അത് കഴിഞ്ഞു ഗോപു ചേച്ചിക്ക് ഞാൻ അധികം മുഖം കൊടുക്കാതെ ആയി. നാണക്കേട് തന്നെ കാരണം. ഗോപുവിന്റെ വീട്ടിൽ ഒഴിച്ച് അവിടുത്തെ മിക്ക വീട്ടിലും ഞാൻ വെറുതെ പോയി ഇരിക്കും. അവരൊക്കെ കുറച്ചു ദിവസം മുന്നേ വന്ന പരിചയം ഒന്നുമല്ല എന്നോട് കാണിച്ചത്. പണ്ട് തൊട്ടേ അവിടെ ഉള്ള ആളെ പോലെ എന്നോട് പെരുമാറി. റംല ഇത്തയുടെ വീട്ടിൽ ചെന്നാൽ മുഴുവൻ നേരവും ഞാനും ആയിഷ കുട്ടിയും എന്തേലും പറഞ്ഞോണ്ട് ഇരിക്കും. ആയിഷ കുട്ടിക്ക് കുറെ സംശയങ്ങൾ ഉണ്ട്.. അതൊക്കെ എന്നോട് ആണ് ചോദിക്കുന്നത്. പിന്നെ എന്റെ നാടിനെ കുറിച്ച് ഒക്കെ എപ്പോളും ഓരോ കാര്യങ്ങൾ ചോദിക്കും. അവിടെ വന്നിട്ട് എന്റെ അച്ഛനെയും അമ്മയെയും പറ്റി ചോദിച്ച ഏക ആൾ ആയിഷ കുട്ടി ആണ്. അവൾക്ക് അതിനുള്ള ബുദ്ധി അല്ലേ ആയിട്ടുള്ളു. ഒരു തവണ റംല ഇത്ത അത് കേട്ട് കുഞ്ഞിനെ വഴക്ക് പറഞ്ഞു. അത് കഴിഞ്ഞു അവൾ സ്വകാര്യമായേ എന്നോട് അതൊക്കെ ചോദിക്കാറുള്ളു..
അവിടെ ടെലിഫോൺ ഉള്ള ഏക വീട് റംല ഇത്തയുടെ ആണ്. ആ ആറു വീട്ടിൽ ഉള്ള എല്ലാവർക്കും കോൾ വരുന്നത് ഇവിടേക്കാണ്. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ആണ് പെട്ടന്ന് ആ ഫോൺ ശബ്ദിച്ചത്.. ജസ്‌നിത്ത ആയിരുന്നു ഫോൺ എടുത്തത്..
‘ആ ശിവ…. നീ ആയിരുന്നോ….?
ഫോൺ എടുത്തു ആവേശത്തോടെ ജസ്‌നിത്ത സംസാരിക്കാൻ തുടങ്ങി. ശിവദ ചേച്ചിയാണ് വിളിച്ചത്. ചേച്ചിയും ജസ്‌നിത്തയും നല്ല കൂട്ടാണ്..
‘നീ എപ്പോളാ വരണേ…?
ഇത്ത ചോദിച്ചു
‘ഞാൻ രണ്ടാഴ്ച കഴിഞ്ഞേ ഉള്ളു..’
അടുത്ത് നിന്ന കൊണ്ട് ശിവദ ചേച്ചി പറയുന്നത് എനിക്ക് ചെറുതായി കേൾക്കാം
‘നീ വാ.. നീ ഇല്ലാതെ ഇവിടെ ഒരു രസവുമില്ല..’
ജസ്‌നിത്ത പറഞ്ഞു
‘വരാടാ.. അമ്മ അവിടെ വെല്ലോം ഉണ്ടോ..?
ശിവ ചോദിച്ചു
‘ഞാൻ വിളിക്കാം..’
ജസ്‌നിത്ത പറഞ്ഞു
‘ഞാൻ പോയി വിളിക്കാം…’
കുഞ്ഞു ആയിഷ പെട്ടന്ന് ചാടി എഴുന്നേറ്റു അനില അമ്മായിയെ വിളിക്കാൻ പാലയ്ക്കലേക്ക് ഓടി
ജസ്‌നിത്ത അതിനിടയിൽ ശിവ ചേച്ചിയോട് അവിടുത്തെ വിശേഷങ്ങൾ ഒക്കെ ചോദിക്കുവാണ്. ശിവ ചേച്ചി അവരുടെ മാമന്റെ വീട്ടിൽ പോയതാണ്. ഞാൻ വരുന്നതിന് ഒരു ദിവസം മുന്നേ ആണ് ചേച്ചി പോയത്. അല്ലേൽ ചേച്ചിയെ കാണാമായിരുന്നു. ആളെ കാണാത്ത കൊണ്ട് ശിവദ ചേച്ചിയോട് എനിക്കൊരു കൗതുകം തോന്നി
കാരണം ഇവിടെ ആരോട് സംസാരിച്ചു ഇരുന്നാലും എപ്പോൾ എങ്കിലും സംസാരത്തിന് ഇടയിൽ ശിവ ചേച്ചിയെ പറ്റി എന്തേലും ഇവരൊക്കെ പറയും. പ്രായത്തിൽ ശില്പ ചേച്ചിയാണ് ഇവിടെ മൂത്തത് എങ്കിലും എല്ലാർക്കും ഒരു ചേച്ചിയെ പോലെ ഉള്ളത് ശിവയേ ആണ്. ശിവ ചേച്ചി പറഞ്ഞാൽ ഇവിടെ ആർക്കും എതിർ വാക്കില്ല. ആരും ചേച്ചിയോട് എതിർ പറയാനും പോണില്ല. എല്ലാരോടും വഴക്കുള്ള സന്ധ്യ പേരമ്മ പോലും ചേച്ചിയായി നല്ല രസത്തിൽ ആണ്. അങ്ങനെ പറഞ്ഞു കേട്ടടുത്തോളം ആൾ അടിപൊളി ആണ്..
‘ശിവദ ചേച്ചിയാണോ…?
അവരുടെ സംസാരത്തിന് ഇടയിൽ ഞാൻ വെറുതെ ജസ്‌നിത്തയോട് ചോദിച്ചു.
‘അതേ.. നിനക്ക് സംസാരിക്കണോ..?
ജസ്‌നിത്ത റിസീവർ എനിക്ക് നേരെ നീട്ടി
‘വേ.. വേണ്ട..’
ഞാൻ പറഞ്ഞു
‘സംസാരിക്കെടാ…’
ചേച്ചി ഫോൺ എന്റെ കയ്യിൽ പിടിച്ചു തന്നു..
‘ഹലോ…’
ഞാൻ ഒരു അങ്കലാപ്പോടെ സംസാരിച്ചു
‘ഹലോ.. ഇതാരാ…?
അപ്പുറെ നിന്നും ചോദ്യം വന്നു.. ഞാൻ എന്ത് പറയും..?
‘ഞാൻ.. ഞാൻ നന്ദു…’
കുറച്ചു വല്ലായ്മയോടെ ഞാൻ പറഞ്ഞു
‘എത് നന്ദു…?
ശിവദ ചേച്ചി തിരിച്ചു ചോദിച്ചു
‘ഇവിടെ.. സ്നേഹ ചേച്ചിയുടെ വീട്ടിലെ…’
എനിക്ക് എങ്ങനെ പറയണം എന്ന് അറിയില്ലായിരുന്നു .
‘നീ എന്ന് വന്നു….?
പരിചയം ഉള്ള ആളുകളോട് ചോദിക്കുന്ന പോലെ ചേച്ചി എന്നോട് ചോദിച്ചു. അങ്ങനെ ചോദിച്ചപ്പോ എന്റെ ഉള്ളിൽ എന്തോ ഒരു കുളിർ കോരി.. അത് എന്തിനാണോ..?
‘ഞാൻ ഒരാഴ്ച ആയി…’
ഞാൻ പറഞ്ഞു
നല്ല ശബ്ദം ആണ് ശിവദ ചേച്ചിയുടെ. കുറെ നേരം സംസാരിച്ചു ഇരിക്കാൻ തോന്നും. പക്ഷെ കുറച്ചു ബലം പിടിച്ചു സംസാരിക്കുന്ന കൊണ്ട് എനിക്ക് എന്തോ ഒരു പേടിയും തോന്നി. അത് സാധാരണ ആകും. കാരണം ഇവിടെ ഉള്ള മിക്കവർക്കും സ്നേഹം മൂടിയ ഒരു പേടി ചേച്ചിയോട് ഉണ്ട്. ഞങ്ങൾ അധികം സംസാരത്തിലേക്ക് പോകുന്നതിന് മുമ്പ് ആയിഷ കുട്ടി അനില അമ്മായിയെ വിളിച്ചോണ്ട് വന്നു.. ഞാൻ ഫോൺ അമ്മായിക്ക് കൊടുത്തു
