എൽ ഡൊറാഡോ – 1 20അടിപൊളി 

 

ടീച്ചറോട് യാത്ര പറഞ്ഞു ഷാപ്പിലേക്ക് നടക്കുമ്പോ ആണ് ഞാൻ സ്കൂളിലെ പഴയ കാര്യങ്ങൾ ഒക്കെ ഓർത്തത്. മലയാളം ആയിരുന്നു ടീച്ചറിന്റെ വിഷയം. മലയാളവും കണക്കും ഞാൻ നന്നായി പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. മിക്കപ്പോഴും ക്ലാസ്സിൽ അതിന് രണ്ടിനും എനിക്ക് ആയിരിക്കും കൂടുതൽ മാർക്ക്.. അത് കൊണ്ട് തന്നെ പ്രമീള ടീച്ചർ അടക്കം പല ടീച്ചർമാർക്കും എന്നോട് വലിയ ഇഷ്ടം ആയിരുന്നു.. ഞാൻ പത്തു കഴിഞ്ഞു പഠിപ്പ് നിർത്തും എന്ന് അവർ ചിലപ്പോൾ ചിന്തിച്ചു കാണില്ല

 

പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞാണ് അമ്മയ്ക്ക് അസുഖം കൂടിയത്. അത് കഴിഞ്ഞു പിന്നെ പഠിക്കാൻ ഒന്നും പോകാൻ എന്നെ കൊണ്ട് പറ്റിയില്ല. വയ്യാത്ത അമ്മൂമ്മയേ കൊണ്ട് മാത്രം അമ്മയെ നോക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാമായിരുന്നു. അമ്മ മരിച്ചു കഴിഞ്ഞു പിന്നെ പഠിത്തത്തെ കുറിച്ച് ഒന്നും ചിന്തിക്കാനും ഞാൻ നിന്നില്ല. എങ്ങനെ എങ്കിലും വീട്ടിൽ അരി വേവണം എന്ന ചിന്തയെ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളു. അങ്ങനെ ആണ് മീൻ പിടിക്കാൻ തുടങ്ങിയത്.

 

പിടിക്കുന്ന മീനിനെ ശശിച്ചേട്ടന്റെ ഷാപ്പിൽ കൊണ്ട് കൊടുക്കും. അവിടുന്ന് ആഴ്ചയിൽ അതിന് പൈസ കിട്ടും.. അതല്ലാതെ തന്നെ വീടുകളിലും എനിക്ക് കച്ചവടം ഉണ്ട്. സ്‌ഥിരം വാങ്ങുന്നവർ കുറച്ചു പേരുണ്ട്.. കൂട് വച്ചും തെറ്റാലി എറ്റിയും മഴക്കാലത്തു വല വീശിയുമൊക്കെ ഞാൻ നല്ലത് പോലെ മീൻ പിടിക്കുമായിരുന്നു. നാട്ടിലെ പ്രധാന മീൻപിടുത്തക്കാരിൽ ഒരാളായി ഞാൻ ഇതിനോടകം മാറിയിരുന്നു..

 

മീനുമായി ഷാപ്പിലേക്ക് പോണ വഴിയിലാണ് ദേവുവിന്റെ വീട്. അതിന് മുന്നിലൂടെ പോകുമ്പോൾ അവളുടെ അമ്മ അംബികാമ്മ വീടിന് മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടു…

 

‘അംബികാമ്മോ… ദേവു എന്തിയെ..?

ഞാൻ വീടിന് മുന്നിൽ നിന്ന് വിളിച്ചു ചോദിച്ചു

 

‘അവൾ ഡാൻസ് ക്ലാസിനു പോയിട്ട് വന്നില്ല.. നീ എവിടെ പോകുവാ..?

അംബികാമ്മ ചോദിച്ചു

 

‘ഞാൻ ഷാപ്പ് വരെ.. മീനുണ്ട് കൊടുക്കാൻ..’

ഞാൻ ബക്കറ്റ് പൊക്കി പറഞ്ഞു

 

മീൻ ഉള്ളത് കൊണ്ട് ഞാൻ അവിടെ കേറാതെ പോയി. മീൻ കയറ്റാത്ത നമ്പൂതിരി ഇല്ലമാണ് അത്.. അവിടുത്തെ വിഷ്ണുദേവൻ നമ്പൂതിരി ആണ് ഞങ്ങളുടെ അമ്പലത്തിലെ ശാന്തി. അങ്ങേരുടെ മകളാണ് ദേവു. ദേവപ്രിയ…! ഞങ്ങൾ ഒന്നാം ക്ലാസ്സ്‌ മുതൽ ഒരുമിച്ച് പഠിച്ചു വന്നവരാണ്. അന്ന് മുതലേ നല്ല കൂട്ടുമാണ്. പത്തിൽ വച്ചു ഞാൻ പഠിപ്പ് നിർത്തിയത് കൊണ്ടാണ്, അല്ലെങ്കിൽ ഇപ്പോളും ഞാൻ അവളുടെ ക്ലാസിൽ തന്നെ ആയേനെ.. അതിന് ശേഷം ഞങ്ങൾ തമ്മിൽ കാണുന്നത് ഒക്കെ കുറഞ്ഞു. ഞാനിങ്ങനെ മീനിന്റെ പുറകെ ഒക്കെയായ്, അവൾ സ്‌കൂളും പഠിപ്പും ഒക്കെയായി.. എന്നാലും ഇപ്പോളും എവിടെ വച്ചെങ്കിലും കാണുമ്പോൾ അവൾ പഴയത് പോലെ തന്നെ വന്നു മിണ്ടും.. ചിരിക്കും…

 

ഷാപ്പിലും, പതിവ്കാർക്കും മീൻ കൊടുത്തു കഴിഞ്ഞു മിച്ചം വന്നത് ഞാൻ കൊടുക്കുന്നത് ശോഭാമ്മയ്ക്ക് ആണ്. എന്റെ തൊട്ട് അയൽവക്കമാണ്.. അമ്മയുടെയോ അച്ഛന്റെയോ ബന്ധുക്കളെ കൊണ്ട് ഇന്നേ വരെ എനിക്ക് യാതൊരു ഉപകാരവും ഉണ്ടായിട്ടില്ല. ആകെ ഉപകാരം ഉള്ളത് അടുത്ത് കിടക്കുന്ന ഇവരെ കൊണ്ടാണ്.. ശോഭാമ്മയും അവരുടെ ഭർത്താവ് ജയൻ ചേട്ടനും. അമ്മയ്ക്ക് വയ്യാതെ ആയപ്പോളും അമ്മയും അമ്മൂമ്മയും എന്നെ വിട്ടു പോയപ്പോളും എല്ലാം ഒരു താങ്ങായി നിന്നത് ഇവരാണ്.. അവിടെ എന്ത് കറി വച്ചാലും അതിൽ പിന്നെ ഒരു പങ്ക് എനിക്കും ഉള്ളതാണ്.. അതേ പോലെ ഞാൻ കൊണ്ട് വരുന്ന മീനിന്റെ ഒരു പങ്ക് അവർക്കും.. ഇവരോട് മാത്രം ഞാൻ കാശ് വാങ്ങാറില്ല….

 

‘ശോഭാമ്മ എന്ത്യേ…?

വാതുൽക്കലേക്ക് കയറി ഞാൻ ആര്യ ചേച്ചിയോട് ചോദിച്ചു. ആര്യ ചേച്ചി ഇവരുടെ ഒരേയൊരു മകളാണ്

 

‘അമ്മ അടുക്കളയിൽ ആണ്.. എന്നാ മീനാടാ…?

എന്റെ കയ്യിലെ ബക്കറ്റ് വാങ്ങിക്കൊണ്ട് ആര്യ ചേച്ചി ചോദിച്ചു

 

‘പള്ളത്തി ആണ്..’

ഞാൻ പറഞ്ഞു.

 

Updated: February 22, 2025 — 10:20 pm

Leave a Reply

Your email address will not be published. Required fields are marked *