻ വരേണ്ടിയിരുന്ന ആ പെൺകുട്ടിക്കും വലിയ പരിചയമൊന്നും ഇല്ലായിരുന്നു,” അവൻ വളരെ കൂളായി പറഞ്ഞു. “അവളൊരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മാത്രമായിരുന്നു. പരസ്യം കണ്ട് ഞങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ ഗീതയെ വിളിച്ചതാണ്. ഗീതയാണ് അവൾക്ക് വേണ്ട കാര്യങ്ങളൊക്കെ പഠിപ്പിച്ചു കൊടുത്തത്. അവർ പറഞ്ഞതൊക്കെ കൃത്യമായി അനുസരിച്ചപ്പോൾ ഒരാഴ്ച കൊണ്ട് അവൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ റെഡിയായി.” അവൻ ഒരു സംവിധായകന്റെ കണ്ണുകളോടെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. “പിന്നെ അഞ്ജു, നമ്മൾ തമ്മിലുള്ള കാര്യമായതുകൊണ്ട് പറയാം… അവളെക്കാൾ എത്രയോ ഇരട്ടി ഭംഗിയുണ്ട് നിനക്ക്.”
ആ പുകഴ്ത്തൽ കൃത്യം ലക്ഷ്യത്തിൽ തറച്ചു. അവൾ വീണ്ടും നാണിച്ചുപോയി. ചുണ്ടിലൊരു ചിരി വിരിഞ്ഞു. ചൂണ്ടുവിരൽ കൊണ്ട് മേശപ്പുറത്ത് വെറുതെ വട്ടം വരച്ചുകൊണ്ടിരുന്നു.
”നാണിക്കണ്ട,” അവൻ പതുക്കെ പ്രലോഭിപ്പിച്ചു. “ഒന്ന് ആലോചിച്ചു നോക്ക്. നീ ഇത് ചെയ്താൽ… അടുത്ത തവണ നിന്റെ ഫീസിന്റെ കാര്യത്തിൽ ഏട്ടനെ ബുദ്ധിമുട്ടിക്കേണ്ടി വരില്ല. നിനക്ക് ഇങ്ങനെ ഹോട്ടലിൽ വന്ന് പണിയെടുക്കേണ്ടി വരില്ല. ആരുടെയും ഔദാര്യത്തിന് വേണ്ടി കാത്തുനിൽക്കേണ്ടി വരില്ല.” ആ ‘ഔദാര്യം’ എന്ന വാക്കിന് അവൻ കുറച്ചു കൂടുതൽ ഊന്നൽ കൊടുത്തു, അവളുടെ ആത്മാഭിമാനത്തിന് അത് നോവുമെന്ന് അവന് അറിയാമായിരുന്നു. “നീ ഈ ഒരു പ്രോജക്റ്റ് മാത്രമേ ചെയ്യുന്നുള്ളൂ എങ്കിൽ പോലും, ഇത് റിലീസ് ആയിക്കഴിഞ്ഞാൽ നിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് കൂടും. സബ്സ്ക്രിപ്ഷനിലൂടെയും പരസ്യങ്ങളിലൂടെയും മറ്റും ഇഷ്ടം പോലെ പണം ഉണ്ടാക്കാം. ബാംഗ്ലൂരിൽ നിനക്ക് ആഗ്രഹമുള്ളത് പോലെ ജീവിക്കാം.”
പണം, പ്രശസ്തി, ഫ്രീഡം… അങ്ങനെ അവൾ കൊതിക്കുന്ന ഒരു ലോകത്തിന്റെ ചിത്രം അവൻ അവളുടെ മുന്നിൽ വരച്ചു കാട്ടി.
”സാർ… പക്ഷേ ഏട്ടൻ…” ആ പഴയ പേടി ഇപ്പോഴും അവളെ തടയുന്നുണ്ടായിരുന്നു.
”നമ്മൾ ഇപ്പോൾ ഗോകുലിനോട് ഒന്നും പറയുന്നില്ല,” അരവിന്ദ് പതുക്കെ മന്ത്രിച്ചു. “സീരീസ് പുറത്തിറങ്ങുമ്പോൾ അവൻ അറിഞ്ഞാൽ മതി. ടിവിയിലോ ഫോണിലോ നിന്നെ കാണുമ്പോൾ, എല്ലാവരും നിന്നെ പുകഴ്ത്തുന്നത് കേൾക്കുമ്പോൾ… ആലോചിച്ചു നോക്ക് അവന് എത്ര അഭിമാനം തോന്നുമെന്ന്! നിന്നെ തടഞ്ഞത് തെറ്റായിപ്പോയെന്ന് അപ്പോൾ അവന് മനസ്സിലാകും.”
പേടിയും ആഗ്രഹവും തമ്മിലുള്ള ഒരു വലിയ യുദ്ധം അവളുടെ ഉള്ളിൽ നടക്കുന്നത് അവൻ വ്യക്തമായി കണ്ടു.
”സാർ… എനിക്ക്… എനിക്ക് ഒന്ന് ആലോചിക്കണം. തീരുമാനം നാളെ പറഞ്ഞാൽ മതിയോ?”
ചൂണ്ടയിൽ മീൻ കൊത്തിക്കഴിഞ്ഞു! അരവിന്ദ് വളരെ സ്നേഹത്തോടെ ഒന്ന് പുഞ്ചിരിച്ചു. “തീർച്ചയായും അഞ്ജു. നിന്റെ സമയമെടുത്ത് ആലോചിച്ചോ. അടുത്ത രണ്ടാഴ്ച ഞാൻ ബാംഗ്ലൂരിൽ തന്നെയുണ്ട്. സമ്മതമാണെങ്കിൽ നിനക്ക് ഒരാഴ്ച ഗീതയുടെ കൂടെ താമസിച്ച് ട്രെയിനിങ് നടത്തേണ്ടിവരും.” അവൻ ഒരു ബിസിനസ് കാർഡ് എടുത്തു കൊടുത്തു. കമ്പനിയുടെ പേരോ ഒന്നുമില്ലാത്ത, അവന്റെ പേരും നമ്പറും മാത്രമുള്ള കാർഡ്. “ഇത് എന്റെ പേഴ്സണൽ നമ്പറാണ്. ആലോചിച്ചിട്ട് വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാൽ മതി.”

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍