“”ഇവിടെതെ ബാത്ത്റൂമിലെ അഴുക്ക് അത്രയും തേച്ചു കഴുകിയിട്ടിട്ടല്ലേ അമ്മച്ചി , ഞാൻ മേലെത്തെ മുറിയിലോട്ട് കുളിക്കാൻ പോയത്…??
CHAPTER……..6
“”അത് നീ എന്നോട് പറഞ്ഞോ…?? ഇവിടെ ഇവൻ നിന്നെയും തേടി നടക്കുവാ..””
“”വിശന്നു വന്നവന് ഊണ് വിളമ്പി കൊടുക്കാൻ ഞാൻ നിന്റെ കാല് പിടിക്കണോ…??”” അമ്മച്ചി ദീപുവിനോട് കോർത്തു.
“”ഞാൻ കുളിക്കാൻ പോകുന്നത് അമ്മച്ചി, കണ്ടതല്ലേ…?? ഇനിയെന്താ പറയാനുള്ളത്..””
“”വീട്ടിൽ ആളില്ലാത്തപ്പോഴാണോടീ മേലെത്തെ കുളിമുറിയിൽ പോയി കുളിക്കണത്…??
“”ആ… ഇനി മുതൽ, “ഞാൻ കുളിക്കാപോകയാണെ”. എന്ന് നാട്ടാരോടൊക്കെ വിളിച്ചു പറഞ്ഞിട്ട് പോകാം എന്താ മതിയോ””
അവൾ ഫസ്റ്റ് ഫ്ലോറിലെ സ്‌റ്റെയ്‌റിന്റെ മേലെത്തെ പടിയിൽ നിന്ന് തലതോർത്തി കൊണ്ട് അമ്മയോട് തർക്കിച്ചു…
“”ഓ… മതി ഇനി ഇതിനെ ചൊല്ലി വഴക്ക് വേണ്ട..!!, ഒറ്റക്ക് വിളമ്പി കഴിക്കുന്ന കാര്യം ഒന്നും എനിക്ക് പുത്തരിയല്ല….”” പ്രശ്നം രൂക്ഷമാവുമെന്ന് തോന്നിയപ്പോൾ ഞാൻ കേറി ഇടപെട്ടു.
താഴോട്ടിറങ്ങണ്ടാ, അവിടെ തന്നെ നിന്നാ മതിയെന്ന് ദീപുവിനോട് ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. കാരണം അമ്മച്ചിയുടെ സ്വഭാവം…..
“”കയർത്ത് സംസാരിക്കണ്ട നീ, അടിച്ചു നിന്റെ ചെവിക്കല്ല് ഞാൻ പൊളിക്കും”” അമ്മച്ചി ദീപുവിനോട് കയർത്തു..
“”മ്മ്മ്… പിന്നെ തൊട്ടു നോക്കണം അവളെ നിങ്ങള്,.. അതൊക്കെ പണ്ട്… ആ പൂതിയങ്ങ് മനസ്സിൽ വച്ചോണ്ടാ മതി… കോപം അങ്ങ് മൂക്കിന്റെ തുമ്പത്താണല്ലോ…??
അപ്രതീക്ഷിതമായി ഞാൻ അമ്മച്ചിയുടെ നേർക്ക് തൊടുത്തു വിട്ട വാക്കുകൾ കേട്ട്, അമ്മച്ചിയും, ദീപുവും ഒരുപോലെ തരിച്ചു നിന്നു.
“”ഒന്നടങ്ങമ്മച്ചി…!! അടങ്ങ്…!! ഈയിടെയായി അമ്മച്ചി ഇത്തിരി ഓവറാണ്… ഒരുപാട് പ്രഷർ കൂട്ടണ്ട.. നിങ്ങള്… ഈ വയസാങ്കാലത്ത് ഇതൊന്നും നല്ലതിനല്ല… നിറുത്താറായില്ലേ, ഈ കളി…??”” ഞാൻ അമ്മച്ചിയോട് എതിർത്തു.
“”നീ ഒരുത്തനാണ് ഇവളെ ഇത്രയും വഷളാക്കിയത്… കണ്ടില്ലേ അവള് സംസാരിക്കുന്നതിന്റെ ശൈലി…??””
“”വയസ്സിനു മൂത്തവരോട് ഇങ്ങനെയാണോടീ സംസാരിക്കണത്..??”” അമ്മച്ചി ദീപുവിനോട് ചോദിച്ചു.
“”എന്താ അവള് ചെയ്ത തെറ്റ്…?? എന്റെ മുറിയിലെ ബാത്‌റൂമിൽ കയറി കുളിച്ചതോ…??””
“”എന്റെ മുറിയിൽ ഉറങ്ങാൻ പോയതൊന്നുവല്ലല്ലോ, അവള് ഉവ്വോ…?? അതിനുള്ള കാരണവും അവള് ബോധിപ്പിച്ചു… ഇനിയെന്താ നിങ്ങൾക്ക് വേണ്ടത്…?? പിന്നെ എന്തിനാണ് ഇങ്ങനെ കിടന്ന് ചൂടാവണത്..”” ഞാനും വിട്ടുകൊടുത്തില്ല.
“”നിറുത്തെടാ… തോന്ന്യവാസി..!! മുതിർന്നവരോട് സംസാരിക്കുന്നത് എങ്ങനെയാന്ന് പഠിച്ചില്ലേ നീയും ഇതുവരെ…???””
“”പിന്നെ… വലിയ മൂത്തവര് വന്നേക്കുണു… ആദ്യം സ്വയം സംസാരിക്കാൻ പഠിക്ക്, എന്നിട്ട് മതി എന്നെയും അവളെയും മര്യാദ പഠിപ്പിക്കല്…!!””
“”മക്കളായാലും, പേരമക്കളായാലും, തന്നോളം വളർന്നാൽ താനെന്നു വിളിക്കാൻ അറിയണം…. ഇല്ലങ്കിൽ അത് പഠിക്കണം… ഈ വീട്ടിൽ നിങ്ങളുടെ ഭരണമാണ് അതുകൊണ്ട് തന്നെയാണ് ഇവിടെ ആണുങ്ങൾക്ക് വാഴ്‌വില്ലാത്തത്.””
“”നീ എന്നെ കാര്യങ്ങളും, മര്യാദയും പഠിപ്പിക്കേണ്ട…””
“”ഹ്മ്മ്…. ആർക്കു വേണം… അല്ലങ്കിലും അത്തരം അതിമോഹങ്ങളൊന്നും എനിക്കില്ല…!!
ഇത്തിരി വയസ്സും പ്രായവുമൊക്കെ ആയാ മനുഷ്യൻ അടങ്ങണം ഇത്രയായിട്ടും നിങ്ങള് പഠിക്കേണ്ട കാര്യങ്ങളൊന്നും പഠിച്ചില്ല അതാ നിങ്ങളുടെ പോരായ്മ.””
ഈ വീട്ടില്, നിങ്ങൾ പറഞ്ഞതെ നടക്കാൻ പാടുള്ളു, അതേ ഇതുവരെ നടന്നിട്ടുമുള്ളൂ…. അതാ നിങ്ങൾക്ക് ഇത്ര അഹങ്കാരം.
“”ആ… ഈ വീട് എന്റെ സ്വന്തമാണ്, ഇവിടെ ഞാൻ പറഞ്ഞതേ നടക്കൂ…””
“”നടത്തിക്കോ… ആരുപറഞ്ഞു വേണ്ടെന്ന്… ഈ വീടും, സ്വത്തുമൊക്കെ കെട്ടിപിടിച്ചോണ്ട് നിധി കാക്കുന്ന ഭൂതം പോലെ ഇവിടെത്തന്നെ ഇരുന്നോ…””
“”വയ്യാതാവുമ്പോ മക്കൾ എന്നെ നോക്കുന്നില്ല എന്നും പറഞ്ഞ് കരഞ്ഞോണ്ട് വേറാരോടും പോയി പരാതി പറഞ്ഞേക്കരുത്.””
“”അതേടാ,… നിന്നെയൊക്കെ പെറ്റ് പോറ്റി വളർത്തിയതിന് എനിക്ക് ഇത് തന്നെ കിട്ടണം.””
