വലിയ തട്ടലും മുട്ടലും ഒന്നുമില്ലാതെ അന്നത്തെ ദിവസം പെട്ടെന്ന് കഴിയാറായി.ഇപ്പൊ സമയം ആറര കഴിഞ്ഞു,രാവിലെ മീൻ വാങ്ങി വയ്ക്കാത്തതിന് പണിമാറി വന്നിട്ട് അമ്മയുടെ വായിൽ നിന്നും കേൾക്കാൻ ഇനി വേറെ ഒന്നും ഇല്ല. പുല്ല്,രാവിലെ തന്നെ വാങ്ങി വച്ച മതിയായിരുന്നു എന്നിപ്പോ തോന്നി.പിന്നെ വയ്കുനേരത്തിന് കറിവയക്കാൻ മുട്ടയും വാങ്ങി കൊടുത്ത് ഞാൻ നൈസിൽ വലിഞ്ഞു.പിന്നെ കൊറേ നേരം ക്ലബ്ബിൽ കാരം ബോർഡും കളിച്ച് സമയം കളഞ്ഞു.ഒരു എട്ടെ മുക്കലിന്
വിനീതും ആൻ്റപ്പനും പിന്നെ നമ്മുടെ കമ്പനിക്കാരും വന്നു.പിന്നെ ഷെയർ അടിക്കാനുള്ളവരുടെ എണ്ണം എടുക്കൽ ആയിരുന്നു. ഷെയര് ഇടുന്നവൻ അടിച്ചമതി ഇല്ലേൽ മൂഞ്ചി ഇരുന്നോ എന്നാണ് വിനീതിൻ്റെ പക്ഷം.പക്ഷെ എനിക്ക് മാത്രം അതു ബാധകം അല്ല..
വിനീത്….!വിനീതിനെ കുറിച്ച് പറയുവാണേൽ ആളൊരു താമരയാണ്.”വെള്ളത്തിലും കരയിലും ജീവിക്കുന്ന ഒരു ഉപയ ജീവിയാണ് ” വിനുമോൻ.വോട്ടർ പട്ടികയിലും തിരിച്ചറിയൽ കാർഡിലും ‘ വിനീത് കുമാർ .വി ‘ എന്നാണ് പേരെങ്കിലും കവലയിൽ കവട്ട വിനു പറഞ്ഞാലെ നാലാള് തിരിച്ചറിയൂ..
അങ്ങനെ അന്ത്രുമാൻ്റെ കടയിൽ നിന്നും ഒരു കുപ്പി ക്ലബ് സോഡയും ,കാല് മിച്ചറും വെള്ളവും ആയിട്ട് നേരെ പാടത്തേക്ക് വിട്ടു.നവംബർ വൃശ്ചിക മാസത്തിൽ മാത്രം കിട്ടുന്ന ഒരു പ്രത്യേക തണുത്ത കാറ്റും കൊണ്ട് രണ്ടെണ്ണം അടിക്കുമ്പോൾ കിട്ടുന്ന സുഖം ഉണ്ടല്ലോ … അതൊന്ന് വേറെ തന്നെയാണ്.
അങ്ങനെ ഒരു മൂന്നാല് ആളും കൂടി ഞങൾ ഒരു കുപ്പി ജവാനും ആയി ഇരുന്നു അടി തുടങ്ങി.വിനു പണി കഴിഞ്ഞു വരുമ്പോ തന്നെ അത്യാവശ്യം നല്ല ഫോമിൽ ആയിരുന്നു.അങ്ങനെ നാലഞ്ച് ആളും കൂടി അടിയോടടി.. മൂന്നാല് പെഗ്ഗ് ഉള്ളിൽ പോയപ്പോതന്നെ രവിയേട്ടൻ ഫ്ലാറ്റ്..പിന്നാലെ മിച്ചറും വാരി തിന്ന് സാധനവും അടിച്ച് ഞാനും ആൻ്റപ്പനും
ഒരു വകയായി.
മദ്യം വിഷമാണെന്നു പലരും പറഞ്ഞിട്ടുണ്ടെങ്കിലും,ഇവൻ രണ്ടു തുള്ളി അകതുപ്പോയാൽ പിന്നെ തീരാത്ത സങ്കടങ്ങൾ ഇല്ല എന്നതാണ് സത്യം.രണ്ടെണ്ണം അടിച്ചാൽ പിന്നെ ഇവിടത്തെ ഇളയരാജയും ദാസേട്ടനുമൊക്കെ നമ്മൾ തന്നെയാണ്.അങ്ങനെ ഒന്നര കൂടി അടിച്ച് ഇരിക്കുമ്പോഴാണ് ഇവിടത്തെ സ്ഥിരം നിമിഷ കവികളിൽ പ്രധാനിയായ ആൻ്റപ്പൻ ആ ആവിശ്യം മുന്നോട്ട് വച്ചത്.
സാധാരണ രണ്ടെണ്ണം വീശിയാൽ സ്വയം ഗാനന്ധർവനായി മാറുന്ന ,അല്ലെങ്കിൽ പാടുന്ന ആൻ്റപ്പനെ ഇന്നൊരു ആഗ്രഹം, “രവിയേട്ടൻ ഒന്ന് പാടണം”.
അതു കേൾക്കണ്ട താമസം ഞാൻ രവിയേട്ടനെ ഒന്ന് പാളി നോക്കി.അടിച്ച് കിണ്ടിയായിരിക്കുന്ന രവിയേട്ടനെ അപ്പോ കാണണ്ട കാഴ്ചയാണ്.ചെമ്പൈ സംഗീതോത്സവതിന് പാടാനിരിക്കുന്നത് പോലെയാണ് പുള്ളിടെ മട്ടും ഭാവവും കണ്ടാൽ.
ചമ്രം പടിഞ്ഞിരുന്ന് തൊണ്ടയൊന്നു ശെരിയാക്കി പാടാനുള്ള തയ്യാറെടുപ്പിലാണ് കക്ഷി.എന്നാലും ഒരു വെയിറ്റ് ഇട്ടുള്ള ഇരുപ്പാണ്,ആരേലും നിർബന്ധിക്കണം അത്ര തന്നെ.
അങ്ങനെ ഒന്നര മിനിറ്റിനെ ശേഷം ഗാനഭൂഷണം പെയിൻ്റർ രവി പാടാൻ തുടങ്ങി.ബോറെന്നു പറഞ്ഞാല് പോരാ…പരമ ബോറായിരുന്നു (അതു കൊണ്ട് പാട്ട് ഏതാണെന്ന് പറയുന്നില്ല😌).
>>> 21.18
അങ്ങനെ കൊറേ നേരം എന്തോ ആലോചിച്ചിട്ട് എന്താ ആലോചിച്ചതെന്നു പോലും ഓർമയില്ലണ്ട് വെളിവില്ലാണ്ട് ഇരിക്കുമ്പോഴാണ് നായ ഒളിയിടുമ്പോലെ ആ ശബ്ദം അവിടെ ഉയർന്ന് കേട്ടത്.നോക്കിയപ്പോ വേറെ ഒന്നും അല്ല ആൻ്റപ്പൻ ഇരുന്ന് കരയുണു. ഇത് സ്ഥിരം ഉള്ളതാണ്.പണ്ടുള്ളവർ പറയുമ്പോലെ “മോങ്ങാനിരുന്ന പട്ടിടെ തലയിൽ തേങ്ങാ വീണു “എന്ന് പറഞ്ഞതുപ്പോലെയാണ് ആൻ്റപ്പൻ്റെ കാര്യം.
രണ്ടെണ്ണം അടിച്ചാൽ അവൻ കരയും .പക്ഷെ ആ കരച്ചിൽ ഇന്നിത്തിരി വയ്‌കി.സാധാരണ നേരത്തേ കരച്ചിലും പിഴിച്ചിലും കഴിഞ്ഞു വാളും വച്ച് കുട്ടപ്പനായി ഇരിക്കുന്ന ആൻ്റപ്പൻ എന്ത് കൊണ്ട് ഇന്ന് വയ്കി.എന്നതാണ് സംശയിപ്പിക്കുന്ന കാര്യം 🙄.
“നിനക്കറിയോ നീരജെ എനിക് അവളെ ഇഷ്ടാണ്..”
ഏയ്..ഇത് ഫ്രഷ് ആണല്ലോ,സാധാരണ ഇങ്ങനെ ഒരു മാറ്റർ ഇവൻ പറയതത് ആണല്ലോ.ആൻ്റപ്പൻ്റെ വായിൽ നിന്നും ഇങ്ങനെ ഒരു കാര്യം കേട്ടപ്പോ അതിനെ കുറിച്ചറിയാൻ ഉള്ളിൽ കുറച്ചധികം ആകാംക്ഷ തോന്നി.പക്ഷെ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ്റെ തൊള്ളയിൽ തുപ്പി കൊടുക്കാനാണ് എനിക്ക് തോന്നിയത്.ഞാൻ വിചാരിച്ചു നാട്ടിലെ ഏതോ കൊച്ചാണെന്നു പിന്നെയല്ലേ മുമ്പ് ഏതോ വീട്ടിൽ പണിക്ക് പോയപ്പോൾ കണ്ട പെണ്ണാണെന്നു.
