സാംസൻ – 7അടിപൊളി  

ഇപ്പോൾ എന്തെങ്കിലും പറഞ്ഞാല്‍ ചിലപ്പോ അവള്‍ക്ക് ദേഷ്യം വരും. അതുകൊണ്ട്‌ മിണ്ടാതെ വണ്ടി ഓടിച്ച് അവളെ കൊണ്ടു വിട്ടു. ഇറങ്ങിയ ശേഷം സാന്ദ്ര മിണ്ടാതെ പോയി. ഞാനും സങ്കടത്തോടെ നോക്കി നിന്നു.

പക്ഷേ ഗേറ്റിന് അടുത്ത് എത്തിയതും അവള്‍ നിന്നു. എന്നിട്ട് തിരിഞ്ഞ് വേഗത്തിൽ നടന്നു വന്നു. വന്നപാടെ അവൾ ദേഷ്യത്തില്‍ എന്റെ തുടയിൽ നുള്ളി, എത്രയോ പേർ ഞങ്ങളെ നോക്കുന്നു എന്ന ചിന്ത പോലും ഇല്ലാതെ…!!

“എന്റെ പിണക്കം മാറ്റാൻ ചേട്ടൻ ശ്രമിച്ചു പോലുമില്ല… ഒരു സോറി പോലും പറഞ്ഞില്ല.. ഒരു വാക്ക് പോലും പറഞ്ഞെന്നെ സമാധാനിപ്പിച്ചില്ല… എന്നിട്ട് ഇരിക്കുന്നത് കണ്ടില്ലെ, കല്ല് പോലെ…!!” അത്രയും പറഞ്ഞിട്ട് പിന്നെയും ദേഷ്യത്തില്‍ എന്റെ തുടയിൽ നുള്ളിയ ശേഷം അവള്‍ വേഗം തിരിഞ്ഞു നടന്നു.

ഞാൻ വായും പൊളിച്ച് കുറെ നേരം ഇരുന്നു.

“എന്താണ് ഇപ്പൊ സംഭവിച്ചത്..?” എന്നെയും അറിയാതെ ഉറക്കെ ചോദിച്ചിട്ട് ഞാൻ തല ചൊറിഞ്ഞു.

“പെണ്‍കുട്ടികൾ അങ്ങനെയാണ്…. അവർ ചെയ്യുന്നത് പലതും മനസ്സിലാവില്ല… പിന്നെ അവർ പറയുന്നതും മനസ്സിലാവില്ല. പക്ഷേ അവസാനം കുറ്റം മുഴുവനും നമ്മുടെ തലയില്‍ വരും. എന്തൊക്കെയായാലും, ചേട്ടന്‍ സാന്ദ്രയോട് സംസാരിക്കാതെ ഇരുന്നത് അവള്‍ക്ക് ഇഷ്ടപ്പെടില്ല എന്നുമാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.” സനല്‍ എന്റെ അടുത്തു വന്ന് പറഞ്ഞിട്ട് ചിരിച്ചു.

“ആഹാ… നി എപ്പോ എത്തി…?” ഞാൻ ചോദിച്ചു.

“സാന്ദ്ര ഓടിവന്ന് ചേട്ടന് ആദ്യത്തെ നുള്ള് തന്നപ്പോഴേ ഞാൻ ഇവിടെ എത്തി. എന്തായാലും ചേട്ടന്റെ അന്തം വിട്ട് കുന്തം വിഴുങ്ങിയുള്ള ഇരുപ്പ് കാണാന്‍ നല്ല കോമഡി ആയിരുന്നു.” സനല്‍ പൊട്ടിച്ചിരിച്ചു.

“പോടാ അവിടുന്ന്.. ഒരു ദിവസം നീയും ഏതെങ്കിലും സാഹചര്യത്തിൽ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരിക്കും, നോക്കിക്കോ.” അതും പറഞ്ഞ്‌ ഞാൻ മാളിലേക്ക് വിട്ടു. പുറകില്‍ നിന്നും സനല്‍ പൊട്ടിച്ചിരിക്കുന്നത് അല്പ ദൂരം വരെ എനിക്ക് കേട്ടു.

മാളിൽ എത്തിയതും എന്റെ പതിവ് കാര്യങ്ങൾ കഴിഞ്ഞ ഓഫീസിൽ ചെന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസം വിളിച്ചിരുന്നത് പോലെ ഇന്ന്‌ ദേവി വിളിക്കാത്തതിൽ നിരാശ തോന്നി.

അങ്ങോട്ട് വിളിക്കാന്‍ തോന്നിയെങ്കിലും വേണ്ടെന്ന് തീരുമാനിച്ചു. കഴിഞ്ഞ രാത്രി അവളുടെ പേടിയും വിഷമവും ഞാൻ മനസ്സിലാക്കിയതാണ്. അവള്‍ ചിലപ്പോ എന്റെ കോൾ എടുക്കില്ല…. എന്റെ മെസേജ് പോലും ശല്യമായി അവള്‍ക്ക് തോന്നാന്‍ സാധ്യതയുണ്ട്, അതുകൊണ്ട്‌ ഞാൻ മെസേജും അയച്ചില്ല. അവള്‍ക്ക് വേണ്ട സ്പേസ് കൊടുക്കാന്‍ ഞാൻ തീരുമാനിച്ചു.

മാളിൽ ഒന്നും കൂടി വെറുതെ ചുറ്റി നടന്ന ശേഷം ഞാൻ വിനിലയുടെ വീട്ടിലേക്ക് വിട്ടു.

തീര്‍ത്ഥയാത്ര കഴിഞ്ഞു വന്ന അങ്കിളും ആന്‍റിയേയും കാണാന്‍ പോയില്ലെങ്കില്‍ മോശമായി പോകും. എല്ലാ പ്രാവശ്യവും അവർ തിരികെ വന്ന ദിവസം തന്നെ അവരെ ചെന്ന് കാണുന്നത് എന്റെ പതിവായിരുന്നു. പക്ഷേ ഇപ്രാവശ്യം ഇതുവരെ ഞാൻ പോയില്ല.

പോരാത്തതിന് ആന്റിക്ക് സുഖമില്ലാതെയാണ് തിരികെ വന്നിരിക്കുന്നത്. എന്നോട് നല്ല കാര്യവും സ്നേഹവും ആന്റിക്കുണ്ട്. നോക്കാൻ പോയില്ലെങ്കിൽ സാഹചര്യം കിട്ടുമ്പോൾ എല്ലാം ആന്റി ഇക്കാര്യത്തെ പിന്നെയും പിന്നെയും കുത്തി കാണിക്കുകയും സങ്കടം പറയുകയും ചെയ്തു കൊണ്ടേയിരിക്കും.

വിനിലയുടെ കോമ്പൗണ്ട് ഗേറ്റ് പകുതി തുറന്ന് കിടന്നത് കൊണ്ട്‌ നിറുത്തേണ്ടി വന്നില്ല. ബൈക്ക് നേരെ അകത്ത് കേറ്റി മുറ്റത്ത്‌ കൊണ്ട്‌ നിർത്തി.

അന്നേരം എങ്ങോട്ടോ പോകാൻ തയാറായി ഇറങ്ങുകയായിരുന്നു അങ്കിള്‍. എന്നെ കണ്ടതും പൂമുഖത്ത് തന്നെ അങ്കിള്‍ നിന്നു. എന്റെ ബൈക്കിന്‍റെ ശബ്ദം കേട്ട് ആന്‍റിയും വിനിലയും അകത്ത് നിന്നും പൂമുഖത്തേക്ക് വന്നു.

ആന്റിയും വിനില യും എന്നെ കണ്ട ഉടനെ പുഞ്ചിരിച്ചു. അങ്കിളിന്റെ മുഖത്ത് മാത്രം എന്തോ ഗൗരവം…. എന്നോട് എന്തോ സീരിയസ്സായി പറയാൻ ഉണ്ടെങ്കിൽ മാത്രം കാണാറുള്ള ഗൗരവം ആയിരുന്നു അത്.

“ആഹാ… തേടിയ പന്നി വീട്ടില്‍ എത്തി…!!” അങ്കിള്‍ പറഞ്ഞിട്ട് മുഖത്തിലെ ഗൗരവം കളഞ്ഞിട്ട് ഉറക്കെ ചിരിച്ചു.

“തേടിയ വള്ളി കാലില്‍ ചുറ്റി, എന്നല്ലേ…?” ബൈക്കില്‍ നിന്നിറങ്ങി പൂമുഖത്തേക്ക് കേറുന്നതിനിടെ തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ ചോദിച്ചു.

“നിനക്ക് പന്നിയേ ചേരൂ…!” അങ്കിള്‍ അല്‍പ്പം കാര്യമായി പറഞ്ഞു, “നിന്നെ വന്നു കാണാന്‍ വേണ്ടി ഞാൻ ഇറങ്ങുവായിരുന്നു. ആദ്യം അകത്ത് കേറ് ചിലതൊക്കെ നമുക്ക് ചർച്ച ചെയ്യാനുണ്ട്.”

അങ്കിള്‍ അങ്ങനെ പറഞ്ഞതും എന്റെ ഉള്ളൊന്ന് പിടഞ്ഞു. എന്റെ മിഴികള്‍ താനോ വിനിലയിലേക്ക് നീങ്ങി. നമ്മുടെ കാര്യം അങ്കിള്‍ അറിഞ്ഞോ..? എന്ന ചോദ്യം മനസ്സിലാക്കിയ വിനില പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. അപ്പോഴാണ് ആശ്വാസമായത്.

“എത്ര ദിവസം ആയടാ ഞങ്ങൾ വന്നിട്ട്, ഇപ്പോഴാണോ ഇങ്ങോട്ട് വരാനുള്ള സമയം കിട്ടിയത്…?” ഞങ്ങൾ എല്ലാവരും ഹാളില്‍ ചെന്നിരുന്നതും ആന്റി ചോദിച്ചു.

അങ്കിളും ആന്റിയും സോഫയിൽ ഇരുന്നു. ഞാൻ അവര്‍ക്ക് എതിരെയുള്ള കുഷൻ ചെയറിലും. ചായ വേണ്ടെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ വിനില ചായ എടുക്കാൻ പോയി.

“അതിന്‌ നിങ്ങൾ വന്നിട്ട് രണ്ട് ദിവസം പോലും ആയില്ലല്ലോ..?” ഞാൻ ആന്റിയെ നോക്കി ചിരിച്ചു.

“അത്രയും പോരെ…?” ആന്റി ചോദിച്ചു.

“മതി.. അത്ര മതി.” ഞാൻ കൈകൂപ്പി. ഉടനെ ആന്റിയും അങ്കിളും ചിരിച്ചു.

അതിനുശേഷം റോമിലെ വിശേഷങ്ങള്‍ ഓരോന്നായി ആന്റി വിശദമായി പറയാൻ തുടങ്ങി… അപ്പോഴേക്കും വിനില എനിക്ക് മാത്രം ചായ കൊണ്ട്‌ തന്നിട്ട് എന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു.

പിന്നേ ഞങ്ങളുടെ സംസാരം അങ്കിളിന്റെ ബിസിനസ്സ് കുറിച്ചും, എന്റെ ബിസിനസ്സ് കുറിച്ചും, വിനിലയുടെ ഭർത്താവിനെ കുറിച്ചുമായി. അത് കൂടാതെ വിനിലയ്ക്കും ഭർത്താവിനും കുഴപ്പം ഒന്നും ഇല്ലെങ്കിലും അവര്‍ക്ക് രണ്ടാമത്തെ കുഞ്ഞ് കിട്ടാത്തതിനെ കുറിച്ചുള്ള ചര്‍ച്ചയും കേറി വന്നു.

അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് സമയം പോയത് പോലും ഞങ്ങൾ അറിഞ്ഞില്ല.

ഒടുവില്‍ സുമിയുടെ സ്കൂൾ ബസ്സിന്‍റെ ഹോണടി ശബ്ദം കേട്ടപ്പോഴാണ് ഉച്ച ആയെന്ന് പോലും ഞങ്ങൾ അറിഞ്ഞത്.

“ഹായ് സാമങ്കിൾ…!!”

മുറ്റത്ത്‌ എന്റെ ബൈക്ക് കണ്ടത് കൊണ്ട്‌ പുറത്ത്‌ വച്ച് തന്നെ സന്തോഷത്തില്‍ സുമി കൂവി ചിരിച്ചത് ഞങ്ങൾക്ക് കേട്ടു.

“സുമി മോളും അവളുടെ വിവാഹം കഴിഞ്ഞ് പോകുന്നത് വരെ അവളുടെ അമ്മയെ പോലെ നിന്റെ വാലും പിടിച്ചു നടക്കുമെന്ന തോന്നുന്നത്…!!” അങ്കിള്‍ പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.

“ഇച്ചായന്‍ എന്നതാ ഇതു പറയുന്നേ..? വിനില ഇപ്പോഴും അവന്റെ ശിങ്കിടി തന്നെയല്ലേ..!!” അമ്മായി കളിയാക്കിയത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *