“തിരക്കൊന്നുമില്ല ഇങ്ങോട്ട് തന്നെ ഇറങ്ങിയതാ…” ശേഖർ സുധാമണിയോട് പറഞ്ഞു.
“ആണോ?!… നല്ല കാര്യം… മോനൊന്ന് വിളിച്ചു പറഞ്ഞിട്ട് ഇറങ്ങാമായിരുന്നല്ലോ… ചേച്ചിയുടെ നമ്പർ ഇപ്പോഴും മോന്റെ കയ്യിൽ ഇല്ലേ?”
വിവാഹത്തോടെ
ശേഖർ സുധാമണി ചേച്ചിയും ആയിട്ടുള്ള കോൺടാക്ട് ഒക്കെ അവസാനിപ്പിച്ചു എന്ന് അനിതയോട് പറഞ്ഞതാണ്. അവരുടെ ഫോൺ നമ്പർ വരെ ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നാണ് പറഞ്ഞിട്ടുള്ളത്. അനിത അതൊക്കെ വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. ശേഖർ പറയുന്നതൊക്കെ അക്ഷരംപ്രതി വിശ്വസിക്കുന്ന ഒരു സ്വഭാവമാണ് അനിതയുടെത്.
“അതിന്റെയൊന്നും ആവശ്യമില്ല.” അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ തുറന്നു കിടന്ന ഗേറ്റിലൂടെ കാർ അകത്തേക്ക് കൊണ്ടുപോയി ആ വീടിന്റെ മുറ്റത്തെ ഒരു കോർണറിൽ ആയി ഇട്ടു. ശേഖറിന്റെ കാർ പാർക്ക് ചെയ്യുന്ന രീതിയൊക്കെ തന്നെ കണ്ടാൽ അറിയാം അവന് ആ വീട് നല്ല പരിചയമാണ്. അനിത ശേഖറിനെ നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.
“ഇറങ്ങു മോളൂസേ..” അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അനിതയുടെ താടിക്ക് ഒരല്പം കൊഞ്ചലോടെ പിടിച്ചു. അനിത കാറിൽ നിന്നും പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങി. അവൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. വീട് പഴയതാണെങ്കിലും പ്രൗഢിക്ക് കുറവൊന്നുമില്ല. മുകളിൽ ഒരു നിലയുള്ള കെട്ടിടമാണ്. മുറ്റത്തുള്ള പൂന്തോട്ടത്തിലേക്കാണ് അവളുടെ കണ്ണുകൾ ആദ്യം പോയത്. അനിത ഏതു വീട്ടിൽ ചെന്നാലും നോക്കുന്ന ഒന്നാണ് പൂന്തോട്ടം. അവളുടെ ഹോബി തന്നെ ഗാർഡനിങ് ആണ്. മനോഹരമായ ഒരു പൂന്തോട്ടം ആ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു. അപ്പോഴേക്കും ഗേറ്റ് അടച്ച് സുധാമണി അവർക്ക് അരികിലേക്ക് വന്നു.
“പെട്ടെന്നുള്ള വരവായതുകൊണ്ട് ഇവിടെ…. ഒന്നും…” സുധാമണി ഔപചാരികമായി ഒന്ന് പരുങ്ങി. ശേഖറിനെ വലിയ രീതിയിൽ സ്വാഗതം ചെയ്യണം എന്ന് അവർക്ക് ആഗ്രഹമുള്ളത് പോലെ തോന്നി.
“ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ പോയേക്കാം… മതിയോ?” ശേഖർ തമാശ മട്ടിൽ പറഞ്ഞു.
“അയ്യോ… മോനെ… അങ്ങനെ ഒന്നും പറയല്ലേ. തമാശയ്ക്ക് പോലും അങ്ങനെയൊക്കെ
പറയുന്നത് ചേച്ചിക്ക് വിഷമമാവും” ശേഖർ കാര്യമായിട്ടാണ് പറയുന്നതെന്ന് കരുതി സുധാമണി പെട്ടെന്ന് കയറി പറഞ്ഞു.
അനിത സുധാമണിയെ അടിമുടി ഒന്നു നോക്കി. സുധാമണിയെ കുറിച്ച് ശേഖർ അവളോട് നല്ലതുപോലെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവരെ കണ്ടപ്പോൾ അവൾ ശേഖറിനെ അത്ഭുതത്തോടെ നോക്കിയത്. കാരണം ശേഖർ തന്നെ സുധാമണിയുടെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് അനിത ഒരിക്കലും കരുതിയിരുന്നില്ല. അവരെക്കുറിച്ച് ശേഖർ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഒരിക്കൽ അവരെ നേരിട്ട് കാണണമെന്ന് ആഗ്രഹം ശേഖറിനോട് അനിത പറഞ്ഞിരുന്നു. ഒരിക്കൽ കൊണ്ടുപോയി കാണിക്കാം എന്ന് ശേഖർ വാക്കും കൊടുത്തിരുന്നു. പിന്നീട് അതിനെപ്പറ്റി സംസാരിച്ചിട്ടില്ല.
നെറ്റിയിലുള്ള വലിയ വട്ടപ്പൊട്ട് തന്നെയാണ് സുധാമണിയുടെ വലിയ ആകർഷണം. മലയാള സിനിമയിലെ കവിയൂർ പൊന്നമ്മയെ പോലെ തോന്നും. കണ്ടുകഴിഞ്ഞാൽ നല്ല ഒരു അമ്മ. ചുമന്ന നിറമുള്ള നല്ല ഒരു സാരിയാണ് അവർ ധരിച്ചിരിക്കുന്നത്. കയ്യിൽ കുപ്പിവളകൾ ഉണ്ട്. മുടിയിൽ മുല്ലപ്പൂവും. ചെറിയൊരു തമിഴ് ചന്തമുണ്ട് അതൊക്കെ കാണുമ്പോൾ. ശേഖർ അവരുടെ ഫോട്ടോ ഒന്നും അനിതയ്ക്ക് കാണിച്ചു കൊടുത്തിരുന്നില്ല. പക്ഷേ ഫോട്ടോ കാണാതെ തന്നെ അനിതയ്ക്ക് സുധാമണിയെ കുറിച്ച് മനസ്സിൽ ഒരു സങ്കല്പം ഉണ്ടായിരുന്നു. ആ സങ്കല്പം അതേപടി കൺമുന്നിൽ നിൽക്കുന്നത് പോലെ തന്നെ അവൾക്ക് തോന്നി.
“മോൾ എന്താ എന്നെ തന്നെ ഇങ്ങനെ നോക്കുന്നത്. എന്നെ അറിയുമോ?” അനിതയെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് സുധാമണി ചോദിച്ചു
“ചേച്ചിയെ കുറിച്ച് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. കണ്ടിട്ടില്ല എന്നേയുള്ളൂ എന്റെ മോൾക്ക് ചേച്ചിയെ നന്നായിട്ട് അറിയാം. ഞാനെന്റെ മോളോട് ഒന്നും ഒളിച്ചു വച്ചിട്ടില്ല” അനിതയുടെ നിൽപ്പ് കണ്ട് ശേഖർ സുധാമണിയോട് പറഞ്ഞു.
