മൂടൽ മഞ്ഞ് – 3 15

 

തുഷാർ അമ്പരന്നു പോയി. ഇന്നലെ രാത്രി താൻ അടിച്ചു തകർത്തു വന്നതാണ്. അവളെ ആര് കടത്തിക്കൊണ്ട് പോയി.? എങ്ങോട്ട് കടത്തിക്കൊണ്ട് പോയി.? എന്താണ് ഇത്ര പൊടുന്നനെ സംഭവിച്ചത്.? അവന് ഒന്നും വ്യക്തമായില്ല. എവിടെയാണ് വീഴ്ച്ച പറ്റിയത്.?

“ഒന്ന് റോബിനെ വിളിക്കൂ. അവളെ എങ്ങിനെയെങ്കിലും കണ്ടെത്തിയേ പറ്റൂ. കാരണം ഫാക്ടറിയിൽ ആരാണ് അവളെ ഹെല്പ് ചെയ്തിരുന്നത് എന്ന് അവൾക്ക് മാത്രേ അറിയൂ. അവർ എങ്ങാനും സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ കോടികളുടെ തോട്ടം കത്തിച്ചാമ്പലാകും.” തുഷാർ ഭീതിയോടെ പറഞ്ഞു. ജോർജ് വേഗം മൊബൈൽ എടുത്ത് റോബിനെ വിളിക്കാൻ തിടുക്കപ്പെട്ടപ്പോൾ ഡെന്നീസ് പരിഹസിച്ചു.

“ആരെയാ വിളിക്കുന്നെ. കാലനെയോ? ” അവൻ ജോർജ്ന്റെ കൈയിൽ നിന്ന് മദ്യം പിടിച്ചു വാങ്ങി വായിലേക്ക് കമിഴ്ത്തി. തലയൊണ് കുടഞ്ഞിട്ട് താൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ വായും പൊളിച്ചിരിക്കുന്ന മൂവരെയും നോക്കി.

“എടോ മണ്ടന്മാരെ. നിങ്ങളൊക്കെ എന്ത് കള്ളക്കടത്തു കൊന്തന്മാരാടോ? സ്വന്തം വാടകകൊലയാളി ചത്തു പോയ കാര്യം പോലും അറിയാത്ത മരക്കഴുത്തകൾ.” ഡെന്നീസ് വെറുപ്പോടെ പരിഹസിച്ചു. തന്റെ സുഖ ജീവിതത്തിനു മുകളിലേക്ക് പടിയിറക്കത്തിന്റെ മൂടൽമഞ്ഞ് പൊതിഞ്ഞത് അയാളെ നിരാശനാക്കിയിരുന്നു. ലക്ഷങ്ങൾ വരുമാനവും എല്ലാ സുഖസൗകര്യങ്ങളും പെണ്ണുങ്ങളും തന്നിൽ നിന്ന് കൈമോശം വന്നിരിക്കുന്നു എന്ന തിരിച്ചറിവ് അയാളുടെ ആത്മാരോഷത്തെ ഉണർത്തി.

“എന്ത്.. റോബിൻ മരിച്ചു പോയെന്നോ. അവൻ ആരാണെന്ന് തനിക്ക് വല്ലോം അറിയുമോ. പത്തുപേരെ പിണ്ണാക്ക് പൊടിക്കും പോലെ കൈകാര്യം ചെയ്യുന്നവനാ റോബിൻ. അവനെ കൊന്നുകളയാൻ മാത്രം ആരാ.” ജോർജ് ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റ് ആക്രോഷിച്ചു.

“അതിന് അവനെ ആരും തല്ലിക്കൊന്നതല്ല, വിഷം തട്ടിയാണ് മരിച്ചിരിക്കുന്നത്ത്. ഏതോ മുള്ളു കൊണ്ടതോ മറ്റോ ആവാം എന്നാ പറയുന്നത്. ഇന്നലെ ഉച്ചയ്‌ക്കെങ്ങാനും മരണം നടന്നിട്ടുണ്ടാകും എന്നാ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. പത്രം ഒന്നും വായിക്കാറില്ലേ നിങ്ങൾ.”? ഡെന്നീസ് വീണ്ടും മദ്യം അകത്താക്കിക്കൊണ്ട് പറഞ്ഞു.

“ഇന്നലെ ഉച്ചക്ക് ഞങ്ങൾ കണ്ട് സംസാരിച്ചതല്ലേ. അത് കഴിഞ്ഞു ഞാൻ മടങ്ങുമ്പോഴും അവൻ കല്ലുപോലെ നിൽപ്പുണ്ടായിരുന്നു. ഇതിപ്പോ..” തുഷാർ ചിന്താ ഭാരത്തോടെ താടി തടവിക്കൊണ്ട് പറഞ്ഞു.

” എവിടെയോ എന്തോ കുഴപ്പമുണ്ട്.” സെയ്‌താലി പതുക്കെ പറഞ്ഞു.

” റോബിൻ എങ്ങിനെ ഇത്ര എളുപ്പം നമ്മെ വിട്ട് പോയെന്നാ ഞാൻ ആലോചിക്കുന്നേ. ” ജോർജ് പറഞ്ഞു.

അത് കേട്ട് ഡെന്നിസ് paranju;

” കാട്ടിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ട ആരോ ആണ് എടുത്തോണ്ട് വന്നു വഴിയരികിൽ ഇട്ടിട്ട് പോയത്. പിന്നെ ആരാണ്ടൊക്കെയോ പോലീസിൽ വിവരം അറിയിച്ചു. അപ്പോഴേക്കും ആള് മരിച്ചിരുന്നു ശരീരത്തിൽ എന്തോ മുള്ളു കൊണ്ടതിന്റെ പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ നിന്നേറ്റ വിഷമാണ് മരണ കാരണം. ” ഇതൊക്കെ ഇന്നത്തെ പത്രത്തിൽ ഉണ്ടല്ലോ. ആരും വായിച്ചില്ലല്ലേ. ” ഡെന്നീസ് ഗ്ലാസ് മേശമേൽ വച്ചിട്ട് തുടർന്നു.

“രാധയെ എളുപ്പം കണ്ട് പിടിക്കണം. എങ്ങിനെ നമ്മുടെ രഹസ്യം ചോർന്നു എന്ന് മനസ്സിലാക്കാൻ അതെ വഴിയുള്ളൂ. ആരാണ് ഒറ്റിയത് എന്നറിയണം.”

ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും നിരാശയോടെ നിന്നിടത്തു തന്നെ നിശ്ചലരായി. മൂകതയുടെ ശ്മാശാനാന്തരീക്ഷം അവിടെ തളം കെട്ടി നിന്നു. ആരും ഒന്നും പറഞ്ഞില്ല. അവർ തങ്ങളുടെ ചിന്താഭാരങ്ങളിൽ സ്വയം നഷ്ട്ടപ്പെട്ടു വാക്കുകൾക്ക് പരതി പരസ്പരം നോക്കി നിന്നു. ഡെന്നീസ് പതുക്കെ അവിടെ നിന്ന് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി അവരുടെ കണ്ണിൽ നിന്ന് മറഞ്ഞു.

“അവനാകും ആ വാഹിദ്. എല്ലാറ്റിനും പിന്നിൽ അവന്റെ ബുദ്ധിയാകും.” തുഷാർ പല്ല് ഞെരിച്ചു.

“അവന്റേത് മാത്രമാകില്ല. ആ നായിന്റെ മോൻ രാജൻ അന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാ എനിക്ക് ബോധ്യപ്പെട്ടത്. കേസ് ഇല്ലാതെ തന്നെ ക്യാഷ് തിരികെ എത്തിക്കാൻ അറിയാം എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പൊ മനസ്സിലായി. ആ വാഹിദിനെ മുന്നിൽ നിർത്തിക്കൊണ്ട് രാജൻ കളിച്ച കളിയാവും.” ജോർജ് കനത്ത ശബ്ദത്തിൽ പറഞ്ഞു. സെയ്‌താലി ഒന്നിരുത്തി മൂളി. പിന്നെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *