ദീപാരാധന – 1

എന്റെ ആരൊക്കെയോ ആയിരുന്ന…

എന്റെ മനസ്സിന്റെ കോണിൽ ആരോരുമറിയാതെ ഞാൻ എന്തിനോ വേണ്ടി കാത്ത് സൂക്ഷിച്ച സ്വപ്നങ്ങളുടെ പങ്കാളി….

എന്റെ ദീപുവിൽ ജീവന്റെ കണിക അവശേഷിക്കുന്നു എന്നറിഞ്ഞപ്പോൾ എന്റെ ജീവൻ തന്നെ എനിക്ക് തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു.

എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല… എല്ലാം കഴിഞ്ഞു, എല്ലാം നഷ്ട്ടപ്പെട്ടു, ഇനി അതൊക്കെ ഒരു പിടി ചാരം മാത്രമെന്നു എന്ന് കരുതിയ എനിക്ക് അതൊരു വലിയ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു..

ഒരു മായാ ലോകം പോലെ….

 

ജീവാപായം ഒന്നും സംഭവിച്ചില്ലല്ലോ… എന്ന്, ആശ്വസിച്ച എനിക്ക് വേറൊരു ഇരുട്ടടിയാണ് കിട്ടിയത്.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയുമ്പോൾ, മനസ്സിന്റെ സമനില തെറ്റിയ ദീപ്പുവിനെയാണ് എനിക്ക് കിട്ടിയത്…

ഇതിലും കൂടുതൽ ശിക്ഷ ഒരു മനുഷ്യന് കിട്ടാനുണ്ടോ…?

ദൈവം നൽകിയ പളുങ്കു പാത്രം, ഈ കണ്ട കാലമത്രയും ഉള്ളം കൈയിൽ വച്ച് സൂക്ഷിച്ച് അവസാനം മറ്റൊരുവൻ എന്റെ കൈകളിൽ നിന്നും തട്ടി പറിച്ചെടുത്തു ഉടച്ച് വഴിയരികിൽ ഉപേക്ഷിച്ച പോലെ ആയിരുന്നു ദീപു എന്റെ കൈയ്യിൽ കിട്ടുമ്പോൾ

ഈ ജീവിതം പോലും ഒരു കാലയളവ് വരെ എന്റെ സഹോദരി സ്ഥാനത്തു നിൽക്കുന്ന ദീപു എന്ന വ്യക്തിക്ക് വേണ്ടി ഉഴിഞ്ഞു വച്ച ആളായിരുന്നു ഞാൻ.

കാലക്രമേണ, ഒരു സഹോദരി എന്നതിലും ഉപരി അവളിൽ ഞാൻ എന്തൊക്കെയോ പ്രത്യേകതകൾ കണ്ടു തുടങ്ങി.

സിംപതിയുടെ മൂടുപടം ഇല്ലാതെ നോക്കിയാൽ മനസ്സിൽ അവളോട് എന്തോ ഒരിഷ്ടം.

അവൾ എനിക്ക് ആരൊക്കെയോ, ആണെന്ന ഒരു ധാരണ.

അവകാശപെടാനില്ലെങ്കിലും, എന്റെ സ്വന്തമാണെന്ന തോന്നൽ, എന്നിൽ എന്റെ ഉള്ളിന്റെ ഉള്ളിൽ മനസ്സിന്റെ കോണിൽ ഉറഞ്ഞു കുടികിടപ്പുണ്ടായിരുന്നു.

പക്ഷെ അത് ഞാൻ ഒരിക്കൽ പോലും അവളുടെ മുന്നിൽ പ്രകടിപ്പിച്ചിരുന്നില്ല.

ഒരു മാരകമായ പാപം ചെയ്യുന്നതിന് തുല്യമാണ് അത്തരം ചിന്ത എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

“”ടാ… മോനെ, നമ്മുടെ ദീപു കൊച്ചിനെ നീ നന്നായി നോക്കണേ… അവൾക്ക് നമ്മളൊക്കെയേ ഉള്ളൂ., വേറെ ആരുമില്ല.. അവളെ ഒരിക്കലും കൈവിട്ടു കളയരുത് കേട്ടോ…..”” അപ്പൻ അവസാന കാലത്ത് എന്നോടായി എപ്പോഴും പറയുമായിരുന്നു.

സാബുച്ചേട്ടനെ അങ്ങേർക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു… അവൻ അവന്റെ കാര്യങ്ങൾ മാത്രം നോക്കി നടക്കുന്ന ഒരു സ്വാർത്ഥനാണെന്ന് അപ്പൻ നന്നായി മനസ്സിലാക്കിയിരുന്നു.

എന്തിനും ഏതിനും, അവൾ ചോദിക്കുന്നതിനു മുൻപ് തന്നെ അവളുടെ കൈകളിൽ എത്തിക്കുക എന്നത് എന്റെ ഒരു സന്തോഷം ആയിരുന്നു.

 

എന്നിട്ടും അവൾ ഈ കടുംകൈ ഞങ്ങളോട് ചെയ്തു എന്നോർത്തപ്പോൾ ദുഃഖം ചില്ലറയൊന്നുമല്ല ഞാൻ ആനുഭവിച്ചത്.

അത് കൊണ്ടൊക്കെ തന്നെയാണ് അമ്മച്ചിക്ക് അവളോട് ഇത്രയും വൈരാഗ്യവും വെറുപ്പും.

ഒരു സുപ്രഭാതത്തിൽ അവൾ അവന്റെ കൂടെ ജീവിതം ആരംഭിച്ചുവെങ്കിലും അവർ തമ്മിൽ നിയമപരമായ വിവാഹം നടന്നിരുന്നില്ല എന്ന ഞെട്ടിക്കുന്ന സത്യം ഞാൻ വൈകിയാണ് അറിഞ്ഞത്.

വെറുതെ ഒരു ലിവിങ് ടു ഗെതർ എന്ന് ഒരു പ്രോസീജർ മാത്രമാണ് അവർ തമ്മിൽ ഉണ്ടായിരുന്നത്.

അത് കൊണ്ട് തന്നെ അവൻ… കിഷോർ മരിച്ചപ്പോൾ അവൾക്ക് അവന്റെ രക്ഷിതാക്കളിലിൽ നിന്നും നിയമപരമായ അവകാശങ്ങൾ ഒന്നും തന്നെ കിട്ടിയില്ല, എന്ന് മാത്രമല്ല, അതേപ്പറ്റി സംസാരിക്കാൻ പോയ എന്റെ സുഹൃത്തിനെ അവർ ഭീഷപ്പെടുത്തുകയും ചെയ്തു..

അപ്പോഴാണ് അവന്റെ അച്ഛൻ വാളരെ മോശപ്പെട്ട മനുഷ്യനാണെന്ന കാര്യം ഞാൻ അറിഞ്ഞത്.

സ്വന്തം അച്ഛനമ്മമാരെയും വീട്ടുകാരെയും ധിക്കരിച്ചു വേറൊരു പെണ്ണിനെ കെട്ടി, കൂടെ ജീവിതം ആരംഭിച്ചത് കൊണ്ട് അയാളിൽ നിന്നും ഒരു ചില്ലി കാശ് പോലും കിട്ടില്ലെന്ന്‌ അയാൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു.

പൂത്ത പണമുള്ളയാളായത് കൊണ്ട് തന്നെ അഹങ്കാരത്തിന് ഒട്ടും കുറവില്ലായിരുന്നു അയാൾക്ക്.

അത്യാവശ്യം ഗുണ്ടായിസവും ശിങ്കിടികളും മറ്റും ഉള്ള വ്യക്തി… കർണാടകയിലും, കേരളത്തിലും, തമിഴ് നാട്ടിലും ബിസിനസ്സ് ലിങ്ക് ഉള്ള അയാൾക്ക് നമ്മളെ ഒതുക്കാൻ ഒരു പ്രയാസവുമില്ല എന്ന് എനിക്ക് വ്യക്തമായി.

അവളോടുള്ള വൈരാഗ്യവശാൽ സ്വന്തം മകന്റെ ഡെഡ് ബോഡി പോലും അവളെയോ എന്നെയോ കാണിക്കാൻ കൂട്ടാക്കിയില്ല അയാൾ.

സ്ട്രക്ച്ചറിൽ തലയോടെ പുതച്ചു ഒരു വെള്ള തുണിയിൽ പൊതിഞ്ഞ പ്രജ്ഞയറ്റ ശരീരം മാത്രം… അതും ദൂരെ നിന്നും കണ്ടിട്ടാണ് ഞാൻ പോയത്.

അന്ന് രായ്ക്ക് രാമാനം ബാംഗ്ളൂരിൽ നിന്ന് ഫ്‌ളൈറ്റിന് ടിക്കട്ടെടുത്ത ഞാൻ അവളെയും കൊണ്ട് ഞങ്ങളുടെ നാട്ടിലെത്തി.

പിന്നെ നേരെ ഒരു സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കാണ് ഞങ്ങൾ പോയത്.

 

ആഴ്ചകളോളം ആശുപത്രി കിടക്കയിൽ കിടന്ന ദീപുവിനെ അവസാനം തിരികെ വീട്ടിൽ എത്തിച്ചു.

അന്ന് മുതൽ ഇന്ന് വരെ അമ്മച്ചിയുടെ കുത്ത് വാക്കുകൾക്ക് യാതൊരു കുറമുണ്ടായിട്ടില്ല.

അന്നത്തെ ഓരോ ദിവസവും എന്നെ സംബന്ധിച്ചിടത്തോളം ഓരോ യുഗങ്ങളേ പോലായിരുന്നു.

അവളെ ഞാൻ ഈ വീട്ടിൽ തിരികെ കൊണ്ടുവന്നത് മുതൽ അമ്മയുടെ ചില മുന വച്ചുള്ള നോട്ടവും സംസാരവും ഒക്കെ സഹിക്കുന്നത്തിലും അപ്പുറത്തായിരുന്നു.

“”ങാ… നന്നായിട്ടുണ്ട്… സഹിച്ചോ… സഹിച്ചോ… ഇനി അവളുടെ “”പേറെടുക്കാനും””കൂടി ഒരാളെ ഏർപ്പാട് ചെയ്തോ… അതാവുമ്പം ഇരു ചെവി അറിയാതെ കാര്യം കഴിഞ്ഞു കിട്ടും, സൗജന്യമായി നിനക്ക് ഒരു കൊച്ചിനെയും കൂടി കിട്ടുവല്ലോ…!!””

“”നീ ഒറ്റ ഒരുത്തനാ അവളെ ഇത്രയും വഷളാക്കിയത്, എല്ലാറ്റിനും ഓതാശ ചെയ്തു കൊടുത്തിട്ട് ഇപ്പൊ ഒന്നുമറിയാത്തവനെ പോലെ വന്നിട്ട് നിക്കുന്നത് കണ്ടില്ലേ…!?!””

“”ഇനി ആർക്കറിയാം, അവള് ഇതുവരെ നിന്റെ കൂടെയങ്ങാനുമാ പൊറുത്ത്ന്ന്. എന്നിട്ട് കാണുന്നവരുടെ കണ്ണീ പൊടിയിടാൻ നടക്കുവാ…””

“”അമ്മച്ചീ… ഇത്തരത്തിൽ കണ്ണീ ചോരയില്ലാതെ, എനിക്ക് മനസ്സറിവ് പോലുമില്ലാത്ത കാര്യത്തിൽ ഇങ്ങനൊന്നും പറയരുത് കേട്ടോ…!!””

അമ്മച്ചിടെ വർത്തമാനം കേട്ടാൽ തോന്നും അവളെ ഞാനങ്ങാനും തട്ടിക്കൊണ്ടുപോയി പിഴപ്പിച്ച് തിരികെ വീട്ടിൽ കൊണ്ടാക്കിയതാനെന്ന്.

എല്ലാം കേട്ട് സഹിക്കാനും, അനുഭവിക്കാനും ഒക്കെ ഞാൻ എന്ന ഒരു പാഴ് ജന്മം ഇവിടെ ഉള്ളത് കൊണ്ടല്ലേ ഈ കുറ്റപ്പെടുത്തലുകൾ.

പിന്നെ എന്നെ സംബന്ധിച്ച് ഇതൊന്നും വലിയ പുത്തരിയല്ല ഓർമ്മ വച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പല്ലവിയാണല്ലോ എന്നോർക്കുമ്പോൾ എല്ലാം നിസ്സാരം. പറയുന്നത് എന്നെ പെറ്റ അമ്മയല്ലേ എന്നോർക്കുമ്പോൾ എന്റെ മനസ്സ് താനേ തണുക്കും.

അപ്പൊ ചുരുക്കി പറഞ്ഞാ ഞാൻ ഇപ്പൊ ജോലിയും വിട്ട് ഇടയ്ക്കിടെ നാട്ടിലേക്ക് വരേണ്ടി വരും. അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും അമ്മച്ചിക്ക് അറിയേണ്ട.

Leave a Reply

Your email address will not be published. Required fields are marked *