“പ്രശ്‌നം……. എന്റെ അമ്മയുടെ കാര്യം ഞാൻ ആന്റിയോട് അന്ന് പറഞ്ഞതല്ലേ…? ആ വിഷമം കൂടാതെ എന്റെ എപ്പോഴത്തേയും വേദന എന്റെ അച്ഛനും ഇളയമ്മയും അവരുടെ മൂന്ന് മക്കളും ആണ്. എന്റെ അച്ഛൻ ഒഴികെ മറ്റാര്‍ക്കും എന്നെ ഇഷ്ട്ടമല്ല. അതാണ് ചെറുപ്പം തൊട്ടുള്ള എന്റെ മാറാത്ത വേദന.”
“അതെന്താ സാം നി അങ്ങനെ പറഞ്ഞത്…?” ആന്റി അന്തിച്ചു പോയി. “അതൊക്കെ നിന്റെ തോന്നലുകൾ ആയിരിക്കും.” ആന്റി എന്നെ ആശ്വസിപ്പിക്കാനായി ശ്രമിച്ചു.
“എന്റെ തോന്നലുകള്‍ അല്ല, അതു തന്നെയാണ് സത്യം, ആന്റി.” ഞാൻ തറപ്പിച്ചു പറഞ്ഞു.
“ശെരിക്കും എന്താണ് സംഭവം..?” ആന്റി ചോദിച്ചു. “ആദ്യം നി കാര്യം പറ, അതിനു ശേഷം നമുക്ക് തീരുമാനിക്കാം സത്യവും മിഥ്യയും എല്ലാം…”
ആന്റി ആവശ്യപ്പെട്ടതും അവരോട് ഞാൻ എന്റെ ചെറുപ്പം തൊട്ടുള്ള കാര്യങ്ങളില്‍ നിന്നും തുടങ്ങി.
എല്ലാം കേട്ട ശേഷം ആന്റി തല കുനിച്ചിരുന്ന് ആലോചനയിൽ മുഴുകി. ഏറെനേരം കഴിഞ്ഞാണ് ആന്റി തല ഉയർത്തി നോക്കിയത്.
“ആ കുട്ടികൾ നിന്നോട് സംസാരിക്കുക പോലും ചെയ്യില്ല എന്നത് സത്യം തന്നെയാണോ…?” ആന്റി വിഷമത്തോടെ ചോദിച്ചു.
“ഇളയമ്മയുടെ സ്വന്തം മകളെയും പിന്നേ എന്റെ അച്ഛനില്‍ അവര്‍ക്ക് ഉണ്ടായ എന്റെ അനിയനും അനിയത്തിയേയും എല്ലാം എന്നില്‍ നിന്നും അകറ്റിയാണ് വളർത്തിയത്. പണ്ടു തൊട്ടെ എന്റെ രണ്ട് അനുജത്തി മാരെയും അനിയനെയും തൊടാൻ പോലും ഇളയമ്മ സമ്മതിച്ചിട്ടില്ല. വളരെ ചെറിയ പ്രായത്തിലെ എന്റെ സഹോദരങ്ങളെ ഹോസ്റ്റലില്‍ നിർത്തിയാണ് ഇളയമ്മ പഠിപ്പിച്ചത്. അവധിക്ക് അവർ മൂന്ന് പേരും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് വരും. രണ്ട് അനുജത്തിയും ഒരു റൂമിലും അനിയന്‍ മറ്റൊരു റൂമിലും പിന്നേ എനിക്ക് വേറെ റൂമും ഉണ്ട്. ഞങ്ങൾ ഒരേ വീട്ടില്‍ ആണെങ്കിലും ആ പിള്ളേര് എന്നില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കും…. ഞാനായിട്ട് അവരുടെ റൂമിൽ ചെന്ന് സംസാരിച്ചാൽ എന്റെ മുഖത്ത് നോക്കാതെ മറുപടി മാത്രം തരും. എന്നെ കുറിച്ച് ഒരു കാര്യവും അവർ അന്വേഷിച്ചിട്ടില്ല, ഇന്നേവരെ. ഞാൻ അവരുടെ റൂമിൽ കേറി ചെല്ലുന്നത് ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടാവും പലപ്പോഴും അവർ റൂമും പൂട്ടി ഇരിക്കുന്നത്. കുഞ്ഞു നാൾ തൊട്ടേ ഇങ്ങനെയുള്ള ദുഃഖവും മനക്ലേശം അവജ്ഞയും അനുഭവിച്ചുമാണ് ഞാൻ ജീവിച്ചത്.”
അത്രയും പറഞ്ഞിട്ട് കുറേനേരം എന്റെ നെറ്റി ഞാൻ ഉഴിഞ്ഞു. ആന്റി ദുഃഖത്തോടെ എന്നെ നോക്കിയിരുന്നു.
“എന്റെ വിവാഹം കഴിഞ്ഞ് അവരൊക്കെ രണ്ടുമാസം എന്റെ വീട്ടിലാണ് താമസിച്ചത്. ജൂലിയോട് അവര്‍ക്ക് അടുപ്പം കാണിക്കാൻ കഴിഞ്ഞെങ്കിലും എന്നോട് പഴയത് പോലെ തന്നെയായിരുന്നു. അവർ തിരികെ പോയ ശേഷവും പല പ്രാവശ്യം ഞാൻ ജൂലിയേയും കൂട്ടി അവരുടെ വീട്ടില്‍ പോയിട്ടുണ്ട്.. പക്ഷേ ഞാൻ ചെന്ന ഉടനെ ആ മൂന്ന് പിള്ളാരും ജൂലിയെ നോക്കി ചിരിച്ചിട്ട് അവരുടെ റൂമിൽ കേറി പോകും. ഇളയമ്മ എന്റെ മുഖത്ത് പോലും ശെരിക്കും നോക്കാതെ എന്തെങ്കിലും സംസാരിച്ചു എന്ന് വരുത്തീട്ട് ജൂലിയെ മാത്രം അവരുടെ റൂമിൽ കൂട്ടിക്കൊണ്ട് പോകും.”
അത്രയും പറഞ്ഞിട്ട് വിഷമത്തോടെ തലയാട്ടിയ ശേഷം ഞാൻ തുടർന്നു,,
“ജൂലിയെ അവർ റൂമിൽ കൂട്ടിക്കൊണ്ട് പോയാല്‍ ഞാനും പപ്പയും അവിടെ സംസാരിച്ചിരിക്കും. സത്യത്തിൽ ഞാനാണ് അധികവും എന്റെ അച്ഛനോട് സംസാരിക്കുന്നത്, പപ്പ എല്ലാം കേട്ടു കൊണ്ടിരിക്കും…. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ വാക്കുകൾ പറയും എന്നല്ലാതെ കൂടുതൽ നേരവും കുറ്റബോധത്തോടെ പപ്പ തലകുനിച്ച് ഇരിക്കാറാണ് പതിവ്.”
“നിന്റെ പപ്പ നിന്നോട് തെറ്റൊന്നും ചെയ്തില്ല, പിന്നെ എന്തിനാണ് കുറ്റബോധം..?!” ആന്റി സംശയത്തോടെ ചോദിച്ചു.
“എന്നെ പ്രസവിച്ച എന്റെ അമ്മക്ക് പോലും എന്നോട് സ്നേഹം ഇല്ലായിരുന്നു. അമ്മയുടെ കാമുകനെ അവര്‍ക്ക് കിട്ടാത്ത ദേഷ്യം എല്ലാം എന്നെ ഉപദ്രവിച്ചാണ് അമ്മ തീർത്തിരുന്നത്…. അച്ഛൻ അതൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് മൂന്നര വയസ്സുള്ള സമയത്താണ് അച്ഛൻ അമ്മയുടെ തനിക്കൊണം കണ്ടത്. അവർ തമ്മില്‍ വഴക്കായി. അച്ഛൻ അമ്മയെ ശെരിക്കും ഉപദ്രവിച്ചു. ഒരാഴ്ച കഴിഞ്ഞ് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി പോകുകയും ചെയ്തു. അച്ഛന്റെ കുറ്റം അല്ലെങ്കിലും, അമ്മ എപ്പോഴും എന്നെ ഉപദ്രവിച്ചിരുന്നെന്ന വിവരം നേരത്തെ അറിഞ്ഞില്ല എന്നതിനാണ് അച്ഛന്റെ ആദ്യത്തെ കുറ്റബോധം.”
