മൂടൽ മഞ്ഞ് – 3 15

“അപ്പൊ തോട്ടത്തിലെ ചരക്ക് ഉടനെ മാറ്റണ്ടേ. അവിടെ ഉള്ളവരെ വിവരം അറിയിച്ചില്ലെങ്കിൽ അതോടെ നമ്മളും കുടുങ്ങില്ലേ.” അയാൾ ജോർജിനെ നോക്കി. അയാൾ അർത്ഥഗർഭമായി തലയാട്ടി. എന്തോ ഗൂഢമായ പദ്ധതി അയാളുടെ മൃഗബോധത്തിൽ പൗശാചികമായി ഉരുവം കൊള്ളുന്നുണ്ടെന്നു രണ്ടുപേർക്കും മനസ്സിലായി.

 

അവർ വേഗം അവിടെ നിന്നിറങ്ങി ജോർജ്ന്റെ കാറിൽ കയറി. നേരം വെകുന്നേരമായി തുടങ്ങിയിരുന്നു സായാഹ്ന വെയിലിന്റെ സ്വർണ്ണച്ഛവി തങ്കമുരുക്കിയൊഴിച്ചത് പോലെ ഭൂമിയിലേക്ക് പാളി വീഴുന്നുണ്ട്. നേർത്ത കോടമഞ്ഞിന്റെ ആവരണം പുതച്ച പ്രകൃതിയുടെ സുതാര്യതയിലൂടെ ആ ബാലാതപത്തിന്റെ കിരണങ്ങൾ അന്തരീക്ഷത്തിൽ പ്രസരണം ചെയ്തു. കാട്ടുമരങ്ങൾക്കിടയിലൂടെ നീണ്ടു പോകുന്ന ഹൈവേയിലൂടെ കുതിച്ചു പായുന്ന ആ കാറിന് പിന്നിലേക്ക് രണ്ട് ബുള്ളറ്റുകൾ കടന്നു കയറി അവരെ പിന്തുടർന്ന് കൊണ്ടിരുന്നു. തങ്ങളെ ആരോ പിന്തുടരുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ജോർജ് കാറ് സിറ്റിയിലേക്ക് തിരിച്ചു നേരെ തന്റെ ഓഫിസിലേക്ക് പോയി.

” നമുക്ക് എന്റെ വണ്ടിയിൽ പോകണ്ട. രാത്രി ജീപ്പെടുത്തു കാട് കയറാം. അതുവഴി തോട്ടത്തിൽ ചെന്നു സാധനങ്ങൾ മാറ്റാം. അതാവും സേഫ്. ” അയാൾ അവരോട് പറഞ്ഞു.

അവർ ഒന്നും പറഞ്ഞില്ല. അതല്ലാതെ മറ്റു ശരികൾ ഒന്നും തന്നെ തങ്ങൾക്കു മുന്നിൽ ഇല്ല എന്നവർക്ക് അറിയാമായിരുന്നു.

 

ഭാഗം 27

 

രാവിന് നല്ല തണുപ്പുണ്ട്. കോട പുതഞ്ഞ ചായത്തോട്ടത്തിൽ നിന്ന് നല്ല തണുത്ത കാറ്റ് വീശിയെത്തുന്നുണ്ട്. മഞ്ഞിൽ കുതിർന്ന അന്തരീക്ഷത്തിൽ വീട്ടിലെ മഞ്ഞ ലൈറ്റുകൾ മനോഹരമായി തോന്നി വാഹിദിന്. പക്ഷേ ആ സുന്ദരമായ രാത്രിയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കുന്ന മാനസിക സ്ഥിവിശേഷം ആയിരുന്നില്ല അവന്റേത്. സെക്യൂരിറ്റി തോമസ് ചേട്ടന്റെ അടുത്ത് ചെന്ന് സംസാരിച്ച് നിൽക്കുകയായിരുന്നു അവൻ. കൂടെ മറ്റൊരു സെക്യൂരിറ്റിയായ ഉസ്മാനും ഉണ്ടായിരുന്നു.

“തോമസ് ചേട്ടാ. ഇനിയങ്ങോട്ട് വളരെ വിഷമം പിടിച്ച ദിവസങ്ങൾ ആയിരിക്കും. നിങ്ങൾക്ക് അപകടം സംഭവിക്കാൻ പോലും സാധ്യതയുണ്ട്. നമ്മെ ഒന്നടങ്കം ഇല്ലാതാക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കുന്ന ഒരു സംഘം വെളിയിൽ ഉണ്ട്.” അവൻ ഗൗരവത്തിൽ അവരോട് പറഞ്ഞു.

“ചാവുമെന്ന് ഉറപ്പാണോ സാറേ. എങ്കിൽ അവന്മാര് വരട്ടെ ന്നെ. എത്രാന്ന് വച്ചാ ഈ തണുപ്പ് സഹിക്കുന്നെ. ഇതിലും ഭേദം ചാവുന്നതാ.അല്യോടാ ഉസ്മാനെ.” തോമസ് ചേട്ടൻ തമാശ പോലെ പറഞ്ഞു. ആ നേരം പോക്കിൽ ഒളിഞ്ഞിരിക്കുന്ന ധൈര്യം വാഹിദിനെ തൃപ്തനാക്കി. അവൻ അയാളുടെ ചുമലിൽ തട്ടി.

“മോൻ പേടിക്കണ്ട, ഈ തോമയുടെ ജീവൻ പോയിട്ടേ ഇതിനുള്ളിലേക്ക് ഒരുത്തൻ കേറത്തുള്ളൂ. ” തോമസ് ചേട്ടൻ പറഞ്ഞു.

“പേടി എന്തെന്ന് പോലും അറിയാത്ത ആളായിരുന്നു ചേട്ടാ ഇത്ര കാലവും. But ഇപ്പൊ ഓരോ പ്രശ്നത്തിലും ശാരിയെ ഓർമ്മ വരുമ്പോൾ ന്തോ ഒരു പേടി. അവൾക്ക് വല്ലതും പറ്റിയാൽ..” അവന്റെ ശബ്ദം പതിഞ്ഞു. അത് കേട്ട് തോമസ് ചേട്ടൻ പുഞ്ചിരിച്ചു.അയാൾ സ്നേഹത്തോടെ വാഹിദിന്റെ ചുമലിൽ തടവിക്കൊണ്ട് പറഞ്ഞു.

“അത് പേടിയല്ല മോനെ. ധൈര്യമാണ്. ഈ ലോകത്ത് ഏറ്റവും ധീരനായ മനുഷ്യൻ ഏറ്റെടുക്കുന്ന വെല്ലുവിളിയാണ്. സ്വന്തം പെണ്ണിനെ ജീവിതകാലം മുഴുവൻ നോക്കിക്കൊള്ളാമെന്ന വെല്ലുവിളി.”

വാഹിദ് ആശ്ചര്യത്തോടെ അയാളെ നോക്കി. ആ മനുഷ്യൻ എത്ര പെട്ടന്നാണ് തന്നിലേക്ക് ആത്മവിശ്വാസം കോരിയിട്ടത്. അവർ വീണ്ടും സംസാരിച്ച് കൊണ്ടിരുന്നപ്പോൾ വാഹിദിന്റെ ശരീരത്തിൽ പിന്നിൽ നിന്ന് രണ്ട് കൈകൾ വട്ടം ചുറ്റി.

“മാഡം ന്താ ഈ മഞ്ഞത്ത്. അകത്തേക്ക് പൊക്കോ തണുപ്പുണ്ട്.” ഉസ്മാൻ പറഞ്ഞു.

“താൻ @. നല്ല പോടാ പൊട്ടാ.. ഈ ചൂടൻ ഇവിടെ ന്താ ചർച്ച ചെയ്യുന്നത് ന്ന് ഞാനും കൂടി ഒന്നറിയട്ടെ.” അവൾ വാഹിദിനെ തണുത്തിട്ടെന്നോണം ഇറുക്കെ കെട്ടിപ്പിടിച്ചു.

“പ്രേമം മൂത്താൽ ആളോൾക്ക് നാണമില്ലാതാകും അല്ലേ തോമേട്ടാ.” ഉസ്മാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. തോമസ് ചേട്ടൻ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *