” ഇത് നമ്മുടെ റിസോർട്ടിൽ വരുന്ന വി ഐ പി ടൂറിസ്റ്റുകൾക്ക് വേണ്ടി മാത്രമുള്ളതാണ്, ഇവൻ നമ്മളെ അരമണിക്കൂർ കൊണ്ട് അവിടെ എത്തിക്കും..”
ശിവ മുന്നോട്ടേയ്ക്ക് വന്ന് പൈലറ്റിന് ഹാൻഡ് ഷേക്ക് കൊടുത്തു, ശിവയെ അഭിവാദ്യം ചെയ്ത ശേഷം ആൽബിക്കും സ്റ്റെല്ലക്കും കൂടി ഹസ്താദനം നൽകി പൈലറ്റ് അവരെയും സ്വീകരിച്ചു,
നാലുപേർക്ക് മാത്രം യാത്ര ചെയ്യാവുന്ന മിനി ഹെലികോപ്റ്റർ, സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ആൽബി ഒരു ഹെലികോപ്റ്റർ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്,
” ആൽബി ആദ്യമായിട്ടാണോ ഹെലികൊപ്റ്ററിൽ..??”
ആൽബിയുടെ മുഖത്തുണ്ടായിരുന്നു എക്സൈറ്റ്മെന്റ് ശ്രദ്ധിച്ചതും ശിവ ഒരു പുഞ്ചിരിയോടെ ചോദിച്ചു,
” യെസ്, തിസ് ഈസ് മൈ ഫസ്റ്റ് ടൈം..”
” എന്നാൽ ഫ്രണ്ട് സീറ്റിൽ കയറിക്കോ..”
ശിവ ഡോർ തുറന്നു കൊടുത്തതും ആൽബി പൈലറ്റിനു വശത്തായി കയറിയിരുന്നു, പുറകിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റുകളിലേക്ക് സ്റ്റെല്ലയും പുറകെ ശിവയും കയറി,
ഹെലികോപ്റ്റർ പറന്നുയർന്നതും അവിടെ പൊടിപടലങ്ങൾ നിറയാൻ തുടങ്ങി, വല്ലാത്ത ചിറകടി ശബ്ദത്തോടെ ഹെലികോപ്റ്റർ വാനിലേക്ക് ഉയർന്നുപൊങ്ങി, ശേഷം തമാൻ നെഗാര ലക്ഷ്യമാക്കി നീങ്ങി തുടങ്ങി,
ആൽബിൻ ഗ്ലാസിൽ കൂടി താഴെയുള്ള കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു, സ്റ്റെല്ലയും പുറം കാഴ്ചകൾ കാണുകയായിരുന്നു,
ഹെലികോപ്റ്റർ ഓടി തുടങ്ങിയതും ശിവ, സ്റ്റെല്ലയുടെ തോളിൽ കൂടി കയ്യിട്ടു അവളെ അടുത്തേക്ക് അടുപ്പിച്ചു,
” രാവിലെ ആൽബിൻ എന്തെങ്കിലും പറഞ്ഞിരുന്നൊ..?? ”
ശബ്ദം താഴ്ത്തിയുള്ള അവന്റെ ചോദ്യത്തിന് അവൾ ഒന്നുമില്ല എന്ന് മറുപടി നൽകി,
ഹെലികോപ്റ്റർ പതിയെ ഓടിക്കൊണ്ടിരുന്നു ഏകദേശം അരമണിക്കൂർ കൊണ്ട് തന്നെ അവർ ലക്ഷ്യസ്ഥാനം കണ്ടിരുന്നു,
അവിടെ നിന്നും ഒരു ടാക്സി വിളിച്ച് പിന്നെയും മുന്നോട്ട്, മെയിൻ റോഡിൽ നിന്നും ഒരു ചെമ്മണ്ണ് കൊണ്ട് ഉള്ള വഴിയിൽ കയറി ടാക്സി മുന്നോട്ട് പോയിക്കൊണ്ടിരുന്നു,
ഈ സമയമെല്ലാം ശിവ മലായി ഭാഷയിൽ ഡ്രൈവറോട് സംസാരിക്കുന്നുണ്ടായിരുന്നു.
” ശിവ തമാൻ ഒരു പബ്ലിക് ടൂറിസ്റ്റ് പ്ലേസ് അല്ലേ..?? ”
സ്റ്റെല്ലയുടെ ചോദ്യം ആൽബിയുടെ ശ്രെദ്ധയും തിരിച്ചു,
” അതേലോ പെണ്ണേ, പക്ഷേ നമ്മൾ പോകുന്നത് അതിന്റെ മുൻവശത്തേക്ക് അല്ല..”
” പിന്നെ..?? ”
സ്റ്റെല്ലയും ആൽബിനും ഒരേ സമയം സംശയത്തോടെ അവനെ നോക്കി,
” അതൊക്കെ നിങ്ങൾ കണ്ടോ…”
ശിവ ഒരു ചിരിയോടെ മറുപടി നൽകി,
ഏകദേശം രണ്ട് കിലോമീറ്റർ കൂടി ഓടിയതും വാഹനം ഇടത്തോട്ട് തിരിഞ്ഞ് സ്വല്പം മോശമായ വഴിയിൽ കൂടി മുന്നോട്ടു പോയി,
ഏകദേശം മൊത്തം 30 മിനിറ്റുകൾ കൊണ്ട് വാഹനം ഉൾക്കാട്ടിലേക്ക് കയറി ഒരു വീടിന്റെ മുന്നിലേക്കായി നിന്നു,
കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ ആൽബിൻ ചുറ്റുപാടും നിരീക്ഷിച്ചു,
പകൽ സമയം പോലും മൂടൽ മഞ്ഞ് മൂടിയ പോലെ ഒരു ഉൾവനം, സൂര്യ കിരണങ്ങൾ പെട്ടെന്നു കടന്നു പോകാനാകാത്ത വിധം കട്ടിയുള്ള മരച്ചില്ലകൾ കൊണ്ട് മൂടിയിരികുന്നു,
വായുവിൽ ഈർപ്പം നിറഞ്ഞിരിക്കുന്നു, മണ്ണിന്റെയും പൂക്കളുടെയും മിശ്രസുഗന്ധം മനസ്സിൽ കുളിർമ്മയും സമാധാനം പകരുമ്പോൾ വനത്തിന്റെ അകത്തളങ്ങളിൽ പക്ഷികളുടെ ശബ്ദം മുഴങ്ങുന്നു,
വീട്ടിൽ നിന്നും ഇറങ്ങി വന്ന ഒരു വ്യക്തി ശിവയ്ക്ക് ഷെയ്ക്ക് ഹാൻഡ് നൽകിയ ശേഷം മലായി ഭാഷയിൽ അവനോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു,
” അപ്പോൾ നമുക്ക് പോകാം…”
വീടിന്റെ പുറകിലെ വഴിയിൽ കൂടി ശിവ മുന്നോട്ടേക്ക് നടന്നു, ഇരുവശവും മരങ്ങൾ തിങ്ങിനിൽക്കുന്ന വഴിയിൽ കൂടി അവർ ശിവയെ അനുഗമിച്ചു,
” ശിവ നമ്മൾ പോകുന്നിടത്ത് മനുഷ്യന്മാർ ഒന്നുമില്ലേ..?? ”
ആൽബിയുടെ സംശയത്തോടെ ഉള്ള ചോദ്യം,
” മനുഷ്യന്മാർ ഉള്ളിടത്ത് നമുക്ക് പോയിട്ട് കാര്യമില്ലല്ലോ ആൽബിൻ, തമാൻ നെഗാരയുടെ പുറകുവശത്താണ് നമ്മൾ വന്നിരിക്കുന്നത്, ഇവിടേക്ക് കടക്കണം എങ്കിൽ ഇതുപോലെയുള്ള നേറ്റീവ്സിന് മാത്രമേ അധികാരമുള്ളൂ, പക്ഷേ അവരെയും മയക്കുന്ന ഒന്നുണ്ട് പണം….”
ഒരു ചിരിയോടെ ശിവ മുന്നോട്ടു പോയിക്കൊണ്ടിരുന്നു,
മലേഷ്യയിൽ ശിവയ്ക്കുള്ള അധികാരവും സ്വാധീനവും ഇതിനോടകം അവർ രണ്ടുപേർക്കും മനസ്സിലായിട്ടുണ്ടായിരുന്നു.
