അപ്പോഴേക്കും അഭിലാഷും അവിടേക്ക് വന്നു. പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി അവിടെ കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.
ഒരു അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ അഭിലാഷിന്റെ ബന്ധത്തിൽ ഉള്ള ഒരാൾ വന്ന് ഇറങ്ങാൻ സമയം ആയെന്ന് അറിയിച്ചു.
അത്രയും നേരം സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു ദേവുവിന്റെ മുഖം അത് കേട്ടപ്പോൾ ചെറുതായിട്ടൊന്ന് വാടി.
എന്റെ കൈയിൽ പിടിച്ചാണ് ദേവു കാറിനടുത്തേക്ക് നടന്നത്.
കാറിനടുത്ത് എത്തിയ അവൾ എന്റെ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു. കൂടുതൽ യാത്ര ചോദിയ്ക്കാൻ അവൾക്ക് വേറെ ആരും ഉണ്ടായിരുന്നില്ല.
പിന്നെ അവൾ എന്നെ ഒന്ന് നോക്കി. മുൻപൊരിക്കലും അവൾ ഇങ്ങനെ ഒരു കാറിൽ കയറി പോകുന്നത് ഞാൻ കണ്ടതാണ്. അന്ന് അവൾക്ക് യാത്ര ചോദിയ്ക്കാൻ എന്റെ അരികിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു അന്ന് അവൾ യാത്ര ചോദിച്ചത്.
അതുപോലൊരു നോട്ടം ആണ് അവൾ ഇപ്പോഴും എന്നെ നോക്കിയത്. പക്ഷെ ഈ പ്രാവിശ്യം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു കരച്ചിലോടുകൂടി അവൾ എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി. ദേവു എന്നെ കെട്ടിപിടിച്ചിരുന്നില്ല. പക്ഷെ അവളുടെ മുഖം എന്റെ തന്നെ ആയിരുന്നു. ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചകർത്തി. എന്റെ കണ്ണും നിറഞ്ഞ് തുടങ്ങിയിരുന്നു. ഞാൻ ഒന്നും അവളോട് പറഞ്ഞില്ല. എന്തെങ്കിലും മിണ്ടിയാൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും. സങ്കടം നെഞ്ചിൽ നിറഞ്ഞ് നിൽക്കുകയാണ്.
അഭിലാഷ് എന്റെ കൈയിൽ ഒന്ന് അമർത്തിയ ശേഷം കാറിലേക്ക് ആദ്യം കയറി. ഞാൻ നിന്റെ ദേവുവിനെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നുള്ള ഒരു ഉറപ്പായിരിക്കിരിക്കണം അത്.
കരയുകയായിരുന്നു ദേവുവിനെയും ഞാൻ അഭിലാഷിന് പിന്നാലെ കാറിലേക്ക് കയറ്റി.
കാർ മുന്നോട്ട് നീങ്ങിയതും ഞാൻ പന്തലിലേക്ക് നടന്നു. മൂലയിൽ ഒഴിഞ്ഞ് കിടന്ന കസേരയിൽ പോയിരുന്നു കണ്ണിൽ നിന്നും ഒഴുകാൻ തുടങ്ങിയിരുന്ന കണ്ണുനീർ പെട്ടെന്ന് തുടച്ച് മാറ്റി. ആരെങ്കിലും എന്നെ ശ്രദ്ധിച്ചിരുന്നോ എന്നെനിക്കറിയില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ആരോ എന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു എന്ന് എനിക്ക് മനസിലായി. തല ചരിച്ച് നോക്കുമ്പോൾ അഞ്ജലി ആണ്.
“നീ പോയില്ലായിരുന്നോ?”
“ഹസ്ബൻഡ് വിളിക്കാൻ വരും. വെയ്റ്റിംഗ് ആണ്.”
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. വേറെ ഒന്നും ചോദിയ്ക്കാൻ ഉണ്ടായിരുന്നില്ല.
അഞ്ജു ഒന്ന് മുരടനാക്കിയപ്പോൾ ഞാൻ വീണ്ടും അവളെ നോക്കി.
“ദേവുവിന് ചെയ്യാനുള്ളതെല്ലാം നീ ചെയ്തു കഴിഞ്ഞു. ഇനി നിനക്കൊരു കൂട്ട് വേണ്ടേ?”
വിധിയുടെ വിരോധാഭാസം. എനിക്ക് ജീവിതത്തിൽ ആദ്യമായി ഇഷ്ട്ടം തോന്നിയ പെണ്ണാണ് എന്നോട് ഇപ്പോൾ ഈ ചോദ്യം ചോദിക്കുന്നത്.
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി.
എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി.
ചിലപ്പോൾ മായയും ആഗ്രഹിക്കുണ്ടാകാം എനിക്ക് ഇനി ഒരു കൂട്ട് വേണമെന്ന്. അല്ലെ?…
അവസാനിച്ചു…
നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത്. ഞാൻ മറുപടി നൽകും.
[നമ്മുടെ സൗഹൃദത്തെ ഒരിക്കൽ പോലും തെറ്റായ രീതിയിൽ കാണാതിരുന്ന നിന്റെ അമ്മയാണ് ദൈവം നിനക്ക് നൽകിയ ഏറ്റവും വലിയ ഭാഗ്യം ദേവു.](ഒരു യാത്രക്കിടയിൽ രണ്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ കഥ ആണിത്. അതിനാൽ തന്നെ പല രംഗങ്ങൾക്കും ഒരു പൂർണത വരുത്താൻ എനിക്കായില്ല.
എന്റെ ഉള്ളിൽ പതിഞ്ഞു കിടന്ന ചില രംഗങ്ങളും സംഭാഷങ്ങളും ഇവിടേക്ക് പകർത്തുക മാത്രമാണ് ഞാൻ ചെയ്തത്. അതുകൊണ്ട് തന്നെ പലർക്കും ഇത് ഇഷ്ട്ടപെട്ടു കാണുകയില്ല.. എന്ത് തന്നെയായാലും നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ അറിയിക്കണം. സ്നേഹത്തോടെ ne – na.)