ഉമ്മ വരുമ്പോഴേക്കും ഞാൻ ഇതിനി എവിടെ കൊണ്ടുപോയി ഒളിപ്പിക്കും? ഇതിന്റെ ഫുൾ ഉത്തരവാദിത്തം ഏട്ടന് മാത്രമാണ് കേട്ടോ!”
അയച്ചുകഴിഞ്ഞ് ചുണ്ടിലൊരു പുഞ്ചിരിയോടെ അവൾ അടുത്ത സെറ്റ് ഉന്നക്കായ എണ്ണയിലേക്കിട്ടു. രണ്ട് മിനിറ്റ് തികയും മുൻപ് രോഹിത്തിന്റെ മറുപടി വോയിസ് നോട്ട് വന്നു.
ജിമ്മിലെ ട്രെഡ്മില്ലിൽ നടക്കുന്നതിന്റെ നേർത്ത ശ്വാസത്തോടെയുള്ള ആ ഗാംഭീര്യമുള്ള ശബ്ദത്തിൽ നിറയെ കുസൃതിയും ചിരിയുമായിരുന്നു: “ആഹാ! സ്വന്തമായിട്ട് ഉന്നക്കായ കരിച്ചിട്ട് ഇപ്പോൾ കുറ്റം മുഴുവൻ എന്റെ തലയിലായോ?
അല്ല മോളൂ… ഇതാണോ നീ കാനഡയിലേക്ക് വരുമ്പോൾ എനിക്ക് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ ആ സ്പെഷ്യൽ? ഇത് കഴിച്ചാൽ എനിക്ക് ഇവിടുത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റാകേണ്ടി വരുമല്ലോടീ!
എന്തായാലും ഉമ്മ വരുന്നതിന് മുൻപ് ആ കരിഞ്ഞതൊക്കെ മോൾ തന്നെ തിന്നുതീർത്തോ, തെളിവ് നശിപ്പിക്കുന്നതാണ് ബുദ്ധി!”
ആ കളിയാക്കൽ കേട്ടതും അടുക്കളയിൽ ഒറ്റയ്ക്ക് നിന്നിരുന്ന ജസ്ന പൊട്ടിച്ചിരിച്ചുപോയി!
അവളുടെ കവിളുകൾ തുടുത്തു. ഫോൺ കാതിൽ നിന്നെടുത്ത് അവൾ ഉടൻതന്നെ തിരിച്ച് അടുത്ത വോയിസ് നോട്ട് അയച്ചു: “ആഹാ! അപ്പൊ എന്നെ കളിയാക്കുകയാണല്ലേ?
മിണ്ടാതിരിക്ക് ഏട്ടാ! അവിടെ ഒറ്റയ്ക്കിരുന്ന് ആ കയ്പ്പുള്ള കറുത്ത കാപ്പിയും തണുത്ത ബ്രെഡും തിന്ന് ജീവിക്കുന്ന ആളാണ് ഇപ്പോൾ എന്റെ പാചകത്തെ കുറ്റം പറയുന്നത്!
ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ… അപ്പോൾ ഞാൻ ഉണ്ടാക്കുന്ന പത്തിരിയും കറിയും കഴിച്ച്
ഏട്ടൻ വിരൽ കടിച്ചില്ലെങ്കിൽ എന്റെ പേര് ജസ്ന എന്നല്ല!
പിന്നെ… വലിയ ആളാണെന്നൊന്നും ഞാൻ നോക്കില്ല കേട്ടോ, സമയം തെറ്റി വെറും കാപ്പിയും കുടിച്ച് ഇരുന്നാൽ എൻ്റെ കയ്യിൽ നിന്ന് നല്ല വഴക്ക് കിട്ടും, നോക്കിക്കോ!”
സ്വന്തം ശബ്ദത്തിൽ ഇത്രത്തോളം സ്വാതന്ത്ര്യവും കുറുമ്പും എപ്പോഴാണ് കടന്നുവന്നതെന്ന് അവൾ തന്നെ അമ്പരന്നുപോയി!
ഷാഹിദിനോട് സംസാരിക്കുമ്പോൾ പോലും തനിക്ക് ഇങ്ങനെയൊരു ലാഘവത്വം തോന്നിയിട്ടില്ല. ഷാഹിദിനോട് എന്തെങ്കിലും തമാശ പറഞ്ഞാൽ ഒന്നുകിൽ അവൻ അതിനെ കറക്കിത്തിരിച്ച് അവൻ വേറെ അവൻ്റെ മറ്റേതെങ്കിലും വിഷയത്തിലേക്ക് കൊണ്ടുപോകും, അല്ലെങ്കിൽ അവന്റെ ഓഫീസ് സ്ട്രെസ്സ് പറഞ്ഞ് മൂഡ് off ആവും.
എന്നാൽ രോഹിത് ഏട്ടനോട് സംസാരിക്കുമ്പോൾ താൻ വീണ്ടും കോളേജിൽ പഠിച്ചിരുന്ന ആ പഴയ കുസൃതിക്കാരിയായ പെൺകുട്ടിയായി മാറുകയാണ്!
മറുതലയ്ക്കൽ ട്രെഡ്മില്ലിൽ നിന്ന രോഹിത് കുമാർ അവളുടെ ആ വോയിസ് നോട്ട് കേട്ട് മനോഹരമായി പുഞ്ചിരിച്ചു. “എന്നെ വഴക്ക് പറയാനും ഭക്ഷണം തരാനും ഒക്കെ ഒരാൾ വരാൻ വേണ്ടിത്തന്നെയല്ലേ മോളൂ ഞാൻ ഇവിടെ കാത്തിരിക്കുന്നത്…
നീ വേഗം വാ,” എന്ന അയാളുടെ മറുപടി കണ്ടപ്പോൾ ജസ്നയുടെ അടിവയറ്റിലൂടെ വീണ്ടും ആ മധുരമുള്ള മിന്നൽ പാഞ്ഞുപോയി.
അങ്ങനെ ചിരിയും കളിയും പാതിരാത്രിയിലെ മണിക്കൂറുകൾ നീളുന്ന ഫോൺ വിളികളുമായി ദിവസങ്ങൾ കൊഴിഞ്ഞുവീണു. എല്ലാ രാത്രിയും പതിനൊന്നു മണിക്ക് വീട് ഉറങ്ങിക്കഴിയുമ്പോൾ ഇയർഫോണും കുത്തി പുതപ്പിനുള്ളിൽ കിടന്ന് ‘ഏട്ടന്റെ’ ആ ശബ്ദം കേട്ടില്ലെങ്കിൽ തനിക്ക് ഉറക്കം വരില്ലെന്ന അവസ്ഥയിലേക്ക് ജസ്ന പൂർണ്ണമായും അടിമപ്പെട്ടുകഴിഞ്ഞിരുന്നു.
അതിനിടയിലാണ് ആ വ്യാഴാഴ്ച രാത്രി വന്നെത്തിയത്.
മഞ്ചേരിയിൽ സമയം രാത്രി പതിനൊന്നേകാൽ കഴിഞ്ഞിരുന്നു. പുറത്ത് നേർത്ത
മഞ്ഞുപൊഴിയുന്നുണ്ട്. പതിവുപോലെ വാതിൽ കുറ്റിയിട്ട്, ലൈറ്റ് അണച്ച്, ചെവിയിൽ ഇയർഫോണുമായി കട്ടിലിൽ കിടക്കുകയായിരുന്നു ജസ്ന. അപ്പുറത്ത് കാനഡയിൽ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയാണ്.
“അപ്പൊ ഇന്ന് എൻ്റെ ഷെഫ് ഒന്നും കരിച്ചില്ലേ അടുക്കളയിൽ?” ഫോൺ എടുത്ത ഉടനെ രോഹിത് കുസൃതിയോടെ ചോദിച്ചു.
“പോ ഏട്ടാ! അന്ന് ഒറ്റത്തവണയല്ലേ അങ്ങനെ പറ്റിയുള്ളൂ, അത് വെച്ച് ഇനി എന്നെ എപ്പോഴും കളിയാക്കണ്ട ട്ടോ!” ജസ്ന പുതപ്പിനുള്ളിൽ കിടന്ന് ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
