അമലൂട്ടനും അനുക്കുട്ടിയും – 4

” എനിക്ക് മീനുക്കുട്ടിയെ ഒരുപാടിഷ്ടമാണ്”…. “വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് ” എന്നെഴുതി ഞാനവളുടെ കയ്യിൽ കൊടുത്തു…..

അമ്പോ!!! what an idea Mr കാമുകൻ…..എന്നിട്ട് ബാക്കി പറ???

എന്നിട്ടെന്താ അവളത് കണ്ടു…. പക്ഷെ ഒന്നും തന്നെ മിണ്ടാതെ അവൾ പോയ്….
പിന്നീട് 3 ദിവസം അവൾ ബസ്സിൽ വന്നില്ല, ബസ്സിലെന്നല്ല അവൾ കയറുന്ന സ്റ്റോപ്പിൽ പോലും അവളെ കാണാൻ സാധിച്ചില്ല….
എനിക്കാണെങ്കിൽ അവളെ കാണാതെ ഒരു സമാധാനവും കിട്ടാതെയായ്…..
ഉണ്ണാനും ഉറങ്ങാനും സാധിക്കാത്ത അവസ്ഥ എന്നൊക്കെ കേട്ടിട്ടില്ലെ ഏതാണ്ടത് പോലെ…..
അത്രയേറെ ഞാനവളെ സ്നേഹിച്ചിരുന്നെന്ന് എനിക്ക് മനസ്സിലായ
നിമിഷമായിരുന്നത്….
മീനൂനെ കാണാതെയായപ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു എല്ലാം എനിക്ക് നഷ്ടമായിരിക്കുന്നു….
ഇനി ഒരിക്കലും എൻ്റെ മുന്നിലവൾ വരില്ലായിരിക്കും…..

എന്നാൽ നാലാമത്തെ ദിവസം എന്നെ ഞെട്ടിച്ചുകൊണ്ട് മീനു വന്ന് ബസ്സിൽ കയറി…..
മൂന്ന് ദിവസത്തിന് ശേഷം മീനുക്കുട്ടിയെ കാണുവാൻ സാധിച്ച നിമിഷം ഞാനൊരുപാട് സന്തോഷിച്ചു….
വേഗം തന്നെ ടിക്കറ്റ് പ്രിൻ്റ് ചെയ്ത് അതിനു പുറകിൽ ‘sorry’ എന്നെഴുതി ഞാനവളുടെ കയ്യിൽ കൊടുത്തു……..
ഇനി ഞാൻ പ്രൊപ്പോസ് ചെയ്തതിൻ്റെ പേരിൽ അവൾ വരാതിരുന്നാൽ അതെനിക്കൊരുപാട് സങ്കടമായ്മാറും……
“അവളുടെയാ മുഖം എൻ്റെ ഹൃദയത്തിൽ അത്രയേറെ പതിഞ്ഞിരുന്നു”…..
‘എനിക്കവളെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിലും….. ഒരു ദിവസംപോലും കാണാതിരിക്കാൻ കഴിയില്ലാത്ത അവസ്ഥയായ് മാറിയിരുന്നു’……..
മീനൂട്ടിയുടെ ശബ്ദം ഒന്ന് കേൾക്കുവാൻ വേണ്ടി ഞാൻ അക്ഷമനായ് അവളുടെ മുന്നിൽ തന്നെ നിന്നു, പക്ഷെ എന്നെ കണ്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല…..
ഞാനാണേൽ എന്ത് പറയണമെന്ന് പോലുമറിയാത്ത അവസ്ഥയിലായിരുന്നു ….
അവസാനം ഞാൻ തന്നെ അവളോട് മിണ്ടുവാൻ തീരുമാനിച്ചു…..
ഒരു സ്റ്റാർട്ടിംഗ് കിട്ടുന്നതിനായ് മീനുക്കുട്ടിയോട് ഞാൻ പറഞ്ഞു…….
“മീനു ടിക്കറ്റ് ചാർജ് ഇതുവരെ തന്നില്ല”…..

അന്നേരമാണെൻ്റമലേ…. അവൾ എന്നോട് പറയുന്നത്…..

എന്ത്…. എന്താ ഏട്ടാ മീനുക്കുട്ടി പറഞ്ഞത്????
ആകാംക്ഷാഭരിതനായ് ഞാൻ ചോദിച്ചു…..

ഹോ!!! എന്താ ആവേശമെന്ന് നോക്കിക്കേ എൻ്റെ ചെക്കന്…..

ഹാ…. ഇങ്ങള് വെറുതേ എടങ്ങേറാക്കാതെ കാര്യം പറയെൻ്റേട്ടാ……

പറയാം… പറയാം….. നീ ഒന്ന് സമാധാനപ്പെട്….

മ്മ്… പറയൂ….

മോനേ …. അവൾ എന്നോട് പറയുവാ…..
“അതേ ഈ KSRTC ബസ്സിൽ കണ്ടക്ടർക്ക് മാത്രമേ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ പറ്റുവുള്ളോ???”….. കണ്ടക്ടറുടെ ഭാര്യയ്ക്ക് യാത്ര സൗജന്യമൊന്നുമില്ലേ????

മീനു പറഞ്ഞത് കേട്ടിട്ട് ഒന്നും തന്നെ എനിക്ക് മനസ്സിലായില്ലെന്നതാണ് സത്യം…..
ഇവളിതെന്താ പറയുന്നതെന്നാലോചിച്ച് മീനുക്കുട്ടിയുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കി നിന്നുപോയ്….

ഒരു നിമിഷം ഞാൻ സ്വബോധത്തിലേക്ക് തിരിച്ചെത്തി അവളോട് ചോദിച്ചു…..
എന്താ…. എന്താ മീനു പറഞ്ഞത് എനിക്ക് മനസ്സിലായില്ല????

ഞാൻ പറഞ്ഞത് മനസ്സിലായില്ലാ..??? “അതേ കണ്ടക്ടറുടെ ഭാര്യയ്ക്ക് യാത്ര സൗജന്യമാണേൽ ഞാൻ ടിക്കറ്റ് ചാർജ് തരില്ല ” ….
ഇനി അങ്ങനെ അല്ലെങ്കിൽ “എനിക്ക് തന്ന ടിക്കറ്റിൻ്റെ പൈസ പ്രദീപേട്ടൻ കൊടുക്കേണ്ടി വരും ” …. “ഇന്ന് മുതൽ ജീവിതാവസാനം വരെ “…..
എൻ്റെ മുഖത്തേക്കൊന്ന് നോക്കിയശേഷം നാണത്തോടെയാണ് മീനുക്കുട്ടി അതെന്നോട് പറഞ്ഞത് …..
ഹൊ!!! അന്നേരം മീനുക്കുട്ടിയുടെ മുഖത്ത് ഞാൻ കണ്ടൊരു “ഭാവമുണ്ട്” ഇന്നും എൻ്റെ മനസ്സിൽ നിന്നുമത് മാഞ്ഞിട്ടില്ല…..
അവൾ സമ്മദമാണെന്ന് പറഞ്ഞയാ നിമിഷം
“ഭൂമി തന്നെ കീഴടക്കിയ സന്തോഷമായിരുന്നെനിക്ക് ” ….
ബസ്സിൽ യാത്രക്കാരില്ലായിരുന്നേൽ ഞാനവിടെ നിന്ന് തുള്ളിച്ചാടിയേനേ….. അത്രയേറെ സന്തോഷമായിരുന്നെനിക്ക്…..
പിന്നെ വീട്ടുകാരുമായ് സംസാരിച്ച് അതേ വർഷം തന്നെ മീനുക്കുട്ടിയെ എൻ്റെ ജീവിത സഖിയായ് കൂടെ കൂട്ടി……..
RPK 143 നമ്പർ ബസ്സ് എനിക്കൊരിക്കലും മറക്കുവാൽ സാധിക്കില്ല അവനെ….. മീനുക്കുട്ടിയെ എനിക്ക് സമ്മാനിച്ച എൻ്റെ പ്രീയപ്പെട്ട ബസ്………..

കള്ളക്കാമുക ടിക്കറ്റിലൂടെ ഒരു ജീവിതം തന്നെ ഒപ്പിച്ചെടുത്തുകളഞ്ഞല്ലേ!!!………
എൻ്റയേട്ട നിങ്ങൾ ……. നിങ്ങൾ ഒരു സംഭവമാണ്…..

മ്മ്….. മതി മതി പൊക്കിയത്….. ഇതുപോലെ സെൻ്റ് മേരീസിൽ നിന്നും അമലൂട്ടനും കിട്ടും നല്ലൊരു പെൺകുട്ടിയെ വഴക്കടിക്കാനും സ്നേഹിക്കാനും…….
എനിക്ക് നല്ല ഉറപ്പുണ്ടതിൽ…..

എന്തോ ….പ്രദീപേട്ടനോട് ഇപ്പോൾ എനിക്ക് തർക്കിക്കാനൊന്നും തോന്നുന്നില്ല…..
പ്രണയമാണോ എന്തെന്നറിയില്ല എൻ്റെ മനസ്സിലും എന്തൊക്കെയോ മൊട്ടിട്ടു തുടങ്ങിയിരുന്നു…….

അമലേ….. ഹലോ….. എന്താ നീ ഒന്നും മിണ്ടാത്തെ?????

ഏയ് ഒന്നുമില്ല ഏട്ടാ….. ഞാൻ വെറുതേ…..

മ്മ്….. എന്നാൽ ശരിയെടാ എനിക്ക് ഡ്യൂട്ടിയിൽ കയറാൻ സമയമായ് ഞാൻ പിന്നെ വിളിക്കാം……

ശരിയേട്ടാ…. ഫോൺവെച്ച് ഞാൻ ഡിസ്പ്ലെയിൽ നോക്കുമ്പോൾ സമയം 6.30 കഴിഞ്ഞിരുന്നു…..
ദൈവമേ…..പ്രദീപേട്ടൻ്റെ പ്രണയകഥ കേട്ടിരുന്ന് സമയം പോയതറിഞ്ഞില്ല…..
വേഗം തന്നെ വീട്ടിലേക്ക് നടന്നു അനുഅമ്മ വിളക്ക് തെളിക്കുകയായിരുന്നവിടെ അമ്മയോടൊപ്പം സംസാരിച്ചിരുന്നു ഭക്ഷണവും കഴിച്ച് ഞാനുറങ്ങി…….

പിറ്റേ ദിവസം പതിവിലും നേരത്തേ എഴുന്നേറ്റ് റെഡിയായ് കോളേജിലേക്ക് പുറപ്പെട്ടു നടന്ന് നടന്ന് രണ്ട് വീടിനപ്പുറത്തെത്തിയപ്പോൾ വലത് വശത്തായ് കാണുന്ന ഗേറ്റിനടുത്ത് നിന്നും “ചേത്താ “…. ചേത്താന്നൊരു വിളികേട്ടു…… നോക്കുമ്പോൾ നല്ല ക്യൂട്ടായ 3 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൺകുട്ടി…..
ഒരു നിമിഷം ഞാനവനെത്തന്നെ നോക്കി നിന്നുപോയ്….
ഗേറ്റിനു വെളിയിലേയ്ക്ക് കൈകളിട്ട് എന്നെ വിളിക്കുകയാണവൻ….
അവനെ നോക്കി ചിരിച്ചു കൊണ്ടിരിക്കുമ്പോൾ ആ വീടിൻ്റെ ഉമ്മറത്ത് നിന്നും സുന്ദരമായ രണ്ട് മിഴികൾ എന്നിൽ തന്നെ പതിയുന്നത് കണ്ടു……
അതെൻ്റെ ശ്രദ്ധയിൽപ്പെട്ടതും
അധികനേരം അവിടെ നിൽക്കാതെ ഞാൻ വേഗം തന്നെ കോളേജിലേക്ക് വിട്ടു…..
ഗേറ്റിന് വാതിൽക്കലെത്തിയതും അമലേന്നൊരു വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി ……
ആഹാ! മുന്നിൽ നിൽക്കുന്നു നമ്മുടെ ശ്രീനാദേട്ടൻ………

ഇയ്യെന്താടോ ഇവിടെ?????

ഞാനോ???….. ഇവിടെ???….
“ഈ കോളേജിനകത്തേ നല്ല കോയ് ബിരിയാണി കൊടുക്കണുണ്ടെന്ന് കേട്ടു എന്നാലിച്ചിരി വാങ്ങാല്ലോന്ന് കരുതി വന്നതാ “……
എൻ്റെ മനുഷ്യാ എനിക്കിന്നലെ മുതൽ ക്ലാസ്സ് തുടങ്ങി…..

ഓ…. ഞാനത് മറന്നെടോ…..

മ്മ്…. ഓർക്കാൻ വേറെ പലതുമാണല്ലോ ഉള്ളത് …. എട്ടനെ നോക്കി നന്നായൊന്നിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു…….

Leave a Reply

Your email address will not be published. Required fields are marked *