സാംസൻ – 7അടിപൊളി  

അത്രയും പറഞ്ഞിട്ട് വിഷമത്തോടെ തലയാട്ടിയ ശേഷം ഞാൻ തുടർന്നു,,

“ജൂലിയെ അവർ റൂമിൽ കൂട്ടിക്കൊണ്ട് പോയാല്‍ ഞാനും പപ്പയും അവിടെ സംസാരിച്ചിരിക്കും. സത്യത്തിൽ ഞാനാണ് അധികവും എന്റെ അച്ഛനോട് സംസാരിക്കുന്നത്, പപ്പ എല്ലാം കേട്ടു കൊണ്ടിരിക്കും…. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ വാക്കുകൾ പറയും എന്നല്ലാതെ കൂടുതൽ നേരവും കുറ്റബോധത്തോടെ പപ്പ തലകുനിച്ച് ഇരിക്കാറാണ് പതിവ്.”

“നിന്റെ പപ്പ നിന്നോട് തെറ്റൊന്നും ചെയ്തില്ല, പിന്നെ എന്തിനാണ് കുറ്റബോധം..?!” ആന്റി സംശയത്തോടെ ചോദിച്ചു.

“എന്നെ പ്രസവിച്ച എന്റെ അമ്മക്ക് പോലും എന്നോട് സ്നേഹം ഇല്ലായിരുന്നു. അമ്മയുടെ കാമുകനെ അവര്‍ക്ക് കിട്ടാത്ത ദേഷ്യം എല്ലാം എന്നെ ഉപദ്രവിച്ചാണ് അമ്മ തീർത്തിരുന്നത്…. അച്ഛൻ അതൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് മൂന്നര വയസ്സുള്ള സമയത്താണ് അച്ഛൻ അമ്മയുടെ തനിക്കൊണം കണ്ടത്. അവർ തമ്മില്‍ വഴക്കായി. അച്ഛൻ അമ്മയെ ശെരിക്കും ഉപദ്രവിച്ചു. ഒരാഴ്ച കഴിഞ്ഞ് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി പോകുകയും ചെയ്തു. അച്ഛന്റെ കുറ്റം അല്ലെങ്കിലും, അമ്മ എപ്പോഴും എന്നെ ഉപദ്രവിച്ചിരുന്നെന്ന വിവരം നേരത്തെ അറിഞ്ഞില്ല എന്നതിനാണ് അച്ഛന്റെ ആദ്യത്തെ കുറ്റബോധം.”

ഒരു സങ്കടം കലര്‍ന്ന ചിരി എന്നില്‍ നിന്നും ഉണ്ടായി. ദേവാംഗന ആന്റി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയിരുന്നു.

“പിന്നെ എന്റെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റി തന്നെങ്കിലും എനിക്ക് ഒരു തരി സ്നേഹം പോലും തരാത്ത… സ്നേഹത്തോടെ ഒരു ചുംബനം പോലും തരാത്ത രണ്ടാനമ്മയെ ആണല്ലോ എനിക്ക് തന്നത് എന്നതാണ് എന്റെ അച്ഛന്‍റെ രണ്ടാമത്തെ കുറ്റബോധം. പിന്നെ, എന്നെ വെറും ശത്രുവായി എന്റെ സഹോദരങ്ങളുടെ മനസ്സിൽ വിത്ത് പാകിയാണ് സ്വന്തം കുട്ടികളെ ഇളയമ്മ വളര്‍ത്തിയത്… അതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നതാണ് എന്റെ അച്ഛന്റെ മൂന്നാമത്തെ കുറ്റബോധം.”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ആർത്തു കരയാൻ മനസ്സ് വെമ്പി. പക്ഷേ എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു കൊണ്ട്‌ തുടർന്നു,,

“അവരൊക്കെ എന്നോട് ഇങ്ങനെ പെരുമാറാന്‍ മാത്രം എന്തു തെറ്റ് ഞാൻ ചെയ്തെന്നറിയില്ല. ഇളയമ്മയോട് എന്തു ദ്രോഹമാണ് ഞാൻ ചെയ്തത്. ഇളയമ്മ പോട്ടെ… പക്ഷേ ഇത്രയൊക്കെ എന്റെ സഹോദരങ്ങൾ വളർന്നു കഴിഞ്ഞു, ഇപ്പോഴെങ്കിലും ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അന്വേഷിച്ച് സത്യം കണ്ടെത്താൻ അവർ ശ്രമിച്ചില്ല. എന്നെ വെറുക്കുന്നതിന്‍റെ കാരണം പോലും അവര്‍ക്ക് അറിയാത്ത സ്ഥിതിക്ക് അവർ എന്തുകൊണ്ട്‌ ചിന്തിക്കുന്നില്ല എന്നും ഇതുവരെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല…!!” ഞാൻ പറഞ്ഞു നിര്‍ത്തി.

എല്ലാം പറഞ്ഞു കഴിഞ്ഞതും എനിക്ക് അല്‍പ്പം ആശ്വാസം തോന്നി. ഒരു നെടുവീര്‍പ്പോടെ എന്റെ കണ്ണുകൾ തുറന്നു ഞാൻ നോക്കി. അന്നേരം ആന്റി പെട്ടന്ന് സ്വന്തം കണ്ണുകളെ തുടച്ചു.

അപ്പോൾ ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു, “എന്റെ ചെറുപ്പം തൊട്ടേ വിനിലയും അങ്കിളും ആന്റിയും ആയിരുന്നു എനിക്കെല്ലാം. അവരുടെ കൂടെയാണ് ഞാൻ അധികവും ജീവിച്ചത്. അവരില്‍ നിന്നു മാത്രമാണ്‌ സ്നേഹം എനിക്ക് ലഭിച്ചത്‌. അവർ മാത്രമായിരുന്നു എന്റെ മനസ്സിലെ പ്രകാശം. അവരായിരുന്നു എന്റെ സാന്ത്വനം. എന്റെ വിവാഹം കഴിയുന്നത് വരെ അവർ മാത്രമായിരുന്നു എന്റെ എല്ലാമെല്ലാം.” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു നിർത്തി.

കുറെ നേരത്തേക്ക് ആന്റി ഒന്നും സംസാരിച്ചില്ല. തലയും താഴ്ത്തി അവർ ഇരുന്നു. ഒടുവില്‍ അവർ നിവര്‍ന്നിരുന്ന് എന്നെ നോക്കി.

“തല്‍കാലം വിഷമമുള്ള കാര്യങ്ങൾ ഒന്നും നി ചിന്തിക്കേണ്ട. എല്ലാം താനെ ശരിയാവും.” ആന്റി എന്നെ ആശ്വസിപ്പിച്ചു.

ശേഷം ആന്റി എന്റെ ഇളയമ്മയേയും എന്റെ സഹോദരങ്ങളേയും കുറ്റപ്പെടുത്താത്ത രീതിക്ക് അവര്‍ക്കു വേണ്ടി ചില ന്യായീകരണങ്ങൾ നടത്തി. പക്ഷേ അവരുടെ തെറ്റുകളും ആന്റി സമ്മതിച്ചു… പിന്നെ കുടുംബ മഹിമയെ കുറിച്ച് ആന്റി ഒരുപാട്‌ കാര്യങ്ങളും ഉപദേശങ്ങളും എനിക്ക് പറഞ്ഞു തന്നു.

ഞാൻ അങ്കിളോട് അങ്ങനെയൊക്കെ സംസാരിച്ചിട്ട് ഇറങ്ങി വന്നതിന് ആന്റി ഒത്തിരി വഴക്കും പറഞ്ഞു.

എന്തായാലും ആന്റിയോട് സംസാരിച്ചപ്പോ എനിക്ക് ശെരിക്കും നല്ല ആശ്വാസം തോന്നി. മനസ്സിലെ ഭാരം നീങ്ങുകയും ചെയ്തു. ആന്റി ശാസിച്ചതും ഉപദേശിച്ചതും എല്ലാം ഒരു പുഞ്ചിരിയോടെയാണ് ഞാൻ ഗ്രഹിച്ചത്.

അവസാനം ആന്റി സ്നേഹത്തോടെ എന്റെ വലത് കവിളിൽ അവരുടെ ഉള്ളംകൈ ചേര്‍ത്തു.

“ശെരി, നീ വാ. നമുക്ക് കഴിക്കാം.” ആന്റി പതിയെ എന്റെ കവിളിൽ രണ്ടു പ്രാവശ്യം വാത്സല്യപൂർവ്വം തട്ടി. ശേഷം എഴുനേറ്റ് എന്റെ കൈ പിടിച്ച് എന്നെ കൂട്ടിക്കൊണ്ടു പോയി. ഞാനും മടി കൂടാതെ കഴിക്കാൻ ചെന്നു.

കഴിക്കുന്നതിനിടയിൽ ഞങ്ങൾ വേറെ സാധാരണ കാര്യങ്ങളൊക്കെ സംസാരിച്ചു. ഒരുപാട്‌ തമാശയും ഞാൻ പറഞ്ഞു. ആന്റി പൊട്ടിച്ചിരിക്കുന്നത് കാണുമ്പോ എനിക്ക് സന്തോഷം തോന്നുമായിരുന്നു.

ആന്റി സ്വന്തം കാര്യങ്ങളെ കുറിച്ചും എന്നോട് തുറന്ന് സംസാരിച്ചു. ഭർത്താവ് മരിച്ച ശേഷം ആന്റിക്ക് ശെരിക്കും ഉറങ്ങാൻ പോലും കഴിയുന്നില്ല എന്നും… അതുകൊണ്ട്‌ ഉറക്ക ഗുളിക കഴിച്ചിട്ടാണ് രാത്രി സ്വസ്ഥമായി ഉറങ്ങുന്നത് എന്നും പറഞ്ഞു.

ഒടുവില്‍ ഞങ്ങൾ എഴുനേറ്റ് കൈ കഴുകി. ആന്റി പാത്രങ്ങള്‍ എല്ലാം കഴുകി വച്ചു.

“ആന്റിയെ പോലെ ഒരു അമ്മയെ കിട്ടിയിരുന്നെങ്കിൽ മതിയായിരുന്നു.” പിന്നെയും ഹാളില്‍ വന്നിരുന്ന ശേഷം ഞാൻ ആന്റിയെ നോക്കി പറഞ്ഞു.

അന്നേരം ഒരു നഷ്ടബോധം എന്നില്‍ ചേക്കേറി. അന്നേരം ആന്റിയെ എന്റെ സ്വന്തം അമ്മയായി തന്നെ എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ഠിക്കുകയും ചെയ്തു.

“അതിനെന്താ.. എന്നെ നീ അമ്മയായി തന്നെ കണ്ടാൽ മതി. എനിക്ക് നീ മകന്‍ തന്നെയാ. ഒരു മകനായി തന്നെയാ ഞാനും നിന്നെ കാണുന്നത്.” ആന്റി എന്റെ അടുത്തിരുന്ന് പുഞ്ചിരിയോടെ എന്റെ കവിളിൽ മെല്ലെ തട്ടി.

“ശെരി ആന്റി, ഞാൻ ഇറങ്ങട്ടെ.. സമയം മൂന്ന്‌ കഴിഞ്ഞു.” പറഞ്ഞിട്ട് ഞാൻ മെല്ലെ എഴുന്നേറ്റു.

“വൈകിട്ട് ദേവി വന്ന ശേഷം നമുക്ക് ഒരുമിച്ചിരുന്ന് ചായ കുടിച്ചിട്ട് പോയാല്‍ പോരെ…?” ആന്റി ചോദിച്ചു.

“വേണ്ട ആന്റി… എനിക്ക് പോണം. സാന്ദ്ര യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാര്യം ഞാൻ പറഞ്ഞല്ലോ.. ഞാനാണ് അവളുടെ ടാക്സി…! ലേറ്റായാൽ ആ പാവം അവിടെ ഒറ്റക്ക് വിഷമിച്ച് നില്‍ക്കും.”

ഉടനെ ആന്റിയുടെ മുഖം തെളിഞ്ഞു.

“ശെരിക്കും നി നല്ല കുട്ടിയാണ്, ട്ടോ..!” ആന്റി വാത്സല്യപൂർവ്വം പറഞ്ഞു.

ങേ… ഞാൻ തല ചൊറിഞ്ഞു. ആന്റി അതുകണ്ട് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *