സാംസൻ – 7അടിപൊളി  

ഒടുവില്‍ ലക്ഷ്യ സ്ഥലത്ത്‌ എത്തി ബൈക്ക് നിർത്തി ദേവിയുടെ കോമ്പൗണ്ട് ഗേറ്റ് തുറന്നപ്പോള്‍ പുറത്ത്‌ ചെടികള്‍ നനച്ചു കൊണ്ടിരുന്ന ദേവാംഗന ആന്റി ആശ്ചര്യപ്പെട്ടു. നട്ടുച്ച നേരത്ത് ആന്റി ചെടി നനയ്ക്കുന്നത് കണ്ട് ഞാനും ആശ്ചര്യപ്പെട്ടു.

ചിലപ്പോൾ സമയം കളയാന്‍ വേണ്ടി ആയിരിക്കും.

“എടാ സാം മോനെ…. എന്തൊരു അല്‍ഭുതം…!? മനസ്സിൽ നിന്നെ വിചാരിച്ചതേയുള്ളു… അപ്പോഴേക്കും നി ഇവിടെ എത്തിയല്ലോ…!!” ആന്റി ചിരിച്ചു കൊണ്ട്‌ ഹോസ് ഒരു ചെടി മൂട്ടില്‍ ഇട്ടിട്ട് വേഗം ചെന്ന് പൈപ്പ് അടച്ചു.

ഞാൻ ബൈക്ക് അകത്തു കേറ്റി മുറ്റത്ത്‌ നിർത്തി. സന്തോഷ ചിരിയോടെ ആന്റി വേഗം എന്റെ അടുത്തു വന്നു.

“കേറി വായോ… അകത്തിരിക്കാം…” അതും പറഞ്ഞ്‌ ആന്റി എന്റെ തോളില്‍ പതിയെ തട്ടി.

ഞങ്ങൾ ഒരുമിച്ച് അകത്ത് കേറി ഹാളില്‍ ഇരുന്നു.

“മുളകൾ കൊണ്ട്‌ പണിത ഈ കസേരയാണോ നിനക്ക് കൂടുതൽ ഇഷ്ട്ടം…? അന്നും ഇതിൽ ആണല്ലോ നീ ഇരുന്നത്…?” ആന്റിയും എന്റെ അടുത്തുള്ള മുള കസേരയില്‍ ഇരുന്ന ശേഷം ചോദിച്ചു.

“അതുപിന്നെ… അന്ന് ആന്റിയെ പേടിച്ച് കഴിയുന്നത്ര അകലത്തിൽ ചെന്നിരിക്കാൻ ശ്രമിച്ചാണ് ഇതിൽ വന്നിരുന്നത്. പക്ഷേ ഇരുന്നപ്പോ ശെരിക്കും ഇഷ്ട്ടപ്പെട്ടു. അതുകൊണ്ടാണ് ഇന്നും ഇതിനെ സെലക്ട് ചെയ്തത്.”

ഞാൻ പറഞ്ഞത് കേട്ട് ആന്റി പൊട്ടിച്ചിരിച്ചു.

“ഇപ്പൊ പേടിയെല്ലാം മാറിയല്ലോ, അല്ലേ..?” ആന്റി കളിയാക്കി.

“തുടക്കത്തിൽ ആന്റിയെ പേടിയും…. പിന്നെ അത്ര നല്ല അഭിപ്രായം തോന്നിയില്ലെങ്കിലും… പിന്നീട് ആന്റിയോട് സംസാരിക്കാന്‍ തുടങ്ങിയതും അതൊക്കെ മാറിയിരുന്നു. പുറമെ കാണുന്ന ആന്റി അല്ല അകത്തെന്നും മനസ്സിലായി.. പിന്നെ ആന്റിയുടെ മരുമകള്‍ ദേവിയെ ഉൾപ്പെടുത്തി ആന്റി ഓരോ കാര്യങ്ങൾ പറഞ്ഞപ്പോഴും ആന്റിക്ക് ദേവിയോട് എത്രമാത്രം സ്നേഹം ഉണ്ടെന്ന് മനസ്സിലായി. അപ്പോ സ്വന്തം മക്കളേയും എത്രമാത്രം സ്നേഹിച്ചാണ് വളർത്തിയിട്ടുണ്ടാവുക എന്നും ഞാൻ ഊഹിച്ചു. അപ്പോ എന്റെ മനസ്സും ഇങ്ങനെ ഒരു അമ്മയെ വേണമെന്ന് ആശിച്ചു പോയി.” അല്‍പ്പം ചമ്മലോടെ ഞാൻ പറഞ്ഞു.

സത്യങ്ങൾ തുറന്നു പറഞ്ഞ എന്നെ തന്നെ കുറെ നേരം ആന്റി നോക്കിയിരുന്നു. എന്നാൽ എന്റെ ചിന്തകൾ മറ്റെവിടേക്കോ സഞ്ചരിച്ചു.

അപ്പോൾ ആന്റി എന്നോട് എന്തോ പറഞ്ഞത് എനിക്ക് കേട്ടില്ല. പെട്ടന്ന് ചോദ്യ ഭാവത്തില്‍ ഞാൻ അവരെ നോക്കി.

“ഈ വഴിക്ക് പോയപ്പോ വെറുതെ കേറിയതാണോ…?” ആന്റി ചോദ്യം ആവര്‍ത്തിച്ചു.

“അല്ല ആന്റി, നിങ്ങളെ കാണാന്‍ തന്നെയാ വന്നത്.”

ഞാൻ പറഞ്ഞതും ആന്റിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പ്രകാശം പരത്തുന്ന ചന്ദ്രനെ പോലെ സുന്ദരമായി പ്രകാശിച്ചു. വാത്സല്യപൂർവ്വം മകനെ നോക്കുന്ന അമ്മയെ പോലെ ആന്റി എന്നെ നോക്കി. പക്ഷെ അവസാനം ആന്റിയുടെ നെറ്റി ചുരുങ്ങി ചുളിവുകൾ പ്രത്യക്ഷപ്പെട്ടു.

അപ്പോൾ ആന്റി ചോദിച്ചു, “നിന്റെ മുഖത്ത് എന്താ ഒരു വട്ടം ഉണ്ടല്ലോ…! നിന്റെ ചിന്തയും ഇവിടെ ഒന്നുമല്ല…, ആരോടെങ്കിലും വഴക്ക് കൂടിയിട്ടാണോ വീട്ടില്‍ നിന്നും ഇറങ്ങിയത്…?”

“യേയ്…. അങ്ങനെ ഒന്നുമില്ല, ആന്റി.”

“അങ്ങനെ തന്നെയാണ് എന്തോ ഉള്ളത്… മൂന്ന്‌ മക്കളെ വളര്‍ത്തിയ അമ്മയാണ് ഞാൻ, മുഖ ലക്ഷണങ്ങള്‍ കണ്ട് പലതും ഊഹിക്കാൻ അമ്മമാര്‍ക്ക് കഴിയും. അതുകൊണ്ട്‌ നുണ പറയാതെ എന്നോട് കാര്യം പറയടാ…!” ആന്റി പ്രോത്സാഹിപ്പിച്ചു.

അപ്പോൾ ഞാൻ ഒന്ന് മടിച്ചു.

“എന്നെ പോലെ ഒരു അമ്മയെ വേണം എന്നാലേ നി പറഞ്ഞത്. എന്നെ സ്വന്തം അമ്മയായി നി കണ്ടാല്‍ മതി…” ആന്റി സ്നേഹത്തോടെ പറഞ്ഞു. “അന്നേ ഞാൻ നിന്നെ എന്റെ സ്വന്തം മകനായി മനസ്സിലേറ്റിയും കഴിഞ്ഞു. ഇനി കാര്യം പറ, എന്താ പ്രശ്നം..?”

ആ ഒറ്റ ദിവസം കൊണ്ട്‌ ആന്റി എന്നെ സ്വന്തം മകനായി കരുതി കഴിഞ്ഞെന്നോ..? എനിക്ക് അല്‍ഭുതം തോന്നി. പക്ഷെ എനിക്കും ആന്റിയോട് വാത്സല്യം ഉണർത്തുന്ന ഒരു അടുപ്പം തോന്നിയിരുന്നു.

“പറയട.. എന്താണ്‌ പ്രശ്നം…?” ആന്റി സ്നേഹത്തോടെ ചോദിച്ചു.

“പ്രശ്‌നം……. എന്റെ അമ്മയുടെ കാര്യം ഞാൻ ആന്റിയോട് അന്ന് പറഞ്ഞതല്ലേ…? ആ വിഷമം കൂടാതെ എന്റെ എപ്പോഴത്തേയും വേദന എന്റെ അച്ഛനും ഇളയമ്മയും അവരുടെ മൂന്ന്‌ മക്കളും ആണ്. എന്റെ അച്ഛൻ ഒഴികെ മറ്റാര്‍ക്കും എന്നെ ഇഷ്ട്ടമല്ല. അതാണ് ചെറുപ്പം തൊട്ടുള്ള എന്റെ മാറാത്ത വേദന.”

“അതെന്താ സാം നി അങ്ങനെ പറഞ്ഞത്…?” ആന്റി അന്തിച്ചു പോയി. “അതൊക്കെ നിന്റെ തോന്നലുകൾ ആയിരിക്കും.” ആന്റി എന്നെ ആശ്വസിപ്പിക്കാനായി ശ്രമിച്ചു.

“എന്റെ തോന്നലുകള്‍ അല്ല, അതു തന്നെയാണ് സത്യം, ആന്റി.” ഞാൻ തറപ്പിച്ചു പറഞ്ഞു.

“ശെരിക്കും എന്താണ് സംഭവം..?” ആന്റി ചോദിച്ചു. “ആദ്യം നി കാര്യം പറ, അതിനു ശേഷം നമുക്ക് തീരുമാനിക്കാം സത്യവും മിഥ്യയും എല്ലാം…”

ആന്റി ആവശ്യപ്പെട്ടതും അവരോട് ഞാൻ എന്റെ ചെറുപ്പം തൊട്ടുള്ള കാര്യങ്ങളില്‍ നിന്നും തുടങ്ങി.

എല്ലാം കേട്ട ശേഷം ആന്റി തല കുനിച്ചിരുന്ന് ആലോചനയിൽ മുഴുകി. ഏറെനേരം കഴിഞ്ഞാണ് ആന്റി തല ഉയർത്തി നോക്കിയത്.

“ആ കുട്ടികൾ നിന്നോട് സംസാരിക്കുക പോലും ചെയ്യില്ല എന്നത് സത്യം തന്നെയാണോ…?” ആന്റി വിഷമത്തോടെ ചോദിച്ചു.

“ഇളയമ്മയുടെ സ്വന്തം മകളെയും പിന്നേ എന്റെ അച്ഛനില്‍ അവര്‍ക്ക് ഉണ്ടായ എന്റെ അനിയനും അനിയത്തിയേയും എല്ലാം എന്നില്‍ നിന്നും അകറ്റിയാണ് വളർത്തിയത്. പണ്ടു തൊട്ടെ എന്റെ രണ്ട് അനുജത്തി മാരെയും അനിയനെയും തൊടാൻ പോലും ഇളയമ്മ സമ്മതിച്ചിട്ടില്ല. വളരെ ചെറിയ പ്രായത്തിലെ എന്റെ സഹോദരങ്ങളെ ഹോസ്റ്റലില്‍ നിർത്തിയാണ് ഇളയമ്മ പഠിപ്പിച്ചത്. അവധിക്ക് അവർ മൂന്ന്‌ പേരും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് വരും. രണ്ട് അനുജത്തിയും ഒരു റൂമിലും അനിയന്‍ മറ്റൊരു റൂമിലും പിന്നേ എനിക്ക് വേറെ റൂമും ഉണ്ട്. ഞങ്ങൾ ഒരേ വീട്ടില്‍ ആണെങ്കിലും ആ പിള്ളേര് എന്നില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കും…. ഞാനായിട്ട് അവരുടെ റൂമിൽ ചെന്ന് സംസാരിച്ചാൽ എന്റെ മുഖത്ത് നോക്കാതെ മറുപടി മാത്രം തരും. എന്നെ കുറിച്ച് ഒരു കാര്യവും അവർ അന്വേഷിച്ചിട്ടില്ല, ഇന്നേവരെ. ഞാൻ അവരുടെ റൂമിൽ കേറി ചെല്ലുന്നത് ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടാവും പലപ്പോഴും അവർ റൂമും പൂട്ടി ഇരിക്കുന്നത്. കുഞ്ഞു നാൾ തൊട്ടേ ഇങ്ങനെയുള്ള ദുഃഖവും മനക്ലേശം അവജ്ഞയും അനുഭവിച്ചുമാണ് ഞാൻ ജീവിച്ചത്.”

അത്രയും പറഞ്ഞിട്ട് കുറേനേരം എന്റെ നെറ്റി ഞാൻ ഉഴിഞ്ഞു. ആന്റി ദുഃഖത്തോടെ എന്നെ നോക്കിയിരുന്നു.

“എന്റെ വിവാഹം കഴിഞ്ഞ് അവരൊക്കെ രണ്ടുമാസം എന്റെ വീട്ടിലാണ് താമസിച്ചത്. ജൂലിയോട് അവര്‍ക്ക് അടുപ്പം കാണിക്കാൻ കഴിഞ്ഞെങ്കിലും എന്നോട് പഴയത് പോലെ തന്നെയായിരുന്നു. അവർ തിരികെ പോയ ശേഷവും പല പ്രാവശ്യം ഞാൻ ജൂലിയേയും കൂട്ടി അവരുടെ വീട്ടില്‍ പോയിട്ടുണ്ട്.. പക്ഷേ ഞാൻ ചെന്ന ഉടനെ ആ മൂന്ന്‌ പിള്ളാരും ജൂലിയെ നോക്കി ചിരിച്ചിട്ട് അവരുടെ റൂമിൽ കേറി പോകും. ഇളയമ്മ എന്റെ മുഖത്ത് പോലും ശെരിക്കും നോക്കാതെ എന്തെങ്കിലും സംസാരിച്ചു എന്ന് വരുത്തീട്ട് ജൂലിയെ മാത്രം അവരുടെ റൂമിൽ കൂട്ടിക്കൊണ്ട് പോകും.”

Leave a Reply

Your email address will not be published. Required fields are marked *