എൽ ഡൊറാഡോ – 1 20അടിപൊളി 

അടുത്ത വീടിന്റെ പറമ്പിൽ ഒരു പനിനീർ ചാമ്പ പൂത്തു നിൽപ്പുണ്ടായിരുന്നു.. അത് ഇടയ്ക്കിടെ ചാമ്പ താഴേക്കു പൊഴിക്കുന്നുണ്ട്.. അവിടെ ചെന്നു രണ്ടെണ്ണം എടുത്താൽ കുഴപ്പം ഉണ്ടോ..? ഞാൻ ഒന്ന് സംശയിച്ചു.. അതിന് അടുത്ത് വരെ ചെന്നിട്ടു ഞാൻ എടുക്കണോ വേണ്ടയോ എന്ന ചിന്തയിൽ പരുങ്ങി നിന്നു..

‘ പൂയ്…’
പെട്ടന്ന് അവിടെ നിന്നും ആരോ എന്നെ വിളിച്ചു. ഞാൻ അവിടേക്ക് നോക്കിയപ്പോ ഒരു ചേച്ചി. എന്താ എന്ന മട്ടിൽ ചേച്ചി ചിരിയോടെ എന്നെ പിരികം ഉയർത്തി ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന മട്ടിൽ തോൾ ഉയർത്തി കാണിച്ചിട്ട് തിരിച്ചു നടന്നു..

‘ചാമ്പക്ക വേണോ…?
ആ ചേച്ചി പിന്നെയും പിന്നിൽ നിന്ന് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവർ താഴെ നിന്നും പുതുതായി വീണ കുറച്ചു പനിനീർ ചാമ്പ പെറുക്കി എന്റെ കയ്യിലേക്ക് വച്ചു തന്നു
‘ഇതൊക്കെ ഇപ്പൊ വീണതാ.. മുന്നേ വീണത് എടുക്കണ്ട…’
അവർ ചിരിച്ചു കൊണ്ട് പറഞ്ഞു. അല്പം കറുത്തിട്ട് അത്യാവശ്യം പൊക്കമൊക്കെ ഉള്ളൊരു ചേച്ചി. അപ്പോൾ എന്നോട് പേര് പറഞ്ഞു പരിചയപ്പെടുത്തി ഇല്ലെങ്കിലും രമ്യ ചേച്ചിയോട് അപ്പോൾ തന്നെ എനിക്ക് ഒരു അടുപ്പം തോന്നി. അവിടെ വന്നിട്ട് ആദ്യം അടുപ്പം തോന്നുന്ന വ്യക്തിയും ചേച്ചി ആയിരുന്നു..

ചാമ്പയും വാങ്ങി ചേച്ചിയെ തിരിച്ചു ചിരിച്ചു കാണിച്ചു ഞാൻ വീട്ടിലേക്ക് കയറി. പിന്നെ ഞാൻ പുറത്തേക്ക് ഒന്നും ഇറങ്ങിയില്ല. വൈകിട്ട് ടിവി കാണാൻ വരുന്നോ എന്ന് സ്നേഹ ചേച്ചി എന്നോട് ചോദിച്ചു. ഞാൻ വരുന്നില്ല എന്ന് പറഞ്ഞു.. ഞാൻ വരാഞ്ഞത് കൊണ്ടാവണം ചേച്ചിയും പോയില്ല.. വൈകിട്ട് ചോറിന്റെ കൂടേ തോരനും അച്ചാറും മോരും ഒക്കെ ആയിരുന്നു. നല്ല രുചി ഉള്ള കറികളാണ്. പക്ഷെ മൂന്ന് നേരം മീൻ കുട്ടി കഴിക്കുന്ന എനിക്ക് അതൊരു കുറവ് തന്നെ ആയിരുന്നു. ഇവിടെ വന്നതിലൂടെ എനിക്ക് ഏറ്റവും നഷ്ടം ആകുന്നതു മീൻകറിയുടെ സ്വാദ് തന്നെ.. ഇവിടെ ഉള്ളവർ ഒന്നും എപ്പോളും മീൻ കറി വയ്ക്കുന്ന ആളുകൾ അല്ലെന്ന് എനിക്ക് തോന്നി..

അത്താഴം കഴിച്ചു കഴിഞ്ഞു ഞാൻ മുറിയിലേക്ക് പോയി.. അമ്മ കിടക്കുന്നത് ചെറിയൊരു മുറിയിലാണ്. അവിടെ ചെറിയൊരു കട്ടിലും ഒരു തയ്യൽ മെഷീനും ഇരിക്കുമ്പോ തന്നെ മുറി തീർന്നു.. പിന്നെ ഉള്ള മുറിയിലാണ് ഞാൻ കിടക്കാൻ ചെന്നത്. അപ്പോൾ ചേച്ചി എവിടെ കിടക്കും..? എനിക്ക് സംശയം ആയി.. പാത്രം കഴുകി കഴിഞ്ഞു ചേച്ചി കട്ടിലിന് അടിയിൽ നിന്ന് ഒരു പായ എടുത്തു താഴെ വിരിച്ചു.. കട്ടിൽ എനിക്കും ചേച്ചി താഴെയും

‘ഞാൻ താഴെ കിടന്നോളാം…’
ഞാൻ പറഞ്ഞു

‘അത് സാരമില്ലടാ.. ഞാൻ കിടന്നോളാം..’
ചേച്ചി ഒരു തലയിണയും പുതപ്പും കൂടി താഴെ ഇട്ടു അതിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു

‘ഇല്ല.. എനിക്ക് താഴെ കിടക്കുന്നത് ആണ് ഇഷ്ടം..’
ഞാൻ വെറുതെ പറഞ്ഞു. വലിഞ്ഞു കയറി വന്നിട്ട് ഞാൻ കട്ടിലിൽ സുഖിച്ചും ഇവർ താഴെയും കിടക്കുന്നത് നല്ല കാര്യം അല്ലല്ലോ..

‘ഇനി മുതൽ മോളിൽ കിടന്നാൽ മതി..’
സ്നേഹ ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു അധികാരത്തോടെ ആണ് ആ പറഞ്ഞത്.

ഞാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് എനിക്ക് തോന്നി തുടങ്ങി. ഇവിടെ വന്നു താമസിക്കുമ്പോ എനിക്ക് മാത്രം ആയിരിക്കും ബുദ്ധിമുട്ട് എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇപ്പൊ ഞാൻ കാരണം ഇവരും ബുദ്ധിമുട്ടുന്നുണ്ട്.. ഞാൻ കട്ടിലിൽ മടിയോടെ കിടന്നു…

രാവിലെ ആരോ മുറ്റത്ത് തൂത്തു വാരുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ജനൽ അടഞ്ഞു കിടന്നത് കൊണ്ട് അതാരാണെന്ന് അറിയില്ല. നോക്കാനും ഞാൻ മിനക്കെട്ടില്ല. ഉണർന്നെങ്കിലും മടിയോടെ ഞാൻ കണ്ണടച്ചു കിടന്നു.. അമ്മ രണ്ട് തവണ വന്നു സ്നേഹ ചേച്ചിയെ എണീക്കാൻ വിളിച്ചിട്ട് പോയി.. ചേച്ചി മുട്ടൻ ഉറക്കത്തിൽ ആയത് കൊണ്ട് മൂന്നാം തവണ അമ്മ വന്നു കയ്യിൽ തല്ലിയപ്പോൾ ആണ് ഉണർന്നത്…

‘ഒന്ന് എണീറ്റേടി… എത്ര തവണ വിളിക്കണം.. പോയി പാൽ വാങ്ങിച്ചോണ്ട് വാ..’
അമ്മ ശബ്ദം താഴ്ത്തി ചേച്ചിയെ ശകാരിച്ചു.. ശബ്ദം ഉയർന്നാൽ ഞാൻ ഉറക്കം ഉണരും എന്നോർത്തിട്ട് ആവണം.. ചേച്ചി ഒരു കോട്ടുവാ ഇട്ടു പാൽ വാങ്ങാനായി പുറത്തേക്ക് പോയി. ഇവിടെ എല്ലാവരും പാൽ വാങ്ങുന്നത് മായച്ചിറ്റയുടെ അടുത്ത് നിന്നാണ്. അവിടെ നാലഞ്ചു പശുക്കൾ ഉണ്ട്..

Updated: February 22, 2025 — 10:20 pm

Leave a Reply

Your email address will not be published. Required fields are marked *