വർഷങ്ങൾക്ക് ശേഷം – 5 2അടിപൊളി  

പുലിവാല് പിടിക്കേണ്ട എന്ന ചിന്തയോടെ റോഷൻ തന്റെ നോട്ടം വെളിയിലേക്ക് തിരിച്ചു… പെട്ടന്ന്, അവിടെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന നിക്സന്റെ കമ്പനി പരസ്യം അവന്റെ കണ്ണിലുടക്കി… നിക്സൻ… അവന്റെ ചിന്തകളിലേക്ക് രേഷ്മ ചേച്ചിയുടെയും അജിച്ചേട്ടന്റെയും ശ്രീലക്ഷ്മിയുടെയും ഒക്കെ മുഖങ്ങൾ വീണ്ടും കടന്ന് വരാൻ തുടങ്ങി… കണ്ണാടിയിലൂടെ റോഷന്റെ മുഖത്ത് വന്ന മാറ്റം അഞ്ജു ശ്രദ്ധിച്ചു.

“Do you need a smoke…?”, അവൾ റോഡിൽ തന്നെ നോക്കി ചോദിച്ചു.

‘Yes…”, തന്റെ മനസ്സറിഞ്ഞതു പോലെയുള്ള അവളുടെ ചോദ്യത്തിന് അവൻ സമ്മതം പറഞ്ഞു.

അഞ്ജു സ്കൂട്ടർ വഴിയരികിലുള്ള ഒരു ചെറിയ കടയിലേക്ക് കയറ്റി നിർത്തി.

“നിനക്കെന്താ വേണ്ടേ..?”, കടക്കാരനോട് പറയും മുൻപ് അവൾ തിരക്കി.

റോഷൻ : “ലൈറ്റ്സ്…”

“ശങ്കരേട്ടാ… ഒരു ലൈറ്റ്സ്, ഒരു കിംഗ്, രണ്ട് ചായ”, സ്ഥിര പരിചയത്തിന്റെ സ്വരത്തിൽ അവൾ കടക്കാരനോടായി പറഞ്ഞു.

കടക്കാരൻ തലയാട്ടി. ഇരുവരും ചായയും സിഗരറ്റുമായി കടക്ക് പുറകിൽ, മരത്തിന്റെ ചുവട്ടിൽ ഇട്ടിരിക്കുന്ന പഴയ മരബെഞ്ചിൽ ചെന്നിരുന്നു… അവർക്ക് മുൻപിൽ ഒരു തോട് ഒഴുക്കുന്നുണ്ടായിരുന്നു… അഞ്ജു സിഗരറ്റിൽ നിന്നും ഒരു സ്‌മോക്ക് എടുത്ത്, ശേഷം ചായയിൽ നിന്നും ഒരു സിപ്പ് ഇറക്കി, അതിനും ശേഷമായി സ്‌മോക്ക് വായുവിലേക്ക് തിരികെ ഊതി വിട്ടു.

“നീ സ്‌മോക്ക് ചെയ്യുമായിരുന്നോ…?”, അവളുടെ സ്‌മോക്കിംഗ് സ്റ്റൈൽ കണ്ട് റോഷൻ ചോദിച്ചു.

“എന്തേ … വാട്ട്സ്സാപ്പ് അമ്മാവൻ കളിക്കാ…!”, അവൾ കളിയാക്കി ചോദിച്ചു.

“ഏയ് അങ്ങനല്ല.. ഇതുവരെ ചെയ്ത് കണ്ടിട്ടില്ല… അതോണ്ട് വെറുതെ…”, റോഷൻ തന്റെ ഉദ്ദേശശുദ്ധി വെളിപ്പെടുത്തി.

“മുൻപ് എനിക്കൊരു അഫയർ ഉണ്ടായിരുന്നു…. അവനാണെങ്കിൽ എന്നെ നൈസ് ആയി തേച്ചു… ആ ഡിപ്പ്രഷൻ ടൈമിൽ തുടങ്ങിയ ശീലാ… ഇപ്പോ തീരെ ഇല്ല… വല്ലപ്പോഴും ഇത് വഴി വരുമ്പോ ഒരെണ്ണം കത്തിക്കും അത്ര തന്നെ…”, അവൾ വളരെ ക്യാഷ്വലായി മറുപടി നൽകി.

റോഷൻ : “എന്താ പറ്റീത്…? ”

അഞ്ജു : “എന്തു…?”

റോഷൻ : “അല്ല നിന്റെ അഫയർ…”

“അതത്ര സംഭവം ഒന്നുമില്ലെടോ…”, ഓർക്കാൻ ഇഷ്ട്ടമല്ലാതെ വണ്ണം അവൾ പറഞ്ഞു.

“പറയാൻ ബുദ്ധിമുട്ടാണെൽ വേണ്ടാട്ടോ…”, റോഷനും അവളെ നിർബന്ധിക്കാൻ താൽപര്യമില്ലായിരുന്നു.

“എന്തു ബുദ്ധിമുട്ട്….! കോളേജ് പ്രേമമായിരുന്നു… അന്നത്തെ പൊട്ടബുദ്ധിക്ക് ജീവിതകാലം മൊത്തം അവൻ കൂടെയുണ്ടാകുമെന്ന് വിചാരിച്ചു… ഒടുവിൽ ബെറ്റർ ലൈഫ് വന്നപ്പോ… അവൻ പോയി…”, വേറെ ആരുടെയോ കഥ പറയുന്ന മട്ടിൽ പറഞ്ഞു നിർത്തി, അവൾ ഒരു പുക കൂടി എടുത്ത് വിട്ടു.

അവൾ ഇപ്പോൾ പിടിച്ചിരിക്കുന്ന ആറ്റിട്യൂഡ് അവളുടെ സങ്കടം ഒളിപ്പിക്കാനുള്ള ഒരു മേലങ്കി മാത്രമാണെന്ന് മനസ്സിലാക്കാൻ റോഷന് അധികം മെനക്കെടേണ്ടി വന്നില്ല… തന്റെ മനസ്സ് വായിച്ചെടുത്ത മട്ടിലുള്ള അവന്റെ നോട്ടം കണ്ടതും അഞ്ജുവായിട്ട് തന്നെ ആ മേലങ്കി ഊരി വച്ചു… അവൾ ഒരു പുക കൂടി എടുത്ത് വിട്ടുകൊണ്ട് തുടർന്നു…

“പോയതിലല്ലാ സങ്കടം… പറയാതെ പോയതിലാണ്… അപ്പോൾ എന്റെ ലോകം അവൻ മാത്രമായിരുന്നു… ആ ലോകം അവസാനിച്ചു എന്നറിയാതെ എത്രയോ കാലം ഞാൻ അവനായി കാത്തിരുന്നു… കണ്ണീർ വാർത്തു… ഒരു പക്ഷെ… പറഞ്ഞിട്ട് പോയിരുന്നേൽ പ്രതീക്ഷിക്കേണ്ടായിരുന്നല്ലോ….!”, അവൾ നിർത്തി വീണ്ടും ഒരു പുകയെടുത്തു.

റോഷൻ : “എന്താ അവന്റെ പേര്…?”

അത് കേട്ടതും അവളവനെ നോക്കിയൊന്ന് ചിരിച്ചു. എന്നിട്ട് തന്റെ ചുരിദാറിന്റെ തോളോട് ചേർന്നുള്ള ഭാഗത്തെ തുണി ഒന്നൽപം നീക്കിക്കാണിച്ചു. അവിടെ പച്ച കുത്തിയിരുന്ന ആ പേര് വായിച്ചതും അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു; റോഷൻ…

അതെ… അവളുടെ മുൻകാമുകനും റോഷന്റെ അതേ പേര് തന്നെയായിരുന്നു….

അവൻ അതിശയത്തോടെ അവളെ നോക്കി. അവൾ റോഷനെ നോക്കി വേദന നിറഞ്ഞ ഒരു ചിരി ചിരിച്ചു. അവൻ കണ്ണെടുത്തതും അവൾ ചുരിദാർ തുണി തിരികെയിട്ടു.

“അപ്പോ കട്ട പ്രേമം ആയിരുന്നു, അല്ലേ..?”, റോഷൻ കൗതുകത്തോടെ ചോദിച്ചു.