മീൻ അവിടെ കൊടുത്തിട്ട് ഞാൻ നേരെ വീട്ടിലേക്ക് പോയി.. വീട്ടിൽ ഞാൻ തനിച്ചായിട്ട് നാല് മാസം ആയി. ആകെ ഉണ്ടായിരുന്ന മുത്തശ്ശി കൂടേ പോയതോടെ ഞാൻ ശരിക്കും അനാഥൻ ആയി. ആ ചിന്തകൾ കൂടുതൽ മനസിനെ വേദനിപ്പിക്കാതെ ഇരിക്കാൻ ഞാൻ വയലിലും തോട്ടിലുമെല്ലാം മീനുകൾക്ക് പിന്നാലെ പോയി.. പിന്നെ എനിക്കുള്ള ഒരു ആശ്വാസം എന്ന് പറയുന്നത് അപ്പുണ്ണി ആയിരുന്നു. അവൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ്. ദേവുവിനെ പോലെ തന്നെ ചെറുപ്പം തൊട്ട് എന്റെ കൂടേ പഠിച്ചവൻ. ഞാൻ പത്തിൽ പടുത്തം നിർത്തിയപ്പോൾ എട്ടിൽ വച്ചു ആ കൊല്ലം അവൻ പഠിത്തം നിർത്തി.. രണ്ട് കൊല്ലം തോറ്റു പഠിച്ചത് കൊണ്ടാണ് അവൻ എട്ടിൽ തന്നെ ഇരുന്നത്..
അപ്പുണ്ണി കാണാൻ എന്നെ പോലെ ഒന്നുമല്ല. ഒരു ആജാനുബാഹു ആണ്. പക്ഷെ ആ ഭീകരൻ ശരീരത്തിന്റെ വളർച്ച ഒന്നും ബുദ്ധിക്ക് ഇല്ല.. കൂട്ടുകാരനെ കുറച്ചു പറഞ്ഞതല്ല, ശരിക്കും അവനൊരു ചെറിയ മന്ദിപ്പ് ഉണ്ട്. സംസാരത്തിൽ ഒരു കൊഞ്ഞയും. പക്ഷെ എനിക്ക് അവൻ ജീവൻ ആയിരുന്നു…
‘ഞന്ദുവേ… പുളിങ്ങോമ്പ് അമ്പലത്തിൽ ഗർണ്ണൻ വരുഞ്ഞുന്ദ്..’
കൊഞ്ഞ നിറഞ്ഞ ഭാഷയിൽ അവൻ എന്നോട് സംസാരിക്കും. അവൻ വലിയ ആനക്കമ്പം ഉള്ളവനാണ്.. ആനപ്പാപ്പൻ ആകണം എന്നൊക്കെ ചിലപ്പോ അവനെന്നോട് പറയും. ചിലപ്പോൾ ആരോടും പറയാതെ ഏതേലും ആനയുടെ പുറകെ അങ്ങ് പോകും. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാവും തിരിച്ചു വരുന്നത്…
ഇങ്ങനെ ഒക്കെ ആയിരുന്നു എന്റെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ട് ഇരുന്നത്.. പതിവ് പോലെ ഉച്ച കഴിഞ്ഞു ആടിന് പുല്ല് ചെത്താൻ വേണ്ടി വീട്ടിലേക്ക് വരുമ്പോൾ ആണ് വീടിന് മുന്നിൽ ആരോ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.. അവരുടെ അടുത്ത് ശോഭാമ്മയും നിൽപ്പുണ്ടായിരുന്നു.. അടുത്ത് എത്തിയപ്പോൾ ഒരാളെ ഞാൻ തിരിച്ചറിഞ്ഞു.. പ്രമീള ടീച്ചർ… ടീച്ചർ എന്താണ് ഇവിടെ….? ടീച്ചറിന്റെ കൂടേ ഉള്ള ആളെ ആദ്യം എനിക്ക് മനസിലായില്ല.. വീട്ടിൽ കയറി അവർ ഇരുന്നു കഴിഞ്ഞു ശോഭാമ്മ തന്നേ ആണ് ആ സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നത്
അവരുടെ പേര് സുലോചന എന്നായിരുന്നു. അവർ എന്റെ അച്ഛന്റെ രണ്ടാം ഭാര്യ ആണ്. ഇവരെ കുറിച്ച് പറഞ്ഞു കേട്ടിട്ടേ ഉള്ളെങ്കിലും ആദ്യമായ് ആണ് ഞാൻ കാണുന്നത്.. എനിക്ക് ഒരു വയസ്സ് ആകുന്നതിനു മുന്നേ തന്നേ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നു. അയാൾക്ക് ആരോടും സ്നേഹം ഒന്നുമില്ലായിരുന്നു. ആർക്കും ചിലവിന് കൊടുക്കാനും കഴിയില്ലായിരുന്നു.. ഞങ്ങളെ ഉപേക്ഷിച്ചു പോയി കഴിഞ്ഞാണ് ഈ സ്ത്രീയെ വിവാഹം ചെയ്യുന്നത്.. അവർക്ക് വേണ്ടി ഞങ്ങളെ ഉപേക്ഷിച്ചതല്ല, എന്നാലും ഞങ്ങളെ വേണ്ടാതെ അലഞ്ഞു നടന്നു പോയി കൂടിയ സംബന്ധമാണ്.. എനിക്ക് അവരോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു
‘നിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ സുലുവിനോട് പറഞ്ഞിട്ടുണ്ട്.. നിനക്ക് പഠിക്കാൻ അവിടെ എല്ലാ സൗകര്യവും ഉണ്ടാകും…’
ടീച്ചർ അധികം നീട്ടാതെ കാര്യത്തിലേക്ക് വന്നു
അതാണ് കാര്യം. എന്നെ വീണ്ടും പഠിപ്പിക്കാൻ വേണ്ടി ആണ് ടീച്ചർ ഇവരുമായി വന്നത്. ടീച്ചറിന്റെ ഒരു അകന്ന ബന്ധു കൂടി അച്ഛന്റെ രണ്ടാം ഭാര്യ എന്ന് എനിക്ക് അപ്പോളാണ് മനസിലായത്. രണ്ട് ദിവസം മുമ്പ് എന്നെ വഴിയിൽ വച്ചു കണ്ടതും എന്റെ അവസ്‌ഥ നേരിട്ട് കണ്ടതുമെല്ലാം ടീച്ചറെ വിഷമിപ്പിച്ചിരിക്കണം.. അതാണ് ഇങ്ങനെ ഒരു കാര്യവുമായി ഇങ്ങോട്ടേക്കു വരുന്നത്
‘ഞാൻ എങ്ങോട്ടും ഇല്ല…’
ഞാൻ ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു
‘പിന്നെ…? ഇവിടെ മീനും പിടിച്ചു ജീവിതം മുഴുവൻ തീർക്കാനോ…? നീ എന്ത് നന്നായി പഠിക്കുന്ന കുട്ടി ആണ്… നീ ഒരിക്കലും ഇങ്ങനെ ഭാവി കളയരുത്…’
ടീച്ചർ എന്നെ ഉപദേശിച്ചു
‘പഠിക്കാൻ ആണേൽ എനിക്ക് ഇവിടെ നിന്നും പഠിക്കാം..’
അവരെ ഒഴിവാക്കാൻ വേണ്ടി ഞാൻ പറഞ്ഞു
‘നിന്നോട് പഠിക്കാൻ പൊക്കോളാൻ പറഞ്ഞിട്ട് നീ കേട്ടിട്ടുണ്ടോ..? ഞങ്ങൾ പറഞ്ഞതാ ഞങ്ങൾ നോക്കിക്കോളാം എന്ന്.. അവന് പക്ഷെ ഇപ്പൊ വലിയ ആളായി ഇനി തന്നെ ജീവിക്കാം എന്ന വിചാരമാണ്…’
