‘അവിടെ ആരൊക്കെ ഉണ്ടെടാ…?
‘അവിടെ.. അവിടെ…. അമ്മയും ചേച്ചിയും…’
അവരെ എങ്ങനെ വിളിക്കണം എന്ന് എനിക്ക് നിശ്ചയം ഇല്ലായിരുന്നു. പെട്ടന്ന് ഞാൻ അങ്ങനെ ആണ് പറഞ്ഞത്. ഇവിടെ നിന്ന് തന്നെ ആ വിളി തുടരുകയായിരുന്നു…
‘നീ ഇനി എന്ന് വരുമെന്ന് പറ. കണക്ക് നോക്കിയിട്ട് ബാക്കി ഞാൻ എടുത്തു വയ്ക്കാം..’
ശശി ചേട്ടൻ പറഞ്ഞു. ഞാൻ ഒന്നാലോചിച്ചിട്ട് അതിന് മറുപടി കൊടുത്തു
‘അത് വേണ്ട.. അതിന് അപ്പുണ്ണി വരുമ്പോൾ അവന് പറ്റ് കൊടുത്താൽ മതി…’
ഞാൻ അങ്ങനെ ആണ് അവിടെ പറഞ്ഞു ഏൽപ്പിച്ചത്. പ്രത്യേകിച്ച് വരുമാനം ഒന്നും ഇല്ലാത്ത അവന് കള്ള് നല്ല ഇഷ്ടം ആണ്. ഷാപ്പിലെ ഭക്ഷണവും.. ഇടയ്ക്ക് എന്റെ ചിലവിൽ ഇവിടെ വന്നു അവൻ നല്ല തട്ട് തട്ടാറുണ്ട്. ഞാൻ പോയാൽ അത് മുടങ്ങും.. കുറച്ചു നാളത്തേക്ക് എങ്കിലും അവൻ എന്റെ പേരിൽ കഴിച്ചോട്ടെ എന്ന് ഞാൻ വച്ചു
ഷാപ്പിൽ നിന്നിറങ്ങി നേരെ പോയതും അവന്റെ അടുത്തേക്ക് ആയിരുന്നു.. പോകുന്ന കാര്യം അവന് ആദ്യം വിശ്വാസം ആയില്ല. പോകുന്നു എന്ന് വിശ്വാസം ആയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അല്ലാതെ വേറെ ഒരു കൂട്ട് അവനിവിടെ ഇല്ല. അവന്റെ കാര്യം ഓർത്തപ്പോ എനിക്ക് വളരെ കഷ്ടം തോന്നി..
‘ഞന്ദു നീ പിന്നേം സൂളിൽ പോവാൻ പോണോ…?
അവന് അതായിരുന്നു കൂടുതൽ കൗതുകം. എങ്ങനെ എങ്കിലും പഠിപ്പ് നിർത്തിയത് വലിയ ആശ്വാസം ആയി കരുതി ഇരിക്കുന്നവൻ ആണ് അപ്പുണ്ണി.
‘അതേ.. പിന്നേ.., ഷാപ്പിൽ കയറി ഒരുപാട് കുടിച്ചു വെറുതെ ആൾക്കാരെ കൊണ്ട് പറയിക്കരുത്…’
ഞാൻ ഇല്ലാത്തത് കൊണ്ട് അവൻ ഒരുപാട് കുടിച്ചു അലമ്പ് ആകുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അത് കൊണ്ട് സ്നേഹപൂർവ്വം ഞാൻ അവനെ ശകാരിച്ചു. അവൻ ചിരിച്ചു കൊണ്ട് അത് തലയാട്ടി അനുസരിച്ചു…
വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പ് വരെ അവനും കൂടെ വന്നിരുന്നു. എന്റെ ഒരു പഴയ ബാഗിൽ ആണ് തുണി എല്ലാം ഞാൻ എടുത്തത്. പിന്നെ ഒരു സഞ്ചി ശോഭാമ്മ തന്നതിൽ കൂടി സാധനങ്ങൾ ഞാൻ തിരുകി. ബാഗ് ഞാൻ എടുത്തു. സഞ്ചി സുലോചന അമ്മയും.. അറിയാതെ ആണെങ്കിലും എന്റെ ഉള്ളിൽ അവരുടെ പേര് അമ്മ എന്ന് പതിഞ്ഞു തുടങ്ങിയിരുന്നു..
ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോ ആണ് ദേവപ്രിയയും കൂട്ടുകാരികളും ദൂരത്തൂടെ കവലയിലേക്ക് നടന്നു വരുന്നത് ഞാൻ കണ്ടത്. അവളെന്നെ കണ്ടില്ല എന്ന് തോന്നുന്നു. യാത്ര പറയേണ്ടവരുടെ കൂട്ടത്തിൽ അവളും ഒരാളാണ്. തിരക്കിനിടയിൽ ഞാൻ മറന്നു പോയതാണ്. കൂട്ടുകാരികളോട് ചിരിച്ചു സംസാരിച്ചു വരുന്നതിന് ഇടയിൽ അവൾ എന്നെ ശ്രദ്ധിച്ചില്ല. അത് കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു യാത്ര പറയാൻ റോഡ് മുറിച്ചു കടക്കാൻ ഞാൻ തുനിയവേ ആണ് എതിരെ നിന്നും ബസ് ചീറി പാഞ്ഞു വരുന്നത് ഞാൻ കണ്ടത്… ബസ് കടക്കാൻ നിന്ന എന്റെ കയ്യിൽ ടീച്ചർ കയറി പിടിച്ചു..
‘ദേ ബസ് വന്നു…’
അവളോട് യാത്ര പറയാതെ ഞാൻ മൂകനായി ബസിലേക്ക് കയറി. ബസിൽ ഇരുന്നു തല വെളിയിലേക്ക് ഇട്ടു ഞാൻ അവളെ വഴിയിൽ നോക്കി. പക്ഷെ അവളെ പെട്ടന്ന് കാണാതായി.. കൂട്ടുകാരിയോട് യാത്ര പറയാൻ ആയില്ല എന്ന വിഷമത്തിൽ സീറ്റിൽ തല ചായ്ച്ചു ഞാൻ ഇരുന്നു.. ബസ് പതിയെ മുന്നോട്ടു എടുത്തു.. എന്റെ നാടിനോട് ഞാൻ അവിടുന്ന് വിട പറയുകയായിരുന്നു…
ബസ് പട്ടണത്തിൽ ആണ് നിർത്തിയത്. ഞങ്ങൾ അവിടെ ഇറങ്ങി.. അടുത്ത് കണ്ട ഒരു കടയിൽ നിന്ന് ടീച്ചർ എനിക്ക് പൊറോട്ട വാങ്ങി തന്നു. ടീച്ചർക്ക് പോകേണ്ടത് വേറെ ബസിലാണ്. അത് കൊണ്ട് ഇനി ഞാനും ഈ അമ്മയും തനിയെ പോകണം. ഒരു അപരിചിതയുടെ കൂടെ സഞ്ചരിക്കാൻ എനിക്ക് ലേശം ബുദ്ധിമുട്ട് ഉണ്ടായിരുന്നു..
അടുത്ത ബസിൽ കയറി ഞങ്ങൾ കുറച്ചു കൂടി വലിയ പട്ടണത്തിൽ ആണ് വന്നു ഇറങ്ങിയത്. അവിടുന്ന് പൊന്മല എന്ന ബോർഡ് വച്ച ബസിലാണ് കയറിയത്.. ഞാൻ കുറച്ചു പിന്നിലായാണ് ഇരുന്നത്. അമ്മ മുന്നിലും.. അവിടുന്ന് ബസ് എടുത്തപ്പോൾ മുതൽ എന്റെ മനസിൽ പല ചിന്തകൾ ഉരുണ്ട് കൂടാൻ തുടങ്ങി.. ഇത്രയും ദൂരം ഒന്നും ഞാൻ ഇത് വരെ വന്നിട്ടില്ല. എനിക്ക് പരിചിതമായ വഴികൾ എല്ലാം പിന്നിലാണ്.. ഇപ്പൊ ഈ ബസ് ഓടുന്ന വഴികൾ ഒന്നും ഞാൻ കണ്ടിട്ട് കൂടിയില്ല.. സൈഡ് സീറ്റിൽ നല്ല കാറ്റ് കൊണ്ട് കണ്ണുകളിൽ ഉറക്കം തട്ടിയെങ്കിലും ഉറങ്ങി പോയി സ്‌ഥലം എത്തുമ്പോ ഇറങ്ങാൻ പറ്റാതെ ആകുമോ എന്ന് ഞാൻ പേടിച്ചു.. എത്ര ദൂരം ഉണ്ടാവും ഈ യാത്ര എന്നും അറിയില്ല എപ്പോൾ അവിടെ എത്തി ചേരുമെന്നും അറിയില്ല.. ശരിക്കും ജീവിതം പോലൊരു യാത്ര…….
