“പോകാം….”
ബൈക്ക് ചീറി പാഞ്ഞുകൊണ്ട് ബീച്ചിലേക്ക് സഞ്ചരിച്ചു. ധ്രുവികയുടെ കണ്ണുകളിലേക്ക് ഇടയ്ക്കിടെ ഞാൻ നോക്കുമ്പോ സൂര്യൻ ഉദിച്ചു വരുന്നതിന്റെ പ്രതിബിംബം കാണുമ്പോ മനസ് പ്രണയാദ്രമായികൊണ്ടിരുന്നു.
12 കിലോമിറ്റർ ഉണ്ട് ബീച്ചിലേക്ക്. സൂര്യോദയം കാണാൻ നമ്മുടെ കേരളത്തിലെ ബീച്ചിൽ പറ്റില്ലെങ്കിലും വൃത്തിയുള്ള ബീച്ചിൽ ചെന്നിരുന്നുകൊണ്ട് പുലർകാലേ ഉള്ള തണുത്ത കാറ്റും കൊണ്ടിരിക്കാൻ ഉള്ള ആ സുഖം! അതിനുവേണ്ടി മാത്രമാണ്… മുൻപ് ജിമ്മിൽ പോകുമ്പോ ഇടക്ക് സണ്ണിയും ഞാനും റെജിനും ഇങ്ങോട്ടേക്ക് വരാറുണ്ട്. ഇവ്ടെന്നു നമ്മുടെ സ്വന്തം ചൂട് സുലൈമാനിയും കുടിച്ചിട്ട് തിരിച്ചു പോകും. അത് തന്നെ സ്‌പെഷ്യൽ ആണ്. പുതിനയിലയിട്ട ഓറഞ്ചു നിറമുള്ള ആവി പറക്കുന്ന സുലൈമാനി….!!!!
ധ്രുവിക കോഫീലവർ ആണെന്ന് അവൾ പറഞ്ഞെങ്കിലും സുലൈമാനി അവൾക്കൊരു പുതിയ അനുഭവമായിരുന്നു.
രണ്ടാളും കൂടെ കുറച്ചു നേരം കൈകോർത്തു ബീച്ചിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോ അവളുടെ കുസൃതി നിറഞ്ഞു തുള്ളി ആടുന്ന പോണിടയിൽ മുടി ഞാൻ അഴിച്ചിടാൻ വേണ്ടി പറഞ്ഞു. Textured Layer സ്റ്റൈൽ ആണ് ധ്രുവികയുടെ മുടി. ഇടയിൽ കറുപ്പിനോടപ്പം ചോക്ലേറ്റ് ബ്രൗൺ ഹ്യു ചെറുതായിട്ട് കാണാനും ഉണ്ട്. അവൾ മുടി ഇരുവശത്തേക്കും അഴിച്ചിട്ടപ്പോൾ എനിക്കെന്തോ അവളെ അവിടെ വെച്ച് കിസ്സ്‌ചെയ്യാൻ തോന്നി. ഈറനുള്ള കണ്ണിൽ നിറയെ എന്നോടുള്ള പ്രണയം മാത്രം ഞാൻ ഓരോ ശ്വാസത്തിലും കണ്ടു നിന്നു.
“ധ്രുവികാ….❤️”
“മാത്യു…”
“എനിക്ക് നിന്നെ സ്മൂച് ചെയ്യണം..”
“ഇപ്പോഴോ…”
“എന്തെ ബ്രഷ് ചെയ്തിട്ടല്ലേ…?!!”
“ഛീ… അതൊക്കെ ചെയ്തു. ഒരു വല്യ തമാശ. ഞാൻ രണ്ടു വട്ടം ചെയ്യാറുണ്ട് ട്ടോ…”
“ഇവടെയിപ്പോ ആരുമില്ലലോ….പ്ലീസ്!!!!”
“പക്ഷെ എങ്ങനെ….?! എനിക്ക് കാല് എത്തില്ല!! നിന്നുകൊണ്ട് നിന്നെ കിസ് ചെയ്യാൻ!”
“എങ്കിൽ ഞാനീ മണൽതിട്ടയിൽ മുട്ട് കുത്തിനിക്കട്ടെ….!? അപ്പൊ നിനക്ക് പറ്റില്ലേ ?”
“അയ്യോ അത് വേണ്ട… അതിലൊരു സുഖമില്ല.”
ചുറ്റുമൊന്നു നോക്കിയശേഷം എന്റെ അടുത്തേക്ക് ഒന്നുടെ ചേർന്ന് നിന്ന് എന്നെ ഇരു കൈകൊണ്ടും അവൾ ചുറ്റിപിടിച്ചു. എന്റെ ബ്ലാക്ക് റീബോക്ക് ഷൂസിൽ പതിയെ അവൾ അവളുടെ വൈറ്റ് ഷൂസ് കൊണ്ട് ചവിട്ടി നിന്നു. എന്നിട്ടും അവൾക്ക് എത്തുമായിരുന്നില്ല. എനിക്ക് ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു. പാവമെന്റെ പെണ്ണ്! ധ്രുവികയുടെ ഷൂസ് അവൾ ഒന്നുടെ അമർത്തി കൊണ്ട് ഉയരാൻ തുനിഞ്ഞപ്പോൾ ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു സപ്പോർട്ട് ചെയ്തു. ഇപ്പൊ എന്റെ മുഖത്തേക്കു നേരെ അവളുടെ മുഖം എത്തി. ധ്രുവികയും ചിരിച്ചുകൊണ്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. മുക്കുവന്മാർ കടലിൽ നിന്നും ദൂരെ കറുത്ത പുള്ളികൾ പോലെ തീരത്തേക്ക് വരുന്നത് ഞാൻ ഇടം കണ്ണ് കൊണ്ട് നോക്കുമ്പോ കാണാമായിരുന്നു.
അടുത്ത നിമിഷം എന്റെ മുഖത്തെ വളർന്ന കുറ്റി താടിയിൽ ഇരുകൈകൊണ്ടും അമർത്തി പിടിച്ചുകൊണ്ട് ധ്രുവിക അവളുടെ ചുണ്ട് എന്റെ ചുണ്ടോടു ചേർത്ത് പിടിച്ചു. അവളുടെ കണ്ണുകൾ അവൾ ഇറുക്കി അടച്ചിരുന്നു. പൂർണ്ണമായും എന്നിൽ അലിഞ്ഞു കൊണ്ട് ധ്രുവിക എന്റെ കീഴ്ച്ചുണ്ടിനെ അമർത്തി ചുംബിച്ചുകൊണ്ടിരുന്നു. ആ നിമിഷം, ഞാനോർത്തു ഇതിലും മനോഹരമായി മറ്റൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന്…!!!!!
“മതിയോ…?!!”
“ഉഹും….”
രണ്ടാളും മനസ് തുറന്നു ചിരിച്ചു. ധ്രുവികയും ഞാനും തിരികെ പൊകുന്ന സമയം അവൾ എന്നോട് വീണ്ടും വീണ്ടും കെഞ്ചികൊണ്ടിരുന്നു. ഞാനൊടുക്കം അത് പറയാൻ തയാറായി. അതിനു മുൻപ് ഗ്ലിറ്റർ പേനയുടെ കാര്യം പറഞ്ഞപ്പോളവൾ ഒത്തിരി നേരം ചിരിച്ചു.
“ഇന്നലെ ഫെയർ വെൽ പരിപാടിയുടെ ഇടയിൽ ഋതുവിന് എന്റെ നോക്കിയ ഫോൺ ഞാൻ കൊടുത്തപ്പോൾ അവൾ നമ്പർ ടൈപ്പ് ചെയുന്ന തിരക്കിൽ അവൾ രണ്ടു വട്ടം സ്റ്റേജിൽ പാട്ടു പാടുന്ന നിന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പൊ എന്റെ മനസ്സിൽ ഒരു സ്പാർക്ക്! ഋതു ആയിരിക്കും എന്റെ പ്ലസ് റ്റു ലൈഫിൽ കാര്യങ്ങൾ നിന്നോട് പറഞ്ഞിട്ടുണ്ടാകുമെന്ന്! പക്ഷെ അപ്പോഴും നിന്റെ പേര് ഞാൻ മറന്നിരുന്നു. ഞാൻ ഒന്നുമറിയാത്തപോലെ ഋതുവിനോട് നിന്റെ കസിനല്ലേ എന്താ അവളുടെ പേര് ഞാൻ മറന്നു എന്ന് ചോദിച്ചു. അന്നേരം അവളൊന്നു നേരിയ രീതിയിൽ ഞെട്ടിയതും കണ്ടപ്പോ എന്റെ ഡൌട്ട് കൂടി. പിന്നെ നിന്റെ പേര് ധ്രുവിക എന്നുടെ പറഞ്ഞപ്പോ! എനിക്കുറപ്പായി…❤️…”
“നാശം! എനിക്ക് കുറച്ചൂടെ ഇതുനീട്ടികൊണ്ട് പോണം ന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു.. ഈ പൊട്ടിക്കാളി ഋതു കാരണം ശെയ്!!!!”
