“ഉം…ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞിട്ട് വേഗം വീട്ടിൽ പോയി കിടന്നോണം…ചുമ്മാ വരുത്തി വയ്ക്കാൻ…” ലിയ പരിഭവത്തോടെ പറഞ്ഞു.
“ശരി ചേച്ചീ ഞാൻ പറയാം…” ആര്യൻ അത് സമ്മതിച്ചു.
സത്യം പറഞ്ഞാൽ ലിയക്ക് അവനോടുള്ള സ്നേഹവും കരുതലും കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നോർത്തപ്പോൾ ആര്യന് അവളോട് കള്ളം പറഞ്ഞതിൽ വിഷമവും കുറ്റബോധവും തോന്നി. എന്നാൽ അങ്ങനെയൊരു കള്ളം പറയാതെ നിവർത്തിയില്ലായിരുന്നു എന്നും ആ സാഹചര്യത്തെ കുറിച്ചോർത്തപ്പോൾ അവന് മനസ്സിലായി. ഇനി അങ്ങനെ ഒരു അബദ്ധം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവൻ മനസ്സിൽ തീരുമാനിച്ചു.
അവർ നടന്ന് ബസ്സ് സ്റ്റോപ്പിൽ എത്തി. ആര്യൻ പെട്ടെന്ന് കുട്ടച്ചനേയും ചന്ദ്രിക ചേച്ചിയേയും കൂടെ കേറിക്കണ്ട് നാട്ടിലേക്ക് പോവാണെന്ന് അറിയിച്ചിട്ട് തിരിച്ചിറങ്ങിയപ്പോഴേക്കും ദൂരെ നിന്നും ബസ്സിൻ്റെ ഹോണടി മുഴങ്ങുന്നത് അവർ കേട്ടു. പെട്ടെന്ന് തന്നെ റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്ത് പോയി നിന്ന ശേഷം ബസ്സ് വന്നപ്പോൾ അവർ രണ്ടുപേരും അതിൽ കയറി സീറ്റുറപ്പിച്ചു.
രണ്ട് പേർക്കുള്ള ടിക്കറ്റും ആര്യൻ തന്നെ എടുത്ത ശേഷം അവർ ഓരോ കാര്യങ്ങളെ പറ്റി സംസാരിച്ചിരുന്നു.
“ഇന്ന് ആർക്കെങ്കിലും സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ പ്ലാൻ ഉണ്ടോ…?” ലിയ അവനോട് ചോദിച്ചിട്ട് ചിരിച്ചു.
“ഏയ് ഇല്ലാ…അഥവാ ഉണ്ടെങ്കിലും ചേച്ചിയെ എഴുന്നേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല പോരേ…?” എന്ന് ചോദിച്ചിട്ട് അവനും ചിരിച്ചു.
“ഞാനും എഴുന്നേൽക്കുന്നില്ല നീയും എഴുന്നേൽക്കുന്നില്ല…” എന്ന് പറഞ്ഞുകൊണ്ട് ലിയ അവൻ്റെ കൈയുടെ ഇടയിലൂടെ അവളുടെ കൈയിട്ട് അവൻ്റെ ചേർത്ത് പിടിച്ചിരുന്നു. അവനും അവളുടെ കൈ ചേർത്ത് പിടിച്ച് അവർ പരസ്പരം അവളുടെ സ്റ്റോപ്പ് എത്തുന്നത് വരെ അങ്ങനെ തന്നെയിരുന്നു. ഇറങ്ങുന്നതിന് മുന്നേ ചെന്നിട്ട് വിളിക്കണം എന്ന് പറഞ്ഞിട്ട് ഒരു പുഞ്ചിരി കൂടി അവന് സമ്മാനിച്ചുകൊണ്ട് ലിയ എഴുന്നേറ്റു. അവൾ ബസ്സിൽ നിന്നും ഇറങ്ങി പോകുന്നതും നോക്കി ആര്യൻ അവിടെ ഇരുന്നു. രണ്ട് മണിയടി ശബ്ദം കേട്ടതും ബസ്സ് അവനെയും മറ്റ് യാത്രക്കാരെയും കൊണ്ട് വീണ്ടും മുന്നോട്ട് നീങ്ങി.
(100% തുടരും…)
__________________________________
ഇതുവരെ ഉണ്ടായിരുന്ന സ്നേഹവും(❤️) പിന്തുണയും ഇപ്പോഴും, തുടർന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ…
AEGON TARGARYEN
