“ഇത് എന്തിനുള്ള ടെസ്റ്റ് ആണ്?” ഇഞ്ചക്ഷൻ എടുക്കുന്ന സമയത്ത് നേഴ്സിനോട് അനിത ചോദിച്ചു.
“എന്തെങ്കിലും ലൈംഗിക രോഗങ്ങൾ ഉണ്ടോ എന്ന് അറിയാനുള്ള ടെസ്റ്റാണ്…” നേഴ്സ് പറഞ്ഞത് കേട്ടപ്പോൾ അനിത ആദ്യം ഒന്ന് അമ്പരന്നു. പിന്നെ അവൾ അജയനുമായി നടന്ന സെക്സിനെ കുറിച്ചൊക്കെ ഓർത്തു. ഒരു കരുതലിന്റെ ഭാഗമായിട്ടായിരിക്കും ശേഖർ ഇതൊക്കെ എടുക്കുന്നത്. എന്തായാലും ശേഖറിന്റെ മുഖത്ത് ഗൗരവം ഉണ്ട്. ഇതിനെക്കുറിച്ച് ഒന്നും ചോദിക്കേണ്ട. അവൾ മനസ്സിൽ അങ്ങനെ തന്നെ തീരുമാനിച്ചു.
ടെസ്റ്റ് കഴിഞ്ഞ് വീണ്ടും ശേഖർ റിസപ്ഷന്റെ അടുത്തെത്തി.
“റിസൾട്ട് ഞങ്ങൾ നേരിട്ട് കൊടുത്തയക്കാം” റിസപ്ഷനിസ്റ്റ് പറഞ്ഞതിന്
ഓക്കെ പറഞ്ഞുകൊണ്ട് ശേഖർ അവിടെ നിന്നും ഇറങ്ങി.
വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുകയാണ്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടെങ്കിലും അനിത ഒന്നും ചോദിച്ചില്ല. ശേഖർ നല്ല മൂഡിലാകുമ്പോൾ ചോദിക്കാം എന്ന് കരുതി. സിറ്റിയിൽ നിന്നും മാറി ഉള്ളിലേക്കുള്ള ഒരു വഴിയിലേക്ക് ശേഖർ കാർ തിരിച്ചു. നഗരത്തിന്റെ തിരക്കൊക്കെ ഒഴിഞ്ഞ ഒരു വഴി. വണ്ടി ഉള്ളിലേക്ക് പോകുന്തോറും അധികം വീടുകൾ ഒന്നുമില്ല. അവസാനം വണ്ടി നേരെ ചെന്ന് അല്പം പഴക്കമുള്ള ഒരു കെട്ടിടത്തിന്റെ മുൻപിൽ ചെന്ന് നിന്നു. ശേഖർ ഹോണടിച്ചു. അകത്തുനിന്നും അമ്മയുടെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു. ഗേറ്റിനടുത്ത് വന്ന് അവർ സൂക്ഷിച്ചു നോക്കി. ശേഖർ കാറിന്റെ ഗ്ലാസ് താഴ്ത്തി. അൽപനേരം സൂക്ഷിച്ചു നോക്കിയതിനു ശേഷം ആ സ്ത്രീ ഗേറ്റ് തുറന്നു. അവർ ശേഖറിന്റെ അടുത്തെത്തി.
“അയ്യോ… ഇതാരാ?… ശേഖർ മോനായിരുന്നോ…. എനിക്ക് ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല. അല്ല… ഈ വഴിയൊക്കെ ഓർമ്മയുണ്ടോ? എത്ര നാളായി കണ്ടിട്ട്? എന്തായാലും മോൻ നന്നായിത്തന്നെ ഇരിക്കുന്നു…. കൂടെ ആരാ?” ശേഖറിനെ കണ്ടതും ആ സ്ത്രീയുടെ മുഖത്തെ സന്തോഷം വലുതായിരുന്നു. അനിത അത് പ്രത്യേകം ശ്രദ്ധിച്ചു. ഒരുപാട് കാലമായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരാളിനെ കാണുന്നത് പോലെയുള്ള ഒരു സന്തോഷം. ആ സ്ത്രീയ്ക്ക് ശേഖറിന്റെ അമ്മയാകാനുള്ള പ്രായമുണ്ട്. ശേഖറിന് പ്രായമായ സ്ത്രീകളോട് ഒട്ടും താല്പര്യമൊന്നുമില്ല എന്ന് അനിതയ്ക്ക് നന്നായി അറിയാം. എങ്കിലും ആ സ്ത്രീ അടുത്ത് വന്ന് അങ്ങനെയൊക്കെ സംസാരിച്ചത് അനിതയ്ക്ക് ഒരല്പം അസ്വസ്ഥത ഉണ്ടാക്കി. ശേഖറിന്റെ അടുത്ത് മറ്റ് ഏത് സ്ത്രീകൾ വന്നാലും അനിത അങ്ങനെ തന്നെയാണ്. അതിപ്പോൾ ശേഖറിന്റെ സ്വന്തം അമ്മയായാൽ
പോലും അനിതയ്ക്ക് തീരെ ഇഷ്ടമല്ല. എന്നുവെച്ച് ആരോടും അവൾ അനിഷ്ടം കാണിക്കില്ല. ശേഖറിന്റെ അടുത്ത് വേറെ പെണ്ണുങ്ങൾ വരാനോ സംസാരിക്കാനോ അവനെ തൊടുവാനോ പാടില്ല.
“സുധാമണി ചേച്ചി….” ശേഖർ അവരെ പേര് വിളിച്ചു. ശേഖർ അങ്ങനെ പേര് വിളിച്ചപ്പോൾ അനിത ഒരല്പം അത്ഭുതത്തോടെ അവരെയും ശേഖറിനെയും നോക്കി. സുധാമണി ചേച്ചി എന്ന ഒരു വ്യക്തിയെക്കുറിച്ച് ശേഖർ ഇതിനുമുമ്പ് അനിതയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരെ ശേഖർ അവരുടെ ഫോട്ടോ കാണിക്കുകയോ അല്ലെങ്കിൽ അവരെ നേരിട്ട് കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഫോട്ടോ ഒന്നും കയ്യിലില്ല എന്നാണ് ശേഖർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അനിത ആദ്യമായാണ് സുധാമണിയെ നേരിട്ട് കാണുന്നത്.
“സുധാമണി ചേച്ചി… ഇതെന്റെ ഭാര്യ…. അനിത… എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോ രണ്ടു വർഷമായി. ആ സമയത്ത് നല്ല തിരക്കായിരുന്നു. പിന്നെ വിളിച്ചാലും ചേച്ചി വരില്ലല്ലോ.” ശേഖർ സുധാമണിക്ക് അനിതയെ പരിചയപ്പെടുത്തി കൊടുത്തു.
“ഓ… ഇതാണോ മോന്റെ ഭാര്യ… നല്ല ഭംഗിയുണ്ട് കാണാൻ… ഹോ എന്തൊരു ചന്തം… രാജകുമാരിയെ പോലെയുണ്ട്… അല്ല എന്താ രണ്ടുപേരും ഇതിനകത്ത് തന്നെ ഇരിക്കുന്നേ?… ഇറങ്ങുന്നില്ലേ? അതോ തിരക്കാണോ?…” സുധാമണി തന്നെ പ്രശംസിച്ചത് അനിതയ്ക്ക് ഇഷ്ടപ്പെടുകയൊക്കെ ചെയ്തു. എങ്കിലും ശേഖറിനോട് അവർ കാണിക്കുന്ന അടുപ്പം അനിതയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിന്റെ നേരസം എത്ര മറക്കാൻ ശ്രമിച്ചിട്ടും അനിതയുടെ മുഖത്ത് പ്രകടമായിരുന്നു. ശേഖർ അത് കണ്ട് ചിരിക്കുകയും ചെയ്തു.
