സാംസൻ – 3അടിപൊളി 

സാന്ദ്രയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. സാധാരണയായി അവള്‍ ഇങ്ങനെ ഒന്നും കാണിക്കാറില്ല. പക്ഷേ ഞാൻ ഒന്നും അറിയാത്ത പോലെ ബൈക്ക് ഓടിച്ചു.

“സാമേട്ടാ..?” എന്റെ തോളത്തു അവളുടെ താടിയെല്ലിനെ ഊന്നിക്കൊണ്ടവൾ വിളിച്ചു.

“എന്താ…?” ഞാൻ ചോദിച്ചു.

“മമ്മി എനിക്കുവേണ്ടി ചെക്കനെ നോക്കി വച്ചേക്കുവാന്ന് ചേട്ടൻ ശെരിക്കും പറഞ്ഞതാണോ…?”

മിററിലൂടെ ഞാൻ ഇളിച്ചു കാണിച്ചത് കണ്ടിട്ട് സാന്ദ്ര എന്റെ വയറ്റിൽ നുള്ളി.

“ഈ കള്ള ചേട്ടൻ…!!” സാന്ദ്ര പെട്ടന്ന് ചിരിച്ചു. “ഞാൻ ശെരിക്കും പേടിച്ചുപോയി, അറിയോ..!!”

“വിവാഹം കഴിക്കാൻ എന്തിനാ പേടിക്കുന്നത്…?” ഞാൻ ചോദിച്ചു.

“എനിക്ക് വിവാഹം വേണ്ട ചേട്ടാ…!” അവള്‍ വാശി പിടിച്ചു.

“നിന്റെ പ്രായത്തിലെ ചില പെണ്‍കുട്ടികള്‍ ഇതുപോലെ വാശി പിടിക്കും. പക്ഷേ കല്യാണം കഴിഞ്ഞാൽ അവരൊക്കെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യും.”

“എനിക്ക് കല്യാണവും വേണ്ട, ആരേ കൂടെയും സന്തോഷത്തോടെ ജീവിക്കയും വേണ്ട.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു. “ചേട്ടൻ തന്നെ മമ്മിയോട് എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.”

“നിനക്ക് ഭ്രാന്താണ്…!” ഞാനും അല്‍പ്പം ദേഷ്യപ്പെട്ടു. “ശെരി, വിവാഹം വേണ്ടെന്ന് പറയാൻ എന്താ കാരണം..?” ഞാൻ ചോദിച്ചു.

പക്ഷേ അവള്‍ മറുപടി പറഞ്ഞില്ല.

“എടി നിന്റെ പ്രശ്നം ഒന്നും പറയാതെ ഞാൻ എങ്ങനെ അമ്മായിയോട് കാര്യം അവതരിപ്പിക്കും…?” ഞാൻ ചോദിച്ചു.

പക്ഷേ അതിനും മറുപടി കിട്ടാത്തത് കൊണ്ട്‌ എനിക്ക് ശെരിക്കും ദേഷ്യം കേറി.

“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..?” അക്ഷമനായി ഞാൻ ചോദിച്ചു.

എന്നാൽ അതിനും ഉത്തരം കിട്ടിയില്ല.

“എടി മോളെ…, നിനക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയ്. എന്നാല്ലേ നിന്റെ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളു.” ഞാൻ കെഞ്ചും പോലെ പറഞ്ഞു.

പക്ഷേ അപ്പോഴും അവൾ മിണ്ടാത്തത് കൊണ്ട്‌ എനിക്ക് നല്ല ദേഷ്യം വന്നു.

“നി ഇങ്ങനെ വാശി പിടിച്ചാല്‍ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇനി ശെരിക്കും നിനക്ക് ഏതെങ്കിലും നല്ല ആലോചന വന്നാൽ ഞാൻ നിന്നെ കെട്ടിച്ച് വിടുക തന്നെ ചെയ്യും…!!” അവസാനം കലിയിളകി ഞാൻ പറഞ്ഞതും അവള്‍ക്ക് എന്നെക്കാളും ദേഷ്യം വന്നു.

ദേഷ്യത്തില്‍ പെട്ടന്ന് അവള്‍ പിറകോട്ട് നീങ്ങിയിരുന്നു.

“എന്നെ കെട്ടിച്ച് വിടണോ വേണ്ടയോ എന്ന് നിങ്ങളാണോ തീരുമാനിക്കേണ്ടത്…? എന്റെ ഇഷ്ടത്തിന് എതിരായി പ്രവർത്തിക്കാൻ ഞാനെന്താ നിങ്ങളുടെ അടിമയാണോ..? അതോ എന്റെ അനുവാദം ചോദിക്കാതെ വല്ലവരേയും ഏല്‍പ്പിക്കാൻ ഞാൻ ബലിമൃഗം ആണോ..? ഞാൻ എങ്ങനെ ജീവിക്കണമെന്ന് ചേട്ടൻ ആലോചിച്ച് ബുദ്ധിമുട്ടേണ്ട… എന്റെ കാര്യം ഞാൻ നോക്കിക്കോളും. ചേട്ടൻ എപ്പോഴും ചെയ്യുന്നത് പോലെ കാണുന്ന എല്ലാവരോടും ഒലിപ്പിച്ചു കൊണ്ട്‌ പുന്നാരവും പറഞ്ഞു നടന്നാൻ മതി.” സാന്ദ്ര കലി തുള്ളി ഒച്ച ഉയർത്തി പറഞ്ഞു.

അവളുടെ മുഖത്തടിച്ചുള്ള സംസാരം കേട്ട് ഞാൻ ചൂളി പോയി. ശെരിക്കും സങ്കടവും വേദനയും എന്റെ മനസ്സിൽ നിറഞ്ഞു.

പക്ഷേ അവള്‍ പറഞ്ഞത് ശെരിയാണ്. അവളുടെ മേല്‍ എനിക്കൊരു അധികാരവും ഇല്ല. അവളുടെ കാര്യം ഞാനല്ല തീരുമാനിക്കേണ്ടത്. വലിയ വായിൽ എന്തെങ്കിലും വിളിച്ചു പറയുന്നതിനു മുമ്പ്‌ ഞാൻ നല്ലതുപോലെ ചിന്തിക്കേണ്ടതായിരുന്നു.

എന്റെ മുഖത്തുണ്ടായ വിഷമവും വേദനയും സാന്ദ്ര മിററിലൂടെ കണ്ടു. പെട്ടന്ന് അവളുടെ മുഖവും വല്ലാണ്ടായി.

അവള്‍ എന്തൊക്കെയോ എന്നോട് പറയാൻ തുടങ്ങി. പക്ഷേ ഒന്നും ഞാൻ കേട്ടില്ല. തിരികെ ഒന്നും പറയുകയും ചെയ്തില്ല.

ഞാൻ സ്പീഡിൽ വണ്ടി ഓടിച്ച് വീട്ടിലെത്തി. അവള്‍ താഴെ ഇറങ്ങി എനിക്കുവേണ്ടി വെയിറ്റ് ചെയ്തത് കണ്ട് എനിക്ക് ദേഷ്യമാണ് വന്നത്.

“എന്തിനാ ഇങ്ങനെ നില്‍ക്കുന്നത്..? എന്റെ കാര്യം ഞാൻ നോക്കിക്കോളും. നി നിന്റെ കാര്യവും നോക്കി പോ…!” ഞാൻ മുരണ്ടു. പക്ഷേ അവൾ സങ്കടത്തോടെ അവിടെതന്നെ നിന്നു.

അതുകൊണ്ട്‌ ദേഷ്യത്തില്‍ ഞാൻ ബൈക്കും എടുത്ത് പുറത്തേക്ക്‌ വിട്ടു. കുറെ ദൂരം പോയാൽ ഒരു തോടും വലിയ വയലും ഉണ്ട്. അങ്ങോട്ടാണ് ഞാൻ പോയത്.

നേരം ഇരുട്ടുന്നത് വരെ ഞാൻ വയൽ വക്കത്തിരുന്നു. അന്നേരമാണ് ജൂലിയുടെ കോൾ വന്നത്.

“സാമേട്ടൻ എവിടെയാ..? എന്തിനാ വീട്ടില്‍ കേറാതെ പോയത്..?” അവള്‍ വിഷമത്തോടെ ചോദിച്ചു.

“ഞാൻ വരാം…!” അത്രയും പറഞ്ഞിട്ട് ഞാൻ കട്ടാക്കി.

പിന്നെയും ഒരുപാട്‌ നേരം കഴിഞ്ഞാണ് ഞാൻ അവിടം വിട്ടത്. പക്ഷേ ഗോപന്റെ വീട്ടില്‍ ചെന്ന് അവനെയും കൂട്ടിക്കൊണ്ട് നേരെ മാളിലേക്കാണ് പോയത്.

“എടാ ഈ രാത്രി തന്നെ നിനക്ക് കാര്‍ എടുക്കണോ..!” ഗോപന്‍ ചോദിച്ചു.

“നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നി വരേണ്ട.” ഞാൻ പറഞ്ഞു.

“എന്റെ അളിയാ.. കുറെ ദിവസമായി ഞാൻ നോക്കുന്നു. എല്ലാറ്റിനും ഒരു ദേഷ്യവും പിന്നേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തർക്കുത്തരവും മാത്രമേ ഉള്ളു. നിനക്ക് എന്തിന്റെ കേടാ…?” പുറകില്‍ നിന്നും അവനെന്റെ തലയില്‍ ഒന്ന് കൊട്ടി.

ഞാൻ ചിരിച്ചു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ ബൈക്ക് ഓടിച്ചു. ഒടുവില്‍ മാളിൽ എത്തി. ഗോപന്‍ തന്നെയാ കാര്‍ എടുത്തത്.

ഗോപന്‍ കാറിലും ഞാൻ ബൈക്കിലും വീട്ടില്‍ എത്തിയപ്പോ ഒന്‍പത് മണി കഴിഞ്ഞിരുന്നു. അവന്‍ കാറിനെ പാർക്ക് ചെയ്തതും അവനെ ഞാൻ അവന്റെ വീട്ടില്‍ കൊണ്ടാക്കി.

തിരികെ വന്നപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും എല്ലാം ഹാളില്‍ തന്നെ ഉണ്ടായിരുന്നു. അമ്മായിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഞാൻ നേരെ റൂമിലേക്ക് നടന്നു.

ജൂലി വേഗം എഴുനേറ്റ് എന്റെ പിന്നാലെ വന്നു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ ബാത്റൂമിൽ കേറി കുളിച്ചിട്ടാണ് വന്നത്.

“മുഖം എന്തിനാ സാമേട്ടാ ഇങ്ങനെ ഇരിക്കുന്നത്…? എന്തെങ്കിലും പ്രശ്നമാണോ.?” ജൂലി വിഷമത്തോടെ ചോദിച്ചു.

“ഒന്നുമില്ല.”

“ശെരി ചേട്ടൻ വന്നേ, നമുക്ക് കഴിക്കാം.”

“ഞാനും ഗോപനും പുറത്ത്‌ നിന്നും കഴിച്ചു. എനിക്കിനി വേണ്ട.”

ഉടനെ ജൂലി സങ്കടത്തോടെ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങി പോയി. ഞാൻ ബെഡ്ഡിൽ കേറി കിടന്നു.

കുറെ കഴിഞ്ഞ് ജൂലി തിരികെ വന്നിട്ട് റൂം പൂട്ടിയ ശേഷം എന്റെ അടുത്തു വന്നിരുന്നു.

“എനിക്ക് നല്ല വിഷമമുണ്ട് സാമേട്ട…!” ജൂലി സങ്കടത്തോടെ പറഞ്ഞു. “എന്തിനാ പുറത്ത്‌ നിന്നും ആഹാരം കഴിച്ചേ..?”

“എനിക്ക് പുറത്തുനിന്നും കഴിക്കാൻ തോന്നി, ഞാൻ കഴിച്ചു. അതിപ്പോ വല്യ കുറ്റമാണോ..?”

ഉടനെ ജൂലിയുടെ മുഖം വല്ലാണ്ടായി.

“ശെരി അത് പോട്ടെ.” ജൂലി പറഞ്ഞു, “സാന്ദ്രയും ചേട്ടനും തമ്മില്‍ എന്താ പ്രശ്നം…? ചേട്ടനും അവളും തമ്മില്‍ എന്തോ ചെറിയ വഴക്ക് കൂടിയെന്ന് മാത്രമേ അവള്‍ പറഞ്ഞുള്ളൂ. ശെരിക്കും എന്താ ഉണ്ടായേ..!?”

Leave a Reply

Your email address will not be published. Required fields are marked *