ദീപാരാധന – 1

ആ സുഹൃത്തിന്റെ കുടുംബത്തെ കാര്യമായിട്ട് കൈയയച്ചു സഹായിച്ചതാണ് അപ്പച്ഛന് പറ്റിയ തെറ്റ് എന്ന് പലരും പിന്നീട് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.

അപ്പച്ഛന്റെ ഉറ്റ മിത്രമായ ആ വ്യക്തിയുടെ വേർപാടാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.

ആ വ്യക്തിയുടെ വേർപാടിലും, അഭാവത്തിലും അപ്പച്ചൻ പലപ്പോഴും വളരെ ആസ്വസ്തനായിരുന്നു.

അതിന്റെ പേരിൽ അദ്ദേഹത്തിന്റെ സഹധർമിണിയെ സാമ്പത്തികമായും, അല്ലാതെയുമൊക്കെ സഹായിച്ചിരുന്നു എന്നത് സത്യമാണെന്ന് കേട്ടറിവിലൂടെ എനിക്കറിയാം.

പക്ഷെ അപ്പച്ഛൻ ഒരു കാരണവശാലും പരസ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കില്ല… അത്തരം ഒരു വഴിവിട്ട ബന്ധത്തിൽ ചെന്നു ചാടുന്ന ആളല്ല മാത്യു എന്ന് മറ്റ് പലരും പറഞ്ഞിട്ടുണ്ട്…

അതിന്റെ പേരിൽ പാർട്ടിയിലെ ചിലർ തന്നെ അവരെ പറ്റി കഥകൾ മെനഞ്ഞു എന്ന് വേണം പറയാൻ.

“അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം”
എന്ന് പറഞ്ഞത് പോലെ, എന്തൊരു ഇഷ്യൂ വന്നാലും അതിന് രണ്ടു പക്ഷക്കാർ കാണും, എന്തെങ്കിലും പറയാൻ.

ആ വ്യക്തിയുടെ വേർപാടിന് ശേഷം അയാളുടെ ഭാര്യയുമായി അപ്പന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ, എന്നതിനെ കുറിച്ചും…
അയാളുടെ ഭാര്യക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നും എനിക്കറിയില്ല.

അത് ചോദിച്ചറിയാനുള്ള ബുദ്ധിയും പക്വതയുമൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല.

പക്ഷെ ഒരു സുപ്രഭാതത്തിൽ അപ്പച്ഛൻ ഒരു കൊച്ചു പെൺകുട്ടിയുടെ കൈയും പിടിച്ചു കൊണ്ട് ഞങ്ങളുടെ വീട്ടിൽ വന്നു കയറി…

ഈ കൊച്ച് ആരാണെന്ന് ഞാൻ ചോദിച്ചപ്പോൾ, “”ഇത് നിന്റെ അനിയത്തിയാണ് “” എന്ന് അപ്പച്ചൻ പരിചയപ്പെടുത്തിയത് എനിക്കോർമ്മയുണ്ട്…

കണ്ടവർ പലരും, വിധിയെഴുതി അത് മത്തായിച്ചന് വേറെ ബന്ധത്തിൽ ഉണ്ടായ മകൾ തന്നെയാണെന്ന്.

എനിക്കന്ന്, എഴോ എട്ടോ വയസ്സ് പ്രായം കാണും…

ആ കാലം മുതൽക്കേ എന്റെ കൂടെപ്പിറപ്പ് പോലെ ഒരു സുഹൃത്ത് പോലെ കൊണ്ടു നടന്നതാണ് ദീപുവിനെ ഞാൻ.

പക്ഷെ അമ്മച്ചിയ്ക്ക് ഈ കഥയൊന്നും ദഹിച്ചില്ല..

അതൊരിക്കലും അംഗീകരിക്കാനൊ വിശ്വസിക്കാനോ അമ്മച്ചി തയ്യാറായുമില്ലായിരുന്നു… പൊതുവായ ധാരണയുള്ളവരുടെ കൂട്ടത്തിലായിരുന്നു അമ്മച്ചി.

അതിനെ ചൊല്ലി ഈ വീട്ടിൽ പലപ്പോഴും അമ്മച്ചിയും അപ്പച്ചനുമായി മുഴുത്ത വഴക്കും വാക്കേറ്റവും ഒക്കെ നടന്നിട്ടുണ്ട്…

കൂടാതെ അമ്മച്ചിയുടെ ആത്മഹത്യാ ഭീഷണിയും. അതൊന്നും കണ്ട് അപ്പച്ഛൻ കുലുങ്ങിയില്ല.

അപ്പൻ പാർട്ടിയിൽ പുലിയായിരുന്നു എങ്കിലും വീട്ടിൽ ഒരു പഞ്ചപാവമായിരുന്നു.

പാവം അപ്പച്ഛൻ അമ്മച്ചിയോട് എതിർത്തു സംസാരിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല…

ആ പിഞ്ചു കുഞ്ഞിന് വേണ്ടി ആയിരിക്കാം അപ്പച്ഛൻ ആ പേര് ദോഷവും, ത്യാഗങ്ങളും, സ്വന്തം നെഞ്ചിലേറ്റിയത്..

സ്വന്തം ഭ്യാര്യയിൽ നിന്നു പോലും അഹങ്കാരത്തിന്റെയും, സംശയത്തിന്റെയും കുത്ത് വാക്കുകളും കേട്ട് സഹിച്ചത്.

സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ അപ്പച്ഛൻ… മക്കളായ ഞങ്ങളെ ഒരിക്കലും വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല.

അത് അപ്പച്ഛന്റെ ജാര സന്തതിയാണെന്ന് അമ്മച്ചിയടക്കം നാട്ടിൽ പലരും പറഞ്ഞ് നടന്നു. വിശ്വസിച്ചു.

അമ്മച്ചിയുടെ വിശ്വാസത്തിനും, ധാരണയ്ക്കും ഒരിക്കലും മാറ്റം വന്നില്ല…

ആ വിശ്വാസത്തെ അപ്പച്ഛൻ അന്നും കാര്യമായി തിരുത്താനും നിന്നില്ല.

… വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും… പലർക്കും ആ ധാരണ ഇപ്പോഴും ഉണ്ട്.

പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ എന്നായിരുന്നു പുള്ളിയുടെ നിലപാട്.

ആ കാരണത്താൽ അമ്മച്ചി ഒരിക്കലും ദീപുവിനെ ഒരു മകളായി, അഥവാ മകളെ പോലെയോ കണ്ടതുമില്ല.

ഒരു നല്ല വാക്കോ, സ്നേഹമോ ലാളനയോ അവൾക്ക് അവരിൽ നിന്നും ഈ കാലമത്രയും ലഭിച്ചിട്ടുമില്ല.

വിദ്യാഭ്യാസം ഒക്കെ കൃത്യമായി കൊടുത്തു എന്നതൊഴിച്ചാൽ അവൾ ഞങ്ങളുടെ വീട്ടിൽ എന്നും ഒരു അന്യയെ പോലെ ആയിരുന്നു.

 

അമ്മച്ചി എന്തിനവളെ, വേർതിരിച്ചു കാണുന്നു എന്ന് ഞാൻ പലപ്പോഴും അമ്മയോട് ചോദിച്ചിട്ടുണ്ട്… എന്റെ ചെറുപ്പകാലത്ത്. അന്നതിന് എനിക്ക് പൊതിരെ തല്ലും കിട്ടിയിട്ടുണ്ട്…

എന്നാ, എപ്പോഴും അങ്ങനെയാണെന്ന് എനിക്കും പറയാൻ പറ്റില്ല… അമ്മച്ചിയുടെ ഓരോ മൂഡ് അനുസരിച്ച് ആയിരിക്കും സ്വഭാവത്തിന്റെ അവസ്ഥ.

ഒരു നോർമൽ വ്യക്തിയായ അമ്മച്ചിയിൽ നിന്നും വ്യത്യസ്ഥ സ്വഭാവം പലപ്പോഴും ഞാൻ കണ്ടിട്ടുണ്ടെങ്കിലും എന്നാൽ അവർക്ക് അത്തരത്തിൽ ഒരു മാനസിക പ്രശ്നങ്ങൾ ഉള്ളതായി എനിക്കറിയില്ല…

ചില നേരങ്ങളിൽ അമ്മച്ചിയുടെ പെരുമാറ്റം കാണുമ്പോൾ എനിക്ക് തന്നെ, സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…

ഒരു പെണ്ണായ അവൾക്ക് അത് എത്രകണ്ട് അഹിക്കാനാവുമെന്ന് എനിക്ക് ഊഹിക്കാമായിരുന്നു…

കാര്യങ്ങൾ തീരുമാനിക്കാനുള്ള കെൽപ്പൊക്കെ എനിക്ക് വന്നതോടെ, ഞാൻ സ്വന്തമായി ചില തീരുമാനങ്ങൾ എടുത്തു…

ദീപു പത്താം ക്ലാസ് പാസായപ്പോ അവളെ ഞാൻ തന്നെ ഞങ്ങളുടെ ആന്റിയുടെ (അപ്പച്ചന്റെ ഏക സഹോദരി ) വീട്ടിൽ കൊണ്ടു വിട്ടു… ഹൈറേഞ്ചിൽ.

അവിടെയെങ്കിലും അവൾക്ക് ഇത്തിരി സമാധാനവും സ്വസ്ഥതയും കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ എന്ന് കരുതി.

എന്റെ സ്വന്തം കാര്യങ്ങളിൽ പോലും എനിക്ക് ഇത്രയും പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടില്ല അത്രയും ദീപുവിന്റെ കാര്യത്തിൽ വന്നത് പോലെ.

അങ്ങനെ ആന്റിയുടെ രണ്ട് പെണ്മക്കളുടെ കൂടെ ദീപുവും ജീവിച്ചു പോയി.

എങ്കിലും ഞങ്ങളുടെ വീട്ടിൽ നിന്നും അവൾക്കനുഭവിക്കേണ്ടി വന്നത്രയും ഏതായാലും കാണില്ല എന്നെനിക്കറിയാം

ഇടയ്ക്കിടെ ഞാൻ ദീപുവിനെ സന്ദർശിക്കാൻ ആന്റിയുടെ വീട്ടിൽ പോകുമായിരുന്നു..

എന്നെ കണ്ടാൽ ഉള്ള സന്തോഷം ഒഴിച്ചാൽ അവൾ അപ്പോഴും ഹാപ്പി ആയിരുന്നില്ല എന്നെനിക്ക് മനസ്സിലായി.

എങ്കിലും ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമായിരുന്നു.

 

എനിക്ക് ചെറിയ ജോലിയൊക്കെ കിട്ടിയതിനു ശേഷം ഞാൻ അവൾക്കായുള്ള ചിലവിന്റെ കാശ്, ആന്റീടെ കൈയ്യിൽ കൊടുക്കുമായിരുന്നു.

പിന്നെ.. അത്യാവശ്യ കാര്യങ്ങൾക്കായി ചെറിയ പോക്കറ്റ് മാണി അവളുടെ കൈയിലും കൊടുത്ത് മടങ്ങും.

ഞങ്ങളുടെ സ്വന്തം വീട്ടിൽ ഉള്ളപ്പോൾ ശൈശവത്തിലും, ബാല്യത്തിലും ഒക്കെ അവളുടെ അച്ഛനും അമ്മയും ഒക്കെ ഞാനായിരുന്നു…

എന്തിനും ഏതിനും എന്നെ കൂട്ട് പിടിച്ചു മാത്രമേ അവൾ എന്തും ചെയ്തിട്ടുള്ളു…

ഊണും, ഉറക്കവും എന്ന് വേണ്ട, എപ്പോഴും എന്റെ ഒരു സന്തത സാഹചാരിണി ആയിരുന്നു അവൾ.

എന്തിനേറെ, എന്താവശ്യമുണ്ടെങ്കിലും ആദ്യം അവൾ എന്നോടാണ് പറയാറുള്ളത്.

ഏകദേശം എട്ടാം ക്ലാസ് ആയപ്പോഴേക്കും അവൾ എന്നിൽ നിന്നും അകറ്റപ്പപ്പെട്ടു.

ഞാനുമായുള്ള സമ്പർക്കവും, കൂട്ടുകെട്ടും ഒക്കെ അമ്മച്ചി സാവകാശം വിലക്കി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *