സാംസൻ – 7അടിപൊളി  

അന്നേരം സുമി ഹാളിന്റെ നടയില്‍ കേറി വന്നു.

“അങ്കിള്‍…!!” ബാഗ് താഴെ ഇട്ടിട്ട് അവള്‍ ചിരിച്ചു കൊണ്ട്‌ ഓടി അടുത്തേക്ക് വന്നതും ചിരിച്ചുകൊണ്ട് അവളെ ഞാൻ തൂക്കിയെടുത്ത് അവളുടെ കവിളൽ ഉമ്മ കൊടുത്തു.

അവളും എനിക്ക് കുറെ ഉമ്മ തന്നിട്ട് എന്റെ തോളില്‍ അവള്‍ മുഖം വച്ച് പതുങ്ങി കിടന്നു. കുറെ കഴിഞ്ഞ് അവളെ എന്റെ മടിയില്‍ ഞാൻ ഇരുത്തി. പക്ഷേ അവള്‍ ഊർന്നിറങ്ങി ആന്റിയുടെ അടുത്തേക്ക് പോയി.

“പിന്നേ ഞാൻ ചോദിക്കാന്‍ മറന്നു, എന്നെ കാണാന്‍ വരുവായിരുന്നു എന്നല്ലേ അങ്കിള്‍ പറഞ്ഞത്… എന്തു കാര്യത്തിന..?” അങ്കിളെ നോക്കി ഞാൻ ചോദിച്ചു.

അങ്കിള്‍ ഉടനെ ആന്റിയെ ഒന്ന് നോക്കി. എന്നിട്ട് വിനലയേയും. ശേഷം എന്റെ മുഖത്ത് നോട്ടം നട്ടു.

“എടാ മോനെ… രണ്ടുമൂന്ന് മാസമായി നി നിന്റെ പപ്പയെ വിളിച്ച് സംസാരിക്കുന്നില്ല എന്ന പരാതി കിട്ടിയിട്ടുണ്ട്. നിന്റെ പപ്പ നിന്നെ വിളിച്ചാല്‍ മാത്രം നി സംസാരിക്കുന്നു എന്നും പരാതി ഉണ്ട്.” അത്രയും പറഞ്ഞിട്ട് അങ്കിള്‍ അല്‍പ്പം ഗൗരവത്തിൽ എന്നെ നോക്കി.

എന്നിട്ട് തുടർന്നു, “പിന്നേ കഴിഞ്ഞ വര്‍ഷം നിനക്ക് അവകാശപ്പെട്ട നിന്റെ വീതമായ സ്ഥാവര ജംഗമ സ്വത്തുക്കള്‍ നിന്റെ പേരില്‍ എഴുതിത്തരാനായി നിന്റെ പപ്പ നിന്നെ വിളിച്ചപ്പോ അതൊന്നും സ്വീകരിക്കാന്‍ നി തയ്യാറായില്ല എന്നും അളിയന്‍ ഇന്നലെയാണ് എന്നോട് പറഞ്ഞു.”

അത്രയും പറഞ്ഞിട്ട് അങ്കിള്‍ എന്റെ മറുപടിക്ക് വേണ്ടി കാത്തു. പക്ഷേ ഞാൻ മിണ്ടാതെ താഴെ നോക്കിയാണ് ഇരുന്നത്. ടെൻഷൻ കാരണം മുഷ്ടി ചുരുട്ടി പിടിക്കുകയും നിവര്‍ത്തുകയും പിന്നേ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ ശ്വാസം ആഞ്ഞ് എടുക്കുകയും ഞാൻ ചെയ്തു കൊണ്ടിരുന്നു.

ഉടനെ എന്നെ ആശ്വസിപ്പിക്കാൻ എന്നപോലെ വിനില എന്റെ തോളില്‍ കൈ വച്ചു.

ഞാൻ ഒന്നും പറയാതെ ഇരുന്നത് കൊണ്ട്‌ അങ്കിള്‍ തുടർന്നു, “എടാ മോനെ, ഒന്നുമില്ലെങ്കിലും നിന്റെ അനിയനും അനിയത്തിയേയും എങ്കിലും നിനക്ക് ഇടക്കൊക്കെ ചെന്ന് കണ്ട് സംസാരിച്ചു കൂടെ..? അവരൊക്കെ എന്താണ്‌ പഠിക്കുന്നത് എന്നെങ്കിലും നിനക്ക് വല്ല നിശ്ചയവുമുണ്ടോ…? ഒന്നര വര്‍ഷമായി അവരുടെ വീട്ടില്‍ നി പോയിട്ട് പോലുമില്ല എന്നാണല്ലോ നിന്റെ പപ്പ പറഞ്ഞത്…!” അങ്കിള്‍ ഗൗരവമായി പറഞ്ഞു.

പക്ഷേ അപ്പോഴും ഞാൻ മിണ്ടാതെ ഇരുന്നു.

“എന്തെങ്കിലും ഒന്ന് പറയടാ…!!” ഒടുവില്‍ ക്ഷമ നശിച്ചത് പോലെ അങ്കിള്‍ ചൂടായി.

“ദേ ഇച്ചായാ, വേണ്ട ട്ടോ…. എല്ലാ കാര്യവും കാരണങ്ങളും അറിയാവുന്ന നിങ്ങൾ എന്തു വിചാരിച്ച അവനോട് ഇങ്ങനെ ചൂടാവുന്നത്…?” ആന്റി അങ്കിളോട് ദേഷ്യപ്പെട്ടു.

“നി വെറുതെ ഇരിക്ക് എല്‍സ…. കുടുംബത്തിൽ പലതും സംഭവിച്ചു എന്നിരിക്കും. പക്ഷേ ഏറ്റവും മൂത്ത സഹോദരൻ എന്ന നിലക്ക് ഇവനാണ് സഹിക്കേണ്ടത്… ഇവനാണ് അതിനൊക്കെ പരിഹാരം കാണേണ്ടത്.. ഇവന്‍ തന്നെയാണ് കുടുംബത്തെ ഒരുമിച്ച് കൂട്ടി പിടിക്കേണ്ടത്… പക്ഷേ എന്താണ് ഇവന്‍ ചെയ്തത്..? എല്ലാവരില്‍ നിന്നും ഒതുങ്ങി ഒഴിഞ്ഞുമാറി ഇവന്‍ നില്‍ക്കുന്നു…!!” അങ്കിള്‍ നല്ല ദേഷ്യത്തില്‍ പറഞ്ഞു.

അതുകേട്ട് എനിക്കും ദേഷ്യം വന്നു.

“കാര്യങ്ങൾ എല്ലാം അറിയാവുന്ന അങ്കിള്‍ തന്നെ ഇങ്ങനെ കുറ്റപ്പെടുത്തിയത് ശെരിയായില്ല.” ദേഷ്യത്തില്‍ തന്നെ ഞാനും പറഞ്ഞു. “തെറ്റൊന്നും ചെയ്യാത്ത എന്റെ തലയില്‍ തന്നെ അങ്കിള്‍ കുറ്റം എല്ലാം വച്ചു കെട്ടിയത് മോശമായി പോയി. വച്ചു കെട്ടിയ സ്ഥിതിക്ക് എല്ലാം എന്റെ കുറ്റമായി തന്നെ ഇരുന്നോട്ടെ…. എന്തായാലും കൂടുതലായി എനിക്കൊന്നും പറയാനില്ല.” അത്രയും പറഞ്ഞിട്ട് ഞാൻ കസേരയില്‍ നിന്നും ദേഷ്യത്തില്‍ എഴുനേറ്റ്.

അപ്പോൾ ആന്റിയും വിനിലയും വിഷമത്തോടെ പരസ്പരം നോക്കി. അങ്കിളിന്റെ മുഖത്ത് നേരിയ കുറ്റബോധം മിന്നി.

ഞാൻ ദേഷ്യം അടക്കി സാവധാനത്തില്‍ പറഞ്ഞു, “പണ്ട്‌ തൊട്ടേ ഇളയമ്മയ്ക്ക് എന്നോട് സ്നേഹമില്ല… അവരുടെ ആദ്യ ബന്ധത്തില്‍ ജനിച്ച ആ കുട്ടിക്ക് എന്നെ ഇഷ്ട്ടമില്ല എന്നത് പോട്ടെ, പക്ഷേ എന്റെ അപ്പന് ജനിച്ച എന്റെ അനിയനും അനിയത്തിക്ക് പോലും എന്നെ വേണ്ട. പോരാത്തതിന് പണ്ടേ ഇതിനൊക്കെ പരിഹാരം കാണാന്‍ ശ്രമിക്കാതെ കുറ്റബോധത്തിൽ മാത്രം ജീവിക്കുന്ന ഒരു അപ്പനും എനിക്കുണ്ട്. അതുകൊണ്ട്‌ അവരൊക്കെ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ. ആർക്കും ശല്യം ഇല്ലാതെ ഞാനും എന്റെ പാട്ടിന്‌ ജീവിച്ചോളാം. പിന്നെ സ്വത്തിന്റെ കാര്യം — വേണ്ടതിൽ കൂടുതൽ ബാങ്ക് ബാലന്‍സ് എനിക്കുണ്ട്… വസ്തു വകകളും പല ഇടങ്ങളിലായി വാങ്ങിയിട്ടിട്ടുണ്ട്. പിന്നെ മാളിൽ നിന്നും പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. അത്രയൊക്കെ എനിക്കുമതി. അതുകൊണ്ട്‌ പപ്പയുടെ സ്വത്തുക്കള്‍ എല്ലാം ആ മൂന്ന്‌ മക്കള്‍ക്ക് വീതിച്ചു കൊടുത്താൽ മതി.” ഞാൻ തീര്‍ത്തു പറഞ്ഞു.

അങ്കിള്‍ മുഖം ചുളിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

ഞാൻ തുടർന്നു, “ഒരുപക്ഷേ പപ്പയുടെ സ്വത്തുക്കള്‍ എല്ലാം മൂത്ത മകനായ ഞാൻ അപഹരിച്ച് എടുക്കുമെന്ന ഭയം കാരണമാകാം പണ്ട്‌ മുതലേ ഇളയമ്മയുടെ മനസ്സിൽ എനിക്ക് സ്ഥാനം ലഭിക്കാതെ പോയത്…” എന്റെ സംശയം ഞാൻ പറഞ്ഞതും അങ്കിള്‍ ദേഷ്യത്തില്‍ എന്നെ തുറിച്ചു നോക്കി.

അത് കാര്യമാക്കാതെ ഞാൻ പറഞ്ഞു, “എനിക്ക് എന്റെ പപ്പയുടെ സ്വത്തിൽ നിന്നും ഒരു തരി പോലും വേണ്ടെന്ന് അങ്കിള്‍ ഇളയമ്മയോട് പറയണം.”

അത്രയും പറഞ്ഞിട്ട് ഞാൻ വേഗം വീട്ടില്‍ നിന്നിറങ്ങി.

“എടാ സാം…!!” വിനില വിഷമത്തിൽ വിളിച്ചു. അങ്കിളും ആന്റിയും എന്നോട് എന്തോ പറഞ്ഞു. പക്ഷേ അതൊന്നും ചേച്ചി കൊള്ളാതെ ഞാൻ വേഗം മുറ്റത്തിറങ്ങി എന്റെ ബൈക്കും എടുത്ത് വേഗം വിട്ടു.

എന്റെ നല്ല മൂഡ് പൂര്‍ണമായും നശിച്ച് കഴിഞ്ഞിരുന്നു. സങ്കടവും വേദനയും എന്റെ ഹൃദയത്തെ വേവിച്ച് കൊണ്ടിരുന്നു.

എന്റെ മാളിലേക്ക് തിരിയുന്ന മൂന്ന് മുക്ക് റോഡ് എത്തിയപ്പോൾ ഞാൻ ബൈക്കിനെ ഒതുക്കി നിർത്തി. ചിലപ്പോ എന്നെ തിരക്കി അങ്കിള്‍ മാളിലേക്ക് വരാൻ സാധ്യതയുണ്ട്…. അങ്കിള്‍നെ എനിക്ക് ഒരുപാട്‌ ഇഷ്ട്ടമാണ്… അങ്കിളോട് തര്‍ക്കിക്കുന്നത് എനിക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യവും. പക്ഷേ അങ്കിള്‍ പിന്നെയും എന്നെ കുറ്റപ്പെടുത്തിയാൽ ഞാൻ പിന്നെയും എന്തെങ്കിലും പറഞ്ഞു പോകും.

അതുകൊണ്ട്‌ ഇപ്പോൾ മാളിൽ പോകാൻ എനിക്ക് തോന്നിയില്ല. എങ്ങോട്ട് പോണം എന്നും അറിയില്ലായിരുന്നു. ഒറ്റക്ക് എവിടെയെങ്കിലും ചെന്നിരിക്കാനും എന്റെ മനസ്സ് അനുവദിച്ചില്ല. എനിക്ക് ഭ്രാന്ത് പിടിക്കും.

അപ്പോഴാണ് ഒരു ചിന്ത എന്നില്‍ ഉണ്ടായത്. മനസ്സിൽ ഒരു ലക്ഷ്യവും തെളിഞ്ഞു. ആ ലക്ഷ്യത്തിലേക്ക് ഞാൻ വണ്ടി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *