പ്രണയവുംപൂക്കളും വർണശലഭങ്ങളും – 1 Likeഅടിപൊളി  

സൂക്ഷിച്ച് നോക്കിയ കാർത്തിക ഞെട്ടിപ്പോയി..അതൊരു വെടിയുണ്ട കയറിയതാണെന്ന് പേടിയോടെ അവളറിഞ്ഞു.. ഈശ്വരാ..ഇതാരാണ്..?. കാട്ടിൽ നിന്ന് വെടിയേറ്റ് ഇറങ്ങിവന്ന ഇവൻ ഒരു ക്രിമിനലാണോ..?.ഇപ്പോ കാർത്തികക്ക് ശരിക്കും പേടി തോന്നി..എന്നാലും അവളാകെയൊന്ന് പരിശോധിച്ച് നോക്കി..വേറെ വെടിയുണ്ടകളൊന്നും അവന്റെ ദേഹത്ത് കണ്ടില്ല..

ആ തുളഞ്ഞ് കയറിയ വെടിയുണ്ട പുറത്തെടുക്കാതെ ഇവനൊരടി നടക്കാനാവില്ലെന്ന് അവൾക്ക് മനസിലായി.. വെടിയുണ്ട പുറത്തെടുക്കണമെങ്കിൽ ഹോസ്പിറ്റലിൽ പോണം.. ഇല്ലത്തിന്റെ മുറ്റത്ത് വരെയേ വണ്ടി വരൂ.. അവിടെ വരെ ഇവനെ എടുത്തോണ്ട് പോകേണ്ടിവരും.

അത്രയും ദൂരം ഇവനെ താങ്ങി നടക്കാൻ തനിക്കാവില്ല..ചുരുങ്ങിയത് നാല് പേരെങ്കിലും വേണ്ടി വരും..എന്ത് ചെയ്യും..?.

പിന്നെയും

അവന്റെ കരച്ചിൽ കേട്ട് കാർത്തിക നോക്കി.. അവന് വീണ്ടും ബോധം വന്നിരിക്കുന്നു..വേദന സഹിക്ക വയ്യാതെ ഒരു പുരുഷൻ കിടന്ന് കരയുന്നത് കണ്ട് കാർത്തികക്കും കരച്ചിൽ വന്നു..കരയാനല്ലാതെ എന്തെങ്കിലും ചെയ്യാൻ അവൾക്കുമായില്ല..

“നിങ്ങളാരാ… ?”..

കരച്ചിലിനിടയിലൂടെ അവൻ കാർത്തികയോട് ചോദിച്ചു.. അവൻ സംസാരിക്കുന്നത് കേട്ട് അവൾക്കൊരു സമാധാനം തോന്നി..

“ ഞാൻ… എന്റെ വീട് ഇവിടെ അടുത്താ… ഞാനീ തോട്ടിലേക്ക് വന്നതാ… നിങ്ങൾക്കെന്താ പറ്റിയത്… ?.. ആരാ നിങ്ങൾ… ?”..

കാർത്തിക ഉദ്വോഗത്തോടെ ചോദിച്ചു..

“എ…എനിക്ക്… കഴിക്കാനെന്തെങ്കിലും തരോ… ?”..

അത് ചോദിച്ചതും അവൻ തല ഒരു വശത്തേക്ക് തിരിച്ച് ചർദ്ദിച്ചു.. അവൻ ഇപ്പോ കുടിച്ച വെള്ളമല്ലാതെ വേറൊന്നും അവന്റെ വയറ്റിൽ നിന്ന് പുറത്തേക്ക് വരുന്നില്ലെന്ന് കാർത്തിക കണ്ടു..

“പ്ലീസ്… ഞാൻ… ഞാനിപ്പോ… വിശന്ന് മരിക്കും… മൂന്ന് ദിവസമായി… ഞാനെന്തെങ്കിലും കഴിച്ചിട്ട്… “..

സംസാരിക്കാനുള്ള ശേഷിയില്ലെങ്കിലും അവൻ പറഞ്ഞൊപ്പിച്ചത് കേട്ട് കാർത്തിക നടുങ്ങിപ്പോയി.. മൂന്ന് ദിവസമായി ഈ മനുഷ്യൻ ഭക്ഷണം കഴിച്ചിട്ടെന്ന്.. ഈശ്വരാ..എന്താ ഇയാൾക്ക് കഴിക്കാൻ കൊടുക്കുക..

അവൾ ഇല്ലത്തൂന്ന് പോരുമ്പോ കൊണ്ട് വന്ന പൊതിയഴിച്ച് നോക്കി.. രണ്ട് ഏത്തപ്പഴവും ഒരാപ്പിളുമുണ്ട്..

“നിങ്ങളിത് കഴിക്ക്… ഞാനിപ്പം വരാം…”..

അത് അവന്റെ കയ്യിൽ പിടിപ്പിച്ച് കാർത്തിക ഷെഡിൽ നിന്ന് പുറത്തിറങ്ങി..പിന്നെ ഒരു കുതിപ്പായിരുന്നു.. അവൾ മാത്രം നടക്കുന്ന വീതി കുറഞ്ഞ ആ വഴിയിലൂടെ അവൾ കുതിച്ച് പാഞ്ഞു..നനഞ്ഞൊട്ടിയ സാരി തടസമായെങ്കിലും അവൾ ഓടിയെത്തിയത് പിന്നിലൂടെ അടുക്കളയിലേക്കാണ്..

അവിടെ ജാനുത്തള്ള പണിയിലാണ്..വാല്യക്കാരിൽ കാർത്തികയോട് ഇത്തിരിയെങ്കിലും സ്നേഹമുള്ളത് ജാനുത്തള്ളക്കാണ്..

“ജാനു അമ്മേ… രാവിലത്തെ പ്രാതലുണ്ടാക്കിയതിൽ എന്തേലും ബാക്കിയുണ്ടോ..?”..

കിതപ്പോടെ നിൽക്കുന്ന കാർത്തികത്തമ്പുരാട്ടിയെ കണ്ട്

ജാനുത്തള്ള അന്തം വിട്ടു… അവളുടെ സാരി നനഞ്ഞൊട്ടിയതും അവർ കണ്ടു..

“ആർക്കാ കൊച്ചുതമ്പുരാട്ടീ… എല്ലാരും കഴിച്ചല്ലോ…”..

“ആർക്കായാലും ഇവിടെ എന്തെങ്കിലും ബാക്കിയുണ്ടോ ജാനുവമ്മേ… ?”..

പിന്നെ ജാനുത്തള്ള മിണ്ടിയില്ല.. രാവിലത്തെ ബാക്കിയുള്ള പത്ത് പതിനഞ്ച് ഇഢലിയും സാമ്പാറും പാത്രത്തിലാക്കി അവൾക്ക് നീട്ടി.. ശരിക്കും മനപ്പൂർവ്വം കുറച്ച് കൂടുതലുണ്ടാക്കി അത് വീട്ടിലേക്ക് കടത്താനായിരുന്നു ജാനുത്തള്ളയുടെ പ്ലാൻ..

ബാക്കി വരുന്നത്ര ഉണ്ടാക്കി എന്നും അവർ വീട്ടിലേക്ക് കൊണ്ട് പോവും.. കാർത്തിക ഒരു പാത്രത്തിൽ വെള്ളവും എടുത്തു..

“ഇനിയിത് അമ്മയോട് പറയാൻ നിക്കണ്ട… കേട്ടല്ലോ…”…

ജാനുത്തള്ളയെ രൂക്ഷമായൊന്ന് നോക്കി കാർത്തിക അടുക്കള വാതിലിലൂടെത്തന്നെ പുറത്തേക്കിറങ്ങി.. പല തലമുറയിൽ പെട്ട തമ്പുരാട്ടിമാരുടെ കള്ളക്കളികൾ കണ്ട ജാനുത്തള്ളക്ക് ഇതത്ര വിഷയമായി തോന്നിയതുമില്ല..

കാർത്തിക തൊടിയിലൂടെ വേഗത്തിൽ നടന്നു.. താനീ ചെയ്യുന്നത് സാഹസമാണെന്നവൾക്കറിയാം.. വെടിയുണ്ട ശരീരത്തിൽ തറച്ച ഒരു ക്രിമിനലാണവൻ.. അവനെ സഹായിക്കേണ്ട യാതൊരു കാര്യവും തനിക്കില്ല..പക്ഷേ അവൻ ഭക്ഷണത്തിന് വേണ്ടിയാണ് യാചിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *