നിറമുള്ള വെയിലുകൾ 4

“അയ്യോ ചെറുക്കന്‍ ഇപ്പം അങ്ങോട്ടൊന്നും വരുന്നില്ലേ?”

പൌലോസ് ചോദിച്ചു.

“അതെന്നാ മോനെ?”

“അത് ചാച്ചാ ഇപ്പം ഓഫീസില്‍ കൊറച്ച് തെരക്കുള്ള ടൈമാ…അതുകൊണ്ടാ…”

അത് പറഞ്ഞ് വിന്‍സെന്റ് കാണുന്നത് തന്നെ തറച്ച് നോക്കി നില്‍ക്കുന്ന സാന്ദ്രയെ ആണ്.
അവളെ നോക്കി അവനൊന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
അവളാകട്ടെ ഗൌരവത്തില്‍ തന്നെ അവനെ നോക്കി.

“അതെ എന്തേലും ആകട്ടെ!”

ആന്‍റണി പറഞ്ഞു.

“പൌലോച്ചാ ചേട്ടത്തി നിങ്ങള് ഒന്നിരുന്നെ…”

ആന്‍റണി തനിക്കെതിരെയുള്ള ഇരിപ്പിടങ്ങളിലേക്ക് കൈ കാണിച്ചു.
പൌലോസും ത്രെസ്സ്യാമ്മയും പരസ്പ്പരം നോക്കി.
അല്‍പ്പം മടിച്ചാണെങ്കിലും അവര്‍ സൂസനും ആന്‍റണിയ്ക്കുമെതിരെ കസേരകളില്‍ ഇരുന്നു.

“ഞങ്ങള് ഒരു കല്യാണക്കാര്യം പറയാനാ വന്നെ,”

ആന്‍റണി പറഞ്ഞു.
പൌലോസും ത്രേസ്യാമ്മയും പരസ്പ്പരം നോക്കി.
അവരുടെ മുഖങ്ങളില്‍ സന്തോഷം വിടര്‍ന്നു.
ജയ് മോളും വിന്സെന്റും പരസ്പ്പരം നോക്കി.

“മാത്തൂച്ചന്‍ അങ്ങനെ കെട്ടാന്‍ തീരുമാനിച്ചു അല്ലെ?”

മാത്യൂസിന്‍റെ മുഖത്തേക്ക് നോക്കി പൌലോസ് ചോദിച്ചു.

“നല്ല കാര്യവാ..കാണുമ്പം ഞാനും അതൊന്നു പറയാന്‍ വേണ്ടി ഇരുന്നതാ…”

“മത്തനല്ല പൌലോച്ചാ…”

ആന്‍റണി ചിരിച്ചു.

“അയ്യോ മാത്തൂച്ചനല്ലേ പിന്നെ ആര്‍ക്കാ?”

അയാള്‍ സാന്ദ്രയുടെ മുഖത്തേക്ക് നോക്കി.

“കൊച്ചിനെ കെട്ടിക്കാന്‍ ആണോ? അയ്യോ അതിനിനീം ടൈം ഇല്ലേ? പടുത്തോം ഒക്കെ കഴിഞ്ഞിട്ട് പോരെ? എടിപിടീന്നു ഇപ്പം എന്നെത്തിനാ?”

അപ്പോഴൊക്കെ സാന്ദ്രയുടെ കണ്ണുകള്‍ വിന്സെന്റിന്‍റെ മുഖത്തായിരുന്നു.
അവന്‍ പുഞ്ചിരികാനുള്ള ശ്രമത്തിലാണ് ഇപ്പോഴും.

“അത് മതിയാരുന്നു പൌലോച്ചാ..പക്ഷെ ഇപ്പം കൊള്ളാവുന്ന ഒരു ആലോചന വന്നിട്ടുണ്ട്. അതുകൊണ്ടാ,”

ആന്‍റണി തുടര്‍ന്നു.

“അങ്ങനെയാന്നോ?”

പൌലോസ് ചോദിച്ചു.

“കൊള്ളാവുന്ന കൂട്ടരാന്നെ കൊഴപ്പവില്ല… പെണ്ണുകാണല്‍ ഒക്കെ നടന്നോ? ചെറുക്കനും പെണ്ണിനും ഇഷ്ടവായോ?”

“അതിപ്പം ….”

ആന്‍റണി ചിരിച്ചു.

“പെണ്ണ് കണ്ടു…നമ്മടെ സാന്ദ്ര മോള് കണ്ടു…പെണ്ണിന് ചെറുക്കനെ
ഇഷ്ടമായി….ചെറുക്കന് ഇഷ്ടമായോ എന്നറിയില്ല …ഇല്ലന്നു ഒരു ശ്രുതിയൊണ്ട്….”

ആ വാക്കുകള്‍ കേട്ട് ജയ് മോളുടെ ദേഹം തരിച്ചു കയറി.
അവള്‍ സാന്ദ്രയെ ചേര്‍ത്ത് പിടിച്ചു.

“മോളെ, ഞാന്‍ എന്നതാടി ഈ കേക്കുന്നെ?”

ജയ് മോള്‍ സാന്ദ്രയുടെ കാതില്‍ മന്ത്രിച്ചു.

തന്‍റെ വിരലുകളില്‍ അമര്‍ന്നിരിക്കുന്ന ജയ് മോളുടെ കയ്യില്‍ സാന്ദ്ര ഒന്നമര്‍ത്തി.

“ആന്‍റോച്ചന്‍ എന്നതാ ഈ പറയുന്നേ?”

പൌലോസ് ചോദിച്ചു.

“നമ്മടെ സാന്ദ്ര മോളെ ചെറുക്കന് ഇഷ്ട്ടപ്പെട്ടോന്നു സംശയമുണ്ടെന്നോ? അതെന്നാ അവന്‍ കണ്ണു പൊട്ടനാന്നോ? തങ്കം കൊണ്ടുണ്ടാക്കിയ ഈ മാലാഖ കുഞ്ഞിനെ ഇഷ്ട്ടപ്പെടാതിരിക്കാന്‍?”

സാന്ദ്രയുടെ കണ്ണുകളില്‍ നനവ് പടരുന്നത് ജയ് മോള്‍ കണ്ടു.
അവള്‍ കൂട്ടുകാരിയുടെ വിരലുകളില്‍ സ്നേഹപൂര്‍വ്വം അമര്‍ത്തി.

“പൌലോച്ചന്‍ തന്നെ ചോദിച്ചു നോക്ക്, അവന്‍ കണ്ണുപൊട്ടനാണോന്ന്‍!”

“ഇങ്ങ് വിളിച്ചോണ്ട് വാ! ചോദിച്ചിട്ട് തന്നെ കാര്യം! അല്ല പിന്നെ!”

“ചോദിക്കുന്നെ!”

ആന്‍റണി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിന് ആളെവിടാ?”

പൌലോസ് ചോദിച്ചു.

“ആളല്ലേ കൃത്യം മുമ്പിത്തന്നെ നിക്കുന്നെ!”

അത് പറഞ്ഞ് ആന്‍റണി വിന്‍സെന്‍റ്റിനെ നോക്കി.
ഒരു നിമിഷം പൌലോസിന്‍റെയും ത്രേസ്സ്യാമ്മയുടേയും ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി.
അവരുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളി.വിശ്വാസം വരാത്തെ അവര്‍ ആന്‍റണിയേയും സൂസനേയും മാത്യൂസിനെയും നോക്കി.
സൂസന്‍ സമീപത്തിരുന്ന ത്രേസ്സ്യാമ്മയുടെ കൈയ്യില്‍ പിടിച്ചു.
ആന്‍റണി അവരെ പുഞ്ചിരിയോടെ നോക്കി.
നിശബ്ദമായ ആ അന്തരീക്ഷത്തിലേക്ക് സാന്ദ്രയുടെ വിതുമ്പുന്ന ശബ്ദം ചിതറി വീണു.
ജയ് മോളുടെ തോളില്‍ മുഖം ചേര്‍ത്ത് അവള്‍ വിതുമ്പുന്നു.

“കൊച്ചെ, ഇതെന്നാ മോളെ ഇത്?”

മാത്യൂസ് അനുജത്തിയെ ചേര്‍ത്ത് പിടിച്ചു.

“എല്ലാം ഹാപ്പിയായില്ലേ? പിന്നെ എന്തിനാ മോളെ നീ?”

Leave a Reply

Your email address will not be published. Required fields are marked *