ഞാൻ 22അടിപൊളി  

എന്തായാലും ഈ നിമിഷം വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.

ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുൻപായി ഞാനും ദേവുവും മാത്രമായി കുറച്ച് നേരം തനിച്ചിരുന്നായിരുന്നു. അവളുടെ വീടിന്റെ പടിയിൽ.ഇനി എന്നാണ് അങ്ങനെ ഒന്ന് ഇരിക്കാൻ കഴിയുക എന്ന് അറിയില്ലല്ലോ.

ആ സമയം എന്റെ തോളിലേക്ക് തല ചേർത്ത് ദേവു ചോദിച്ചു.

“അങ്ങനെ എന്നെ കൊണ്ടുള്ള ഭാരം നാളത്തോടെ നിനക്ക് തീരുവാണല്ലേ?”

“നീ എനിക്ക് ഒരു ഭാരമായിരുന്നോ ദേവൂ?”

“എന്റെ ഭാഗത്ത് നിന്നും നോക്കിയാൽ അങ്ങനെ ആണ് തോന്നുക. നിന്റെ വാക്കുകൾ കേൾക്കാതെ നിന്നെ വിഷമിപ്പിച്ച്‌ അവസാനം ആരോരും ഇല്ലാതെ നിനക്ക് തന്നെ എന്നെ ഏറ്റെടുക്കേണ്ടി വന്നില്ലേ?”

അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയാൽ എനിക്കറിയാൻ കഴിഞ്ഞു.

“ദേവൂ.. നീ എനിക്ക് ഒരിക്കലും എനിക്ക് ഒരു ഭാരം ആയിരുന്നില്ല. നമ്മൾ പരിചയപ്പെട്ട കാലം തൊട്ടേ നമ്മളെ തമ്മിൽ അടുപ്പിച്ച് നിർത്തുന്ന എന്തോ ഒരു ബന്ധം നമുക്കിടയിൽ ഉണ്ട്. നാളെ നീ അഭിലാഷിനൊപ്പം പോയാലും നീ എനിക്കെന്റെ പഴയ ദേവൂ തന്നെ ആയിരിക്കും.

എന്റെ മുറിവുള്ള കൈ അവളുടെ മടിയിലേക്ക് എടുത്ത് വച്ചുകൊണ്ടു ദേവു ചോദിച്ചു.

 

“നീ പറ്റുമ്പോഴൊക്കെ എന്നെ കാണാൻ വരില്ലേടാ?”

“ഞാൻ വരാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

അവൾ മറുപടി ഒന്നും നൽകാതെ എന്റെ മുറിവ് ഡ്രസ്സ് ചെയ്തിരിക്കുന്നതിനു മുകളിൽ കൂടി വിരലോടിക്കുക മാത്രം ചെയ്തു.

“ദേവു ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

“എന്താടാ?”

“നീ എനിക്ക് വേണ്ടി മാത്രമാണോ ഈ വിവാഹത്തിന് സമ്മതിച്ചത്?”

അവൾ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു.

“തുടക്കത്തിൽ ഏകദേശം അങ്ങനെയൊക്കെ തന്നെ ആയിരുന്നടാ. പക്ഷെ ഇപ്പോൾ എനിക്ക് ഈ വിവാഹത്തിൽ പൂർണ സമ്മതം ആണ്. അഭിയേട്ടൻ എന്നെ നന്നായി മനസിലാക്കിയിട്ടുണ്ട് എന്ന് എനിക്കിപ്പോൾ അറിയാം. മാത്രമല്ല ഞാനും നീയും തമ്മിലുള്ള ബന്ധം എന്താന്നും പുള്ളിക്കാരന് വ്യക്തമായി അറിയാം. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണുന്നത്.”

അവൾക്ക് വിവാഹത്തിന് പൂർണ സമ്മതമാണെന്ന് മനസിലായപ്പോൾ എന്റെ മനസ് നിറഞ്ഞു. ഇത്രയും നാളും അതൊരു ചെറിയ സംശയമായി എന്റെ മനസ്സിൽ കിടക്കുകയായിരുന്നു.

“നിനക്കൊരു കല്യാണമൊക്കെ വേണ്ടേ ഡാ ?”

“ആദ്യം നിന്റേത് ഒന്ന് കഴിയട്ടെ.. എന്നിട്ട് നീ തന്നെ എനിക്ക് ഒരാളെ തപ്പി കണ്ട് പിടിച്ചോ.”

അവളുടെ മുഖത്ത് ചിരി വിടർന്നു.

“അത് ഞാൻ ഏറ്റു.”

കുറച്ച് നേരം കൂടി ഞങ്ങൾ അങ്ങനെ ഇരുന്നിട്ടായിരുന്നു ഉറങ്ങാൻ പോയത്.

സത്യത്തിൽ അവൾ എനിക്കൊരു കൂട്ടുകാരി മാത്രം ആയിരുന്നോ?…

പെട്ടെന്നാണ് ആരോ എന്റെ തോളിൽ തട്ടുന്നത് ഞാൻ അറിയുന്നത്. ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി നോക്കുമ്പോൾ അച്ഛനാണ്.

“നിന്നെ എവിടെയൊക്കെ നോക്കി.. അവർ കഴിക്കാനിരുന്നു.”

അച്ഛൻ കഴിക്കാൻ വിളിക്കാൻ വന്നതായിരുന്നു.

“ഞാൻ പിന്നെ അകത്തുനിന്നു വല്ലോം കഴിക്കാം. സ്പൂൺ വച്ച് അവിടെ ഇരുന്നെങ്ങനാ കഴിക്കുന്നത്.”

 

അത് ശരിയാണെന്ന് തോന്നിയതിനാലാകും അച്ഛനും പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി.

ഞാൻ തൽക്കാലത്തേക്ക് അവിടെ നിന്ന ഒരു പയ്യനെ കൊണ്ട് ഒരു ഗ്ലാസിൽ പായസം ഒഴിപ്പിച്ചു കുടിച്ചു.

അവിടെ നിന്നും പന്തലിൽ പോയി ഇരുന്നു കുറച്ച് കഴിഞ്ഞപ്പോഴേക്കും ആഹാരം കഴിച്ച് കഴിഞ്ഞ ദേവു എന്റെ അടുത്തേക്ക് വന്നു. നന്നായി വിയർത്തിട്ടുണ്ട് അവൾ. രാവിലെ മുതൽ ഒരുങ്ങി നിൽക്കുകയല്ലേ.

“ഡാ.. നീ കഴിച്ചോ?”

“അഹ്.. കഴിച്ചൂടി..”

അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

“പായസം കുടിച്ചൂടി.”

അവൾ എന്റെ കൈയിൽ പിടിച്ചു.

“വാ.. നമുക്ക് അകത്ത് പോയി ചോറ് കഴിക്കാം.”

എനിക്ക് വാരി തരാനുള്ള പരിപാടി ആണ്.

“എനിക്ക് വിശപ്പില്ലടി.. രണ്ടു ഗ്ലാസ് പായസം കുടിച്ചു പിന്നെ പഴവും തിന്നായിരുന്നു.”

“നീ മര്യാദക്ക് വരുന്നുണ്ടോ?”

“ദേവു.. നീയാണ സത്യം എനിക്കിപ്പോൾ വിശപ്പില്ല.”

അത് കേട്ടപ്പോൾ അവൾക്കിത്തിരി വിശ്വാസം ആയെന്ന് തോന്നുന്നു. അവളൊന്ന് അടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *