ഒരു സങ്കടം കലര്‍ന്ന ചിരി എന്നില്‍ നിന്നും ഉണ്ടായി. ദേവാംഗന ആന്റി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയിരുന്നു.
“പിന്നെ എന്റെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റി തന്നെങ്കിലും എനിക്ക് ഒരു തരി സ്നേഹം പോലും തരാത്ത… സ്നേഹത്തോടെ ഒരു ചുംബനം പോലും തരാത്ത രണ്ടാനമ്മയെ ആണല്ലോ എനിക്ക് തന്നത് എന്നതാണ് എന്റെ അച്ഛന്‍റെ രണ്ടാമത്തെ കുറ്റബോധം. പിന്നെ, എന്നെ വെറും ശത്രുവായി എന്റെ സഹോദരങ്ങളുടെ മനസ്സിൽ വിത്ത് പാകിയാണ് സ്വന്തം കുട്ടികളെ ഇളയമ്മ വളര്‍ത്തിയത്… അതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നതാണ് എന്റെ അച്ഛന്റെ മൂന്നാമത്തെ കുറ്റബോധം.”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ആർത്തു കരയാൻ മനസ്സ് വെമ്പി. പക്ഷേ എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു കൊണ്ട് തുടർന്നു,,
“അവരൊക്കെ എന്നോട് ഇങ്ങനെ പെരുമാറാന്‍ മാത്രം എന്തു തെറ്റ് ഞാൻ ചെയ്തെന്നറിയില്ല. ഇളയമ്മയോട് എന്തു ദ്രോഹമാണ് ഞാൻ ചെയ്തത്. ഇളയമ്മ പോട്ടെ… പക്ഷേ ഇത്രയൊക്കെ എന്റെ സഹോദരങ്ങൾ വളർന്നു കഴിഞ്ഞു, ഇപ്പോഴെങ്കിലും ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അന്വേഷിച്ച് സത്യം കണ്ടെത്താൻ അവർ ശ്രമിച്ചില്ല. എന്നെ വെറുക്കുന്നതിന്‍റെ കാരണം പോലും അവര്‍ക്ക് അറിയാത്ത സ്ഥിതിക്ക് അവർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്നും ഇതുവരെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല…!!” ഞാൻ പറഞ്ഞു നിര്‍ത്തി.
എല്ലാം പറഞ്ഞു കഴിഞ്ഞതും എനിക്ക് അല്‍പ്പം ആശ്വാസം തോന്നി. ഒരു നെടുവീര്‍പ്പോടെ എന്റെ കണ്ണുകൾ തുറന്നു ഞാൻ നോക്കി. അന്നേരം ആന്റി പെട്ടന്ന് സ്വന്തം കണ്ണുകളെ തുടച്ചു.
അപ്പോൾ ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു, “എന്റെ ചെറുപ്പം തൊട്ടേ വിനിലയും അങ്കിളും ആന്റിയും ആയിരുന്നു എനിക്കെല്ലാം. അവരുടെ കൂടെയാണ് ഞാൻ അധികവും ജീവിച്ചത്. അവരില്‍ നിന്നു മാത്രമാണ് സ്നേഹം എനിക്ക് ലഭിച്ചത്. അവർ മാത്രമായിരുന്നു എന്റെ മനസ്സിലെ പ്രകാശം. അവരായിരുന്നു എന്റെ സാന്ത്വനം. എന്റെ വിവാഹം കഴിയുന്നത് വരെ അവർ മാത്രമായിരുന്നു എന്റെ എല്ലാമെല്ലാം.” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു നിർത്തി.
കുറെ നേരത്തേക്ക് ആന്റി ഒന്നും സംസാരിച്ചില്ല. തലയും താഴ്ത്തി അവർ ഇരുന്നു. ഒടുവില്‍ അവർ നിവര്‍ന്നിരുന്ന് എന്നെ നോക്കി.
“തല്‍കാലം വിഷമമുള്ള കാര്യങ്ങൾ ഒന്നും നി ചിന്തിക്കേണ്ട. എല്ലാം താനെ ശരിയാവും.” ആന്റി എന്നെ ആശ്വസിപ്പിച്ചു.
ശേഷം ആന്റി എന്റെ ഇളയമ്മയേയും എന്റെ സഹോദരങ്ങളേയും കുറ്റപ്പെടുത്താത്ത രീതിക്ക് അവര്‍ക്കു വേണ്ടി ചില ന്യായീകരണങ്ങൾ നടത്തി. പക്ഷേ അവരുടെ തെറ്റുകളും ആന്റി സമ്മതിച്ചു… പിന്നെ കുടുംബ മഹിമയെ കുറിച്ച് ആന്റി ഒരുപാട് കാര്യങ്ങളും ഉപദേശങ്ങളും എനിക്ക് പറഞ്ഞു തന്നു.
ഞാൻ അങ്കിളോട് അങ്ങനെയൊക്കെ സംസാരിച്ചിട്ട് ഇറങ്ങി വന്നതിന് ആന്റി ഒത്തിരി വഴക്കും പറഞ്ഞു.
എന്തായാലും ആന്റിയോട് സംസാരിച്ചപ്പോ എനിക്ക് ശെരിക്കും നല്ല ആശ്വാസം തോന്നി. മനസ്സിലെ ഭാരം നീങ്ങുകയും ചെയ്തു. ആന്റി ശാസിച്ചതും ഉപദേശിച്ചതും എല്ലാം ഒരു പുഞ്ചിരിയോടെയാണ് ഞാൻ ഗ്രഹിച്ചത്.
അവസാനം ആന്റി സ്നേഹത്തോടെ എന്റെ വലത് കവിളിൽ അവരുടെ ഉള്ളംകൈ ചേര്‍ത്തു.
“ശെരി, നീ വാ. നമുക്ക് കഴിക്കാം.” ആന്റി പതിയെ എന്റെ കവിളിൽ രണ്ടു പ്രാവശ്യം വാത്സല്യപൂർവ്വം തട്ടി. ശേഷം എഴുനേറ്റ് എന്റെ കൈ പിടിച്ച് എന്നെ കൂട്ടിക്കൊണ്ടു പോയി. ഞാനും മടി കൂടാതെ കഴിക്കാൻ ചെന്നു.
കഴിക്കുന്നതിനിടയിൽ ഞങ്ങൾ വേറെ സാധാരണ കാര്യങ്ങളൊക്കെ സംസാരിച്ചു. ഒരുപാട് തമാശയും ഞാൻ പറഞ്ഞു. ആന്റി പൊട്ടിച്ചിരിക്കുന്നത് കാണുമ്പോ എനിക്ക് സന്തോഷം തോന്നുമായിരുന്നു.
ആന്റി സ്വന്തം കാര്യങ്ങളെ കുറിച്ചും എന്നോട് തുറന്ന് സംസാരിച്ചു. ഭർത്താവ് മരിച്ച ശേഷം ആന്റിക്ക് ശെരിക്കും ഉറങ്ങാൻ പോലും കഴിയുന്നില്ല എന്നും… അതുകൊണ്ട് ഉറക്ക ഗുളിക കഴിച്ചിട്ടാണ് രാത്രി സ്വസ്ഥമായി ഉറങ്ങുന്നത് എന്നും പറഞ്ഞു.
