ഞാൻ 22അടിപൊളി  

ഹാളിലെ കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അഭിലാഷ് ചോദിച്ചു.

“ദേവു എവിടെ?”

“അവൾ അമ്മയോടൊപ്പം അടുക്കളയിൽ ആണ്.”

ഞാൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.

“ദേവു.. അഭിലാഷ് വന്നിട്ടുണ്ട്.”

കുറച്ച് സമയത്തിനകം ദേവു അവിടേക്ക് വന്നു.

“അഭിയേട്ടൻ 9 മണിക്ക് മുൻപേ ഇറങ്ങിയെന്നാണല്ലോ പറഞ്ഞത്. എന്നിട്ടെന്താ ഇത്രേം ടൈം എടുത്തത്.”

“മേവറത്ത് പോലീസ് ചെക്കിങ് ഉണ്ടായിരുന്നു.. അവിടെ കുറച്ച് നേരം പെട്ട് പോയി.”

അതുകേട്ട് കൊണ്ട് അവിടേക്ക് വന്ന അമ്മ പറഞ്ഞു.

“9 മണിക്ക് മുൻപേ ഇറങ്ങിയതാണ്..എന്നിട്ടും ഇതുവരെ എത്തിയില്ലല്ലോ എന്ന് മോളിങ്ങനെ പറയുന്നുണ്ടായിരുന്നു.”

അഭിലാഷ് പുഞ്ചിരിയോടെ പറഞ്ഞു.

 

“പുറത്തിറങ്ങിയാൽ പിന്നെ പോലീസിന്റെ ചോദ്യം ചെയ്യലാണ്.. ഈ കൊറോണ കാരണം ആണ് ഇത്രേം ദിവസം ആയിട്ടും ഇങ്ങോട്ടൊന്നു വരാൻ പറ്റാഞ്ഞത്.”

അമ്മ ദേവുവിനോട് പറഞ്ഞു.

“മോളെ.. കുടിക്കാൻ വെള്ളം കൊണ്ട് കൊടുക്ക്.”

ദേവു അപ്പോൾ തന്നെ അടുക്കളയിലേക്ക് പോയി.

“കറിയൊക്കെ അടുപ്പത്ത് ഇരിക്കയാണ്. ഞാനും അങ്ങോട്ട് പോകട്ടെ.”

അമ്മയും അവിടെ നിന്നും പിൻവലിഞ്ഞു.

“കൈ ഇപ്പോൾ എങ്ങനെ ഉണ്ട്?”

“മുറിവ് ഉണങ്ങിയിട്ടില്ല.. അതിനിനിയും കുറച്ച് ദിവസം എടുക്കും.. മാംസം കുറച്ചങ്ങു പോയിരുന്നു.”

“വിരൽ അനക്കണ്ട.. അനങ്ങും തോറും മുറിവുണങ്ങാനും ലേറ്റ് ആകും.”

“വിരലനങ്ങിയാൽ ഇപ്പോഴും വേദനയുണ്ട്.”

അപ്പോഴേക്കും ദേവു നാരങ്ങാ വെള്ളവുമായി അവിടേക്ക് വന്നു.

അവളുടെന്ന വെള്ളം വാങ്ങി കൊണ്ട് അഭിലാഷ് പറഞ്ഞു.

“ഇത് സംഭവിച്ച ദിവസം ഞാൻ ഇവളെ വിളിച്ചപ്പോൾ കുറെ കരച്ചിലും നിലവിളിയും മാത്രം.. എന്താ സംഭവം എന്ന് വച്ചാൽ പറയുന്നുണ്ടോ, അതും ഇല്ല.. നിന്നെ വിളിച്ചപ്പോൾ ഫോണും എടുക്കുന്നില്ല. ഞാനാകെ പേടിച്ചു പോയി.. പിന്നെ അച്ഛനെ വിളിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.”

ദേവുവിന്റെ മുഖത്ത് ചെറിയ ജാള്യത നിറഞ്ഞു.

“അത് ഞാൻ അന്ന് ശരിക്കും പേടിച്ചു പോയി. ഇവന്റെ വിരലൊന്ന് കാണണമായിരുന്നു.. എന്റെ ഡ്രസ്സ് മൊത്തം ബ്ലഡ് ആയിരുന്നു.”

ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

“രണ്ടു ദിവസം എടുത്തു ഇവൾ കരച്ചിൽ നിർത്താൻ. എന്നെ കാണുമ്പോൾ കാണുമ്പോൾ കരച്ചിൽ ആയിരുന്നു.”

ദേവുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് അഭിലാഷ് പറഞ്ഞു.

“അബദ്ധത്തിലായാലും ദേവു കാരണം അല്ലെ അങ്ങനെ സംഭവിച്ചത്. അതിന്റെ വിഷമത്തിൽ കരഞ്ഞതാകും.”

അപ്പൊഴേക്കും കടവരെ പോയിരുന്ന അച്ഛനും വീട്ടിൽ എത്തി.

പിന്നെ എല്ലാപേരും കൂടി ഒരുമിച്ചിരുന്നായി സംസാരം.

ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിഞ്ഞാണ് അഭിലാഷ് വീട്ടിൽ നിന്നും പോയത്. ഇതിനിടയിൽ അഭിലാഷിനും ദേവുവിനും മാത്രം ആയി സംസാരിക്കാനുള്ള അവസരവും ഞങ്ങൾ കൊടുത്തിരുന്നു. അവർ തമ്മിൽ സംസാരിക്കുന്ന സമയത്ത് ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു. അവൾ നല്ല സന്തോഷവതി ആയിരുന്നു അപ്പോഴെല്ലാം. ദേവു മനസുകൊണ്ട് അഭിലാഷിനെ അംഗീകരിച്ചു തുടങ്ങിയെന്ന് ഇന്നത്തെ ഒരു ദിവസം കൊണ്ട് എനിക്ക് പൂർണമായും മനസിലായി. അത് എനിക്കും സന്തോഷം പകർന്നു.

 

ദേവുവിന്റെ വീടിന്റെ പടിയിൽ നിന്നുകൊണ്ട് ഞാൻ ചുറ്റുമൊന്ന് നോക്കി. മണ്ഡപത്തിൽ കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞിരുന്നു. കുറച്ച് സമയത്തിനകം പെണ്ണും ചെറുക്കനും മണ്ഡപത്തിലേക്ക് വരും.

പന്തലിൽ ഒരു എഴുപതിൽ താഴെ ആൾക്കാരെ ഉള്ളു.

കൊറോണ കഴിഞ്ഞിട്ട് കല്യാണം നടത്താം എന്നും വിചാരിച്ചിരുന്നാൽ അടുത്തൊന്നും കല്യാണം നടക്കില്ലെന്ന് മനസിലായതിനാൽ രണ്ടു കൂട്ടരും ചേർന്ന് എടുത്ത തീരുമാനം ആയിരുന്നു ഗവണ്മെന്റ് അനുവദിച്ചപോലെ വളരെക്കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ച് കല്യാണം നടത്താം എന്ന്.

എന്നെ സംബന്ധിച്ച് എന്ന് കല്യാണം നടത്തുന്നതിലും എനിക്കും അച്ഛനും ബുദ്ധിമുട്ടില്ലായിരുന്നു.

കാരണം.. ആദ്യ വിവാഹം ഡിവോഴ്സ് ആയപ്പോൾ തിരിച്ച് കിട്ടിയ സ്വർണം അതുപോലെ ബാങ്ക് ലോക്കറിൽ വച്ചിരിക്കുകയാണ്. അതുകൊണ്ട് സ്വർണം എടുക്കാൻ പോയി സമയം കളയണ്ട. പിന്നെ കല്യാണ വർക്ക് ഫുൾ എടുത്ത് ചെയ്തോണ്ടിരുന്ന എനിക്ക് ബാക്കി കാര്യങ്ങൾ നടത്തുന്നതിലും ഒരു ബുദ്ധിമുട്ടും ഒന്നും ഇല്ലായിരുന്നു. പിള്ളേരെ വിളിച്ച് പറഞ്ഞാൽ മതി അവർ വന്നു എല്ലാം ഭംഗിയായി ചെയ്തോളും. വളരെ കുറച്ച് ആൾക്കാർ മാത്രം പങ്കെടുക്കുന്ന കല്യാണം ആയതിനാൽ വീട്ടിൽ വച്ചുതന്നെ നടത്താമെന്നും ഞങ്ങൾ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *