ഇന്ന് കല്യാണത്തിന്റെ അന്ന് പൊട്ടിമുളച്ച ദേവുവിന്റെ സ്വന്തത്തിൽ ഉള്ള രണ്ടു കാരണവന്മാർ രക്ഷാധികാരം സ്ഥാപിക്കാനായി ഓരോ നിർദ്ദേശങ്ങളുമായി നടക്കുന്നുണ്ട്. എന്നാൽ എന്തോ വാശിയിലെന്നപോലെ എന്റെ അച്ഛൻ എല്ലായിടത്തും ഓടി നടന്ന് അവർക്ക് മുന്നേ ചെയ്യേണ്ട കാര്യങ്ങൾ ഓരോരുത്തരോടും നിർദ്ദേശിക്കുന്നുണ്ട്.
എന്റെ ചുണ്ടിൽ ചെറുതായി ചിരി നിറഞ്ഞു.
കല്യാണ വർക്കിൽ ഉള്ളത് മൊത്തം എന്റെ ആൾക്കാർ ആയതിനാൽ എന്റെ അച്ഛൻ പറയുന്നതേ അവർ കേൾക്കുകയുള്ളു. ദേവുവിന്റെ കരണവന്മാർക്ക് ചുമ്മാ ഓരോന്ന് പറഞ്ഞ് നടക്കാം എന്ന് മാത്രം.
വിരലിലെ മുറിവ് ഭേദമായി വരുന്നതേ ഉള്ളു. അതുകൊണ്ട് എല്ലാം ഇങ്ങനെ മേൽനോട്ടം വഹിച്ച് നിൽക്കുകമാത്രമാണ് എന്റെ ചുമതല. എന്റെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ പിള്ളേർ ചെയ്തോളും.
കുറച്ച് മുൻപാണ് അഭിലാഷും കൂട്ടരും എത്തിയത്. അവരെ സ്വീകരിച്ച് ഇരുത്തി അഭിലാഷിനെ വീട്ടിനകത്തെ ഒരു മുറിയിൽ ആക്കിയിട്ട് വരുകയായിരുന്നു ഞാൻ.
പടികൾ ഇറങ്ങി പന്തലിലേക്ക് നടക്കുമ്പോഴാണ് ഒരു പെൺകുട്ടി എന്നെ മറികടന്ന് പോയത്.. എവിടേയോ കണ്ട് നല്ല പരിചയം പോലെ.
തിരിഞ്ഞ് നോക്കുമ്പോൾ അവളും എന്നെ നോക്കി നിൽക്കുകയാണ്.
ഒരു നീലയും ഗോൾഡും കലർന്ന കളറിൽ ഉള്ള സാരി ആണ് ഉടുത്തിരുന്നത്. മുടിയിൽ മുല്ലപ്പൂ കൂടിയിട്ടുണ്ട്. ഒരു വെളുത്ത സുന്ദരി കുട്ടി.
ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ അവളിൽ നിന്നും ചോദ്യം വന്നു.
“ഏട്ടന് എന്നെ മനസ്സിലായോ?”
അപ്പോഴേക്കും എനിക്ക് ആളെ മനസ്സിലായിരുന്നു. എങ്കിലും ഞാൻ സംശയത്തോടെ ചോദിച്ചു.
“പ്രിയ അല്ലെ?”
പുഞ്ചിരിയോടെ അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി.
ദേവു ഒരിക്കൽ എനിക്കുവേണ്ടി ആലോചിക്കാം എന്ന് പറഞ്ഞ അവളുടെ ഹോസ്റ്റൽ റൂം മേറ്റ് ആണ് പ്രിയ. ഫോണിൽ ഫോട്ടോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു.
“നേരിട്ട് കണ്ടിട്ടില്ലെന്ന് ഉള്ളു, ദേവു ചേച്ചി പറഞ്ഞ് ഏട്ടനെ നന്നായിട്ടറിയാം. ചേച്ചി എന്ത് പറഞ്ഞ് തുടങ്ങിയാലും അവസാനം വന്ന് നിൽക്കുന്നത് ഏട്ടനിൽ ആയിരിക്കും.
“ദേവു പ്രിയയെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ നേരിട്ട് കൊണ്ടുവന്ന് കാണിക്കാം എന്നൊക്കെ പറഞ്ഞതായിരുന്നു.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ഇപ്പോൾ എന്തായാലും ചേച്ചി കാരണം തന്നെ നമ്മൾ നേരിട്ട് കണ്ടില്ലേ..”
അവളുടെ മറുപടി കേട്ട് ഞാനും ചിരിച്ചു.
“ചേച്ചി എവിടെ?”
“അവൾ അകത്തെ റൂമിൽ ഉണ്ട്. ഒരുങ്ങി കഴിഞ്ഞു.”
“ഞാനൊന്ന് പോയി ചേച്ചിയെ കാണട്ടെ. തിരക്കിപ്പിടിച്ച് ഇങ്ങ് എത്തിയപ്പോഴേക്കും കുറച്ച് ലേറ്റ് ആയി പോയി.”
ശരിയെന്ന അർഥത്തിൽ ഞാൻ പുഞ്ചിരിയോടെ തലയാട്ടി. എല്ലാരോടും പെട്ടെന്ന് കൂട്ടാകുന്ന ഒരു കാരക്ടർ ആണെന്ന് തോന്നുന്നു.
ഞാൻ നേരെ സദ്യ വിളമ്പുന്ന പന്തലിലേക്ക് നടന്നു.
അവിടെ ഇലയെല്ലാം ഇട്ട് തൊടുകറി വിളമ്പി തുടങ്ങിയിരുന്നു. താലികെട്ട് കഴിഞ്ഞയുടൻ ആൾക്കാർ കഴിക്കാൻ കയറും. അതുകൊണ്ട് ഇപ്പോഴേ വിളമ്പി വയ്ക്കുകയാണ്.
സാമ്പാർ കോരി വിളമ്പാനുള്ള തൊട്ടിയിലേക്ക് ഒഴിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പറഞ്ഞു.
“അപ്പു.. എല്ലാം നോക്കി ചെയ്തേക്കണം, എനിക്ക് ഇടക്ക് വന്ന് ഇവിടെ ശ്രദ്ധിക്കാൻ പറ്റില്ല.”
കാറ്ററിങ് വരുന്ന പിള്ളേരുടെ ലീഡർ ആണ് അപ്പു. അവനാണ് കാറ്ററിങ്ങിനുള്ള പിള്ളേരെ സെറ്റ് ചെയ്തുകൊണ്ട് വരുന്നത്.
എന്റെ കല്യാണ വർക്കുകൾക്ക് സ്ഥിരമായി വിളമ്പുന്നത് അപ്പുവും അവന്റെ ടീമും ആണ്.
“ചേട്ടൻ ദൈര്യമായിട്ട് പൊയ്ക്കോ.. ഇതൊരു 60 , 70 പേർക്കുള്ള സദ്യ അല്ലെ?.. നമ്മളൊക്കെ 1500 , 2000 പേർക്കുള്ള വർക്ക് ചെയ്തുട്ടുള്ളതല്ലേ.”
ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
“പിന്നെ വേറെ കുഴപ്പം ഒന്നും ഇല്ലാല്ലേ ഇവിടിപ്പോൾ?”
“രണ്ടു കിളവന്മാർ ഇടക്കിടക്ക് കൊട്ടേഷൻ അടിയുമായി വരുന്നുണ്ട്. അവരോടു പിള്ളേർ കേറി ചൊറിയുമോ എന്നെ എനിക്ക് ഡൌട്ട് ഉള്ളു.”