വിധുമുഖി 1

“താഴെ ഫ്രിഡ്ജിലുണ്ടല്ലോ…” എന്റെ ചുണ്ടിനു മീതെയുള്ള വെട്ടിയൊതിക്കിയ മീശയെ ഇടം കൈ ചൂണ്ടു വിരൽകൊണ്ട് താത്തി പിടിച്ചുകൊണ്ട്, ഞാൻ സണ്ണിയോട് വാങ്ങി വെച്ചിട്ടുണ്ടെന്ന അർഥത്തിൽ ചിരിച്ചു. ഞായറാഴ്ച മാത്രമേ ഞങ്ങൾക്കീ പരിപാടിയുള്ളൂ. അതും അപ്പന്റെ സമ്മതത്തോടെ! ആള് റിട്ടയർ പോലീസ് സിംഹം ആണ്. മുൻപൊരിക്കൽ പുറത്തു വെള്ളമടിച്ചു ഞങ്ങൾ മൂന്നും കൂടെ ബഹളം ഉണ്ടാക്കിയപ്പോൾ അപ്പൻ അന്ന് കലിപ്പിൽ കല്പിച്ചതാണ് വീട്ടിൽ വെച്ചടിച്ചോളാൻ. അതീ പിന്നെയാണീ മുറി വല്ലപ്പോഴും ബിയർ മണം കൊണ്ട് കിക്ക് ആവുന്നത്…
“നിന്റെ അപ്പൻ വന്നിട്ടുണ്ടാകുമോ?! ഞാൻ വരുമ്പോ ഉണ്ടായിരുന്നില്ല…”

“ഉണ്ടാകും… ഇച്ചിരി മുൻപ് കാർ വന്നു പോർച്ചിലേക്ക് കയറുന്നത് ഞാൻ കെട്ടായിരുന്നു, അപ്പനറിയാത്തത് ഒന്നുമല്ലലോ, നീ പോയി എടുത്തേച്ചും വാ സണ്ണീ. നിനക്ക് വേണോ…റെജിനെ?!”

റെജിൻ, വെറും ഒരാഴ്ച കൊണ്ട് എന്നെ ചുറ്റിക്കുന്ന ആ പെണ്ണിനെ പുഷ്പം പോലെ കണ്ടുപിടിച്ചു മുന്നിലിട്ട് തരാമെന്നൊക്കെ തള്ളി മറിച്ചിട്ട് നടപ്പില്ല എന്ന് മനസിലായപ്പോൾ ഒഴിയാൻ വന്നതാണിപ്പോ എന്റെ വീട്ടിലേക്ക്. പിന്ന ഓഫ്‌കോർസ് ബിയർ അടിക്കാനും. സണ്ണി വരും മുന്നേ എല്ലാം പറഞ്ഞു തീർക്കാൻ ആയിരുന്നു അവന്റെ പ്ലാൻ! അപ്പോഴേക്കും സണ്ണിയും വന്നല്ലോ.

“ബിയർ വേണം, അതിനല്ലേ വന്നത് ഹിഹി, പക്ഷെ തിരികെ പോകുമ്പോ മാമന്മാര് നമ്മളെ ഊതിക്കുമോ സണ്ണി!” റെജിൻ ഒരു തവണ പെട്ടിട്ടുണ്ട് പിന്നെ അപ്പൻ ആണ് വിളിച്ചു പറഞ്ഞിട്ട് അവനെയിറക്കിയതും, എന്നാലുമവൻ അപ്പന്റെ മുന്നിൽ വെച്ചിട്ടും ഇടക്ക് അടിക്കാറൊക്കെ ഉണ്ട്.

“ജോർജ്‌ വർഗീസ് അല്ലെ താഴെ ഇരിക്കുന്നെ, വിളിച്ചു പറയിക്കാം… അല്ലെ മാത്യു!” സണ്ണി ചിരിച്ചുകൊണ്ട് ടേബിളിൽ നിന്നും ചാടിയിറങ്ങി റെജിൻ അന്നേരം ബാല്കണിയിലേക്ക് നടന്നു വിദൂരതയിലെ ഇരുട്ടിലേക്ക് നോക്കി, ചെറു മിന്നാമിനുങ്ങളെ കൈവീശിക്കൊണ്ടിരുന്നു.

“എന്റെ പൊന്നു സണ്ണീ, ഇന്നാളത്തെ പോലെ ഒന്നുടെ വേണ്ട, അപ്പൻ എല്ലാം കുറക്കാൻ എന്നോട് പറഞ്ഞിട്ടുണ്ട്!”

ഏറെ നേരമായി എസി 19 ലു ഇട്ട എന്റെ മുറി നല്ല തണുപ്പുണ്ട്, ഞാൻ ബെഡിലേക്ക് തന്നെ ചരിഞ്ഞിരുന്നു. കാല്‌ പെരുവിരൽ വിരലൊന്നു മടക്കി പൊട്ടിച്ചു. വെള്ള പൂക്കൾ വിരിച്ച കിടക്കവിരിപ്പിലേക്ക്, നോക്കിയിരുന്നു. ബെഡിൽ നിറയെ പേരു പോലും അറിയാത്ത, കാണാൻ സുന്ദരിയാണോ എന്നറിയാത്ത…. എന്നെ ആദ്യമായി പ്രേമകുഴിയിൽ തള്ളിയിട്ട പെൺകുട്ടിയുടെ, മുപ്പതിലേറെ കത്തുകൾ നിരത്തിയിട്ടിരുന്നു…..

ഞാനതിലേക്ക് നോക്കുമ്പോ ദൂരെയെങ്ങോ എന്നെ വട്ടു പിടിപ്പിക്കുന്നതിൽ ത്രിൽ അടിച്ചുകൊണ്ട് ഒരു കാന്താരിയുടെ ചിരി എന്റെ മനസിലേക്ക് വന്നുകൊണ്ടിരുന്നു.

“അങ്കിളേ… സ്‌കോർ എന്തായി!”

“270/8 നമ്മൾ ജയിക്കുമെടാ എന്തായാലും… എന്താടാ സണ്ണീ, കാര്യമായ ചർച്ച ആണല്ലോ മൂന്നും കൂടെ!”

“ഇല്ല അങ്കിളേ, ക്ളസ്സൊക്കെ കഴിയാറായില്ലേ…അതിന്റെ”

“എടുക്കുന്നില്ലേ!???”

“എന്താ അങ്കിളേ..”
“നീ ബിയർ എടുക്കാനല്ലേ വന്നത്…?! എടുത്തോ…”

“ഹിഹിഹി….”

സണ്ണി ബിയറും എടുത്തു വന്നു അടി തുടങ്ങുമ്പോ റെജിൻ ബാൽക്കണിയിൽ നിന്നുകൊണ്ട് വലിക്കുന്നുണ്ടായിരുന്നു.

“സെക്കൻഡ് ഇയർ എക്സാം കഴിഞ്ഞാൽ വെക്കേഷന് ഞാൻ ചേച്ചിടെ വീട്ടിൽ, ബാംഗ്ലൂർ പോവാണ് മാത്യു…”

“മാത്യു…”

“ടാ”

“കേള്ക്കുന്നുണ്ട്..നീ ബാംഗ്ളൂർ പോവാണ് എന്നല്ലേ!…നീ എവിടേലും ഒന്ന് പോ റെജിനെ….” മൂഡ് തീർത്തും മടുപ്പായത് ഞാനറിഞ്ഞു.

“അല്ല മാത്യു ഞാനാലോചിക്കുന്നത്… ഇനി ഇത് നിങ്ങളുടെ ക്‌ളാസ്സിലെ തന്നെ ആരെങ്കിലും ആണൊന്നാണ്…. ഇത്രേം നാളും പറയാതെ, ഇനിയിപ്പോ നിന്നെ പിരിയുന്ന ദുഃഖം കൊണ്ടാണെങ്കിലോ…?!! ചില പെണ്ണുങ്ങൾ അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്, മറഞ്ഞിരിക്കുന്ന ഈ പെണ്ണും ഇതുപോലെ അല്ലെ കത്തും ഫോണുമൊക്കെ ചെയ്തു നിന്നെ….” റെജിൻ നീട്ടിയൊരു പുകയൂതി കൊണ്ട് തിരിഞ്ഞു നിന്നുകൊണ്ടെന്നോടു ആ സംശയവും പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *