‘ഞാൻ പറഞ്ഞതല്ലേ വീഴില്ല എന്ന്.. നല്ല കാറ്റ് വരുമ്പോൾ വീഴും.. അപ്പോൾ വാ…’
അവൾ മാങ്ങ മോഹം ഉപേക്ഷിച്ചു തിരിച്ചു നടന്നു…
എന്റെ കയ്യിലെ കല്ലിന്റെ ശേഖരവും തീർന്നിരുന്നു. ഞാൻ കുനിഞ്ഞു നിന്ന് കല്ലുകൾ പിന്നെയും പെറുക്കാൻ തുടങ്ങി. നാണക്കേട് ആയല്ലോ.. അത് മാറ്റണം.. അടുത്ത നാലാമത്തെയോ അഞ്ചാമത്തെയോ ഏറിൽ ലക്ഷ്യം കണ്ടു. മാങ്ങ കുലയിൽ നിന്നും മൂന്നാല് മാങ്ങ താഴേക്ക് പതിച്ചു
‘ദേ വീണു…’
ഞാൻ ആഹ്ലാദത്തോടെ അവളെ നോക്കി. പക്ഷെ അപ്പോളേക്കും അവൾ അവളുടെ പാടിന് പോയിരുന്നു.. ഞാൻ പിന്നെയും എറിഞ്ഞു ആ കുലയിലെ മാങ്ങ മൊത്തം താഴെ വീഴ്ത്തി.. വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോ ആണ് അവൾക്ക് രണ്ടെണ്ണം കൊണ്ട് കൊടുത്താലോ എന്ന് ഞാൻ ആലോചിച്ചത്. ഒരു വില ആകും.. ഞാൻ മായച്ചിറ്റയുടെ വീട്ടിലേക്ക് നടന്നു
വീട്ടിലേക്ക് വന്നപ്പോൾ അവൾ കിണറ്റു കരയിൽ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും നോക്കാതെ അവൾ അകത്തേക്ക് കയറി പോകാൻ തുടങ്ങി.. ഞാൻ മാങ്ങ അവൾക്ക് നേരെ നീട്ടി
‘ദേ.. എറിഞ്ഞു വീഴ്ത്തിയതാ..’
‘വേണ്ട..’
അവൾ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു
‘എടുത്തോ.. എന്റെ കയ്യിൽ വേറെ ഉണ്ട്..’
ഞാൻ കൈ പിന്നെയും നീട്ടി
‘വേണ്ട.. എനിക്ക് ഇഷ്ടം അല്ല..’
അവൾ നീരസത്തോടെ എന്നപോലെ പറഞ്ഞു. ശെടാ ഇവൾക്ക് ഇതെന്ത് പറ്റി..? ഇവളല്ലേ മാങ്ങ ചോദിച്ചു ഇപ്പൊ അവിടേക്ക് വന്നത്.. എന്നിട്ട് ഇപ്പൊ കയ്യിൽ കൊണ്ട് കൊടുത്തപ്പോ വേണ്ടെന്ന്… ഞാൻ ആകെ വല്ലായ്മയോടെ അവളുടെ അരികിൽ നിൽക്കുമ്പോ ആണ് മായച്ചിറ്റ അവിടേക്ക് വന്നത്..
‘എന്താ നന്ദുക്കുട്ടാ അവിടെ തന്നെ നിൽക്കുന്നെ.. വാ അകത്തേക്ക്…’
ചിറ്റ എന്നെ ക്ഷണിച്ചു
‘ഞാൻ മാങ്ങ കൊടുക്കാൻ വന്നതാ..’
ഞാൻ മാങ്ങ കാണിച്ചു കൊണ്ട് പറഞ്ഞു
‘അത് വാങ്ങിക്കെടി..’
ചിറ്റ അവളോട് പറഞ്ഞു
‘എനിക്കൊന്നും വേണ്ട..’
അവൾ അനുസരിക്കാതെ പറഞ്ഞു
‘അവൾക്ക് ഇഷ്ടം അല്ല മാങ്ങ.. അതാ..’
ചിറ്റ പറഞ്ഞു
‘എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു. അതാണ് ഞാൻ കൊണ്ട് വന്നെ…?
ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു. ഇത്രയും എറിഞ്ഞിട്ടത് തന്നെ അവൾക്ക് കൂടേ വേണ്ടിയാണ്. എന്നിട്ട് വീട്ടിൽ വരുമ്പോൾ ജാഡ കാണിക്കുന്നോ…
‘അത് വേദു ആയിരിക്കും. അവളാണ് മാങ്ങ പെറുക്കാൻ അങ്ങോട്ട് പോകാറുള്ളെ…’
മായച്ചിറ്റ പറഞ്ഞു.
അതേ വേദു തന്നെ ആണ് എന്റെ അടുത്ത് വന്നു സംസാരിച്ചത്. അവൾ തന്നെ അല്ലേ ഈ നിൽക്കുന്നെ..? എനിക്ക് ഒന്നും മനസിലായില്ല. ചിറ്റ അകത്തേക്ക് നോക്കി അവളെ ഉറക്കെ വിളിച്ചു. എന്റെ കണ്ണുകളെ അത്ഭുതപ്പെടുത്തി കൊണ്ട് വേദിക അകത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി വന്നു..
അപ്പോൾ എന്റെ അടുത്ത് നിൽക്കുന്നത് അവൾ അല്ലായിരുന്നോ…? ഞാൻ രണ്ട് പേരെയും മാറി മാറി നോക്കി. രണ്ടും ഒരുപോലെ തന്നെ.. ഒരു വ്യത്യാസവുമില്ല.. ഞാൻ അമ്പരന്ന് കണ്ണ് മിഴിച്ചു നിന്നു.. രണ്ട് പേരും ഇരട്ടകൾ ആണെന്ന് പറഞ്ഞപ്പോ ഇത്രയും വലിയ സാമ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരേ നിറം, ഒരേ ഉയരം, ഒരേ വണ്ണം, മുഖവും മുടിയുടെ നീളം പോലും ഒരുപോലെ.. വേദികയുടെ ഇരട്ട സഹോദരി മേദിനി ആണ് ഞാൻ ഇപ്പോ കിണറ്റു കരയിൽ വച്ചു കണ്ട പെൺകുട്ടി.. എന്നോട് പരിചയപ്പെടാൻ വന്നത് വേദു ആണെങ്കിൽ ഇവിടെ ജാഡ കാണിച്ചു നിന്നത് മീതു….!
ആദ്യമായ് ഇരട്ടകളെ കണ്ട അത്ഭുതം പെട്ടന്ന് ഒന്നും എന്നെ വിട്ടു പോയില്ല. ഞാൻ ഇതിന് മുമ്പും ഇരട്ടകളെ കണ്ടിട്ടുണ്ട്. അവർക്ക് ആർക്കും ഇങ്ങനെ സാദൃശ്യം ഇല്ലായിരുന്നു. ചിലരെ ഒന്നും കണ്ടാൽ ഒരു സാമ്യവും ഇല്ലായിരുന്നു. എന്റെ ക്ലാസ്സിൽ തന്നെ രണ്ട് കുട്ടികൾ പഠിച്ചിരുന്നു. അമലയും അമൃതയും.. അവളുമാരെ രണ്ടിനെയും കാണാൻ രണ്ട് ലുക്ക് ആയിരുന്നു.. പക്ഷെ ഇവിടെ വേദുവും മീതുവും തിരിച്ചറിയാൻ കഴിയാത്ത വിധം സാദൃശ്യം ഉള്ളവർ ആയിരുന്നു.. ഞാൻ ഇങ്ങനെ ഒക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു…
മാങ്ങ വേദുവിന് കൊടുത്തു കഴിഞ്ഞു ഞാൻ തിരിച്ചു നടന്നു.. ഞാൻ എറിഞ്ഞിട്ടതാണ് എന്ന് പറഞ്ഞപ്പോ അവൾക്ക് വലിയ അത്ഭുതം ആയിരുന്നു. വേദു എന്നോട് നല്ല അടുപ്പം കാണിച്ചെങ്കിലും മറ്റവൾ അത്രക്ക് എന്നെ മൈൻഡ് ആക്കിയില്ല..
