അപ്പൻ പോലീസ് ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല, അമ്മയുടെ കണ്ണിലേക്കു മതിമറന്നു നോക്കുകയാണ് കക്ഷി. പ്രണയത്തെക്കുറിച്ചു ഇത്രേം അറിവുള്ള ഇവരുള്ളപ്പോ എന്റെ മനസ് കവർന്ന അവളെ കണ്ടെത്താൻ അമ്മയോട് സഹായം ചോദിക്കാം എന്ന് ഞാനും ഉറപ്പിച്ചു.
അമ്മ എണീറ്റുകൊണ്ട് അത്താഴം വിളമ്പി, എല്ലാരും ചേർന്ന് കഴിച്ച ശേഷം ഞാൻ അമ്മയുടെ മടിയിൽ കുറച്ചു നേരം കൂടെ ഇരുന്ന് എന്റെ മനസിലുള്ളത് പറയാൻ തുടങ്ങുമ്പോ, കൃത്യ സമയത്തു അപ്പൻ എനിക്ക് ജർമനിയിലെ അപ്പന്റെ സുഹൃത്തിന്റെ ഫോൺ തന്നു. ഫ്രണ്ടെന്നും പറയാം സ്റ്റീഫച്ചയാനെന്നും പറയാം. അപ്പൻ ഇത്ര നേരം സ്റ്റീഫച്ചായനോട് കത്തിയടിയായിരുന്നു. ഞാനും വിശേഷമൊക്കെ പറഞ്ഞു വേഗമങ്ങെത്താമെന്നു ഉറപ്പും കൊടുത്തു വെച്ചു.
അന്ന് രാത്രി കിടക്കുമ്പോ ഞാൻ വീണ്ടും സ്റ്റഡി ടേബിൾ ഡ്രോ തുറന്നു എനിക്ക് അവസാനം അവളയച്ച ലെറ്റർ എടുത്തു വായിക്കാൻ തുടങ്ങി.
“ഇത്രേം നാളും ഒരു പെൺകുട്ടിക്കും കയറിചെല്ലാൻ പറ്റാത്ത അവിടെത്തെക്കെനിക്ക് വരാനൊക്കുമോ….?! ഞാനിങ്ങനെ പേരും നാളും പറയാതെ ഇഷ്ടമാണെന്നൊക്കെ പറയുമ്പോ എന്നെ നേരിൽ കണ്ടാ, പണ്ട് നീരജയെ തല്ലിയപോലെ ഒരടി കിട്ടുമോ എന്ന പേടിയെനിക്കുണ്ട് കേട്ടോ?! ഹിഹി തല്ലുമോ ?????? എന്റെ മുഖത്തേക്ക് നോക്കി കയ്യൊങ്ങാൻ കഴിയുമോ? ഞാൻ കരയും കേട്ടോ! പാവമല്ലേ…ഞാൻ! പിന്നെ ഒരുകാര്യം നിനക്ക് ഉള്ളിൽ എന്നെ കാണാൻ നല്ല മോഹമൊക്കെ ഉണ്ടെന്നൊക്കെ എനിക്കറിയാം….. പക്ഷെ എന്നെ കാണണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം!!!!! പിന്നെ ഒന്നുടെ പറയാം…ഉം …..! ഈ കത്തിൽ തന്നെയുണ്ട് എന്നെ കണ്ടെത്താനുള്ള ക്ലൂ… പക്ഷെ അത് ചുമ്മാ നോക്കിയാലൊന്നും കാണില്ല…. മനസ് തുറന്നു എന്നോടുള്ള ഇഷ്ടം കൊണ്ട് നോക്കിയാലേ കാണാൻ പറ്റൂ…..”
ഒരേ സമയം ചിരിയും കണ്ണീരും എന്റെ മുഖത്തേക്ക് വരുമ്പോ. അവളെ കാണുന്ന നിമിഷം അവളെ ഞാൻ എന്ത് ചെയ്യുമെന്ന് ഞാനോർത്തു……
പിറ്റേന്ന് ക്‌ളാസ്സിലേക്ക് ഞാനെന്റെ R15 ബ്ലൂ ബൈക്കിൽ ചെന്നു, സണ്ണിയും പതിവുപോലെ എന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു. ക്‌ളാസിൽ ചെല്ലുമ്പോ എല്ലാരും ഫാർവെൽ ഡേയ് കുറിച്ചാണ് സംസാരം! വ്യാഴാഴ്ചയാണ് പ്രോഗ്രാം! ക്ലാസൊക്കെ ഏതാണ്ട് കഴിഞ്ഞു. ചുമ്മ എല്ലാരും കൂടെ വർത്താനം പറഞ്ഞിരിക്കാൻ വേണ്ടി അങ്ങോട്ടേക്ക് ചെല്ലുന്നതാണിപ്പോ, ക്‌ളാസ്സിലെ ഉഴപ്പന്മാരൊക്ക അവസാന നാളുകൾ ആയതുകൊണ്ട് കൃത്യമായി വന്നിട്ടുണ്ട്.
“മാത്യു…”
“എന്താ ശ്യാം..”
ഞാൻ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുമ്പോ രണ്ടു ബെഞ്ചിന് മുൻപിൽ നിന്നും അവനെന്നെ നോക്കി വിളിച്ചു. ശ്യാം ആരാണെന്നു വെച്ചാൽ, എന്റെയും ഋതുവിന്റെയും ബെസ്റ്റ് ഫ്രണ്ട് ആണ്. അല്ലെങ്കിൽ ആയിരുന്നു എന്ന് പറയുന്നതാവും ശെരി. കുറെ നാളായി അവനെന്നോട് സംസാരിച്ചിട്ട്, കാമ്പസിലെ പതിവ് പിണക്കം തന്നെ! ശ്യാം പോയ ഗ്യാപ്പിൽ ആണ് സണ്ണി എന്റെ ബെസ്റ്റ് ഫ്രണ്ടാവുന്നതും.
സംഭവം എന്താണ് വെച്ചാൽ ഋതു എന്നെ പ്രൊപ്പോസ് ചെയ്തതിൽ അവനെന്നോട് നല്ല ദേഷ്യമുണ്ടായിരുന്നു, അവനിച്ചിരി സാമ്പത്തികം കുറവുണ്ട് എന്ന കോംപ്ലക്സ് ഉണ്ടായിരുന്നു, പക്ഷെ അവളോട് മുടിഞ്ഞ പ്രേമം ആയിരുന്നിട്ടും അവൻ പറയാൻ വൈകിപ്പോയി. കാര്യമെനിക്ക് ഋതുവിനോട് ഒരു നല്ല ഫ്രണ്ട് എന്നതിൽ കവിഞ്ഞൊന്നും തോന്നിയിരുന്നില്ല. അല്ലെങ്കിൽ എനിക്കവളെ അങ്ങനെ കാണുന്നതിൽ നിന്നും എന്തോ വിലക്കിയിരുന്നു എന്നും പറയാം.
“ഇന്ന് ഉച്ചയ്ക്ക് നമുക്ക് കഴിക്കാൻ പോകാം!” ശ്യാം എന്നെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അവന്റെ മനസ്സിലെന്തോ കുറ്റബോധം പോലെ. ഞാനൊരുപാട് തവണ അവനോടു സംസാരിക്കാൻ മുൻപ് ശ്രമിച്ചിരുന്നതാണ്, അപ്പോഴൊക്കെ അവനെന്നെ മൈൻഡ് ചെയ്തിരുന്നില്ല!
“എഹ് എന്ത് പറ്റിയെടാ..?!” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഹേയ് ഒന്നുല്ല…പോകാം അല്ലെ, പഴയപോലെ……”
“പോകാം, പിന്നെന്താ..സണ്ണി യും വന്നോട്ടെ ല്ലേ..”
“നിന്റെ ഇഷ്ടം…” റെജിൻ അന്ന് കോളജിൽ വന്നില്ലായിരുന്നു. അവൻ അവന്റെ അമ്മയുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോകുന്നുണ്ട് എന്ന് രാവിലെ ഫോൺ ചെയ്തിരുന്നു.
