“എന്റെ ഫോണിന്റെ ക്യാമറ മോശമാ അതുകൊണ്ട് അതിൽ എടുത്താൽ ഭംഗി ഉണ്ടാകില്ല. ”
“ഇപ്പോൾ അങ്ങനെ ആയോ.. നാളെ ആവട്ടെ ഞാൻ അവിടെ വന്നു നേരിട്ട് എടുത്തോളാം ഫോട്ടോ.. അപ്പോഴും എന്തേലും മുടക്കം പറഞ്ഞാൽ ഉണ്ടല്ലോ..”
“പറഞ്ഞാൽ എന്താ.?.”
“പറഞ്ഞാൽ ആ മോന്തകിട്ടു ഞാൻ ഒരു കുത്ത് തരും.”
“ഹാവു ഭാഗ്യം. ഞാൻ കരുതി എന്നെ കെട്ടിപിടിച്ചു ഉമ്മ തരും എന്ന്.”
“അയ്യടാ!!!!. മോന് ഉമ്മ വേണോ..? വേണെങ്കിൽ പോയി ശ്രീയേട്ടന്റെ മഞ്ജു വാര്യരോട് ചോദിച്ചു നോക്ക്. അല്ലെങ്കിൽ പോയി പെണ്ണ് കെട്ട്.”
“അയ്യോ.. എന്നെ വിട്ടേക്ക്. സാധാരണ വിവാഹത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ എനിക്ക് ദേഷ്യം വരാറാ പതിവ്. പക്ഷെ ഇന്നെന്തോ.. ആ അത് പോട്ടെ! നാളെ ഇത് വഴി വരുമോ? ”
“ആ വരും. ശ്രീയേട്ടന് ഞാൻ ഒരു പുതിയ ഫോൺ തരട്ടെ.. ഞാൻ തന്നാൽ വാങ്ങുമോ? ”
“അത് വേണ്ട ഫിദ.. എനിക്ക് അതൊന്നും ഇഷ്ട്ടം അല്ല ഫിദയ്ക്കു അറിയാലോ പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം. . ഉള്ളത് കൊണ്ട് കഴിഞ്ഞു കൂടാൻ എനിക്കാവും. അധികം മോഹങ്ങൾ ഒന്നും എനിക്ക് ഇല്ല.”
“അപ്പോൾ ഞാൻ ഉമ്മ തന്നാൽ വാങ്ങുമോ? ”
“അത് വാങ്ങാം.. അതിന് ചിലവ് ഒന്നും ഇല്ലല്ലോ? പിന്നെ അത് ഒരു സുഖമുള്ള കാര്യം അല്ലേ.!? അത് ഇഷ്ട്ടം ആയില്ലെങ്കിൽ തിരിച്ചു തരികയും ചെയ്യാം.”
“അയ്യെടാ മോന്റെ ഒരു പൂതി. അങ്ങനെ ഇപ്പോൾ വേണ്ട. എന്റെ ഉമ്മയൊക്കെ വലിയ വിലയുള്ളതാ.. വേണം എന്നുണ്ടെങ്കിൽ ഞാൻ തരുന്ന ഫോൺ വാങ്ങിയാൽ അതിന്റെ കൂടെ തരാം. തരട്ടെ.?”
“അതേ നമുക്ക് നാളെ കാണാം. അതാ നല്ലത്.”
“എന്നാ ശരി ഗുഡ് നൈറ്റ്.”
“ഫിദ ഒരു നിമിഷം വെക്കല്ലേ..”
“മ്… എന്താ ഇനി എന്തെങ്കിലും പറയാൻ ഉണ്ടോ?”
“അല്ല. ഞാൻ ഇങ്ങനെയൊക്കെ ചുമ്മാ പറഞ്ഞതാ.. എന്നെ തെറ്റിദ്ധരിക്കല്ലേ ? ഇതുപോലെ എന്നോട് സംസാരിക്കുന്ന ഒരാൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇതുപോലെ സംസാരിക്കുന്ന ഒരാളെ കിട്ടിയപ്പോൾ അതിന്റെ ഒരു സന്തോഷത്തിൽ പറഞ്ഞു പോയതാ.. സോറി ഞാൻ പറഞ്ഞത് എന്തെങ്കിലും വേദനിപ്പിച്ചെങ്കിൽ സോറി. ”
“എന്തിനാ ശ്രീയേട്ടാ എന്നോട് സോറി ഒക്കെ പറയുന്നത്.. എനിക്ക് ശ്രീയേട്ടനെ മനസ്സിലാവും. പിന്നെന്തിനാ..”
“അല്ല അതല്ല.. ഇപ്പോൾ പലരും പറയാറില്ലേ അവൻ കോഴിയാ കോഴിയാ എന്നൊക്കെ ഞാൻ അങ്ങനെ ഒരാൾ അല്ല എന്ന് പറഞ്ഞതാ.”
“അത് എനിക്കറിയാം ശ്രീയേട്ടാ.. ശ്രീയേട്ടൻ ഒരു കോഴിയായിരുന്നെങ്കിൽ എപ്പോഴേ എന്നെ കൊത്തി തിന്നേനെ. ഞാൻ എത്ര നാളായി അതു വഴി പോകാൻ തുടങ്ങിയിട്ട്. എന്നിട്ട് ഇന്ന് വരെ എന്നോട് മിണ്ടിയത് പോലും ഇല്ലല്ലോ? ശ്രീയേട്ടൻ അങ്ങനെ ഒന്നും ചിന്തിക്കേണ്ട. പോയി കിടന്നു ഉറങ്ങാൻ നോക്ക്.
ഗുഡ് നൈറ്റ്. ശ്രീയേട്ടാ”
“ഗുഡ് നൈറ്റ് ഫിദ”
പിറ്റേന്ന് ഫിദ വരുന്നതിനായി ഞാൻ കാത്തിരുന്നു. എന്തോ അവളോട് സംസാരിക്കുമ്പോൾ ഒരു സന്തോഷം.
അങ്ങനെ ഞാൻ കാത്തിരുന്ന പോലെ ഫിദ വന്നു. എന്നാൽ ആ സമയം എന്റെ ഒരു കൂട്ടുകാരൻ എന്നെ കാണാൻ വന്നത് കൊണ്ട് ഒന്നും മിണ്ടാതെ ചിരിക്കുക പോലും ചെയ്യാതെ ഫിദ നടന്നു പോയി. എനിക്കത് വലിയ സങ്കടം ആയി.
എനിക്ക് ഫിദയെ ഒന്ന് വിളിച്ചു പറയാൻ പോലും പറ്റിയില്ല. നിങ്ങൾക്ക് അറിയാലോ എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് കുറേ നാളായി ഞാൻ വീട്ടിൽ തന്നെയാണ്. പുറത്ത് എങ്ങും പോകാറില്ല. പുസ്തകം വായനയും പാട്ട് കേൾക്കലും, ചെറുതായി എഴുതും അതാണ് എന്റെ ലോകം. അങ്ങനെ ഉള്ളപ്പോൾ വളരെ ചുരുക്കം ചില സുഹൃത്തുക്കൾ എന്നെ കാണാൻ വരാറുണ്ട്. അങ്ങനെ ഒരാളാണ് ഇപ്പോൾ എന്നെ കാണാൻ വന്നത്. അവന്റെ വീട് കുറേ ദൂരെയാണ്
രാകേഷ് എന്നാണ് അവന്റെ പേര്. എന്റെ നല്ല ഒരു സുഹൃത്ത്. അതുകൊണ്ട് അവനെ മുഷിപ്പിച്ചു ഒന്നും പറയാനും പറ്റില്ല.
അപ്പോഴാണ് എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത് . അത് ഫിദ ആയിരിക്കും എനിക്ക് അറിയാം. പക്ഷെ അവന്റെ മുന്നിൽ നിന്ന് അത് നോക്കാൻ പറ്റില്ല. പിന്നെ അവന് അത് ആരാ എവിടുന്നാ എന്നൊക്കെ അറിയേണ്ടിവരും. അതുകൊണ്ട് ഞാൻ ഫോൺ നോക്കിയതേ ഇല്ല. പിന്നയും കുറേ സമയം കഴിഞ്ഞാണ് അവൻ പോയത്.
