കത്രിക.. ബ്ലേഡ്.. ഡെറ്റോള്.. മുറിവിന് പുരട്ടാനുള്ള മരുന്ന്..
കുറച്ച് കോട്ടൺ തുണി എന്നിവ.. പിന്നെ അടുക്കളയിൽ ചെന്ന് നല്ല അറ്റം കൂർത്ത ഒരു മൂർഛയുള്ള കത്തിയുമെടുത്തു..ആവശ്യം വരുമോന്നറിയില്ലെങ്കിലും കൂർത്ത പപ്പടക്കോലും അവളെടുത്ത് പുറത്തിറങ്ങി..
അവൾ ഇല്ലത്തേക്ക് കയറി വന്നതോ തിരിച്ച് പോയതോ ആരും കണ്ടില്ല.. മുറ്റത്ത് അഴയിൽ വിരിച്ചിട്ട ഒരു കൈലിയും എടുത്താണവൾ തൊടിയിലേക്ക് കയറിയത്..
ഷെഡിലേക്ക് കയറിച്ചെല്ലുമ്പോ അവൻ കിടക്കുകയാണ്.. ഇത് വരെയില്ലെങ്കിലും ഒരു ഷെഡിമാത്രമിട്ട് ഒരു യുവാവ് മലർന്ന് കിടക്കുന്നത് കണ്ട് അവൾക്കെന്തോ പോലെ തോന്നി.. പിന്നെ സാഹചര്യം അതാണല്ലോന്ന് ഓർക്കുകയും ചെയ്തു..
“ഇന്നാ… നീ പറഞ്ഞതെല്ലാമുണ്ട്… എന്താന്ന് വെച്ചാ ചെയ്തോ… എന്നെ വിളിക്കരുത്…”..
കയ്യിലിരുന്ന കവർ അവന്റടുത്തേക്ക് നീക്കിവെച്ച് കാർത്തിക പറഞ്ഞു..
“ ചേച്ചീ… എന്നെയൊന്ന്… പിടിച്ചിരുത്തോ… ?”..
വേറെ മാർഗമില്ലാതെ കാർത്തിക അവനെ പതിയെ എണീപിച്ചിരുത്തി..
“ഇനി ഒരു സഹായത്തിനും എന്നെ വിളിക്കരുത്… എനിക്കിത് കാണാൻ കഴിയില്ല… “..
അവൾ മൊബൈൽ കയ്യിലെടുത്ത് ഷെഡിൽ നിന്ന് പുറത്തിറങ്ങി.. തോട്ടിൻ കരയിലിട്ട ഒരു കല്ലിൽ വെള്ളത്തിലേക്ക് കാലിട്ട് അവളിരുന്നു.. മീനുകൾ കൂട്ടത്തോടെ വന്ന് അവളുടെ കാല് പൊതിഞ്ഞു..
അവൻ സെർച്ച് ചെയ്ത വീഡിയോ അവളൊന്ന് നോക്കി.. ഒക്കെ പേടിപ്പെടുത്തുന്ന വീഡിയോകൾ.. കൂർത്ത മുനയുള്ള ആണി കൊണ്ട് വരെ വെടിയുണ്ട തോണ്ടിയെടുക്കുന്ന വീഡിയോ ഉണ്ട്..
ഷെഡിൽ നിന്നും ഉറക്കെയുള്ള നിലവിളി കേട്ടിട്ടും കാർത്തിക തിരിഞ്ഞ് നോക്കിയില്ല.. അവൾ ഉറക്കെ പാട്ട് വെച്ച് അതും കേട്ടിരുന്നു.. അവന്റെ കരച്ചിലിനവൾ ചെവി കൊടുത്തതേയില്ല..
മൂന്ന് പാട്ടുകൾ തീർന്നതും തളർന്ന സ്വരത്തിൽ ചേച്ചീന്നുള്ള വിളി കേട്ട് അവളെണീറ്റ് ഷെഡിലേക്ക്
ചെന്നു..അവൻ കിടക്കുകയാണ്..തളർന്നൊരു ചിരി അവന്റെ മുഖത്തുണ്ട്.. മെത്തയിൽ നല്ല വട്ടത്തിൽ ചോരയിൽ കുതിർന്നിട്ടുണ്ട്..
അവൻ കയ്യിൽ എന്തോ പിടിച്ച് അവൾക്ക് നീട്ടി.. കാർത്തിയത് വാങ്ങി നോക്കി.. ഒരു വെടിയുണ്ട.. ജീവിതത്തിലാദ്യമായി കാണുന്ന ആ സാധനത്തിലേക്ക് അവൾ പേടിയോടെ നോക്കി..
“ ചേച്ചീ… ആ മുറിവൊന്ന് കെട്ടിത്തരോ… ?.. ചോര നിക്കുന്നില്ല…”..
തളർച്ചയോടെ അവൻ ചോദിച്ചു.. കാർത്തിക നോക്കുമ്പോ ആ ദ്വാരത്തിലൂടെ ചോര കിനിഞ്ഞിറങ്ങുന്നുണ്ട്..അവൾ ആ കാലെടുത്ത് പതിയെ മെത്തയുടെ പുറത്തേക്ക് വെച്ചു..പിന്നെ ബക്കറ്റിൽ നിന്ന് വെള്ളം മുക്കി കുറേശെ ഒഴിച്ച് വൃത്തിയായി കഴുകി..
ഉണങ്ങിയ ഒരു തുണി കൊണ്ട് വെള്ളമെല്ലാം ഒപ്പിയെടുത്ത് അവൾ മുറിവിനുളള മരുന്ന് പുരട്ടി അവിടെ കോട്ടൺ തുണി വെച്ച് കെട്ടി..
“ഇപ്പോ വേദനയുണ്ടോ… ?”..
ആശ്വാസത്തോടെ കിടക്കുന്ന അവനെ നോക്കി കാർത്തിക ചോദിച്ചു..
“ കുറവുണ്ട് ചേച്ചീ…”..
“സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ… ?”..
“ഇല്ല…”..
“എന്നാ പറ… എന്താ സംഭവിച്ചത്… ?..
നിന്നെയെന്തിനാ അവര് വെടി വെച്ചത്…?. നിന്റെ കൂട്ടുകാരെ എന്തിനാ അവര് കൊന്നത്… ?.എങ്ങിനെയാ നീയീ വനത്തിലെത്തിയത്… ?”..
കാർത്തികക്കെല്ലാം അറിയണം..
“ അവരെന്റെ കൂട്ടുകാരൊന്നുമല്ല ചേച്ചീ… ആ വെടിയേറ്റ് മരിച്ചവരെ ഞാനറിയുക കൂടിയില്ല… “..
“പിന്നെ… നിങ്ങള് മൂന്നാളും ഒരുമിച്ചല്ലേ ഫ്ലൈറ്റിൽ വന്നത്… ?.. ന്യൂസിൽ അങ്ങിനെയാണല്ലോ പറഞ്ഞത്…”..
“ഒരുമിച്ചാ വന്നത്… പക്ഷേ ആ ഫ്ലൈറ്റിൽ വെച്ചാ ഞങ്ങൾ ആദ്യമായി കാണുന്നത്…”..
“ നിനക്ക് വെള്ളം വേണോ… ?”..
അവൻ സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് കാർത്തിക ചോദിച്ചു.. അവൻ തലയാട്ടി.. അവൾ അവന്റെ വായിലേക്ക് കുറേശെ വെള്ളമൊഴിച്ച് കൊടുത്തു.. പിന്നെ സാവധാനം
പതിഞ്ഞ ശബ്ദത്തിൽ,കണ്ണീരൊലിപ്പിച്ചും,
കൺഠമിടറിയും, വാക്കുകൾ മുറിഞ്ഞും ഇടക്ക് പൊട്ടിക്കരഞ്ഞും അവൻ അവന്റെ കഥ പറഞ്ഞു.. നിർഭാഗ്യവാനായ ഒരു ചെറുപ്പക്കാരന്റെ കഥ.. തീർത്തും അപരിചിതനായ ഒരാളായിട്ട് പോലും അവന്റെ കഥ കേട്ട് കാർത്തികയും കരഞ്ഞ് പോയി..അവന് ചതിവ് പറ്റിയതാണെന്ന് അവൾക്ക് മനസിലായി..
