വാല്യക്കാരികൾ അലക്കി മടക്കി വെക്കുന്ന ഏതേലും ഒരു സാരിയെടുത്തുടുക്കും.. സാരി ഉടുക്കുകാന്ന് പറയാൻ പറ്റില്ല.. അങ്ങ് വാരിച്ചുറ്റും..അതിന്റെ ഞൊറിവുകളിടാനോ മുന്താണി ശരിയാക്കാനോ അവൾ മെനക്കെടാറില്ല..
നീളൻ മുടിയൊന്ന് ചീകി വാരിക്കെട്ടും.. ഒരു പൗഡർ പോലും മുഖത്തിടില്ല..എന്നാലും ജ്വലിക്കുന്ന സൗന്ദര്യമായിരുന്നു കാർത്തികത്തമ്പുരാട്ടിക്ക്..
✍️✍️✍️… കുടിക്കാൻ
കുറച്ച് വെള്ളവും കഴിക്കാനുള്ളതും മീനുകൾക്കുള്ള തീറ്റയുമായി കാർത്തികത്തമ്പുരാട്ടി ഇല്ലത്ത് നിന്നിറങ്ങി..അവളെപ്പോ പോകുന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ ഒരാളും അന്യോഷിക്കാറില്ല.. ആരും അവളെ തിരക്കിച്ചെല്ലാറുമില്ല..തണലും തണുപ്പുമുള്ള ഇല്ലത്തൊടിയിലൂടെ കുറേ ദൂരം നടന്ന് വേണം തോട്ടിലെത്താൻ..
ശാന്തമായ മനസോടെ കാട് പോലുള്ള ഇല്ലത്തൊടിയിലൂടെ കാർത്തിക സാവധാനം നടന്നു..എന്നും കാണുന്ന ചെടികളും കിളികളും പൂമ്പാറ്റകളും അവിടെത്തന്നെയില്ലേന്ന് നിരീക്ഷിച്ചാണവൾ നടക്കുന്നത്..
ധൃതിയൊന്നുമില്ലാതെ അവൾ തോട്ടിൻ കരയിലെത്തി.. വെള്ളക്കുപ്പിയും കഴിക്കാനുള്ളതും അവൾ കെട്ടിയുണ്ടാക്കിയ ആ ചെറിയ ഷെഡിൽ വെച്ച് അവൾ മീനുകൾക്കുള്ള തീറ്റയുമായി തോട്ടിലേക്ക് ചെന്നു..
അവളെ കാത്തിട്ടെന്നവണ്ണം ചെറിയ മീനുകൾ കൂട്ടമായി നിന്നു.. അവൾ കുറേശെ തീറ്റയിട്ട് കൊടുത്തു.. മീനുകൾ തീറ്റ കിട്ടാനായി മൽസരിച്ചു…
“ ദേ, കിട്ടിയവർ മാറി നിൽക്ക്… തിരക്ക് കൂട്ടാതെ… എല്ലാർക്കും കഴിക്കണ്ടേ… “..
തീറ്റക്കായി കലഹം കൂടുന്ന മീനുകളെ അവൾ സ്നേഹത്തോടെ ശാസിച്ചു..
“എടാ കുട്ടാപ്പീ… നീ കഴിച്ചിട്ട് പിന്നേം വരുന്നോടാ കള്ളാ… മാറി നിൽക്കങ്ങോട്ട്…”..
ചില മീനുകൾക്കൊക്കെ അവൾ പേരിട്ടിട്ടുണ്ട്..അവൾ മൊബെലെടുത്ത് മീനുകൾ തിന്നുന്നത് വീഡിയോ എടുത്തു.. ഈ സുന്ദരമായ പ്രകൃതിയും കിളികളും മീനുകളും പൂക്കളും അവൾ
ക്യാമറയിലാക്കിയിട്ടുണ്ട്..അതും കാർത്തികയുടെ ഒരു നേരമ്പോക്കാണ്.. അപൂർവമായി വെള്ളം കുടിക്കാൻ വരുന്ന ചില വന്യമൃഗങ്ങളും അവളുടെ മൊബൈലിൽ പതിഞ്ഞിട്ടുണ്ട്..
പകുതി തീറ്റയും മീനുകൾക്കിട്ട് കൊടുത്ത് കാർത്തിക അവിടെ നിന്നെണീറ്റു.. പിന്നെ വലിയൊരു മരത്തിൽ ചാരിയിരുന്നു.. അതവളുടെ ഒരു ഇരിപ്പിടമാണ്.. കുറേ പഴയ തുണികളൊക്കെ കൊണ്ട് വന്ന് ഒരു കുഷ്യൻ പോലെയുണ്ടാക്കി അതിലാണ് ഇരുത്തം..
മരത്തിലേക്ക് ചാരി സുഖമായി ഇരിക്കാം.. കാല് കയറ്റി വെക്കാൻ മുന്നിൽ തന്നെ മരത്തിന്റെ വലിയ വേരുകളുമുണ്ട്..
അവൾ വിസ്തരിച്ചിരുന്നു.. അവൾ ഇരിക്കുന്നതിന്റെ നേരെ മുന്നിൽ ആ ചെറിയ തോടാണ്.. അതിനപ്പുറം കൊടും വനവും..വന്യമൃഗങ്ങൾക്കൊക്കെ ഒറ്റച്ചാട്ടത്തിന് ഇക്കരെയെത്താം.
അത്ര വീതിയേ തോടിനുള്ളൂ..എന്നാലും അവൾക്ക് പേടിയൊന്നുമില്ല..
ഒട്ടും മലിനമാകാതെ സ്ഫടികസമാനമായി ഒഴുന്ന തോട്ടിൽ മീനുകൾ കിടന്ന് പുളക്കുന്നതും നോക്കി കാർത്തികയിരുന്നു.. അവർ വിശപ്പ് മാറിയതിന്റെ ഉൽസാഹത്തിലാണ്.. മുന്നിലെ കാട്ടിൽ പൊന്തക്കാടിളകുന്നത് കണ്ട് അവൾ അങ്ങോട്ട് നോക്കി..
ചിലപ്പോൾ കുരങ്ങന്മാർ കൂട്ടമായി വരാറുണ്ട്..അതാവും എന്ന് തോന്നിയ കാർത്തിക മൊബൈലെടുത്ത് കാടിന് നേരെ സൂം ചെയ്തു.. ക്യാമറയിലൂടെ നോക്കിയപ്പോഴും പൊന്തക്കാടിളകുന്നത് മാത്രേ കാണാനുള്ളൂ..
കുരങ്ങിൻ കൂട്ടത്തെ ക്യാമറയിലാക്കാനായി അവൾ മൊബൈലും പിടിച്ചിരുന്നു..
പെട്ടെന്ന് അവളൊന്ന് ഞെട്ടി.. ക്യാമറയിലൂടെ അവൾ കണ്ടത് ആ കുറ്റിക്കാട്ടിന് മുകളിലേക്കുയർന്ന ഒരു കയ്യാണ്.. ഒരു മനുഷ്യന്റെ കൈ.. ഞെട്ടിപ്പോയ കാർത്തിക മൊബൈൽ മാറ്റി ശരിക്ക് നോക്കി..
അതെ..അതൊരു മനുഷ്യന്റെ കൈ തന്നെയാണ്.. ഇന്ന് വരെ ഒരു മനുഷ്യനെയും കണ്ടിട്ടിട്ടില്ലാത്ത ആ കൊടുംകാട്ടിൽ ആദ്യമായാണ് ഒരാളെ കാണുന്നത്..ആരാണത്..?.
കാർത്തിക ഫോൺ അവിടെ വെച്ച് തോടിനടുത്തേക്ക് ചെന്ന് നോക്കി..അവളെ കൂടുതൽ ഞെട്ടിച്ച് കൊണ്ട് ഒരു മനുഷ്യൻ കാടിന് പുറത്തേക്ക് വന്നു.. അയാളെ കണ്ട് അവൾ നടുങ്ങിപ്പോയി..
