താൻ മിഥുന്റെ വീട്ടിലുണ്ടെന്നും മഴയാണെന്നുമായിരുന്നു മെസ്സേജ് . അവൾക്കൊരാശ്വാസം തോന്നി .. അടുക്കള ജോലികൾ എല്ലാം തീർന്നു.. ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല … കുറച്ചു നേരം സെറ്റിയിലിരുന്നപ്പോൾ തന്നെ ജാസ്മിനു മടുത്തു …
കുറച്ചു നേരം കൊണ്ട് തന്നെ ഏകാന്തത തന്നെ വലയം ചെയ്തു തുടങ്ങിയതായി അവളറിഞ്ഞു … വല്ലാത്തൊരു വീർപ്പുമുട്ടലോടെ അവൾ വീണ്ടും മുറികളിൽ കയറിയിറങ്ങി … ഉച്ചയ്ക്ക് ഷാനു വരുമെന്ന് കരുതി അവൾ അവൻ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഫ്രിഡ്ജിലിരുന്ന മീൻ എടുത്തു വറുത്തു .. പക്ഷേ ഒന്നരയായപ്പോൾ അവന്റെ മെസ്സേജ് ഫോണിൽ വന്നു …
ഇവിടെ മഴയാണെന്നും താൻ മിഥുന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കും എന്നുമായിരുന്നു സന്ദേശം …
മഴ തോർന്നിട്ട് കുറച്ചു നേരമായല്ലോ എന്ന് ജാസ്മിൻ ഓർത്തു … തന്നെ കാത്തിരിക്കേണ്ട എന്നൊരു ധ്വനി ആ വാക്കുകളിലില്ലേ എന്നൊരു സംശയം അവൾക്കു തോന്നി …
അടുത്ത നിമിഷം അവളുടെ ചിന്തയിലൊന്നു മിന്നി …
അതേ … അവനും തിരിച്ചടിക്കുകയാണ് … വല്ലാത്തൊരു മാനസികാവസ്ഥയിലായിപ്പോയി ജാസ്മിൻ …. ആ വലിയ വീട്ടിൽ വെറും ചിന്തകളും നെടുവീർപ്പുകളും വീർപ്പുമുട്ടലുകളുമായി അവൾ പിടഞ്ഞു …
വൈകുന്നേരം മോളിയെക്കൂട്ടിയാണ് ഷാനു വന്നത് … ചായ കുടിക്കാൻ ഷാനു വന്നു … അവനവളെ നോക്കാനൊന്നും നിന്നില്ല … ചായ കുടി കഴിഞ്ഞ് ഷാനുവും മോളിയും കൂടിയാണ് ഗെയിം കളിച്ചത് .. കുറച്ചു കഴിഞ്ഞപ്പോൾ അവൻ അവളെ പഠിപ്പിക്കുന്നതു കൂടി അടുക്കളയിൽ നിന്നവൾ കേട്ടു …
ജാസ്മിൻ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെടുകയായിരുന്നു … ഹൃദയവും കണ്ണും നിറഞ്ഞെങ്കിലും അവൾ കടിച്ചു പിടിച്ചു നിന്നു …
രാത്രി ഭക്ഷണം കഴിഞ്ഞ് ഷാനു സിറ്റൗട്ടിലിരുന്ന് ആരെയോ വിളിക്കുന്നത് കേട്ടു. സംസാരത്തിൽ നിന്ന് മിഥുൻ ആണെന്ന് അവൾക്ക് തോന്നി .. പാത്രങ്ങൾ കഴുകി വെച്ച് അവൾ ഹാളിൽ വന്നപ്പോൾ ഷാനു സെറ്റിയിൽ നിന്നെഴുന്നേറ്റ് റൂമിലേക്ക് പോകുന്നതു കണ്ടു … അവൾ വരുന്നതു കണ്ട് റൂമിലേക്ക് കയറിയ ഷാനു രണ്ടു ചുവട് പിന്നിലേക്ക് വെച്ച് അവളെ നോക്കി …
“ജാസൂമ്മാ…..” അവൻ മൗനം ഭേദിച്ച സന്തോഷത്തിൽ, വീർപ്പുമുട്ടിച്ച ഒറ്റപ്പെടലിനൊരവസാനമെന്ന നിലയിൽ ” എന്താ ഷാനൂ … ” എന്നവൾ ചോദിക്കാൻ വായ തുറന്നപ്പോഴേക്കും അവന്റെ അടുത്ത വാചകം വന്നു …
” ഞാൻ കിടക്കാൻ പോണ് .. ഗുഡ് നൈറ്റ് ….”
അടി കിട്ടിയ പോലെ ജാസ്മിൻ ഒന്ന് പുളഞ്ഞു … അവളുടെ വിളറി വെളുത്ത മുഖം അവൻ കണ്ടില്ല, അതിനു മുൻപേ അവൻ റൂമിൽക്കയറി വാതിൽ ചാരിയിരുന്നു …
യാന്ത്രികമായി ലൈറ്റുകൾ ഓഫാക്കി അവൾ കിടപ്പുമുറിയിലേക്ക് നടന്നു …
ഷാനു ആരാണെന്നും തന്റെ ജീവിതത്തിൽ അവനുണ്ടായിരുന്ന സ്ഥാനം എന്താണെന്നും അവളാ നിമിഷം തിരിച്ചറിഞ്ഞു … എന്നാലും വിട്ടുകൊടുക്കാൻ അവളുടെ മനസ്സ് ഒരുക്കമല്ലായിരുന്നു … ഒരുപാടു കാലം അവനാ രീതിയിൽ പോകാൻ കഴിയില്ലെന്ന് അവൾ കണക്കുകൂട്ടി … അവൾ ഫോണെടുത്ത് അവന്റെ മെസ്സേജുകൾ വെറുതെ നോക്കി … തന്നെ ദേഷ്യം പിടിപ്പിക്കുന്ന ഒന്നും അവളതിൽ കണ്ടില്ല, ഇനി താൻ ക്ഷമിച്ചു എന്ന് പറയാത്തതിനാണോ അവൻ ഇങ്ങനെ പെരുമാറുന്നത് എന്ന് അവൾക്ക് സംശയം തോന്നി …
ഞാൻ ക്ഷമിച്ചു , എന്നെഴുതിയിട്ട് കുറച്ചു നേരം അവളതിൽ നോക്കി കിടന്നു , സെൻഡിംഗ് മാർക്ക് പ്രസ്സ് ചെയ്യാൻ അവൾക്കു തോന്നിയില്ല , അവളത് ക്ലിയർ ചെയ്തു, പല വാക്കുകൾ എഴുതിയിട്ടും അവൾക്കൊരു തൃപ്തി കിട്ടിയില്ല …. ഇനി താനാരോടെങ്കിലും പറയുമോ എന്നൊരു പേടി അവന്റെ ഉള്ളിൽ ഉണ്ടാവാതിരിക്കാൻ അവളിത്രയും എഴുതി …
” ഞാനാരോടും പറഞ്ഞിട്ടില്ല … പറയുകയുമില്ല ….” അവൾ സെൻസിംഗ് മാർക്ക് തൊട്ടു. രണ്ട് ടിക്ക് വീണതവൾ കണ്ടു …
രണ്ടു മൂന്ന് പ്രാവശ്യം അവൾ ഫോൺ ഇടവിട്ടു നോക്കിയെങ്കിലും ബ്ലൂ ടിക്ക് അവൾക്ക് കാണാൻ സാധിച്ചില്ല … അവൻ കണ്ടാൽ ഉപ്പ പറഞ്ഞ കാര്യം കൂടി പറയാമെന്ന് അവൾ കരുതി. അവനുറങ്ങിയെന്ന് കരുതി അവൾ ഫോൺ ടേബിളിലേക്ക് വെച്ചു കിടന്നു … വിളിക്കാൻ തുടങ്ങിയ കാലം മുതൽ , അങ്ങനെ മാഷിനെ വിളിക്കാൻ മറന്നൊരു ദിവസം ജാസ്മിനുണ്ടായി …
