ഞാൻ 22അടിപൊളി  

 

കാണാൻ തരക്കേടില്ലാത്ത ഒരാൾ. ഇരു നിറമാണ്. കണ്ടാൽ ആരും കുറ്റം പറയില്ല.

ഞങ്ങൾ അഭിലാഷിന്റെ അടുത്തേക്ക് നടന്നു. ഞങ്ങൾ അടുത്ത് ചെന്നതും അഭിലാഷ് എഴുന്നേറ്റ് എനിക്ക് നേരെ കൈ നീട്ടി.

“അഭിലാഷ്..”

കൈ കൊടുക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അഭിലാഷിന്റെ പൊക്കമാണ്. ദേവുവിനെക്കാളും ശകലം കൂടി പൊക്കം ഉണ്ട്. അതികം വണ്ണിച്ചിട്ടില്ലാത്ത ശരീരവും. ദേവുവുമായി നല്ല ചേർച്ച ഉണ്ട്.

ഞാൻ എന്തെകിലും പറയുന്നതിന് മുൻപ് തന്നെ ദേവിക ചിരിച്ചുകൊണ്ട് അഭിലാഷിനോട് പറഞ്ഞു.

“ഇതാണ് ഞാൻ പറയാറുള്ള എന്റെ ഇപ്പോഴത്തെ ഗാർഡിയൻ.”

ഒരു ചിരിയോടെ ഞാനും അഭിലാഷും കസേരയിലേക്ക് ഇരുന്നു.

രാജീവിന്റെയും ബിജുവിനെയും ബിബിനെയും ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയ നെഗറ്റീവ് ഫീലിംഗ് ഇത്തവണ അഭിലാഷിനെ കണ്ടപ്പോൾ എനിക്ക് തോന്നിയില്ല. അത് ചെറിയൊരു തരത്തിൽ മനസ്സിനൊരു ആശ്വാസം പകർന്നു.

“ഞാൻ കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ട് വരാം.”

ദേവു അവിടെ നിന്നും ഫുഡ് ഓർഡർ ചെയ്യാനായി പോയി.

അഭിലാഷ് തന്നെ സംസാരത്തിനു തുടക്കം ഇട്ടു.

“നിങ്ങൾ കോളേജിൽ പഠിക്കുമ്പോൾ ആണല്ലേ പരിചയപ്പെടുന്നത്?”

ഞാൻ ചിരിച്ച് കൊണ്ട് അതെ എന്ന അർഥത്തിൽ മൂളി. എന്നിട്ട് പറഞ്ഞു.

“ഒരു കൂട്ടുകാരനായ ഞാൻ അവളുടെ കല്യാണക്കാര്യം സംസാരിക്കാൻ വരുന്നത് കൊണ്ട് അഭിലാഷ് ഒന്നും വിചാരിക്കരുത്.”

എന്നെക്കാളും പ്രായത്തിൽ മൂത്തതായിട്ടും ഞാൻ പേര് വിളിച്ച് തന്നെയാണ് സംസാരിച്ചത്.

“ഏയ്.. ദേവു എന്നോടെല്ലാം പറഞ്ഞിട്ടുള്ളതുമാണ്. പിന്നെ അവളെ പരിചയപ്പെട്ട കാലം തൊട്ട് കേട്ട് തുടങ്ങിയതും ആണ് തന്റെ പേര്.”

“എല്ലാപേരും ഞങ്ങളുടെ ഫ്രണ്ട്ഷിപ് നല്ല വശത്തോടെ തന്നെ കാണണമെന്നില്ല. അത് കൊണ്ടാണ് തുടക്കത്തിലെ ഞാൻ അങ്ങനെ പറഞ്ഞത്.”

ഫുഡ് ഓർഡർ ചെയ്തിട്ട് ടോക്കൺ നമ്പർ വിളിക്കുന്നതിനായി വെയ്റ്റ് ചെയ്യുന്ന ദേവുവിനെ നോക്കി അഭിലാഷ് പറഞ്ഞു.

“ദേവു പറഞ്ഞ് എനിക്കറിയാം.. അവളുടെ അമ്മ മരിച്ചതിൽ പിന്നെ താൻ മാത്രമാണ് അവൾക്കൊരു സഹായത്തിന് ഉണ്ടായിരുന്നതെന്ന്.”

“ഞാൻ അങ്ങനെ അവളെ സഹായിക്കുന്നത് എല്ലാപേരും നല്ല അർധത്തോടെ ആണ് എടുത്തിരിക്കന്നത് എന്ന് എനിക്ക് തോന്നുന്നില്ല…”

ദേവു രണ്ടു ബർഗറും കോളയും ആയി ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പെട്ടെന്ന് സംസാരം നിർത്തി.

 

അവൾ അത് ടേബിളിലേക്ക് വച്ചപ്പോൾ ഞാൻ ചോദിച്ചു.

“ഇതെന്താ രണ്ടെണ്ണം മാത്രം?”

“എനിക്ക് വേണ്ടടാ.. ഞാൻ പോയി എനിക്ക് കുറച്ച് ഡ്രസ്സ് നോക്കട്ടെ.”

അഭിലാഷിനെ നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“അഭിലാഷേട്ടാ നിങ്ങൾ സംസാരിച്ചിരിക്ക്.”

അവൾ അവിടെ നിന്നും നടന്നകന്നു. എനിക്കും അഭിലാഷിനും ഒറ്റക്ക് സംസാരിക്കാൻ അവൾ അവസരം ഉണ്ടാക്കിയതാണെന്ന് ഞങ്ങൾക്ക് മനസിലായി.

അവൾ പോയി കഴിഞ്ഞപ്പോൾ അഭിലാഷ് പറഞ്ഞു.

“കുറച്ച് ആഴ്ചകൾക്ക് മുൻപ് നാട്ടിൽ നിങ്ങളെ കുറിച്ച് സംസാരം ഉണ്ടായതും അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ പിണങ്ങിയതുമൊക്കെ അവൾ പറഞ്ഞിരുന്നു….. അവൾ എനിക്ക് മുന്നിൽ വച്ച ഒരേ ഒരു ഡിമാൻഡ് അഥവാ കല്യാണം നടക്കുകയാണെങ്കിൽ തന്റെ പേരിൽ ഞങ്ങളുടെ ലൈഫിൽ ഒരു പ്രോബ്ലം ഉണ്ടാകരുത് എന്ന് മാത്രം ആണ്.”

“എനിക്കും അതാണ് ആഗ്രഹം. അതുകൊണ്ടാണ് അഭിലാഷിന്റെ ഡീറ്റെയിൽസ് ചോദിക്കുന്നതിനു മുൻപ് ഈ കാര്യങ്ങളൊക്കെ ഞാൻ തുറന്ന് പറഞ്ഞത്… അവളുടെ ജീവിതത്തിൽ ഉണ്ടായതൊക്കെ ദേവു പറഞ്ഞ് അറിയാമായിരിക്കുമല്ലോ?.. ഇനി ഒരു ദുരന്തം കൂടി ഉണ്ടാകാൻ ഞാനോ അവളോ ആലോചിക്കുന്നില്ല. അതുകൊണ്ട് അവളെ കണ്ടത് കൊണ്ട് തോന്നിയ ആകർഷണത്തിന്റെ പുറത്ത് മാത്രം ആകരുത് ഇങ്ങനെ ഒരു ആലോചന.. എല്ലാം നല്ലത് പോലെ ചിന്തിക്കണം.”

അഭിലാഷ് ഒന്ന് ചിരിച്ചു.

“എനിക്ക് അവളോട് ഒരു താല്പര്യം ഉണ്ടെന്ന് ദേവുവിന് തോന്നിയപ്പോൾ തന്നെ അവൾ എന്നോട് പറഞ്ഞിരുന്നു അവൾക്ക് ഇനി ഒരിക്കൽ കൂടി കരയാൻ വയ്യെന്ന്… അതിനു ശേഷം മാസങ്ങൾ എടുത്തു ഞാൻ അവളോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ. ഈ കാലമത്രയെയും ഞാൻ ഇതിനെക്കുറിച്ച് നല്ലപോലെ ആലോചിക്കുക തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ തോന്നിയ തോന്നലിന്റെ പുറത്തല്ല ഞാൻ ഇപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *