അമലൂട്ടനും അനുക്കുട്ടിയും – 4

ഇയ്യെന്താ ന്നെ കളിയാക്കാണോ…. “അനക്കും പ്രദീപേട്ടൻ്റെ ജിന്ന് കൂടിയാ”????

എയ്…. ഞാൻ കളിയാക്കിയതൊന്നുമല്ല….. പിന്നെ പ്രദീപേട്ടനൊപ്പോന്നും പിടിച്ചു നിൽക്കാനൊന്നും എനിക്ക് പറ്റില്ല പുള്ളി വേറേ ലെവലാണ്…….
അന്ന് എട്ടൻ ശരിക്കും നിങ്ങളെ വാരിയല്ലേ????

ഏയ്…. അങ്ങനൊന്നൂല്ലടോ…. ഏട്ടൻ അടിപൊളിയല്ലേ…. ഞങ്ങളോട് ബല്യ സ്നേഹാ മൂപ്പർക്ക്…. ഒരു പ്രാരാബ്ദക്കാരനാ…. എന്നാലും പരിപാടിയൊന്നുമില്ലാത്തപ്പോൾ ഇടക്കൊക്കെ പൈസ തന്ന് വരെ സഹായിക്കും ….. അത് മാത്രോല്ല മൂപ്പരുടെ കേറോഫിൽ ഒരുപാട് പ്രോഗ്രാം ഞങ്ങക്ക് കിട്ടാറുണ്ട്…… സ്നേഹോള്ളൊരു മനുഷ്യനാ പ്രദീപേട്ടൻ അതോണ്ട് മൂപ്പരെന്ത് പറഞ്ഞാലും മ്മക്കൊരു കൊയപ്പോല്ലാ……

അതു ശരിയാണ്…. പ്രദീപേട്ടനെപ്പോലെ ഒരാളെ ഞാനിന്നു വരെ കണ്ടിട്ടില്ല……
എട്ടനറിയുമോ…. ഞാനാദ്യം ട്രയിനാണ് എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് വരാനിരുന്നത്….. എന്നാൽ ഏതോ ഒരു നിമിഷത്തിലെ തോന്നലിൽ അത് “KSRTC “യിലായ്….. അതുകൊണ്ടാണ് എനിക്കിന്ന് ഒരു ഏട്ടനെ കിട്ടിയത്…. ഏട്ടനിലൂടെ നിങ്ങളെയും…..

അമലേ…. ഇയ്യ് ട്രയിനെങ്ങാനും വന്നിരുന്നേൽ അൻ്റെ ജീവിതത്തിലത് തീരാ നഷ്ടായേനെ….. ഏട്ടനെ കാണാൻ പറ്റിയത് അൻ്റെ ഭാഗ്യാടോ….

അതേ…. എട്ടൻ പറഞ്ഞത് ശരിയാണ്….
പ്രദീപേട്ടനെ പരിചയപ്പെട്ടില്ലായിരുന്നേലത് തീരാ നഷ്ടമായേനെ…..
അതിരിക്കട്ടെ നിങ്ങള് “പാത്തുമ്മയെ ” കാണാനിറങ്ങിയതാണോ?????

അതേടോ….

എന്നിട്ട് ആള് വന്നോ????

ഇല്ല ഓള് വരാൻ സമയമാവുന്നതേയുള്ളു….

എന്നാൽ നടക്കട്ടെ നമുക്ക് പിന്നെ കാണാം….
ഹാ… ഇയ്യവിടെ നിക്കടോ… ഞാനോളെ അനക്ക് പരിചയപ്പെടുത്താം …. അൻ്റ സഹായം ചെലപ്പോ ഞങ്ങക്ക് വേണ്ടി വന്നാലോ….

മ്മ്….ശരി…..

ശ്രീയേട്ടനോടൊപ്പം സംസാരിച്ചങ്ങനെ നിൽക്കുന്ന സമയത്ത് ദൂരെ നിന്നും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് തട്ടമിട്ടൊരു പെൺകുട്ടി അടുത്തേക്കായ് വന്നു…..

ശ്രീയേട്ടാ ഇങ്ങള് വന്നിട്ടൊരുപാട് നേരായോ????

ഏയ് ഇല്ല പാത്തു … ഇപ്പ വന്നേള്ളൂ….

അല്ല കൂടേള്ളതാരാ????

ഇതോ…. ഇതാണ് കല്ലുമ്മേക്കായാസിൻ്റെ സ്വന്തം അനിയൻ ചെക്കൻ അമൽ…. ഇവിടെ 1st ഇയർ സുവോളജിയിൽ പഠിക്കുന്നു….

അമലേ …. ഇതാണ് പാത്തുമ്മ …. ൻ്റെ മൊഞ്ചത്തിക്കുട്ടി…..
ഇവിടെ പീജി 1st year ചെയ്യുന്നു…..

കൊള്ളാം രണ്ടാളെയും കാണാൻ നല്ല ചേർച്ചയുണ്ട് ട്ടാ….
എന്നാൽ ശരി നിങ്ങൾ സംസാരിക്ക് ഞാൻ കട്ടുറുമ്പാവുന്നില്ല പിന്നെക്കാണാം….

ശരിയെടാ…. ഇയ്യെന്നാ ചെല്ല്….

രണ്ടുപേരേയും നോക്കി പുഞ്ചിരച്ചശേഷം യാത്ര പറഞ്ഞ് ഞാൻ ക്ലാസ്സിലേക്ക് നടന്നു…….
അവിടെ എത്തുമ്പോൾ കാണുന്നത് പെൺകുട്ടികൾക്കിടയിലിരുന്ന് കത്തിവെക്കുന്ന നിജുവിനെയാണ്….
ദൈവമേ…. ഇതെന്താ വല്ല കോഴിക്കൂടുമാണോ???? ഭൂലോക കോഴിയേയാണോ ഇവിടെ നീ എനിക്ക് കൂട്ടുകാരനായ് തന്നത്????
ഇതിനും മാത്രം എന്നതാ ഇവന് പറയാനുള്ളത്….
ആ എന്തെങ്കിലുമാവട്ടെ ക്ലാസ്സിലേക്ക് കയറാം അല്ലാതെ ഞാനെന്തിനാ ഇതൊക്കെ അന്വേഷിക്കുന്നത്…..
“അയ്യപ്പൻ വിളക്കിനും അലാവുദ്ദീനും എന്താ കാര്യം”???…….

ക്ലാസ്സിലേക്ക് കയറിയതും നിജു അവരുടെ ഇടയിൽ നിന്നും എഴുന്നേറ്റ്‌ എൻ്റടുത്തേക്കായ് വന്നു……

നിജൂ വാ നമുക്കൊന്ന് പുറത്തേക്ക് പോകാം…..

എന്തിനാടാ???

അതൊക്കെയുണ്ട് വാ ഞാൻ പറയാം….

ശരി വാ….

എന്താടാ…. കോഴി ഞാൻ വന്നത് നിനക്ക് ശല്യമായോ????
വരാന്തയിലൂടെ നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു….

കോഴിയോ???? പോടാ ഒന്ന് ഞാൻ വെറുതേ അവരോട് സംസാരിച്ചിരിക്കുകയായിരുന്നു……

മ്മ്… മ്മ്…. അത് മനസ്സിലായ്….

എന്ത് മനസ്സിലായെന്ന്….

എടാ കോപ്പേ അവരെല്ലാം നിന്നെക്കുറിച്ചാണ് സംസാരിച്ചത്…..

എന്നെപ്പറ്റിയോ??? എന്ത്???

ഞാൻ വെറുതേ അവരോട് കമ്പനിയടിക്കാൻ പോയതാ അന്നേരം എല്ലാർക്കും നിന്നെപ്പറ്റി അറിയണം…
സുവോളജി ക്ലാസ്സിലെ ചുള്ളനല്ലേ നീയ്യ്…. നിന്നെപ്പറ്റി ഓരോ കാര്യങ്ങൾ അവർ ചോദിക്കാൻ തുടങ്ങി…. നീ എവിടെയാ പഠിച്ചത്???
നിൻ്റെ വീട് കൊയിലാണ്ടിയിലെവിടാണ്.???…
അവസാനം വേണു സാർ പറഞ്ഞ കാര്യം ഞാനങ്ങ് വെച്ച് കാച്ചിക്കൊടുത്തു… അതോടെ എല്ലാത്തിൻ്റെയും സകലമാന കിളിയുംപോയ്‌..
നീയൊരു ആർട്ടിസ്റ്റാണെന്ന് കൂടി അറിഞ്ഞപ്പോൾ മിക്കവർക്കും നിന്നെക്കൊണ്ടവരുടെ പടം വരപ്പിക്കണം….. ഞാനത് നിന്നോട് പറഞ്ഞ് റെഡിയാക്കിക്കൊടുക്കണം ഇതായിരുന്ന് ചർച്ചിച്ചത്….
പിന്നെ വേറൊരു കാര്യം എന്താന്ന് വെച്ചാൽ “നീയൊരു പഠിപ്പിസ്റ്റാണെന്നുള്ള കാര്യം ആൻമരിയ അറിഞ്ഞിട്ടുണ്ട് “……

“അടിപൊളി ബാ പോകാം”………

എങ്ങോട്ട്????

എങ്ങോട്ടുമില്ലെൻ്റെ പൊന്നേ …. അല്ല അവളിതെങ്ങനറിഞ്ഞു????

അത് ഞാൻ പറഞ്ഞു….

എടാ തെണ്ടീ നീ നൈസായിട്ട് പണിതല്ലേ….

ഏയ് പണിതതൊന്നുമല്ലെടാ ……..
ഞാൻ രാവിലെ അവരോട് സംസാരിച്ചിരിക്കുവായിരുന്നു അന്നേരമാണ് ആൻ മരിയ അവിടേക്ക് കയറി വന്നത്………
വന്നപാടെ അവളുടെ ഒരുമാതിരി മറ്റേടത്തെ ജാഡയും എല്ലാം കണ്ടപ്പോൾ എനിക്കങ്ങ് പൊളിഞ്ഞ്കയറി…..
പണ്ടേ അവളെ കാണുന്നതെനിക്ക് കലിയാണ് കൂടെ അവളുടെ ജാഡയും……..
പിന്നെ ഒന്നും നോക്കിയില്ല വേണു സാർ പറഞ്ഞ കാര്യങ്ങളെല്ലാം അവള് കേൾക്കാൻ വേണ്ടിത്തന്നെയങ്ങ് പറഞ്ഞു…..

അത് കേട്ടതും അവളുടെ മുഖം അത് നീ ഒന്ന് കാണേണ്ടതായിരുന്നു മോനെ…….
ഏതാണ്ട് “തീട്ടത്തിൽ ചവിട്ടിയ മതാമ്മയെപ്പോലെ ” …..

അല്ലെടാ നിനക്കത്കൊണ്ട് എന്താണ് കിട്ടിയത്????

“ആനന്ദം “….. “പരമമായ ആനന്ദം “………
നിനക്കറിയോ…. അവളുടെ വളിച്ചയാ മുഖം കണ്ടപ്പോൾ
“ബീമാ പള്ളീലെ പെരുന്നാൾ കൂടിയ സുഖമായിരുന്നെൻ്റെ മനസ്സിന് “…… അവളെ പൊളിച്ചടുക്കാൻ കിട്ടുന്ന ഒരവസരവും നിജു പാഴാക്കില്ല…..
പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ഇനി ഏത് നിമിഷവും അവൾ വരും നിൻ്റെ മുന്നിൽ….

ഏയ്… അവൾ വരട്ടെടാ…. അത് നമുക്ക് അപ്പോൾ നോക്കാം…..
ഞാൻ നിന്നെ വിളിച്ചത് വേറൊരു കാര്യം പറയാനാണ്…..

എന്താടാ പറയ്….

എടാ വ്യാഴാഴ്ച എൻ്റെ അമ്മയുടെ പിറന്നാളാണ്…. ഇന്നാട്ടിൽ എത്തിയശേഷമുള്ള ആദ്യത്തെ പിറന്നാൾ അതുകൊണ്ട് അമ്മയ്ക്കൊരു നല്ല സർപ്രൈസ് കൊടുക്കണം………
നീ നല്ല ഐഡിയ വല്ലതുമുണ്ടേലൊന്ന് പറയ്…..

എടാ മണ്ടാ…. അതിന് നീ പ്രത്യേകിച്ചൊന്നും ചെയ്യണ്ട….
ബുധനാഴ്ച രാത്രി ഒരു 12 മണി കഴിയുമ്പോൾ അമ്മയെ ഉണർത്തുക എന്നിട്ട് നല്ല ചിരിച്ച മുഖത്തോട് കൂടി അമ്മയെ കെട്ടിപ്പിടിച്ച് ഒരു ” Happy birthday ” പറയുക… അത്രയും ചെയ്താൽ മതി……

എടാ അതല്ലെടാ…. കോഴിക്കോട്ട് വന്നിട്ടാദ്യമായാണ് അമ്മയുടെ പിറന്നാൾ വരുന്നത് നല്ലൊരു സർപ്രൈസ് നൽകണമെന്നുണ്ടെനിക്ക്….. നീ ഒരു വഴി പറഞ്ഞുതാ…….

Leave a Reply

Your email address will not be published. Required fields are marked *