ഈ കൊച്ച് ആരാണെന്ന് ഞാൻ ചോദിച്ചപ്പോൾ, “”ഇത് നിന്റെ അനിയത്തിയാണ് “” എന്ന് അപ്പച്ചൻ പരിചയപ്പെടുത്തിയത് എനിക്കോർമ്മയുണ്ട്…
കണ്ടവർ പലരും, വിധിയെഴുതി അത് മത്തായിച്ചന് വേറെ ബന്ധത്തിൽ ഉണ്ടായ മകൾ തന്നെയാണെന്ന്.
എനിക്കന്ന്, എഴോ എട്ടോ വയസ്സ് പ്രായം കാണും…
ആ കാലം മുതൽക്കേ എന്റെ കൂടെപ്പിറപ്പ് പോലെ ഒരു സുഹൃത്ത് പോലെ കൊണ്ടു നടന്നതാണ് ദീപുവിനെ ഞാൻ.
പക്ഷെ അമ്മച്ചിയ്ക്ക് ഈ കഥയൊന്നും ദഹിച്ചില്ല..
അതൊരിക്കലും അംഗീകരിക്കാനൊ വിശ്വസിക്കാനോ അമ്മച്ചി തയ്യാറായുമില്ലായിരുന്നു… പൊതുവായ ധാരണയുള്ളവരുടെ കൂട്ടത്തിലായിരുന്നു അമ്മച്ചി.
അതിനെ ചൊല്ലി ഈ വീട്ടിൽ പലപ്പോഴും അമ്മച്ചിയും അപ്പച്ചനുമായി മുഴുത്ത വഴക്കും വാക്കേറ്റവും ഒക്കെ നടന്നിട്ടുണ്ട്…
കൂടാതെ അമ്മച്ചിയുടെ ആത്മഹത്യാ ഭീഷണിയും. അതൊന്നും കണ്ട് അപ്പച്ഛൻ കുലുങ്ങിയില്ല.
അപ്പൻ പാർട്ടിയിൽ പുലിയായിരുന്നു എങ്കിലും വീട്ടിൽ ഒരു പഞ്ചപാവമായിരുന്നു.
പാവം അപ്പച്ഛൻ അമ്മച്ചിയോട് എതിർത്തു സംസാരിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല…
ആ പിഞ്ചു കുഞ്ഞിന് വേണ്ടി ആയിരിക്കാം അപ്പച്ഛൻ ആ പേര് ദോഷവും, ത്യാഗങ്ങളും, സ്വന്തം നെഞ്ചിലേറ്റിയത്..
സ്വന്തം ഭ്യാര്യയിൽ നിന്നു പോലും അഹങ്കാരത്തിന്റെയും, സംശയത്തിന്റെയും കുത്ത് വാക്കുകളും കേട്ട് സഹിച്ചത്.
സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ അപ്പച്ഛൻ… മക്കളായ ഞങ്ങളെ ഒരിക്കലും വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല.
അത് അപ്പച്ഛന്റെ ജാര സന്തതിയാണെന്ന് അമ്മച്ചിയടക്കം നാട്ടിൽ പലരും പറഞ്ഞ് നടന്നു. വിശ്വസിച്ചു.
അമ്മച്ചിയുടെ വിശ്വാസത്തിനും, ധാരണയ്ക്കും ഒരിക്കലും മാറ്റം വന്നില്ല…
ആ വിശ്വാസത്തെ അപ്പച്ഛൻ അന്നും കാര്യമായി തിരുത്താനും നിന്നില്ല.
… വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും… പലർക്കും ആ ധാരണ ഇപ്പോഴും ഉണ്ട്.
പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ എന്നായിരുന്നു പുള്ളിയുടെ നിലപാട്.
ആ കാരണത്താൽ അമ്മച്ചി ഒരിക്കലും ദീപുവിനെ ഒരു മകളായി, അഥവാ മകളെ പോലെയോ കണ്ടതുമില്ല.
ഒരു നല്ല വാക്കോ, സ്നേഹമോ ലാളനയോ അവൾക്ക് അവരിൽ നിന്നും ഈ കാലമത്രയും ലഭിച്ചിട്ടുമില്ല.
വിദ്യാഭ്യാസം ഒക്കെ കൃത്യമായി കൊടുത്തു എന്നതൊഴിച്ചാൽ അവൾ ഞങ്ങളുടെ വീട്ടിൽ എന്നും ഒരു അന്യയെ പോലെ ആയിരുന്നു.
അമ്മച്ചി എന്തിനവളെ, വേർതിരിച്ചു കാണുന്നു എന്ന് ഞാൻ പലപ്പോഴും അമ്മയോട് ചോദിച്ചിട്ടുണ്ട്… എന്റെ ചെറുപ്പകാലത്ത്. അന്നതിന് എനിക്ക് പൊതിരെ തല്ലും കിട്ടിയിട്ടുണ്ട്…
എന്നാ, എപ്പോഴും അങ്ങനെയാണെന്ന് എനിക്കും പറയാൻ പറ്റില്ല… അമ്മച്ചിയുടെ ഓരോ മൂഡ് അനുസരിച്ച് ആയിരിക്കും സ്വഭാവത്തിന്റെ അവസ്ഥ.
ഒരു നോർമൽ വ്യക്തിയായ അമ്മച്ചിയിൽ നിന്നും വ്യത്യസ്ഥ സ്വഭാവം പലപ്പോഴും ഞാൻ കണ്ടിട്ടുണ്ടെങ്കിലും എന്നാൽ അവർക്ക് അത്തരത്തിൽ ഒരു മാനസിക പ്രശ്നങ്ങൾ ഉള്ളതായി എനിക്കറിയില്ല…
ചില നേരങ്ങളിൽ അമ്മച്ചിയുടെ പെരുമാറ്റം കാണുമ്പോൾ എനിക്ക് തന്നെ, സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…
ഒരു പെണ്ണായ അവൾക്ക് അത് എത്രകണ്ട് അഹിക്കാനാവുമെന്ന് എനിക്ക് ഊഹിക്കാമായിരുന്നു…
കാര്യങ്ങൾ തീരുമാനിക്കാനുള്ള കെൽപ്പൊക്കെ എനിക്ക് വന്നതോടെ, ഞാൻ സ്വന്തമായി ചില തീരുമാനങ്ങൾ എടുത്തു…
ദീപു പത്താം ക്ലാസ് പാസായപ്പോ അവളെ ഞാൻ തന്നെ ഞങ്ങളുടെ ആന്റിയുടെ (അപ്പച്ചന്റെ ഏക സഹോദരി ) വീട്ടിൽ കൊണ്ടു വിട്ടു… ഹൈറേഞ്ചിൽ.
അവിടെയെങ്കിലും അവൾക്ക് ഇത്തിരി സമാധാനവും സ്വസ്ഥതയും കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ എന്ന് കരുതി.
എന്റെ സ്വന്തം കാര്യങ്ങളിൽ പോലും എനിക്ക് ഇത്രയും പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടില്ല അത്രയും ദീപുവിന്റെ കാര്യത്തിൽ വന്നത് പോലെ.
അങ്ങനെ ആന്റിയുടെ രണ്ട് പെണ്മക്കളുടെ കൂടെ ദീപുവും ജീവിച്ചു പോയി.
എങ്കിലും ഞങ്ങളുടെ വീട്ടിൽ നിന്നും അവൾക്കനുഭവിക്കേണ്ടി വന്നത്രയും ഏതായാലും കാണില്ല എന്നെനിക്കറിയാം
ഇടയ്ക്കിടെ ഞാൻ ദീപുവിനെ സന്ദർശിക്കാൻ ആന്റിയുടെ വീട്ടിൽ പോകുമായിരുന്നു..
